sections
MORE

കുറഞ്ഞ ചെലവിൽ വിദേശയാത്ര പോകാം

619089656
SHARE

യാത്രകൾക്കു പദ്ധതി തയാറാക്കുമ്പോൾ ഭൂരിപക്ഷം പേരും ഏറെ ശ്രദ്ധിക്കുന്നത് കൈയിലുള്ള പണത്തിനനുസരിച്ചുള്ള ഒരു സ്ഥലം കണ്ടെത്തുന്നതിലാണ്. അവിടുത്തെ താമസവും ഭക്ഷണവും യാത്രക്കൂലിയുമൊക്കെ കണക്കുകൂട്ടിയാണ് ഭൂരിപക്ഷം പേരും യാത്രയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. കൂടുതൽ പേരും ചെലവു വളരെ കുറഞ്ഞ, എന്നാൽ സുന്ദരമായ കാഴ്ചകളുള്ള സ്ഥലങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവരാകും. അവർക്കായി ഇതാ കുറച്ചു മനോഹരമായ രാജ്യങ്ങൾ. 

ജോർജിയ

കിഴക്കൻ യൂറോപ്പിന്റെയും വടക്കൻ ഏഷ്യയുടെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം മുൻപ് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു. പൗരാണിക വാസ്തുശൈലിയിൽ പണിതീർത്ത കെട്ടിടങ്ങളാണ് അവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന, വളരെ സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന, സൂക്ഷിച്ചു ചെലവാക്കിയാൽ അധികംപണം നഷ്ടമാക്കാത്ത, മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യമാണ് ജോർജിയ.

519369652

കാഴ്ചകൾ തുടങ്ങുന്നതു തലസ്ഥാന നഗരമായ തിബ്‌ലിസിയിൽ നിന്നാണ്. മരത്തിൽ തീർത്ത പഴയ ഭവനങ്ങൾ സന്ദർശകരെ ആകർഷിക്കും. സമാധാനത്തിന്റെ പാലം എന്നറിയപ്പെടുന്ന ബ്രിഡ്ജ് ഓഫ് പീസ് എന്ന നടപ്പാതയും ലിബർട്ടി സ്ക്വയറുമൊക്കെ കൗതുകമുണർത്തും. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന നദിക്കു കുറുകെയാണ് പ്രത്യേക രീതിയിൽ നിർമിച്ചിരിക്കുന്ന ബ്രിഡ്ജ് ഓഫ് പീസ്. ഈ പാലത്തിനു സമീപം ഒരു പാർക്കുമുണ്ട്. പ്രസിഡൻഷ്യൽ പാലസും മദർ ഓഫ് ജോർജിയയുടെ സ്തൂപവുമൊക്കെ ഇതിനു സമീപമുള്ള കാഴ്ചകളാണ്. കോക്കസസ് മലനിരകളും കരിങ്കടലും മലമുകളിൽ സ്ഥിതി ചെയ്യുന്ന സന്യാസിമഠങ്ങളുമൊക്കെ ജോർജിയൻ യാത്രയിൽ സഞ്ചാരികളിൽ വിസ്മയം നിറയ്ക്കും. 500 രൂപയോളം മുടക്കിയാൽ ഡോർമെറ്ററികളും 1000 രൂപയ്ക്ക് അത്യാവശ്യ സൗകര്യങ്ങളുള്ള മുറികളും താമസത്തിനു ലഭിക്കുന്ന ഇവിടെ ഭക്ഷണത്തിനും വലിയ തുക മുടക്കേണ്ടി വരില്ല. ഏകദേശം 1500 മുതൽ 2000 രൂപ വരെ ഒരു ദിവസത്തെ ചെലവിനായി കരുതാം. 

റൊമാനിയ

മധ്യകാലത്തിന്റെ ചരിത്രവും പേറി നിൽക്കുന്ന പട്ടണങ്ങളും കോട്ട കെട്ടി സംരക്ഷിച്ചിരിക്കുന്ന പുരാതന ദേവാലയങ്ങളും കാർപാത്യൻ മലനിരകളുമാണ് റൊമാനിയയുടെ സൗന്ദര്യം. സൗഹാർദത്തോടെ പെരുമാറുന്ന ജനങ്ങളും രുചികരമായ ഭക്ഷണവും ഈ മധ്യയൂറോപ്യൻ രാജ്യത്തിന്റെ പ്രത്യേകതകളാണ്. ബുക്കാറസ്റ്റ് ആണ് റൊമാനിയയുടെ തലസ്ഥാനം. കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ലാത്ത  നഗരമാണ് ബുക്കാറെസ്റ്റ്. പഴമയുടെ അടയാളപ്പെടുത്തലുകൾ പോലെ നിരവധി നിർമിതികൾ ഈ നഗരത്തിലും കാണാം.

പാരമ്പര്യത്തിന്റെ പര്യായം പോലെ പരമ്പരാഗത ഗ്രാമങ്ങളും കൃഷിയിടങ്ങളും സഞ്ചാരികൾക്കു കാഴ്ചകളൊരുക്കുന്നു. ഡാന്യൂബ് ഡെൽറ്റ ബയോസ്പിയർ റിസർവും പക്ഷി സങ്കേതവുമൊക്കെ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കും. കാർപാത്യൻ മലനിരകളിലേക്കുള്ള ട്രെക്കിങ്, താല്പര്യമുള്ളവർക്ക് ഏറെ ഹരം പകരും. ക്ലൈമ്പിങും ചൂടുനീരുറവകളിൽ ഉള്ള കുളിയും ആസ്വാദ്യകരമാണ്. 

955445038

ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഏകദേശം 4000 രൂപയോളം ചെലവു വരും. വിവേകപൂർവം ചെലവഴിച്ചാൽ കുറച്ചു പണം മിച്ചം പിടിക്കാം.

മെക്സിക്കോ

അവധിക്കാലം ആസ്വദിക്കാൻ സുന്ദരമായ ബീച്ചുകൾ തേടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന രാജ്യമാണ് മെക്സിക്കോ. കുറഞ്ഞ ചെലവിൽ കാഴ്ചകൾ കണ്ടുമടങ്ങാം എന്നുള്ളതുകൊണ്ടു തന്നെ ഇപ്പോൾ ധാരാളം യാത്രികർ മെക്സിക്കോയെ തങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കേ അമേരിക്കൻ വൻകരയിലാണ് ഈ രാജ്യം. കാഴ്ചകൾ ആരംഭിക്കുന്നതു മെക്സിക്കോ സിറ്റിയിൽ നിന്നാണ്. യുകാറ്റാൻ ഉപദ്വീപിൽ അവസാനിക്കുന്ന ആ പാത സഞ്ചാരികൾക്ക് ഏറെ കൗതുകകരമായ അനുഭവങ്ങൾ സമ്മാനിക്കും. സ്‌നോർക്കലിങ്ങിനു പേരുകേട്ടവയാണ് ഇവിടുത്തെ ബീച്ചുകളെല്ലാം. ആസ്ടെക് ഭരണത്തിന്റെ അവശേഷിപ്പുകളുമായി നിലകൊള്ളുന്ന തലസ്ഥാന നഗരി, പുരാതന മായൻ സംസ്കാരത്തിന്റെ ഭാഗമായ കരിങ്കല്ലിൽ തീർത്ത പിരമിഡ് തുടങ്ങി ധാരാളം കാഴ്ചകളാണ് മെക്സിക്കോ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. 

താമസത്തിനും ഭക്ഷണത്തിനും യാത്രകൾക്കുമായി ഒരു ദിവസം ഏകദേശം 3000 രൂപയോളം ചെലവു വരും. വാടക കുറഞ്ഞ താമസസ്ഥലങ്ങൾ കണ്ടെത്തുകയും ഭക്ഷണത്തിനായി ചെറു റസ്റ്ററന്റുകളെ ആശ്രയിക്കുകയും ചെയ്താൽ ചെലവു കുറയ്ക്കാം. 

അർമേനിയ 

മനോഹരമായ പ്രകൃതിയും പൗരാണികത നിറഞ്ഞ നിർമിതികളുമാണ് അർമേനിയയുടെ സൗന്ദര്യം. നിരവധി ദേവാലയങ്ങളും കോട്ടകളും മലനിരകളും അഗ്നിപർവതങ്ങളുമൊക്കെ ഈ രാജ്യത്തുണ്ട്. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യം യുഎസ്എസ്ആറിന്റെ തകർച്ചയ്ക്കു ശേഷമാണ് സ്വതന്ത്ര പരമാധികാര രാജ്യമായത്. രാജ്യത്തിന്റെ ഏറിയപങ്കും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങളും മലനിരകളുമാണ്. എറ്റ്ചിമിയാഡ്സിൻ പോലുള്ള പഴക്കമേറിയ കത്തീഡ്രലുകളും എട്ടാം നൂറ്റാണ്ടിൽ പണിതീർത്ത ജഗാർഡ് ക്ഷേത്രവുമൊക്കെ സഞ്ചാരികളെ ആകർഷിക്കുന്നു.

865378030

1500 രൂപയോളം ഇവിടെ ഒരു ദിവസം ചെലവാകും. ഭക്ഷണവും താമസവും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്രച്ചെലവും ഉൾപ്പെടെയാണ് ഈ ഏകദേശ കണക്ക്. ഓരോരുത്തരും പണം ചെലവഴിക്കുന്ന രീതി അനുസരിച്ച് ഈ കണക്കിൽ വ്യത്യാസം വരാം.

ബൊളീവിയ 

തെക്കേ അമേരിക്കയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിച്ചു മടങ്ങാവുന്ന രാജ്യമാണ് ബൊളീവിയ. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടിറ്റികാക്ക തടാകവും ലോകത്തിലെ ഏറ്റവും വലിയ സാൾട്ട് ഫ്ലാറ്റ് എന്നറിയപ്പെടുന്ന സലാർ ഡെ ഉയുനിയുമടക്കം സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ബൊളീവിയയിലുണ്ട്.

162556138

ദേശീയോദ്യാനങ്ങളും  മ്യൂസിയങ്ങളും പൗരാണിക സ്മാരകങ്ങളും മലനിരകളും അഗ്നിപർവതങ്ങളുമൊക്കെ സഞ്ചാരികൾക്കു വ്യത്യസ്തമായ കാഴ്ചകളൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്കു നിരവധി മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന രാജ്യം കൂടിയാണ് ബൊളീവിയ. 

2000 രൂപയിൽ താഴെ മാത്രമേ ഒരു ദിവസം ചെലവു വരൂ. 

യുക്രെയ്ൻ

ആദ്യകാലത്തു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യം 1991 ലാണ് സ്വതന്ത്രമായത്. യുക്രെയ്നിലെ പ്രധാന ആകർഷണം കരിങ്കടൽ തന്നെയാണ്. എന്നാൽ ചെറുതും വലുതുമായ നദികളും ഈ നാടിന്റെ സവിശേഷതയാണ്. വനങ്ങളും മനോഹരമായ പുൽമേടുകളും താഴ്‌വരകളും യുക്രെയ്നിന്റെ ഭംഗി വർധിപ്പിക്കുന്നു. പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എൽവിവ് പോലുള്ള നഗരങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. തീരദേശ പട്ടണമായ ഒഡെസയും സഞ്ചാരികളുടെ 

പ്രിയപ്പെട്ട താവളമാണ്. താമസത്തിനും ഭക്ഷണത്തിനും വലിയ പണം മുടക്കേണ്ടി വരില്ല എന്നതു തന്നെയാണ് യുക്രെയ്ൻ സന്ദർശനത്തിന്റെ ഹൈലൈറ്റ്. 

ഒരു ദിവസം ഇവിടെ ചെലവിടുന്നതിനും താമസിക്കുന്നതിനും ഭക്ഷണത്തിനുമായി ഏകദേശം 2000 രൂപയിൽ താഴെ മാത്രമേ മുടക്കേണ്ടതുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA