പ്രേതകഥകൾ നിറഞ്ഞ വിഷനഗരം

chernobyl-5
SHARE

ഉക്രെയ്ൻ ഡയറി- അദ്ധ്യായം 6

ലോകത്തിലെ ഏറ്റവും വലിയ റഡാറായ ദുഗ സമ്മാനിച്ച വിസ്മയത്തിനിടെ ഞാൻ കൈയ്യിലുള്ള ഗീഗർ മെഷീൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദുഗയ്ക്കു സമീപം നിൽക്കുമ്പോൾ മണ്ണിലേക്ക് മെഷീൻ ചേർത്തുപിടിച്ചു നോക്കി. 28 യൂണിറ്റ്! വെറും 0.31 യൂണിറ്റാണ് മനുഷ്യശരീരത്തിന് താങ്ങാവുന്ന റേഡിയേഷൻ എന്നോർക്കുക. ലോകത്തിലെ ഏറ്റവുമധികം ആണവ വികിരണമുള്ള സ്ഥലത്താണ് നിൽക്കുന്നതെന്നോർത്തപ്പോൾ കാലുകൾ വിറകൊണ്ടു.

ചെർണോബിലിന്റെ ദുരന്തകഥ പുതിയ തലമുറയ്ക്ക് അത്ര പരിചിതമായിരിക്കില്ല. അവർക്കുവേണ്ടി ആ കഥയൊന്ന് ചുരുക്കിപ്പറയാം.ആണവ വൈദ്യുതി ഉത്പ്പാദിപ്പിക്കാനായി സോവിയറ്റ് യൂണിയൻ 4 റിയാക്ടറുകൾ ഇവിടെ, ചെർണോബിലിൽ പണികഴിപ്പിച്ചു. 1000 മെഗാവാട്ട് വീതം ശേഷിയുള്ള, ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളായിരുന്നു, അവ. അക്കാലത്ത് ആണവനിലയങ്ങൾ വ്യാപകമായിരുന്നില്ല. അതുകൊണ്ട് നിർമ്മാണത്തിനും പ്രവർത്തനത്തിനുമെല്ലാം സോവിയറ്റ് യൂണിയൻ സ്വന്തം സാങ്കേതിക വിദ്യകൾ തന്നെയാണ് ഉപയോഗിച്ചത്.1977ലാണ് ഈ ന്യൂക്ലിയർ പവർപ്ലാന്റ് സ്ഥാപിക്കപ്പെട്ടത്. 1970ൽ നിർമ്മാണം ആരംഭിച്ചപ്പോൾത്തന്നെ ജീവനക്കാരും തൊഴിലാളികളുമൊക്കെ ഇവിടേക്ക് താമസം മാറ്റിയിരുന്നു. അതു വരെ വനപ്രദേശമായിരുന്ന ചെർണോബിലിൽ ചെർണോബിൽ, പ്രിപ്യാറ്റ് എന്നീ നഗരങ്ങളും അതിവേഗം രൂപം കൊണ്ടു..

chernobyl-6
പ്രിപ്യാറ്റ്  നഗരത്തിലേക്ക് സ്വാഗതമോതുന്ന ബോർഡ്

1986 ഏപ്രിൽ 26ന് രാത്രി നാലാം നമ്പർ റിയാക്ടറിൽ ചില പരീക്ഷണങ്ങൾ നടത്തുകയായിരുന്നു എഞ്ചിനീയർമാർ. റിയാക്ടർ ചൂടാകുമ്പോൾ തണുപ്പിക്കാൻ വേണ്ട വെള്ളം പമ്പ് ചെയ്യുന്ന പമ്പുകൾ പ്രവർത്തിപ്പിച്ചു തുടങ്ങാൻ ഒന്നര മിനുട്ട് വേണം. ഇത് 30 സെക്കന്റാക്കി കുറയ്ക്കുകയായിരുന്നു പരീക്ഷണോദ്ദേശ്യം. എന്നാൽ പരീക്ഷണം പാളി. ഞൊടിയിടയിൽ റിയാക്ടറിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചുവന്നു. പ്രവർത്തനശേഷിയുടെ അനേകം ഇരട്ടി കടന്ന് പവർ 33,000 മെഗാവാട്ടിലെത്തിയ നിമിഷത്തിൽ, മർദ്ദം താങ്ങാനാവാതെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചു. വെളുപ്പിനെ 1.30ന് നടന്ന ഈ സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ ഹൈഡ്രജന് തീപിടിച്ച് രണ്ടാമത്തെ പൊട്ടിത്തെറിയും നടന്നു. റിയാക്ടറിനരികെ ജോലിയിലുണ്ടായിരുന്ന 34 ജീവനക്കാർ ഉരുകിയൊലിച്ച് നാമാവശേഷമായി.

പൊട്ടിത്തെറി നിസാരമായിരുന്നില്ല. റിയാക്ടറിന്റെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം ഭേദിച്ച് എട്ടു ടൺ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ആകാശത്ത്, ഒരു കിലോമീറ്റർ ദൂരത്തേക്ക് ചിതറിത്തെറിച്ചു.ചീറിയടിച്ച കാറ്റിൽ ഉക്രെയ്‌നിന്റെ നാനാ ഭാഗത്തേക്കും ആണവ വികിരണം നിമിഷനേരം കൊണ്ടു പടർന്നു.

chernobyl-4
ചെർണോബിൽ ദുരന്തത്തിൽ സുരക്ഷാ സന്നാഹങ്ങളില്ലാതെ പണിയെടുത്ത് മരിക്കാനിടയായ അഗ്നിശമന സേനാംഗങ്ങൾക്കുള്ള   സ്മാരകം 

ഹിരോഷിമയിൽ വീണ അണുബോംബിനെക്കാൾ 400 മടങ്ങ് പ്രഹരശേഷിയുള്ള സ്‌ഫോടനമാണ് ചെർണോബിലിൽ നടന്നതെന്നു പറഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധിവരെ ബോധ്യമാകും. എന്നാൽ അധികൃതരോ അയൽവാസികളോ ഭരണാധിപന്മാരോ ആ ഗൗരവം മനസ്സിലാക്കിയില്ല എന്നതാണ് കൗതുകകരമായ കാര്യം. വ്യവസായ ശാലകളിലുണ്ടാകാറുള്ള പതിവ് അപകടം എന്ന മട്ടിലാണ് അവർ അതിനെ കണ്ടത്. എന്നാൽ ലോകം മുഴുവൻ ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ദുരന്തത്തിന്റെ വിഷവിത്തുകളാണ് ചെർണോബിലിന്റെ നാനാഭാഗത്തേക്കും പറന്നു പൊങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കിയില്ല.

34 തൊഴിലാളികൾ മരിച്ചതിന്റെ ദുഃഖം ഉള്ളിലൊതുക്കിക്കൊണ്ട് അഗ്നിശമന സേനാവിഭാഗങ്ങളും മറ്റു തൊഴിലാളികളും യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ ആണവ നിലയത്തിലെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയിലേർപ്പെട്ടു. അയൽ പ്രദേശങ്ങളിലെ ജനങ്ങൾ സ്‌ഫോടനത്തിന്റെ വിശേഷങ്ങൾ കാണാനും അറിയാനും ആണവനിലയത്തിന്റെ ചുറ്റും തടിച്ചുകൂടി. തങ്ങൾ ചവിട്ടി നിൽക്കുന്നത് ആണവ വികിരണത്തിന്റെ വിഷധൂളികൾ പടർന്ന മണ്ണിലാണെന്നും ശ്വസിക്കുന്നത് മാരകമായ ആണവവിഷമാണെന്നും അവർ മനസ്സിലാക്കിയില്ല.

chernobyl-3
ദുരന്താവശിഷ്ടങ്ങൾ നീക്കാനുപയോഗിച്ച ഒരു യന്ത്രം,ഇത് റിമോട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്

ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പലരും ഛർദ്ദിച്ചും തലചുറ്റിയും വീണു തുടങ്ങി. അവരെ ഉടനടി പ്രിപ്യാറ്റിലെ ആശുപത്രിയിലെത്തിച്ചു. അസുഖ കാരണമെന്താണെന്ന് ഡോക്ടർമാർക്ക് കണ്ടുപിടിക്കാനായില്ല. അവരെ വിദഗ്ദ്ധ ചികിത്സക്കായി മോസ്‌കോയിലേക്ക് അയയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അവശരായ ഇരുന്നൂറോളം പേരെയും കയറ്റി വിമാനം മോസ്‌കോയിലെത്തി. അവിടുത്തെ ഡോക്ടർമാർ അസുഖവിവരം ഞെട്ടലോടെ അറിയിച്ചു: ഇവർക്ക് ആണവവികരണമേറ്റിട്ടുണ്ട്! ഏറെത്താമസിയാതെ അവരിൽ പലരും മരണത്തിനു കീഴടങ്ങുകയും ചെയ്തതോടെ സോവിയറ്റ് യൂണിയനിലെ ഭരണാധികാരികൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. പക്ഷേ, ഒന്നും സമ്മതിച്ചുകൊടുക്കാത്ത കമ്യൂണിസ്റ്റ് ധാർഷ്ട്യം അവരെ എല്ലാം മൂടി വെക്കാൻ പ്രേരിപ്പിച്ചു. ആണവ സ്‌ഫോടനത്തെക്കുറിച്ച് മറ്റു ലോകരാജ്യങ്ങളിൽ നിന്നും ചോദ്യമുയർന്നപ്പോൾ 'അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല' എന്നാണ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികരിച്ചത്!

എന്നാൽ ആണവ വികിരണത്തിന്റെ വിഷധൂളികൾ അപ്പോഴേക്കും ഉക്രെയിനിന്റെ അയൽ രാജ്യങ്ങളായ ബെലാറസും പോളണ്ടും കടന്ന് യൂറോപ്പിലെങ്ങും പടർന്നു തുടങ്ങിയിരുന്നു. സ്വീഡൻപോലെയുള്ള വിദൂരമായ രാജ്യങ്ങളിലെ ആണവനിലയങ്ങളിൽ പോലും വികിരണത്തിന്റെ മുന്നറിയിപ്പു നൽകുന്ന അപായമണികൾ മുഴങ്ങി. അപ്പോഴും സോവിയറ്റ് യൂണിയനിലെ ഭരണാധികാരികൾ ലോകത്തിനു മുന്നിൽ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന നാമം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ ഉക്രെയ്‌നിൽ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. സ്‌ഫോടനം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രിപ്യാറ്റ്-ചെർണോബിൽ നഗരവാസികളും സമീപ പ്രദേശങ്ങളിലുള്ളവരും ആണവ പ്രസരമേറ്റ് പിടഞ്ഞു വീണു. മൃതപ്രായമായവരെയും കൊണ്ട് ആശുപത്രികളും വീടുകളും നിറഞ്ഞു. ഉടനടി 35,000 പേരെ ഒഴിപ്പിക്കാൻ മോസ്‌കോയിൽ നിന്ന് ഉക്രെയിനിലെ ഭരണാധികാരികൾക്ക് കൽപന വന്നു. ഉടുമുണ്ട് മാത്രമായി ജനങ്ങൾ, പട്ടാളവണ്ടികളിൽ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ആശുപത്രികളിലേക്കും യാത്രയായി.

ചെർണോബലിനു ചുറ്റുമുള്ള ഭൂമിയിലും രാസമാറ്റങ്ങളുണ്ടായി. മരങ്ങളുടെ ഇലകൾ ചുവന്നു. ഇനിയൊരിക്കലും ഉപയോഗിക്കാനാവാത്തവിധം വെള്ളം മലിനമായി. മണ്ണിൽ വിഷം കിനിഞ്ഞിറങ്ങി. മൃഗങ്ങൾ പിടഞ്ഞുവീണു മരിച്ചു. 20 മണിക്കൂർ കഴിഞ്ഞപ്പോൾ റേഡിയോ ആക്ടിവ് വികിരണങ്ങൾ തടയുന്ന 1000 ടണ്ണോളം മണൽ- ലെഡ് സംയുക്തം ഹെലികോപ്ടറിൽ നിന്ന് റിയാക്ടറിന്റെ മേലേക്ക് ചൊരിഞ്ഞു. പക്ഷേ, വൈകിപ്പോയിരുന്നു. ഉക്രെയ്‌നിലും സമീപ രാജ്യങ്ങളിലുമായി 4 കോടി ജനങ്ങൾ അപ്പോഴേക്കും റേഡിയേഷൻ വാഹകരായി മാറിക്കഴിഞ്ഞിരുന്നു.

32 വർഷം! ആണവനിലയം ഉപയോഗശൂന്യമായെങ്കിലും മൂന്നു പതിറ്റാണ്ടു മുമ്പു നടന്ന സ്‌ഫോടനത്തിന്റെ ദുരിതഫലങ്ങൾ ഇപ്പോഴും തുടരുകയാണ്. 50 ലക്ഷം പേരെങ്കിലും ആണവവികിരണ ബാധിതരായി ഇതുവരെ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ക്യാൻസർ ബാധിതരായി കഴിയുന്നുമുണ്ട്. ഈ പ്രദേശത്ത് തൈറോയിഡ് ക്യാൻസർ 2400 ശതമാനം വർദ്ധിച്ചിട്ടുണ്ടത്രേ!

മനുഷ്യരെ ചെർണോബിലിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ അത് സാധ്യമല്ലല്ലോ. ആണവ വികിരണമേറ്റ് ശരീരത്തിന്റെ രാസഘടന പോലും മാറിപ്പോയ മൃഗങ്ങൾ ഇപ്പോൾ പ്രസവിക്കുന്നത്, അല്ലെങ്കിൽ മുട്ടയിട്ട് വിരിഞ്ഞു വരുന്നത്, വികൃതമായ രൂപഘടനയോടു കൂടിയ കുഞ്ഞുങ്ങളാണത്രേ. കണ്ടാൽ പേടിയാകുന്ന രൂപമുള്ള പക്ഷികൾ ഇവിടെ നിരവധിയുണ്ട്. അതിൽ പ്രധാനം 'ബ്ലാക്ക് ബേർഡ് ഓഫ് ചെർണോബിൽ' എന്നറിയപ്പെടുന്ന പക്ഷിയാണ്. കാക്കയുടെ രൂപവും ചുവന്ന കണ്ണുകളും വലിയ ചിറകുകളുമുള്ള ഈ പക്ഷിക്ക് ഇപ്പോൾ ചെകുത്താന്റെ ഇമേജാണ് ഈ പ്രദേശത്തുള്ളത്.

chernobyl-2
ചെർണോബിലിൽ കൂടുതൽ ആണവ വികിരണം ഉള്ള സ്ഥലത്തെ മുന്നറിയിപ്പ് ചിഹ്നം 

ചെർണോബിൽ ദുരന്തത്തിനു ശേഷം ഭയപ്പെടുത്തുന്ന പ്രേതകഥകളും ആണവ ധൂളികൾ പോലെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നുണ്ട്. ദുരന്തം നടന്ന റിയാക്ടറിൽ നിന്നുയരുന്ന നിലവിളി ശബ്ദമാണ് കഥകളിലൊന്ന്. 1997ൽ ചെർണോബിൽ സന്ദർശിച്ച ആന്ദ്രേ ഖർസുക്കോവ് എന്ന ന്യൂക്ലിയർ ഫിസിസിസ്റ്റാണ് ആ കഥ ആദ്യമായി പുറത്തുവിട്ടത്. അദ്ദേഹം റിയാക്ടറിനടുത്തു നിൽക്കുമ്പോൾ റിയാക്ടറിനുള്ളിൽ നിന്ന് നിലവിളി കേട്ടത്രേ. 'രക്ഷിക്കണേ' എന്ന് പലതവണ അലറുന്ന ശബ്ദം കേട്ട് ആന്ദ്രേ നടുങ്ങി. കഴിഞ്ഞ മൂന്നു വർഷമായി ആരും തുറന്നിട്ടില്ലാത്ത റിയാക്ടറിനുള്ളിൽ നിന്നാണ് ശബ്ദമെന്നോർത്തപ്പോൾ ആന്ദ്രേ വിറകൊണ്ടു. റിയാക്ടറിന്റെ ഡോർ തുറക്കണമെങ്കിൽ പാസ്‌വേർഡും ഫിംഗർപ്രിന്റും വേണം പിന്നെങ്ങനെ ഒരാൾ ഉള്ളിൽ കടന്നു?

അൽപനേരം കാതോർത്തു നിന്നെങ്കിലും പിന്നെ ആ ശബ്ദം ആന്ദ്രേ കേട്ടില്ല. പക്ഷേ, അന്നു രാത്രി റിയാക്ടറിനെതിർവശത്തുള്ള ബിൽഡിങ്ങിലിരുന്ന് അത്താഴം കഴിക്കുമ്പോൾ റിയാക്ടർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനുള്ളിൽ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കണ്ടു. വൈദ്യുതി ബന്ധമില്ലാത്ത കെട്ടിടമാണത്. ജനറേറ്റർ ഓൺ ആയിരുന്നുമില്ല. ഇതു കണ്ടു പകച്ച ആന്ദ്രേയും സുഹൃത്തും റിയാക്ടറിനടുത്തേക്ക് കുതിക്കുമ്പോൾ, വെളിച്ചം അണഞ്ഞു.

ആന്ദ്രേ ഖർസുക്കോവിന്റെ ഈ അനുഭവം കേട്ടിട്ടില്ലെങ്കിൽ പോലും ചെർണോബിലിലൂടെ നടക്കുമ്പോൾ, അവിടുത്തെ കാഴ്ചകൾ കാണുമ്പോൾ, ഒരു പ്രേതനഗരത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനാവും. 32 വർഷമായി മനുഷ്യവാസമില്ലാതെ കാടുമൂടിക്കിടക്കുന്ന നഗരങ്ങൾ, ഗ്രാമങ്ങൾ, ചുവന്ന ഇലയുമായി തൂങ്ങി നിൽക്കുന്ന മരങ്ങൾ, കരിയില വീണു മൂടിയ വഴിത്താരകൾ, ആണവ വികിരണമോർമ്മിപ്പിച്ചുകൊണ്ട് ഇടയ്ക്കിടെ അലാറമടിക്കുന്ന ഗീഗർമെഷീൻ- മറ്റൊരു സ്ഥലത്തും അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ചെർണോബിൽ നമുക്ക് സമ്മാനിക്കുന്നത്.

ആണവ സ്ഫോടനത്തിന്റെ മൂന്നാം ദിവസം, അതിന്റെ ഗൗരവം മനസ്സിലാക്കിയ അധികൃതർ ഒരു കാര്യം തീരുമാനിച്ചു: പ്രശ്‌നത്തിന്റെ ഗൗരവം ചെർണോബിൽ,  പ്രിപ്യാറ്റ് നിവാസികളെ ഉടനെ അറിയിക്കേണ്ടതില്ല. അവരെ എത്രയും വേഗം അവിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയാണ് പ്രധാനം. എന്നാൽ ഒഴിപ്പിക്കുമ്പോൾ അവർ ഒരു സാധനവും, ഒരു വാച്ച് പോലും, കൂടെ കൊണ്ടുപോകാനും പാടില്ല. കാരണം എല്ലാ വസ്തുക്കളിലും വികിരണം പടർന്നിട്ടുണ്ട്. എന്നാൽ, എന്നെന്നേക്കുമായി നാടുവിട്ടു പോവുകയാണെന്ന് മനസ്സിലാക്കിയാൽ അവർ എന്തെങ്കിലുമൊക്കെ കയ്യിലെടുക്കാൻ ശ്രമിക്കും.

ഒടുവിൽ അധികൃതർ അതിനൊരു മാർഗ്ഗം കണ്ടുപിടിച്ചു. 'ചെർണോബിലും പ്രിപ്യാറ്റും വൃത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാവരും രണ്ടുദിവസത്തേക്ക് തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പട്ടാളത്തിന്റെ വാഹനങ്ങളിൽ അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കും. രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു കൊണ്ടുവന്നാക്കും. എല്ലാ നിത്യോപയോഗ സാധനങ്ങളും സർക്കാർ ഒരുക്കിവെച്ചിട്ടുണ്ട്. പല്ലുതേക്കുന്ന ബ്രഷ്‌പോലും കൈയ്യിലെടുക്കേണ്ടതില്ല'.

ഇതുകേട്ട നഗരവാസികൾ സസന്തോഷം വീടുവിട്ടിറങ്ങി. രണ്ടുദിവസത്തെ കാര്യമല്ലേയുള്ളു. അവർ ഉല്ലാസചിത്തരായി പട്ടാള വാഹനങ്ങളിൽ കയറി. 32 വർഷങ്ങൾ! പിന്നീടിതുവരെ അവർ തങ്ങളുടെ വീട്ടിലേക്ക് തിരികെ എത്തിയിട്ടില്ല!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA