ലിവീവിന്റെ തെരുവുകൾ

Lviv
SHARE

ഉക്രെയ്ൻ ഡയറി അധ്യായം 10

പടിഞ്ഞാറൻ ഉക്രെയ്നിലെ ഏറ്റവും വലിയ നഗരമാണ് ലിവീവ് . ഉക്രെയ്നിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് എട്ടു ലക്ഷം പേർ അധിവസിക്കുന്ന ഈ നഗരമെന്നു പറയാം. പോളണ്ടിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന ലിവീവ് 1959 വരെ പോളണ്ടിന്റെ ഭാഗമായിരുന്നു. 1939ൽ സോവിയറ്റ് യൂണിയൻ ഈ പ്രദേശം പിടിച്ചെടുത്ത് തങ്ങളുടേതാക്കി. 1991ൽ ഉക്രെയ്ൻ സ്വതന്ത്രരാഷ്ട്രമായപ്പോൾ ഉക്രെയ്‌നിന്റെ ഭാഗമാവുകയും ചെയ്തു.

പോളണ്ടിന്റെ ഭാഗമായിരുന്നപ്പോൾ റെഡ്‌ റുതേനിയ, ഗലീഷ്യ തുടങ്ങിയ ചരിത്രപ്രധാനമായ ഭാഗങ്ങൾ ലീവീവിൽ ഉൾപ്പെട്ടിരുന്നു. ഉക്രെയ്‌നിന്റെ ഭാഗമായപ്പോൾ പോളണ്ടിന് നഷ്ടമായത് തങ്ങളുടെ സാംസ്‌കാരിക തലസ്ഥാനമാണെന്നു പറയാം. ഏതായാലും, കല്ലു പതിച്ച പാതകളും ശില്പചാതുരിയാർന്ന കെട്ടിടങ്ങളും ഫൗണ്ടനുകളും ഉദ്യാനങ്ങളുമെല്ലാം ചേർന്ന് മനോഹരമാക്കിയ ലിവീവ് നഗരം രണ്ടാം ലോകമഹായുദ്ധകാലത്തും വലിയ കേടുപാടുകളില്ലാതെ നിലകൊണ്ടു. സോവിയറ്റ് സേനയും ജർമ്മൻ സേനയുമെല്ലാം യുദ്ധകാലത്ത് ലിവീവ് പിടിച്ചടക്കിയെങ്കിലും ഗരത്തെ നുള്ളിനോവിക്കാതെ സംരക്ഷിച്ചു, പട്ടാളക്കാർ. അതുകൊണ്ടുതന്നെ, നൂറുകണക്കിന് വർഷം മുമ്പുള്ള അതേ പ്രൗഢി നിലനിർത്തുന്നുണ്ട്, ലിവീവ് നഗരം. യുനെസ്‌കെയുടെ പൈതൃക നഗരപട്ടികയിലുമുണ്ട്, ലിവീവ്.

Lviv-Street

ഓരോ വർഷവും നൂറിലേറെ കലാപരിപാടികൾ ലിവീവിലെ അസംഖ്യം തിയേറ്ററുകളിലും ഹാളുകളിലുമായി നടക്കുന്നുണ്ട്. യൂറോപ്പിലെ വിവിധ കലാഗ്രൂപ്പുകളുടെ ഇഷ്ടവേദിയാണ് ലിവീവ് . സാഹിത്യം, സംഗീതം, നാടകം എന്നിവയ്‌ക്കെല്ലാം വളരാൻ ലിവീവ് അവസരമൊരുക്കുന്നുണ്ട്. 60ലേറെ മ്യൂസിയങ്ങളും ഈ മനോഹരമായ നഗരത്തിലുണ്ട്.

13 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിലാണ് ലിവീവ് നഗരം ഇന്നു കാണുന്ന മട്ടിൽ രൂപപ്പെട്ടത്. അതുകൊണ്ട് കെട്ടിടങ്ങൾക്കെല്ലാം ആറേഴ് നൂറ്റാണ്ട് പഴക്കമുണ്ട്. ലിവീവിന്റെ ഹൃദയഭാഗത്തുള്ള 'ഓൾഡ് സിറ്റി'യുടെ ഓരോ ഇഞ്ചിനും പഴമയുടെ ചാരുതയുണ്ട്. ഓരോ കാലഘട്ടത്തിലും മാറിമറിഞ്ഞ യൂറോപ്പിന്റെ കെട്ടിടനിർമ്മാണ ശൈലികൾ ലിവീവിലെ കെട്ടിങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

Lviv-Street1

വിമാനത്താവളത്തിൽ നിന്ന് നഗരഹൃദയത്തിലേക്ക് ചെറിയ ദൂരമേയുള്ളൂ. 'ഓൾഡ് ടൗണി'നുള്ളിൽ എവിടെയോ ആണ് ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ എട്യൂഡ്. ഒരു രാത്രി താമസത്തിന് 3500 രൂപയാണ് നിരക്ക്. സാധാരണ യാത്രകളിൽ അത്രയും 'വിലപിടിപ്പുള്ള' മുറികളിൽ തങ്ങാറില്ല. പക്ഷേ എത്ര ചികഞ്ഞു നോക്കിയിട്ടും ലിവീവ്  ഓൾഡ് ടൗണിൽ അതിലും കുറഞ്ഞ വാടകയ്ക്ക് മുറികൾ കിട്ടാനില്ല.

പഴഞ്ചൻ സ്‌കോഡ ഒക്‌ടേവിയ ടാക്‌സിയിൽ ഞങ്ങൾ എയർപോർട്ടിൽ നിന്ന് എട്യൂഡിലേക്ക് പുറപ്പെട്ടു. ഏറെ താമസിയാതെ തന്നെ ഓൾഡ് ടൗണെത്തി. കല്ല് പാകിയ റോഡിലൂടെ കയറ്റിറക്കങ്ങൾ താണ്ടി ഒക്‌ടേവിയ ഓടി.

ഇവാന ഫ്രാങ്ക സ്ട്രീറ്റിലാണ് എട്യൂഡ് ഹോട്ടൽ. ഭംഗിയും വൃത്തിയുമുള്ള ഹോട്ടലാണ്.എല്ലാത്തിനും ഒരു ആർട്ടിസ്റ്റിക് ടച്ച്. കുറച്ചുകാലം മുമ്പ് ജർമ്മനിയിലെ  ബർലിനിൽ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു, 'ആർട്ടോട്ടെൽ' എന്നാണ് പേര്. അവിടെ ചുവരുകളിലെല്ലാം മോഡേൺ ആർട്ടാണ്. കൂടാതെ അവിടുത്തെ ചായക്കപ്പ് പോലും ഒരു കലാസൃഷ്ടിയാണ്.  ആ ഹോട്ടൽ മൊത്തത്തിൽ ഒരു കലാരൂപമാണെന്നു പറയാം.

Lviv-Street-Musician

എട്യൂഡും ഏതാണ്ട് അങ്ങനെ തന്നെ. പഴയ പോസ്റ്ററുകളും മെഴുകുതിരിക്കാലുമൊക്കെയാണ് ഉൾഭാഗം അലങ്കരിക്കുന്നത്.ചെക്ക് ഇൻ ചെയ്ത് നിൽക്കുമ്പോൾ റിസപ്ഷനിലെ യുവതി പറഞ്ഞു: 'രണ്ടാം നിലയിലാണ് മുറി. ലിഫ്റ്റില്ല'.. നമ്മുടെ നാട്ടിലേതുപോലെ 'പെട്ടിഎടുക്കാൻ' ആരും വരുന്ന പതിവുമില്ല. എല്ലാം സ്വയം വലിച്ചു കയറ്റുക തന്നെ.

നല്ല മുറി, ഒരു അടച്ചുറപ്പുള്ള ബാൽക്കണിയുമുണ്ട്. വിശ്രമിക്കാൻ സമയമില്ല. ഒന്നു ഫ്രെഷായിട്ട് ഞങ്ങൾ നടക്കാനിറങ്ങി. യൂറോപ്പിൽ പല രാജ്യങ്ങളിലും അവിടുത്തെ ജനങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്ന 'ഓൾഡ് ടൗൺ ഏരിയകളുണ്ട്. ലിവീവിലെ ഈ പഴയ നഗരവും പഴമയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു. മണിയൊച്ചയോടെ ട്രാമുകൾ നീങ്ങുന്ന നിരത്തുകൾ. അവിടവിടെയായി ഉയർന്നുനിൽക്കുന്ന പള്ളികളുടെ മേലാപ്പുകൾ, പ്രൗഢി തുളുമ്പുന്ന പഴയ കെട്ടിടങ്ങൾക്കുള്ളിൽ ലോകത്തിലെ പ്രമുഖ ബ്രാന്റുകളുടെ ഷോറൂമുകൾ, നിരത്തിലേക്കിറങ്ങി നിൽക്കുന്ന കോഫിഷോപ്പുകൾ, അലസമായി ജനം സൊറപറഞ്ഞിരിക്കുന്ന ചത്വരങ്ങൾ- എല്ലാം ലിവീവിലുണ്ട്.

ഞങ്ങൾ നടന്നെത്തിയതും ഒരു ചത്വരത്തിലേക്കു തന്നെ. അവിടെ തീവണ്ടിയുടെ മാതൃകയിൽ നിർമിച്ച ഒരു ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. സിറ്റി സൈറ്റ്‌സീയിങ്ങിനുള്ള ബസ്സാണ്. അര മണിക്കൂറിനുള്ളിൽ ബസ് നഗരം ചുറ്റിക്കാണാൻ പുറപ്പെടും. ലിവീവിന്റെ ഒരു ഏകദേശ ചിത്രം ലഭിക്കാൻ അങ്ങനെയൊരു യാത്ര ഉപകാരപ്പെടും ഏതായാലും തുടക്കം സൈറ്റ് സീയിങ് ബസ് ടൂറിൽ നിന്നാവാമെന്ന് തീുമാനിച്ചു.

ബസിന്റെ തൊട്ടടുത്തുള്ള ബഞ്ചിൽ ഇരുന്നു. തൊട്ടടുത്ത് ട്രാമുകളും ബസ്സുകളും കാറുകളും നീങ്ങുന്ന റോഡാണ്. സൈക്കിൾ സവാരിക്കാരും ധാരാളമുണ്ട്. അതിനിടയ്ക്ക് ഒരു സുന്ദരിയുടെ ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. പട്ടിക്കുട്ടിയോടൊപ്പമാണ് സുന്ദരി പോസ് ചെയ്യുന്നത്. ഫോട്ടോഗ്രാഫറും ഒരു സുന്ദരി തന്നെ. ഏതോ റെഡിമെയ്ഡ് ഡ്രസിന്റെ പരസ്യമാണെന്നു തോന്നുന്നു ഷൂട്ടു ചെയ്യുന്നത്.

തൊട്ടടുത്ത തുറന്ന പബ്ബിൽ ബിയർമോന്തി, പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയാണ് മറ്റു ചിലർ. അതിനുമപ്പുറത്ത് പച്ചക്കറി വിൽക്കുന്ന ചില സ്ത്രീകൾ കെട്ടിടങ്ങളുടെ തണൽ പറ്റി ഇരിപ്പുണ്ട്. പത്തുമിനിറ്റു കഴിഞ്ഞപ്പോൾ യൂണിഫോമിട്ട ഒരു യുവതി വന്ന് ബസ്സിന്റെ ഡോറുകൾ തുറന്നു. ട്രെയിനിന്റേതു പോലെ തന്നെ കമ്പാർട്ടുമെന്റുകളാണ് ബസ്സിനുമുള്ളത്. ഞങ്ങൾ ഏറ്റവും പിന്നിലെ കമ്പാർട്ടുമെന്റിൽ കയറി. ഡോർ തുറന്ന യുവതി വന്ന് ടിക്കറ്റിന്റെ പണം വാങ്ങിപ്പോയി. അപ്പോഴേക്കും മറ്റ് കമ്പാട്ടുമെന്റുകളിലും സഞ്ചാരികൾ സ്ഥാനം പിടിച്ചു. കാശ് വാങ്ങിയ യുവതി തന്നെയാണ് ഡ്രൈവറും . എല്ലാം അവൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നു.

ബസ്സിൽ ഹെഡ്‌സെറ്റുകളുണ്ട്. ഓരോ സ്ഥലം പിന്നിടുമ്പോഴും ആ സ്ഥലത്തെപ്പറ്റിയുള്ള വിവരണം ഹെഡ്‌സെറ്റിൽ കേൾക്കാം. 1998ലാണ് യുനെസ്‌കോ, ഓൾഡ് ടൗൺ ഉൾപ്പെടുന്ന 300 ഏക്കർ വരുന്ന പ്രദേശത്തെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്. 'ഇറ്റലി, ജർമ്മനി, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ സംസ്‌കാരത്തിന്റെ കലർപ്പില്ലാത്ത സങ്കരം' എന്നാണ് യുനെസ്‌കോ, ലിവീവിനെ വിശേഷിപ്പിച്ചത്. ഓൾഡ് ടൗൺ 300 ഏക്കറേ ഉള്ളൂവെങ്കിലും അതിനോടു ചേർന്നുള്ള ഏതാണ്ട് 7400 ഏക്കറിൽ പലയിടത്തും പഴയ മന്ദിരങ്ങളും പള്ളികളും മറ്റുമുണ്ട്.

Lviv-Train-bus2

ഓൾഡ് ടൗൺ ഏരിയയിൽ മാത്രം ചരിത്രപ്രാധാന്യമുള്ള 2007 കെട്ടിടങ്ങളുണ്ട്. അവയിൽ 214 എണ്ണം ദേശീയ സ്മാരകങ്ങളുമാണ്. ബസ് യാത്രയിൽ ഓരോ കെട്ടിടങ്ങളുടെയും പ്രാധാന്യം വർണ്ണിക്കുന്നുണ്ടായിരുന്നു. ഉക്രെയ്ൻ പ്രസിഡണ്ടിന്റെ പാലസ് മുതൽ ബാലെ തിയേറ്റർ വരെയുണ്ട്. എവിടെ നോക്കിയാലും അതിമനോഹരമായ രീതിയിൽ സംവിധാനം ചെയ്ത കോഫിഷോപ്പുകൾ കാണാം. ഈ ഓൾഡ് സിറ്റിയിൽ മാത്രം ആയിരത്തിലേറെ കോഫിഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടത്രെ!

'തീവണ്ടി ബസ്' മുന്നോട്ടു നീങ്ങവേ, ലിവീവിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരം-ഹൈകാസ്ൽ- കുന്നിനുമുകളിൽ പ്രത്യക്ഷപ്പെട്ടു. ലിവീവ് നഗരത്തിന്റെ മദ്ധ്യത്തിലെ ചെറുകുന്നിലാണ് ഈ കാസ്ൽ നിർമിച്ചിരിക്കുന്നത്. 1250ൽ പണി പൂർത്തിയായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളെ ഇപ്പോൾ കുന്നിൻമുകളിൽ ഉള്ളൂ.

തടിയും മണ്ണും ഉപയോഗിച്ചു നിർമിച്ച കൊട്ടാരത്തിന്റെ നിർമാണം തുടങ്ങിയത് ലിയോ ഒന്നാമൻ രാജാവിന്റെ കാലത്താണ്. 1340ൽ പോളണ്ടിലെ കസിമിർ മൂന്നാമൻ രാജാവ് ലിവീവ് പിടിച്ചടക്കിയപ്പോൾ കൊട്ടാരത്തിന് തീയിട്ടു. 1353ൽ ലിത്വാനിയൻ പട്ടാളം ലിവീവ് ആക്രമിച്ചപ്പോൾ വീണ്ടും കൊട്ടാരം അഗ്നിക്കിരയായി. 1362ൽ ആദ്യം തീയിട്ട കസിമീർ മൂന്നാമൻ രാജാവ് തന്നെ കൊട്ടാരം പുതുക്കിപ്പണിതു. എന്നിട്ട്, അത് തന്റെ വാസഗൃഹമാക്കി.

തുടർന്നുള്ള നൂറ്റാണ്ടുകളിൽ സ്വീഡന്റെയും ഓസ്ട്രിയയുടെയുമൊക്കെ അക്രമങ്ങൾക്ക് ഹൈകാസ്ൽ വേദിയായി. ലിവീവ് പിടിച്ചടക്കുന്ന വിദേശ ശക്തികളുടെ തലവന്മാർ ഹൈകാസ്‌ലിൽ താമസിച്ച് ഭരണം നിർവഹിച്ചു. പല തവണ പുതുക്കിപ്പണിയപ്പെടാനും കാസ്‌ലിന് യോഗമുണ്ടായി. സ്വീഡിഷ് ഭടന്മാർ ഒരിക്കൽ കൊട്ടാരത്തിന് കാര്യമായ കേടുപാടുകളേൽപ്പിച്ചു. 1777ൽ ഓസ്ട്രിയൻ പട്ടാളം കൊട്ടാരത്തിനു ചുറ്റുമുള്ള കോട്ടമതിൽ തകർത്തു കളയുകയും ചെയ്തു.

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊട്ടാരം നാശോന്മുഖമായി. ഇപ്പോൾ ആ സ്ഥാനത്ത് അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. കൂടാതെ പുതിയ ചില കെട്ടിടങ്ങളും 141 മീറ്റർ ഉയരമുള്ള ടെലിവിഷൻ ടവറും കുന്നിൻമുകളിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്. 2004ൽ തൽസ്ഥാനത്ത് കല്ലുകൊണ്ട് ഒരു കൊട്ടാരം പണിയാൻ സർക്കാർ തീരുമാനിച്ചെങ്കിലും പിന്നീടത് വേണ്ടെന്നുവെക്കുകയായിരുന്നു.

ഇപ്പോൾ കാസ്ലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതുകൊണ്ട് അവിടേക്ക് സന്ദർശകരെ അനുവദിക്കുന്നില്ല. അങ്ങനെ കുന്നിൻ മുകളിൽ നിന്നുകൊണ്ട് പഴയ സിറ്റിയെ വീക്ഷിക്കാനുള്ള അവസരം നഷ്ടമായി.

സന്ധ്യമയങ്ങിത്തുടങ്ങിയപ്പോൾ 'തീവണ്ടി ബസ്' ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തി. ഞങ്ങൾ അൽപനേരം കൂടി ഓൾഡ് സിറ്റിയുടെ തിരക്കുകളിലൂടെ നടന്ന ശേഷം ഒരു റെസ്റ്റോറന്റിൽ അത്താഴത്തിനായി കയറി. ബീഫ് ചെത്തിയെടുത്ത് സോസിൽ പാകം ചെയ്ത ഒരു വിഭവവും ബ്രെഡുമാണ് ഓർഡർ ചെയ്തത്.

ആഹാര ശേഷം ഹോട്ടലിലേക്കു തിരികെ നടന്നു. ഒമ്പതു മണി കഴിഞ്ഞിട്ടും നിരത്തിൽ ആളൊഴിയുന്നില്ല. സിറ്റിയുടെ ചെറിയ തെരുവുകളിലൂടെ ജനം ഒഴുകുകയാണ്. തന്നെയുമല്ല, പ്രകാശപൂരിതമായപ്പോൾ സിറ്റിയുടെ ഭംഗി വർധിക്കുകയും ചെയ്തു. നൂറുകണക്കിന് നൂറ്റാണ്ടുകളായി ഇങ്ങനെ സഞ്ചാരികളുടെ കണ്ണും മനവും നിറച്ച് നിലകൊള്ളുകയാണ് ലിവീവിലെ ഓൾഡ് സിറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA