ADVERTISEMENT

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ തോമസ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന ടോവിനോയ്ക്കു സാഹസിക യാത്രകൾ ഏറെ പ്രിയപ്പെട്ടതാണെന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പല ചിത്രങ്ങളും സാക്ഷ്യപ്പെടുത്താറുണ്ട്.

റാസൽഖൈമയിലെ ജബൽ ജൈസിലെ അതിപ്രശസ്തവും അതിസാഹസികവുമായ  സിപ് ലൈൻ സഞ്ചാരം ആസ്വദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ ടോവിനോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. '' ജബൽ ജൈസ് സിപ് ലൈൻ, ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും നീളമേറിയത്, അനൗദ്യോഗികമായി ഏറ്റവും വേഗതയേറിയത് '' എന്ന അടിക്കുറിപ്പോടെയാണ്‌ ടോവിനോ സിപ് ലൈൻ സഞ്ചാരത്തിന്റെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

യു എ ഇ യിലെ ഏറ്റവും ഉയരം കൂടിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ജബൽ ജൈസിലെ മലനിരകൾ. അവിടെയാണ് സാഹസിക യാത്രാപ്രേമികളെ ആകർഷിക്കുന്ന സിപ് ലൈൻ സഞ്ചാരം. സമുദ്രനിരപ്പിൽ നിന്നും 1934 മീറ്റർ ഉയരത്തിലാണ് സിപ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏറെ മുകളിലായതുകൊണ്ടു തന്നെ പത്തു ഡിഗ്രിയോളം ചൂട് കുറവാണു ജബൽ ജൈസിലെ മലനിരകൾക്ക്. അതുകൊണ്ടു തന്നെ ഇവിടെ തണുപ്പുകാലത്തും വേനൽക്കാലത്തും സഞ്ചാരികളുടെ അഭൂതപൂർവായ തിരക്കനുഭവപ്പെടാറുണ്ട്. 

ഉയരമുള്ള മലനിരകളിൽ നിന്നും ഉയരം കുറഞ്ഞ മലനിരകളിലേക്കു വലിച്ചു കെട്ടിയ കമ്പിയിലൂടെ തൂങ്ങിയുള്ള അതിസാഹസികമായ ഈ യാത്ര, കണ്ടുനിൽക്കുന്നവരിൽ പോലും ഭീതിയുണർത്തും. മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ഈ സിപ് ലൈൻ ഘടിപ്പിച്ചിരിക്കുന്നത്. ശ്വാസം നിന്നു പോകുന്ന യാത്ര എന്നാണ് ടോവിനോ വിഡിയോ പങ്കുവെച്ചുകൊണ്ടു എഴുതിയിരിക്കുന്നത്. മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വേഗത്തിലാണ് ഈ സിപ് ലൈൻ സഞ്ചാരത്തിന്റെ വേഗം. 

സിപ് ലൈൻ സഞ്ചാരം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ ശരീര ഭാരവും നീളവും നോക്കിമാത്രമേ യാത്ര അനുവദിക്കുന്നുള്ളു. 45 മുതൽ 150 കിലോഗ്രാം വരെ ഭാരമുള്ളവർ, കൂടെ 120 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ളവർ അത്തരം സഞ്ചാരികൾക്കു മാത്രമേ സിപ് ലൈൻ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. പരിശീലകരുടെ നിർദ്ദേശങ്ങളും സഹായങ്ങളും കൂടെ ജീവന് യാതൊരു തരത്തിലുള്ള അപായവും സംഭവിക്കാത്ത തരത്തിലുള്ള സുരക്ഷാക്രമീകരങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജബൽ ജൈസിലെ ഫ്ലൈറ്റിനെ കീഴടക്കി എന്നു സൂചിപ്പിച്ചു കൊണ്ടാണ് ടോവിനോയുടെ വിഡിയോ അവസാനിക്കുന്നത്. ഭീമാകാരമായ പാറക്കെട്ടുകളും മലഞ്ചെരിവുകളും കണ്ടുള്ള ആ യാത്ര, ഏതൊരു സഞ്ചാരിയെയുംഏറെ ഹരം പിടിപ്പിക്കുന്ന ഒന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com