sections
MORE

നീളൻമുടിയുള്ള സ്ത്രീകളുടെ ഗ്രാമം

HIGHLIGHTS
  • ചൈനക്കാർ പാമ്പിനെ ദ്രാവക ഭരണിയിൽ ഇട്ടടച്ച്‌ വൈനുണ്ടാക്കുന്നു
  • സ്ത്രീകൾ മുടി മുറിക്കാറില്ല
Dazhai-Village5
SHARE

കുന്നുകൾ തട്ടുതട്ടായി തിരിച്ച് നെൽപ്പാടമാക്കിയ ചൈനീസ് ഗ്രാമം ഡജായ്.

പുറംലോകത്തിന് അപരിചിതമായ, വിനോദസഞ്ചാരത്തിന്റെ തിരക്കുകൾ  ഇനിയും കളങ്കപ്പെടുത്തിയിട്ടില്ലാത്ത ചില ഗ്രാമങ്ങളുണ്ട്  ചൈനയുടെ ഉൾപ്രദേശങ്ങളിൽ. അവിശ്വസനീയമാം വിധം സുന്ദരമായ പ്രകൃതിയുടെ വരദാനങ്ങൾ. അത്തരമൊരു ഗ്രാമമാണ് ഗ്വാങ്ങ്ഷി പ്രവിശ്യയിലെ ‘ഡജായ്’. പുലരികളിൽ കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന, പകലുകളിൽ മേഘത്തുണ്ടുകളെ തലോടുന്ന, രാവുകളിൽ നിലാവ് തളം കെട്ടുന്ന കുഞ്ഞു മലയോര ഗ്രാമം.

Dazhai-Village6

ഒരു ഫൊട്ടോഗ്രഫി മാസികയുടെ ഉൾപേജിൽ കണ്ട ചെറിയ ചിത്രത്തിൽ മനസ്സുടക്കിയതു മുതൽ തുടങ്ങിയ അന്വേഷണമായിരുന്നു എന്നെയും പ്രിയതമയെയും ചൈനയിലെ ഈ വിസ്മയലോകത്തിലെത്തിച്ചത്. ഭാഷയറിയാത്ത, പരിചയക്കാരില്ലാത്ത, പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള ഒരു നാട്ടിലേക്ക്, യാത്രയോടുള്ള ആവേശവും ചങ്കുറപ്പും മാത്രം കൈമുതലാക്കി പുറപ്പെട്ടു. ഇന്റർനെറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങളും  ഗൂഗിൾ മാപ്പും ഭാഷ മനസ്സിലാക്കി സംസാരിക്കാൻ സഹായിക്കുന്ന ‘ട്രാൻസ്‌ലേറ്റർ ആപ്പുമായിരുന്നു വഴികാട്ടികൾ.

തുടക്കം തൊട്ടേ ഏറ്റവും മോഹിപ്പിച്ചത് ഗ്രാമത്തിലെ തട്ടുതട്ടായുള്ള നെൽപാടങ്ങളാണ്. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഈ തട്ടുപാടങ്ങളിൽ മുഴുവൻ വെള്ളം കെട്ടി നിർത്തി ഞാറു നടും. ഉദയാസ്തമയങ്ങളിൽ സൂര്യന്റെ ചുമപ്പ് നിരനിരയായ  വെള്ളക്കെട്ടുകളിൽ പ്രതിഫലിക്കുന്നതും നോക്കിയിരിക്കുന്നത്  ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭൂതിയായിരിക്കും എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷേ ഞങ്ങളുടെ യാത്ര ശരിയായി വന്നപ്പോഴേക്കും സെപ്റ്റംബറായി. ഡജായ് സുന്ദരിയാവുന്ന മറ്റൊരു കാലം. തട്ടുപാടങ്ങൾ വിളവെടുപ്പിനു തയ്യാറായി പച്ചയും സ്വർണവർണവും അണിഞ്ഞു  നില്ക്കുന്ന സമയം.

Dazhai-Village1

മുടിയാണ് തലക്കെട്ട്

‘‘ഡജായിയിൽ നിന്നും 100 കിലോമീറ്റർ ദൂരത്തിലാണ് അടുത്തുള്ള റെയിൽവേ േസ്റ്റഷൻ ‘സൻജിയാങ്’. അവിടെ നിന്നും ബസിലോ കാറിലോ മൂന്നു മണിക്കൂർ യാത്ര ചെയ്തു വേണം ഗ്രാമത്തിന്റെ താഴ്‌വരയിലെത്താൻ’’ – ഗൂഗിൾ വിവരങ്ങൾ കൃത്യമായിരുന്നു. താഴ്‌വരയിലേക്കുള്ള ബസ് യാത്രയാരംഭിച്ചു.

Dazhai-Village

മുക്കാൽ ഭാഗത്തോളം ദൂരം ഷുൻജിയാങ്ങ് നദി റോഡിനു തൊട്ടപ്പുറത്തായി കൂട്ടുണ്ടായിരുന്നു. നദി വഴി പിരിയുന്നിടത്ത് നിന്നും മലമുകളിലേക്കുള്ള റോഡ്‌ തുടങ്ങി. ധാരാളം ഹെയർപിൻ വളവുകളുള്ള, കാടിനു നടുവിലൂടെയുള്ള വീതി കുറഞ്ഞ പാത. നമ്മുടെ നാട്ടിലെ വാനുകളുടെ അത്രയും ചെറുതാണ് ഇവിടുത്തെ ബസുകൾ. പഴഞ്ചനാണെങ്കിലും സ്പീഡിനൊരു കുറവും കണ്ടില്ല.

ബസ് യാത്ര താഴ്‌വരയിലവസാനിച്ചു. ഡജായ് ഗ്രാമത്തിലേക്ക് റോഡില്ല. ഒരു മണിക്കൂറോളം നടന്നു മല കയറണം. സമുദ്രനിരപ്പിൽ നിന്നും 700 മീറ്ററോളം ഉയരത്തിലുള്ള ഗ്രാമത്തിൽ തന്നെയാണ് ഹോംസ്റ്റേ ബുക്ക് ചെയ്തിട്ടുള്ളത്. ഭാരമുള്ള ബാഗുകളുമായാണ് വരുന്നതെങ്കിൽ മുകളിലേക്ക് ചുമന്നെത്തിക്കാൻ തയ്യാറായി ചില സ്ത്രീകൾ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു. ഒരു പെട്ടി ചുമക്കാൻ  30 യുവാൻ. ഏകദേശം 300 രൂപ. നീളൻ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട്‌ പോലെ തലയിൽ ചുറ്റിയിട്ടുണ്ട്. ചുമടെടുക്കാൻ വേണ്ടി മാത്രമല്ല ഈ ചുറ്റിയിടൽ; അവരുടെ ആചാരത്തിന്റെ കൂടി ഭാഗമാണ്.

Dazhai-Village2

യാവോ എന്നറിയപ്പെടുന്ന ഗോത്രവിഭാഗമാണ് മലനിരകളിൽ താമസിക്കുന്നത്. യാവോ സ്ത്രീകൾ മുടി മുറിക്കാറില്ല. നീളൻ മുടി തലക്കെട്ട്‌ പോലെ ചുറ്റിയിടാറാണ് പതിവ്. ചൈനയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മുടിയുള്ളത് യാവോ ഗോത്രത്തിലെ സ്ത്രീകൾക്കാണത്രെ. എല്ലാ വർഷവും മാർച്ച് മാസത്തിൽ ഒരുത്സവ ദിവസം ഇവിടുത്തെ സ്ത്രീകൾ താഴ്‌വരയിലെ പുഴക്കരയിൽ ഒത്തുകൂടി നീളൻ മുടിയഴിച്ചിട്ട് ചീകിയൊതുക്കി കെട്ടുന്ന ഒരു പതിവുണ്ട്. ഈ കാഴ്ച കാണാനായി ചൈനയുടെ പല ഭാഗത്തു നിന്നും സഞ്ചാരികളെത്താറുണ്ടത്രേ.

മലമുകളിലെ നെൽകൃഷി

ബാഗുകൾക്ക് വലിയ ഭാരമില്ലാത്തതിനാൽ ഞങ്ങൾ സ്വയം മലകയറ്റം തുടങ്ങി. ചെറുതായി വെട്ടിയ പരന്ന പാറകൾ പതിച്ച കൽപടവുകൾ. കയറും തോറും ചെറിയ തട്ടുപാടങ്ങൾ കണ്ടു തുടങ്ങി. പച്ചയിൽ കുളിച്ചു നിൽക്കുന്ന മലകൾ! മലകളിൽ എങ്ങനെ നെല്ല് വിളയുമെന്നാണു സംശയമെങ്കിൽ അതിനുള്ള ഉത്തരമാണ്് ഡജായ്. 600 വർഷം മുൻപാണ് ഇവിടുത്തെ മലകളിൽ നെല്ല് വിളയിക്കാൻ തുടങ്ങിയത്.

ചെരിഞ്ഞിറങ്ങി പോകുന്ന മലനിരകളിൽ പടിപടിയായി പരന്ന ചാലുകൾ കീറിയ ശേഷം വിത്ത് പാകി വെള്ളം നിറച്ചാണ് ഇവിടെ നെല്ല് വിളയിക്കുന്നത്. യുവാൻ രാജവംശ കാലത്താണ് യാവോ ഗോത്രവാസികൾ കൃഷി ചെയ്യുവാൻ വേണ്ടി ഈ മലകൾ ചെത്തിയൊരുക്കി തുടങ്ങുന്നത്. ഒടുവിൽ ചിങ് രാജവംശ കാലമായപ്പോഴേക്കും മലനിരകൾ മുഴുവനായും കൃഷിക്ക് തയ്യാറായി. വീതി കുറഞ്ഞ തട്ടുകളായതു കൊണ്ട് യന്ത്രങ്ങൾ ഉപയോഗിക്കാനാവില്ല. കാളയും കലപ്പയും തന്നെയാണ് അന്നും ഇന്നും ഇവരുടെ പണിയായുധം. മനുഷ്യവംശത്തിനു സാധ്യമായ അധ്വാനത്തിന്റെയും ദൃഢനിശ്ചയതിന്റെയും ഒരുത്തമ പ്രതീകമായി വേണം ഈ മലനിരകളെ നോക്കിക്കാണാൻ.

രണ്ടു യാവോ യുവതികൾ കൂളായി കടന്നു കയറിപ്പോയി. കിതച്ചു നിൽക്കുന്ന ഞങ്ങളെ നോക്കിയവർ ചിരിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ ഭൂരിഭാഗവും പരമ്പരാഗത വസ്ത്രമാണ് ധരിക്കുന്നത്. കറുപ്പും റോസും കലർന്ന  മേലങ്കിയും പാവാടയും പിന്നെ കറുപ്പ് തലക്കെട്ടും. യാവോ ഗോത്രത്തിൽ അധികം പേരും ടാവോ മതമാണ്‌ പിന്തുടരുന്നത്. കുറച്ച് ബുദ്ധമത വിശ്വാസികളുമുണ്ട്. പ്രത്യേകിച്ചൊരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കാത്തവരും കുറവല്ല.

പകുതിയോളം നടന്നു കയറി അരുവിക്ക്‌ കുറുകെ തടി കൊണ്ടു നിർമിച്ച പാലത്തിലെത്തി. രണ്ടറ്റത്തും ഓരോ നീളൻ മരങ്ങൾ കാവൽ നിൽക്കുന്ന മരത്തിന്റെ മേൽക്കൂരയുള്ള ഒരു ചെറിയ സുന്ദരൻ പാലം. സഞ്ചാരികൾക്ക് വിശ്രമിക്കാൻ മുളയിൽ തീർത്ത ബെഞ്ചുണ്ട്. ബാഗുകൾ ഇറക്കി കുറച്ചു നേരം താഴെ പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് ഒഴുകുന്ന പുഴയുടെ കളകളം കേട്ടങ്ങനെ ഇരുന്നു. ചില അനുഭവങ്ങൾ വാക്കുകൾ കൊണ്ടു രേഖപ്പെടുത്താനാവില്ലെന്നു പറയുന്നത് എത്ര സത്യം!

ഇത്തിരി നടന്നപ്പോൾ ദൂരെ മലമുകളിൽ വീടുകൾ കണ്ടു തുടങ്ങി. ഏതാണ്ട് മുഴുവനായി തടിയിൽ തീർത്ത ഭംഗിയുള്ള വീടുകൾ. നെൽപാടങ്ങളുടെ ഒത്ത നടുവിലാണ് ഗ്രാമം. അതിലൊരു വീട്ടിലാണ് രാത്രി തങ്ങുന്നത്. വിദേശസഞ്ചാരികൾ നന്നേ കുറവാണെങ്കിലും ചൈനീസ് സഞ്ചാരികളുടെയും ഫൊട്ടോഗ്രഫർമാരുടെയും പ്രിയപ്പെട്ട സ്ഥലമാണ് ഡജായ്. അതുകൊണ്ടു തന്നെ സഞ്ചാരികളെ സ്വീകരിക്കുന്ന വീടുകളിൽ ഇന്റർനെറ്റ്, പാശ്ചാത്യ ഭക്ഷണം തുടങ്ങിയ ചില ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. വീട്ടുടമസ്ഥൻ പുറത്തിരിപ്പുണ്ടായിരുന്നു. കൂടെ ഭാര്യയും കൊച്ചു കുട്ടിയും ഒരു പട്ടിയും. ഉള്ളിൽ റിസപ്ഷൻ റൂമും മിനി റസ്റ്ററന്റുമൊക്കെയായി ഒരു കൊച്ചു ലോഡ്ജ് തന്നെയാണ് വീട്. തറയും ചുമരുകളും മേല്ക്കൂരയും എല്ലാം തടി കൊണ്ടാണ്. നല്ല വൃത്തിയുള്ള, നടക്കുമ്പോൾ തറയിലെ മരപ്പാളികൾ ഞെരുങ്ങി ശബ്ദമുണ്ടാക്കുന്ന കുഞ്ഞു മുറിയാണ് കിട്ടിയത്. കുളിച്ചു ഫ്രഷായി താഴെയിറങ്ങി ഉച്ചഭക്ഷണം കഴിച്ചു. പശപശപ്പുള്ള തരം ചോറും മുട്ടയും പച്ചക്കറികളും ഒക്കെ ചേർത്ത് ഒരുക്കിയ ചൈനീസ് ഊണ്.

ഡജായ് കാഴ്ചകൾ

ഭക്ഷണശേഷം ക്യാമറയുമെടുത്ത് ഡജായ് നടന്നു കാണാനിറങ്ങി. മലകളും പാടങ്ങളും ഗ്രാമവും ഒരുമിച്ചു ഒറ്റ ഫ്രെയിമിൽ കിട്ടുന്ന ഏതെങ്കിലുമൊരു ഇടം കണ്ടുപിടിക്കലായിരുന്നു ലക്ഷ്യം. വഴിയിൽ ഇടയ്ക്കിടെ ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളുമുണ്ട്. ഗ്രാമത്തിന്റെ നിറച്ചാർത്തിനു പ്രകൃതി അണിയുന്ന ആഭരണങ്ങൾ പോലെ. ഉൾവഴികളിലൂടെ നടക്കുമ്പോൾ മനസ്സിൽ ചെറിയൊരാധിയുണ്ടായിരുന്നു; വഴി തെറ്റിയാൽ കുടുങ്ങിയതു തന്നെ. നാട്ടുഭാഷയല്ലാതെ വേറൊന്നും അറിയാത്തവ‌രാണ് ഗ്രാമത്തിലധികവും. വഴി ചോദിക്കാൻ കൂടിയാവില്ല

കുറെ നേരം അലഞ്ഞു നടന്നതിനു ശേഷമാണ് നല്ലൊരു വ്യൂ പോയിന്റ്‌ കണ്ടു പിടിക്കാനായത്. സമയം നാലു മണി. സൂര്യൻ സ്വർണ നിറമാവാൻ തുടങ്ങിയിരുന്നു. താഴോട്ടു നോക്കുമ്പോഴുള്ള കാഴ്ച, നയനാനന്ദകരം എന്നൊന്നും വിശേഷിപ്പിച്ചാൽ പോര! യാവോ വീടുകള്‍, മലഞ്ചെരുവിലെ നെൽപാടങ്ങൾ,, പാടവരമ്പുകളിലൂടെ ഉറുമ്പുകളെ പോലെ നീങ്ങുന്ന സഞ്ചാരികൾ, കുന്നുകളെ തൊട്ടുരുമ്മി നിൽക്കുന്ന മേഘ തുണ്ടുകൾ...മനുഷ്യനും പ്രകൃതിയും കൈകോർത്തു വരച്ചു വെച്ച ഒരു പെയിന്റിങ് പോലെ! എന്നും രാവിലെ ഈ സൗന്ദര്യത്തിലേക്ക് ഉറക്കമുണരുന്ന ഗ്രാമവാസികളോട് അസൂയ തോന്നിപ്പോയി. കണ്ണും ക്യാമറയും ഒരു പോലെ ഉത്സാഹിച്ച് ഒപ്പിയെടുക്കുകയായിരുന്നു ഓരോ കാഴ്ചകളും.

പാമ്പു വൈൻ വേണോ?

ഓരോ മലകളിലെ നെൽപാടങ്ങൾക്കും മനോഹരമായ പേരുകളുണ്ട്. സ്വർഗ സംഗീതം, സുവർണ ബുദ്ധൻ,  പറുദീസയിലേക്കുള്ള പടവുകൾ, അങ്ങനെയങ്ങനെ.  ഒക്ടോബർ മാസം പകുതിയോടെയാണ് ഇവിടെ വിളവെടുപ്പ്. മാസാവസാനം ആവുമ്പോഴേക്കും പാടങ്ങൾ എല്ലാം തരിശാവും. അതോടെ ഗ്രാമവീഥികൾ വിജനമാവും. വീണ്ടും ഡജായ് സജീവമാവുന്നത് ഡിസംബർ അവസാനത്തോടു കൂടിയാണ്. ഡിസംബറിലെയും ജനുവരിയിലെയും രാത്രികളിൽ ഇവിടെ മഞ്ഞു പെയ്യുമത്രെ. പുലർകാലത്തെണീറ്റു  ജനാല തുറന്നു പുറത്തേക്കു നോക്കുമ്പോൾ തട്ട് തട്ടായി കിടക്കുന്ന പാടങ്ങൾ എല്ലാം മഞ്ഞു പുതഞ്ഞു കിടപ്പായിരിക്കും. ഋതുക്കൾക്കനുസരിച്ച് സ്വന്തം ഭാവങ്ങളും മാറുന്ന ഒരു പെൺകൊടിയെപ്പോലെ ഡജായ് കൂടുതൽ സുന്ദരിയാവും. ഞാനും അങ്ങനെ തന്നെയല്ലേ എന്നൊരു കുസൃതി ചിരിയോടെ പ്രിയതമ ചിരിച്ചു.

Dazhai-Village4

കാഴ്ചകളിലൂടെ നടന്നു തളർന്നപ്പോൾ അടുത്തു കണ്ട ഒരു ചെറിയ കടയിൽ കയറി. അമ്മൂമ്മയാണ് നടത്തിപ്പുകാരി. നല്ല ചൂട് ചോളം തിന്നാൻ തന്നു.  ഇവിടുത്തെ സ്ത്രീകൾ ഈ പ്രായത്തിലും ചുറുചുറുക്കോടെ മലമ്പാതകളെല്ലാം താണ്ടി നടന്നു ജോലിയും വീട്ടുകാര്യങ്ങളും ചെയ്യുന്നു. പ്രായത്തിന്റെ കണക്കുകൾ അവരെ ഏൽക്കാത്തതു പോലെ. വയസ്സാങ്കാലത്ത് വീട്ടിലിരുപ്പ് എന്ന പരിപാടിയിൽ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ല എന്നൊരു മട്ട്. കുടിക്കുവാൻ എന്താ ഉള്ളതെന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചപ്പോൾ അമ്മൂമ്മ അവിടിരുന്ന ഒരു ഭരണിയിലേക്ക്  വിരൽചൂണ്ടി. ഞങ്ങൾ അന്തം വിട്ടു നോക്കിപ്പോയി.

ഭരണിയിലെ ദ്രാവകത്തിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്നു, ഒരുശിരൻ പാമ്പ്! ചൈനയിലെ പ്രസിദ്ധമായ ‘സ്നേക്ക് വൈനി’നെക്കുറിച്ചു വായിച്ചിട്ടുണ്ടായിരുന്നെങ്കിലും നേരിട്ട് ആദ്യമായാണ് കാണുന്നത്. നമ്മൾ മാങ്ങയും നെല്ലിക്കയും അച്ചാറിടുന്നത് പോലെയാണ് ചൈനക്കാർ പാമ്പിനെ ദ്രാവക ഭരണിയിൽ ഇട്ടടച്ച്‌ വൈനുണ്ടാക്കുന്നത്‌. രണ്ടു ഗ്ലാസ്‌ പച്ചവെള്ളം വാങ്ങി കുടിച്ചു പെട്ടെന്ന് സ്ഥലം കാലിയാക്കി.

നെൽപാടങ്ങളും ഗ്രാമവീടുകളും ഇരുളിൽ മുങ്ങുന്നതുവരെ ഗ്രാമത്തിലൂടെ അലഞ്ഞു തിരിഞ്ഞു.  ചൈന സ്വന്തം ചിറകിനടിയിൽ ഇത് പോലെ മറ്റെന്തെല്ലാം വിസ്മയങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാവാം എന്നായിരുന്നു വീട്ടിലേക്കു നടക്കുമ്പോൾ മനസ്സു നിറയെ.

എങ്ങനെ എത്താം

ചൈനയിലെ ഗ്വാങ്ഷി പ്രവിശ്യയിലാണ് ഡാജായ് ഗ്രാമം.  100 കിലോമീറ്റർ ദൂരത്തുള്ള ഗ്വായ്‌ലിൻ നഗരത്തിലാണ് ഏറ്റവുമടുത്തുള്ള റെയിൽവേ േസ്റ്റഷനും വിമാനത്താവളവും. ഇവിടെ നിന്നും ഡാജായ് ഗ്രാമത്തിലേക്ക് ദിവസവും രണ്ടു തവണ ബസ് സർവീസുണ്ട്. നിരവധി സഞ്ചാരികളെത്താറുള്ളതിനാൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

ഗ്വായ്‌ലിൻ നഗരത്തിൽ എല്ലാത്തരം സഞ്ചാരികൾക്കും അനുയോജ്യമായ താമസസൗകര്യങ്ങളുണ്ട്. പക്ഷേ, കാഴ്ചകൾ അടുത്തറിയാൻ ഗ്രാമത്തിൽ തന്നെ  താമസിക്കുന്നതാണ് ഉചിതം. മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളൊരുക്കുന്ന ഹോട്ടലുകൾ ഡാജായിയിലുണ്ട്.

മലഞ്ചെരിവിൽ തട്ടുതട്ടായുള്ള നെൽപാടങ്ങളാണ് പ്രധാന ആകർഷണം. മരവും മുളയും ചേർത്ത് നിർമിച്ച യാവോ ജനതയുടെ പരമ്പരാഗത വീടുകളും സന്ദർശിക്കാവുന്നതാണ്. നീളൻമുടിയുള്ള യാവോ സ്ത്രീകളുടെ സംഘനൃത്തമാണ് മറ്റൊരാകർഷണം. വൈൻ രുചിയോട് ആകർഷണമുള്ളവർക്ക് സ്നേക്ക് വൈൻ പരീക്ഷിക്കാവുന്നതാണ്.

സെപ്റ്റംബർ മുതൽ മെയ് വരെയുള്ള സമയമാണ് സന്ദർശനത്തിന് അനുയോജ്യം.

 ബസ് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിങ്ങിനും ബന്ധപ്പെടുക – ഹന്നാ ചിൻ, ഡാജായ്

ഫോൺ – +86 1587 700 1801

കൂടുതൽ വിവരങ്ങൾക്ക്  – www.tianranju.info, Google – rice terraces in longsheng china

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA