കുറഞ്ഞ ചെലവിൽ ശ്രീലങ്കയിലേക്ക് പോകാം

srilanka
SHARE

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ദ്വീപ്, സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ്. ആഭ്യന്തര പ്രശ്നങ്ങളും ജനാധിപത്യവീഴ്ചയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇന്നിപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ശ്രീലങ്ക. രാജ്യം കെട്ടുറപ്പിലേക്കു നീങ്ങുമ്പോൾ വിനോദ സഞ്ചാരത്തിനും പുത്തൻ ഉണർവ് കൈവന്നിരിക്കുകയാണ്. കയ്യിൽ അധികം പണമില്ലെങ്കിലും, ധൈര്യമായി യാത്രയ്‌ക്കൊരുങ്ങാവുന്ന രാജ്യമാണ് ശ്രീലങ്ക. വലിയ പണച്ചെലവില്ലാതെ, മനസുനിറയ്ക്കുന്ന ധാരാളം കാഴ്ചകൾ സമ്മാനിയ്ക്കാൻ ഈ ദ്വീപ് രാഷ്ട്രത്തിനു കഴിയും. 

ആൾത്തിരക്ക് അധികമില്ലാത്ത ബീച്ചുകൾ, ജനങ്ങൾ നിറഞ്ഞ നഗരങ്ങൾ, പച്ചയണിഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങൾ, ആനകളും പുലികളും സിംഹങ്ങളുമൊക്കെയുള്ള  വനങ്ങൾ, നിറഞ്ഞ സൗഹൃദത്തോടെ പെരുമാറുന്ന നാട്ടുകാർ, രുചി നിറഞ്ഞ ഭക്ഷണം, ശ്രീലങ്ക സഞ്ചാരപ്രിയരുടെ ഇഷ്ടയിടമായി മാറുന്നതിൽ അതിശയമുണ്ടോ? ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നു രണ്ടു ദശകത്തോളം യാതൊരു ചലനങ്ങളുമില്ലാതെ കിടന്നിരുന്ന വിനോദസഞ്ചാര മേഖലയിപ്പോൾ ഉണർന്നിരിക്കുന്നു. വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കായി ധാരാളം പാക്കേജുകൾ ഇപ്പോൾ നടപ്പിലാക്കപ്പെടുന്നുണ്ട്. 

Tea-fields-with-houses-and-trees

നമ്മുടെ അയൽരാജ്യമായതു കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നു മാത്രമല്ല, ചെലവും വളരെ കുറവാണ്. താമസത്തിനും ഭക്ഷണത്തിനും പണമല്പം കൂടുതൽ ചെലവാകുമെങ്കിലും ബുദ്ധിപൂർവം ചെലവഴിച്ചാൽ, കീശ കാലിയാകാതെ തന്നെ ശ്രീലങ്കയിൽ നിന്നു മടങ്ങാം. മറ്റുള്ള അയൽരാജ്യങ്ങളെ അപേക്ഷിച്ചു ശ്രീലങ്കൻ വീസയ്ക്കു പണമല്പം കുറവാണ്. വിദേശികളായ വിനോദസഞ്ചാരികളെ ശ്രീലങ്കയിലേയ്ക്കു ആകർഷിക്കുന്ന ഒരു പ്രധാന വസ്തുതയും അതുതന്നെയാണ്. താമസം, ഭക്ഷണം, യാത്രാച്ചെലവ് എന്നിവയെല്ലാം കൂടി ഏകദേശം ഒരു ദിവസത്തെ ചെലവ് 2500 രൂപയോളം വരും. ഓരോരുത്തരുടെയും ചെലവിന്റെ രീതിയനുസരിച്ചു കൂടുവാനും കുറയുവാനും സാധ്യതയുണ്ട്. താമസിക്കുന്നതിനു ഹോം സ്റ്റേകളോ, അതിഥി മന്ദിരങ്ങളോ തെരെഞ്ഞടുക്കുകയും ഭക്ഷണത്തിനായി ചെറിയ ഭക്ഷണശാലകളെ ആശ്രയിക്കുകയുമാണെങ്കിൽ ധനച്ചെലവ് ഒരു പരിധിവരെ കുറയ്ക്കാം.

സങ്കീർണമായ പ്രക്രിയകളിലൂടെ കടന്നുപോകാതെ തന്നെ ഇന്ത്യൻ പൗരന്മാർക്കു ശ്രീലങ്കൻ വീസ ലഭിക്കും. ശ്രീലങ്കൻ എയർപോർട്ടിൽ ചെന്നിറങ്ങിയതിനു ശേഷം, അവിടെ നിന്നും വീസ ഫീസ് നൽകി വീസ കൈപറ്റിയതിനുശേഷം ആ രാജ്യത്തിലെ കാഴ്ചകളിലേയ്ക്കു ഇറങ്ങാം. 

sigria3

ഏറ്റവും കൂടുതൽ സന്ദര്ശകരെത്തുന്ന ശ്രീലങ്കയിലെ പ്രശസ്തമായ വിമാനത്താവളമാണ് ബണ്ഡാരനായികെ  എയർപോർട്ട്. തലസ്ഥാനമായ കൊളംബോയിൽ നിന്നും 35 കിലോമീറ്റർ മാത്രം അകലെയായാണ് ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. വൃത്തിയും പുതുമയും കാത്തുസൂക്ഷിക്കുന്ന വിമാനത്താവളം സന്ദർശകരെ ആകർഷിക്കും. ടെര്മിനലിനുള്ളിൽ നിന്നുതന്നെ കറൻസി മാറ്റിയെടുക്കാനും സിം കാർഡ് എടുക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ടാക്സികളെയോ ഷെയർ വാനുകളെയോ ഷട്ടിൽ ബസുകളെയോ ഗതാഗതത്തിനായി തെരെഞ്ഞെടുക്കാവുന്നതാണ്. വലിയ തുക ഈടാക്കാതെ യഥാസ്ഥാനത്തു എത്തിക്കുന്ന ഓട്ടോറിക്ഷകളും യാത്രകളിൽ വലിയൊരു സഹായമാകും. 

സുന്ദരമായ ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ശ്രീലങ്ക.  ഉയരമേറിയ മലകളും ഹിൽ സ്റ്റേഷനുകളുമൊക്കെ ആ നാടിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ശ്രീലങ്കയിലെ നഗരമാണ് ഗല്ലെ. കോളനിവാഴ്ചയുടെ സ്മാരകങ്ങൾ എന്നോണം തലയുയർത്തി നിൽക്കുന്ന വലിയ കെട്ടിടങ്ങളും യുനെസ്കോയുടെ പട്ടികയിൽ സ്ഥാനമുള്ള ഗല്ലെ കോട്ടയുമൊക്കെ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. 

ശ്രീലങ്കയുടെ കിഴക്കൻ തീരത്തുനിന്നും അധികമൊന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു  തീരദേശ പട്ടണമാണ് മിറിസ. കടൽകാഴ്ചകളും പഞ്ചാരമണൽ വിരിച്ച തീരവും വലിയ തിരകളും ആസ്വദിച്ചുകൊണ്ട് എത്രനേരം വേണമെങ്കിലും ചെലവഴിക്കാൻ പറ്റിയ, രുചിയേറിയ ഭക്ഷണം വിളമ്പുന്ന ഒരു ബീച്ച് കൂടിയാണിത്. ഏതുനാട്ടിൽ പോയാലും ചോറുണ്ണണമെന്നു ആഗ്രഹിക്കുന്ന നമ്മുടെ നാട്ടിലെ സഞ്ചാരികൾക്കു ഏറെ ആശ്വാസം പകരുന്ന നാടാണ് ശ്രീലങ്ക. ശ്രീലങ്കയിൽ എവിടെ ചെന്നാലും ചോറും കറികളും ലഭിക്കും. മിറിസയിലും ചോറും മൽസ്യവിഭവങ്ങളുമൊക്കെ ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകളും കുറഞ്ഞ ചെലവിൽ താമസ സൗകര്യം ലഭ്യമാകുന്ന നിരവധി ഹോട്ടലുകളും കാണാവുന്നതാണ്. ആരെയും ആകർഷിക്കുന്ന ബീച്ചിന്റെ സൗന്ദര്യം തന്നെയാണ് ടാൻഗല്ലെയിലേയ്ക്കു സഞ്ചാരികളെ എത്തിക്കുന്നത്. കണ്ണെത്താദൂരത്തോളം തീരത്തോട് ചേർന്നുകിടക്കുന്ന മണൽപുറങ്ങൾ, തിരക്കധികമില്ലാത്ത ഈ ബീച്ചിൽ കടൽകാറ്റേറ്റു, തിരകളോട് കഥ പറഞ്ഞുകൊണ്ടു ഏറെ സമയം ചെലവഴിച്ചാലും മുഷിയുകയില്ല. നെഗോമ്പോ ശ്രീലങ്കയിലെ മറ്റൊരു ബീച്ചാണ്. മറ്റുള്ള ബീച്ചുകളെ അപേക്ഷിച്ചു, ആൾത്തിരക്കേറിയതും ഭക്ഷണത്തിനും താമസത്തിനും കൂടുതൽ തുക ചെലവാക്കേണ്ടിയും വരുന്ന ഒരിടമാണ് നെഗോമ്പോ ബീച്ച്. മുകളിൽ പറഞ്ഞിരിക്കുന്ന ബീച്ചുകൾ പോലെയല്ലാതെ ഇവിടെയല്പം തിരക്കനുഭവപ്പെടും, കൂടുതലും തദ്ദേശവാസികളും കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുമാണ്. ഭക്ഷണത്തിന്റെ രുചിയുടെ കാര്യത്തിൽ  മുകളിലെ  ബീച്ചുകൾക്കു സമീപത്തുള്ള റെസ്റ്റോറന്റുകളെ അപേക്ഷിച്ചു ഇവിടമൽപം പുറകിലാണ്.  

Fishing-Boats,-Sri-Lanka

ശ്രീലങ്കയുടെ സൗന്ദര്യം ബീച്ചുകൾ മാത്രമാണെന്നു തെറ്റിദ്ധരിക്കേണ്ട, ഉയരം കൂടിയ നിരവധി പ്രദേശങ്ങളും ഇവിടെയുണ്ട്. മലനിരകളും കൊടുംകാടുകളും മഞ്ഞുപുതച്ച താഴ്വരകളും കൂടെ പച്ചയണിഞ്ഞ തേയിലത്തോട്ടങ്ങളും ശ്രീലങ്കയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. അത്തരത്തിലൊരു ചെറിയ പട്ടണമാണ് എല്ലേ. ധാരാളം അതിഥി മന്ദിരങ്ങളും റെസ്റ്റോറന്റുകളും അവശ്യസാധനങ്ങൾ ലഭ്യമാകുന്ന സ്റ്റോറുകളും ഇവിടെ കാണുവാൻ സാധിക്കും. അവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ലിറ്റിൽ ആദംസ് കൊടുമുടി. ഹൈക്കിങ് താല്പര്യമുള്ളവർക്കു ഈ മലമുകളിലേക്കുള്ള കയറ്റം ആവേശകരമാകും. ഈ യാത്രയെ ഹരം കൊള്ളിക്കാനായി ഒരു ചെറുവെള്ളച്ചാട്ടവുമുണ്ട്.   

ശ്രീലങ്കയുടെ സാംസ്‌കാരിക തലസ്ഥാനമാണ് ക്യാൻഡി. തിരക്കേറെയുള്ള ഈ നഗരം മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ചു ശബ്ദമുഖരിതവുമാണ്. ക്യാൻഡിയിലെ പ്രധാന ആകർഷണം ഇവിടുത്തെ സസ്യോദ്യാനമാണ്. വൈവിധ്യമാർന്ന ധാരാളം മരങ്ങളും ചെറു സസ്യങ്ങളും കൂടെ മരച്ചില്ലകളിൽ കളിക്കുന്ന കുരങ്ങന്മാരുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുക കാഴ്ചയാണ്. വിവേകപൂർവം പണം ചെലവഴിക്കേണ്ട ഒരിടം കൂടിയാണിത്. ശ്രീലങ്കയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ചു ഇവിടെ ഭക്ഷണത്തിനും താമസത്തിനുമൊക്കെ അല്പം ചെലവുകൂടുതലാണ്. 

fishermen-of-Sri-Lanka

സിഗിരിയയിലെ പ്രധാന ആകർഷണം ഇവിടുത്തെ കോട്ടയാണ്. അതിരാവിലെ മലമുകളിലെ ഈ കോട്ട കാണാൻ കയറുന്നതാണ് ഉത്തമം. മനോഹരമായ പ്രകൃതിയും കാഴ്ചകളുമൊക്കെ നന്നായി ആസ്വദിക്കാൻ കഴിയുക ആ സമയത്താണ്. ചൂട് തുടങ്ങുന്നതിനു മുൻപ് കോട്ടയുടെ സമീപത്തെത്താൻ സാധിച്ചാൽ ക്ഷീണമധികമുണ്ടാകില്ല. മുകളിലേയ്ക്കു കയറുമ്പോൾ മരത്തിന്റെ മുകളിൽ കുരങ്ങന്മാരെ കാണാൻ സാധിക്കും. അപൂർവമായി മാത്രം ആനകളെയും കാണാം. 

ദാംബുല്ലയിലെ ഗുഹാക്ഷേത്രവും സ്വർണനിറത്തിലുള്ള ബുദ്ധനും കാണേണ്ട കാഴ്ചയാണ്. നിരവധി ഭക്തർ ക്ഷേത്ര ദർശനത്തിനു എത്തുന്നതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഒരു നിശ്ചിത തുക നൽകിയാൽ മാത്രമേ ഇവിടേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു. കവാടത്തിൽ നിന്നും പതിനഞ്ചു മിനിറ്റോളം നടന്നാൽ ഗുഹാക്ഷേത്രത്തിലെ കാഴ്ചകൾ കാണാം. അകത്തുള്ള ബുദ്ധന്റെ സുവർണരൂപവും അകവശത്തെ കാഴ്ചകളും ആരെയും ആകര്‍ഷിക്കത്തക്കതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA