ADVERTISEMENT

പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്രകൾ, മൈലുകളോളം ദൂരങ്ങൾ താണ്ടിയാലും ആ യാത്ര അവസാനിക്കരുതേ എന്നാഗ്രഹിക്കുന്നവരാകും ഭൂരിപക്ഷവും. സുന്ദരമായ പുലരികളും ഇരവുകളും കൂടെ പ്രിയപ്പെട്ടവരുമുണ്ടെങ്കിൽ പാരിജാതഗന്ധം പോലെ പുതുമ നൽകും ഓരോ യാത്രകളും. കൊച്ചിയിൽ നിന്നും ആകാശമാർഗം രണ്ടര മണിക്കൂർ സഞ്ചരിച്ചാൽ ആഴി കണക്കെ കണ്ണെത്താദൂരത്തോളം മണല്‍ പരന്നു കിടക്കുന്ന ഒമാൻ എന്ന ഗൾഫ് രാജ്യത്തെത്താം. ഏതൊരു സഞ്ചാരിയെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളാണ് ഒമാന്റെ സവിശേഷത. അവ എന്തൊക്കെയെന്നറിയേണ്ടേ?

oman-trip3

സഞ്ചാരികളെ വശീകരിക്കാൻ ശേഷിയുള്ള ബീച്ചുകൾ, തലയുയർത്തി നിൽക്കുന്ന ഗിരിനിരകൾ, അനന്തമായി പരന്നുകിടക്കുന്ന മണൽ സാഗരം. മധുവിധു ആഘോഷിക്കാനെത്തുന്നവർക്കു ഏറെ വ്യത്യസ്തവും വിശേഷപ്പെട്ടതുമായ കാഴ്ചകൾ ഒരുക്കി കാത്തിരിക്കുന്ന നാടാണ് ഒമാൻ. സാഹസികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന നിരവധി വിനോദങ്ങൾ, വൈചിത്രം തുളുമ്പുന്ന ഭൂപ്രകൃതി, കൂടെ ചരിത്രം പറയുന്ന നിർമിതികൾ തുടങ്ങി അറബി നാടിന്റെ തനതായ എല്ലാ കാഴ്ചകളും സമ്മാനിക്കും ഈ ഗൾഫ് രാജ്യം.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഒമാനിലേക്കു നേരിട്ടു ഫ്ലൈറ്റുകൾ ലഭിക്കും. ഏകദേശം രണ്ടര മണിക്കൂർ സമയം കൊണ്ട് അവിടെ എത്തിച്ചേരാം. ഇന്ത്യൻ പൗരന്മാർക്കു ഇ-വിസ ഉപയോഗിച്ച് സന്ദർശിക്കാവുന്ന ഒരു രാജ്യമാണത്. എയർപോർട്ടിലെ ഇ-വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം കാഴ്ചകൾ കാണാനിറങ്ങാം. പത്തുദിവസത്തെ സന്ദർശനത്തിനു ലഭിക്കുന്ന ഇ-വിസ, മധുവിധു നാളുകൾ ഈ രാജ്യത്തു ആഘോഷിക്കാൻ ഉപകാരപ്പെടും.

505891194
ഒമാൻ ബീച്ച്

റോയൽ ഓപ്പറ ഹൗസ്

രാജ്യത്തിന്റെ ഏറിയപങ്കും മരുഭൂമിയെങ്കിലും പച്ചപ്പു നിറഞ്ഞ മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ കൂടുതൽ സുന്ദരമാക്കുന്നു. രാത്രികൾ മനോഹരമാക്കാൻ ഷാർഖിയ മണൽപ്പുറങ്ങളിലും ജബൽ ഷാംസിലെയും ജബൽ അൽ അഖദ്റിലെയും മലമുകളിൽ ക്യാമ്പു ചെയ്യാനുള്ള അവസരങ്ങളുണ്ട്. വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കും മണൽപരപ്പുകളിലും മലമുകളിലുമുള്ള രാത്രി താമസം. ക്യാംപിങ് സമ്മാനിച്ച സുഖകരമായ അനുഭവങ്ങളും പേറിയുള്ള ആ യാത്രയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ് മസ്ക്കറ്റിലെ റോയൽ ഓപ്പറ ഹൗസ്. പ്രിയപ്പെട്ടവർക്കൊപ്പം ലോകോത്തരമായ ഓപ്പറയോ, സംഗീതസദസ്സോ ആസ്വദിക്കാനുള്ള മികച്ച അവസരമാണത്.

കടൽക്കാഴ്ച

oman-trip1

എത്ര കണ്ടാലും മതിവരാത്ത ഒന്നെന്നാണ് കടലിനെക്കുറിച്ചു ചോദിച്ചാൽ ഭൂരിപക്ഷം പേർക്കും പറയാനുണ്ടാകുക. തീരത്തു നിന്നുള്ള കടലും കടൽകാഴ്ചകളുമല്ലാതെ അടിത്തട്ടിലെ ആഴിയുടെ മനോഹാരിത കാണണമെങ്കിൽ അതിനും അവസരമുണ്ട് ഒമാനിൽ. സ്കൂബ ഡൈവിങ്, സ്‌നോർക്കലിംഗ്, കയാക്കിങ്, സർഫിങ് പോലുള്ള ജലകേളികൾ ആസ്വദിക്കാം. പല വര്ഗങ്ങളിൽപ്പെട്ട മത്സ്യങ്ങളും പവിഴപ്പുറ്റുകളുമൊക്കെ നിറഞ്ഞ കടലിനടിയിലെ വിസ്മയങ്ങൾ ആവോളം നുകരാൻ സഹായിക്കുന്നവയാണ് സ്കൂബ ഡൈവിങ് പോലുള്ള വിനോദങ്ങൾ. പങ്കാളിക്കൊപ്പമാകുമ്പോൾ ആ കടൽ കാഴ്ചകൾക്കെല്ലാം മധുരമേറുമെന്നു പറയേണ്ടതില്ലല്ലോ.

മണൽപ്പുറങ്ങളിലെ രാത്രി

യാത്ര ഒമാനിലൂടെ ആയതുകൊണ്ടുതന്നെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മരുഭൂമികൾ. ഇതുവരെ ആസ്വദിക്കാൻ കഴിയാത്ത പുത്തൻ അനുഭവങ്ങളാകും പലർക്കും ഈ മരുഭൂമികൾ നൽകുക. അറബിക്കഥകൾ പോലെ വിസ്മയിപ്പിക്കുന്നവയാണ് മണൽപ്പുറങ്ങളിലെ രാത്രികൾ, നക്ഷത്രം നിറഞ്ഞ ആകാശത്തിന്റെ മനോഹാരിതയിൽ അലിഞ്ഞുചേർന്നുകൊണ്ടു ഡിന്നർ കഴിക്കാം. സാൻഡ് ബോർഡിങ്, ഡ്യൂൺ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമൽ സഫാരി തുടങ്ങിയ മരുഭൂമികളിൽ മാത്രമുള്ള വിനോദങ്ങളിൽ ഏർപ്പെടാം, ഇതെല്ലാം സഞ്ചാരികൾക്കായി ഒമാൻ കരുതി വെച്ചിരിക്കുന്ന സമ്മാനങ്ങളാണ്.

കഥ പറയുന്ന കൊട്ടാരങ്ങൾ

കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ഒമാൻ. ആ രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിരവധി കഥകൾ പറയാനുണ്ട് ഈ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അൽ ആലം പാലസ്, ജബ്‌റീൻ കോട്ട മുതലായവ. ചരിത്രത്തിന്റെ ശേഷിപ്പുകളും പേറി നിൽക്കുന്ന ഈ നിർമിതികൾ സന്ദർശിക്കുന്നത് ഒമാനിലെ പഴയകാല ഭരണത്തിന്റെ നേർചിത്രങ്ങൾ സഞ്ചാരികൾക്കു മുമ്പിൽ വരച്ചിടും. ദേശീയ മ്യൂസിയവും ബൈത് അൽ സുബൈർ മ്യൂസിയവും സന്ദർശിക്കുന്നതും ഒമാന്റെ ചരിത്രത്തെക്കുറിച്ചു അറിയാൻ ഏറെ സഹായകമാണ്.

കപ്പൽ യാത്രയും ഓഫ് റോഡിങ്ങും

ഒരു കപ്പൽ യാത്ര നടത്തുന്നതു ആ നാടിന്റെ സൗന്ദര്യമാസ്വദിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗമാണ്. മലനിരകളുടെ മനോഹാരിതയും അതിസുന്ദരമായ പ്രകൃതിയും കണ്ടുകൊണ്ടു നീളുന്ന ആ യാത്രയിൽ വിസ്മയിപ്പിക്കുന്ന ഒന്നാണ് നൂറുകണക്കിനു ഡോൾഫിനുകൾ വെള്ളത്തിനു മുകളിൽ കുതിച്ചു ചാടുകയും നീന്തി രസിക്കുകയും ചെയ്യുന്ന രസകരമായ കാഴ്ച. ഓഫ് റോഡ് ഡ്രൈവിന് താൽപര്യമുള്ളവരെങ്കിൽ ജബൽ അഖദ്റിലേക്കും ജബൽ ഷാംസിലേക്കും ഒരു യാത്ര പോകാം. സാഹസിക യാത്രയുടെ ഹരം മുഴുവൻ പകരുന്ന ആ യാത്ര ഏറെ ആസ്വാദ്യകരമായിരിക്കും. കൂടാതെ ട്രെക്കിങ്, ഹൈക്കിങ്, സൈക്ലിങ് തുടങ്ങിയ വിനോദങ്ങളെല്ലാം സാഹസിക പ്രിയരായ സഞ്ചാരികൾക്കു ആസ്വദിക്കാം.

എല്ലാ വിഭാഗത്തിൽപ്പെട്ട സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങളെല്ലാം നിറഞ്ഞ രാജ്യമാണ് ഒമാൻ. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഒമാൻ യാത്ര അതെക്കാലവും ഓർമിക്കത്തക്ക ഒന്നാകുമെന്ന കാര്യം ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com