ADVERTISEMENT

‘ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം നയാഗ്ര വെള്ളച്ചാട്ടം.....’ കുട്ടിയായിരുന്നപ്പോൾ കേട്ടു തുടങ്ങിയ ഈ വരികളാണ് അമേരിക്കൻ യാത്ര ഒത്തു വന്നപ്പോൾ നയാഗ്രയിലേക്ക് നയിച്ചത്. മനോഹാരിത, വലുപ്പം, അദ്ഭുതം എന്നീ സവിശേഷതകളാണ് നയാഗ്ര വെള്ളച്ചാട്ടത്തെ ലോക പ്രസിദ്ധമാക്കിയത്. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ കിടക്കുന്ന നയാഗ്ര നദിയിലാണ് ഈ കൂറ്റൻ വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾസ്. ബ്രൈഡൽ വെയ്ൽ ഫാൾസ്, ഹോഴ്സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർന്നാണ് നയാഗ്ര രൂപം കൊള്ളുന്നത്.

അമേരിക്കയിൽ നിന്നു കാനഡയിലേക്കാണ് നയാഗ്ര പതഞ്ഞൊഴുകുന്നത്. അതുകൊണ്ടു തന്നെ കാനഡയിൽ നിന്നുള്ള കാഴ്ച വർണനാതീതമാണ്. റെയിൻബോ ബ്രിഡ്ജ് അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്നുണ്ട്. എന്നാൽ കനേഡിയൻ പാസ്പോർട്ട് ഇല്ലാത്തതു കൊണ്ട് കനേഡിയൻ നയാഗ്ര കാഴ്ച എനിക്കു നഷ്ടമായി. അമേരിക്കൻ ഐക്യനാടുകളുടെ  തലസ്ഥാനമായ വാഷിങ്ടൺ ഡിസി യിൽ നിന്ന് ഏഴു മണിക്കൂർ ബസിൽ യാത്ര ചെയ്ത് നയാഗ്രയില്‍ എത്തി. ഒരു ദിവസം അവിടെ തങ്ങിയതിനാൽ വളരെ വിശദമായി വെള്ളച്ചാട്ടം കാണാൻ എനിക്കു സാധിച്ചു. 

വളരെ അകലെ നിന്നേ വെള്ളം പതിക്കുന്ന ശബ്ദം കേൾക്കാം. ജലധൂളികൾ പുകപോലെ ആകാശത്തേക്ക് ഉയരുന്ന കാഴ്ച വിസ്മയത്തോടെ നോക്കിക്കണ്ടു. മൂന്നു ഫോൾസും വളരെ അടുത്തു കൊണ്ടുപോയി സഞ്ചാരികളെ കാണിക്കുന്ന ബോട്ട് യാത്രയാണ് മെയി‍‍ഡ് ഓഫ് ദി മിസ്റ്റ്. 

മെയിഡ് ഓഫ് ദി മിസ്റ്റ്

ജലകണങ്ങൾക്കിടയിലൂടെയുള്ള യാത്ര. സഞ്ചാരികളെ ഏറെ ആകർഷിക്കും. വെള്ളം കൊണ്ടു നിർമിച്ച കൂറ്റൻ മതിലുപോലെയാണ് വെള്ളച്ചാട്ടം. നയാഗ്ര സന്ദർശിക്കുന്നവർ നിശ്ചയമായും ചെയ്യേണ്ട ഒന്നാണ് മെയിഡ് ഓഫി ദി മിസ്റ്റ് ബോട്ട് യാത്ര. കാനഡയിൽ നിന്ന് ഇതേ പോലുള്ള യാത്രയ്ക്ക് ഹോൺ ബ്ലോവർ ക്രൂയിസ് എന്നാണു പറയുന്നത്. 

കേവ് ഓഫ് ദി വിൻഡ്

അമേരിക്കൻ ഫോൾസിന്റെ താഴെ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഗുഹയാണ് കേവ് ഓഫ് ദി വിൻഡ്. അമേരിക്കൻ ഫോൾസും നയാഗ്രയിലെ ഏറ്റവും ചെറിയ വെള്ളച്ചാട്ടമായ ബ്രൈഡൽവേൽ ഫോൾസും ഇവിടെ നിന്നു വളരെ അടുത്തു കാണാൻ സാധിക്കും.

1983–ൽ പാറപൊട്ടിച്ചു നിര്‍മിച്ച വ്യൂ പോയിന്റാണ്, ടെറാപിൻ പോയിന്റ്. ‘റ’ ആകൃതിയിലുള്ള ഹോഴ്സ്ഷൂ ഫാള്‍സിനു മുകളിൽ നിന്നുള്ള കാഴ്ച സഞ്ചാരികൾക്ക് ഇവിടെ നിന്നു കാണാം, ഹോഴ്സ്ഷൂ ഫോൾസിന്റെ ഭൂരിഭാഗവും കാനഡയിലാണ് സ്ഥിതി ചെയ്യുന്നത്. 

രാത്രിയിലെ ഇലൂമിനേഷനും ലൈറ്റ് ഷോയും

നയാഗ്രയുടെ ആകർഷണം പകൽ കഴിയുന്നതോടെ അവസാനിക്കുന്നില്ല. രാത്രിയിൽ വിവിധ വർണങ്ങളിൽ നയാഗ്രയിലെ ജലം തിളങ്ങും. പച്ച, വയലറ്റ്, വെള്ള തുടങ്ങിയ നിറങ്ങളിൽ ഉള്ള ലൈറ്റ് ഷോ കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നു. തൃശൂർപൂരത്തിലെ രാത്രിയിലെ കമ്പക്കെട്ടു പോലെ ആയിരുന്നു നയാഗ്രയിലെ ലൈറ്റ് ഷോ. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന ലൈറ്റ് ഷോ അർധരാത്രിക്ക് അവസാനിക്കും. 

പിറ്റേന്നു രാവിലെ ഒരിക്കൽക്കൂടി ഫോൾസ് കണ്ടശേഷം ഞാൻ മടക്കയാത്ര ആരംഭിച്ചു. ഇന്ത്യക്കാർക്കു ഭൂമിയുടെ മറുവശത്ത് സ്ഥിതി ചെയ്യുന്ന നയാഗ്രയിലേക്കുള്ള യാത്ര ഏറ്റവും ദൈർഘ്യമേറിയതും ഒപ്പം ചെലവേറിയതുമാണ്. എന്നാൽ നയാഗ്രയുടെ അനുപമമായ ഭംഗി എല്ലാ പ്രയാസങ്ങളും വിസ്മരിച്ച് അതു ദർശിക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. 

എങ്ങനെ എത്താം

By Air

അമേരിക്കയിൽ – ബഫെല്ലൊ നയാഗ്ര രാജ്യാന്തര വിമാനത്താവളം (30 കിലോമീറ്റർ അകലെ)

കാനഡയിൽ – ടൊറന്റോ രാജ്യാന്തര വിമാനത്താവളം(125 കിലോമീറ്റർ അകലെ)

By Road

അമേരിക്കയിൽ – ന്യൂയോർക്ക് നഗരത്തിൽ നിന്ന് 700 കിലോമീറ്റർ അകലെ (ഏഴു മണിക്കൂർ യാത്ര)

കാനഡയിൽ – ടൊറന്റോ നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെ (ഒരു മണിക്കൂർ യാത്ര.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com