sections
MORE

ചിലപ്പോൾ ഹൃദയം നിലയ്ക്കും, അതുകൊണ്ട് ഈ യാത്ര സാഹസികർക്ക് മാത്രം

618541884
SHARE

അയൽരാജ്യമെങ്കിലും സംശയദൃഷ്ടിയോടെ പരസ്പരം നോക്കുന്നവരാണ് ഇന്ത്യയും ചൈനയും. വന്മതിലും കണ്ണാടിപ്പാലവും പോലുള്ള നിരവധി അദ്ഭുതങ്ങൾ ഒളിപ്പിച്ച ആ നാട്ടിലേക്ക് യാത്രക്കൊരുങ്ങുന്നവരുണ്ടെങ്കിൽ അവർക്കായി ഇതാ വിസ്മയിപ്പിക്കുന്ന ചൈനയിലെ അഞ്ച് അദ്ഭുതങ്ങൾ. യാത്ര തുടങ്ങുന്നതിനു മുൻപ് ഒരറിയിപ്പു കൂടിയുണ്ട്. അതിസാഹസികർക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും മാത്രമുള്ളതാണ് ഈ മനോഹര സ്ഥലങ്ങൾ.

സെജിയാങിലെ സാഹസിക ഡൈവിങ്

618542088

കടലിന്റെ അറിയാത്ത ആഴങ്ങളിലേക്ക് കടന്നു ചെല്ലാനും കൗതുകം പകരുന്ന ആ ലോകം കാണാനും താൽപര്യമുണ്ടെങ്കിൽ അതിനവസരം തരും സെജിയാങ്. സ്കൂബ ഡൈവ് ചെയ്ത് ആഴങ്ങളിലേക്കിറങ്ങുമ്പോൾ വ്യത്യസ്തമായ നിരവധി കാഴ്ചകൾ ഈ അഗാധത ഒരുക്കിവെച്ചിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാങ്ഹായിക്കടുത്തായി ക്വിയാന്റോ തടാകത്തിന്റെ അഗാധതയിൽ കഴിഞ്ഞ അറുപതുവര്‍ഷമായി സ്ഥിതിചെയ്യുന്ന വിസ്മയമാണ് ഷി ചെങ് അഥവാ ലയൺ സിറ്റി. ക്വിയാന്റോ തടാകം മനുഷ്യനിർമിതമാണ്.

അതിനടിയിലാണ് ഡൈവ് ചെയ്യുന്നവരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാഴ്ചകൾ കാണുവാൻ സാധിക്കുന്നത്. ചില സമയങ്ങളിൽ അമ്പരപ്പും ഭയവും സമ്മാനിക്കും ഇവിടുത്തെ കാഴ്ചകൾ. ഒരു ഹോളിവുഡ് സ്റ്റുഡിയോയ്ക്കു സമാനമാണ് തടാകത്തിന്റെ ആഴങ്ങൾ. ഡൈവ് ചെയ്യുമ്പോൾ വലിയ കൊട്ടാരങ്ങൾ പോലുള്ള നിര്‍മിതികളും സ്തൂപങ്ങളും കവാടങ്ങളുമൊക്കെ നമ്മെ അമ്പരപ്പിച്ചുകൊണ്ട് കടന്നുപോകും. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്കൂബ ഡൈവിങ് ഇടം കൂടിയാണിത്.

ടിയാൻമെൻ മലകളും സ്ഫടികജാലകത്തിനു മുകളിലൂടെയുള്ള നടത്തവും

526712436

ആകാശം മുട്ടെ നിൽക്കുന്ന മലമുകളിലേക്ക് നടന്നു കയറുകയോ അതിസാഹസികമായി കയറിൽ തൂങ്ങി കയറുകയോ ചെയ്യുക എന്നതു മാത്രം ശീലിച്ചവർക്ക് ഏറെ പുതുമയുള്ള ഒരനുഭവം സമ്മാനിക്കുന്നതാണ് സ്ഫടിക പാതയിലൂടെയുള്ള നടത്തം. ഭയവും അതിശയവും സന്തോഷവുമെല്ലാം ഈ ഏഴു മൈൽ നടത്തത്തിൽ യാത്രികരെ തേടിവരും.

ചിലപ്പോൾ ഹൃദയം നിലച്ചുപോകുന്നതു പോലെയും തോന്നാം. ഇവിടെയെത്തുന്ന സഞ്ചാരികളിലേറെയും തലകുനിച്ചാണ് ഇത്രയും ദൂരം നടന്നുതീർക്കാറ്. ഭൂമിയിലെ കാഴ്ചകളുടെ മനോഹാരിത ആസ്വദിക്കാമെന്നതു തന്നെയാണ് ആ തലകുനിച്ചുള്ള നടത്തത്തിന്റെ പിന്നിലെ  കാര്യം.

ഴാങ്ജിയാജി ദേശീയോദ്യാനത്തിലൂടെയുള്ള യാത്ര

അവതാർ എന്ന ഹോളിവുഡ് സിനിമയിലെ കൃത്രിമ ലോകത്തോടു സാദൃശ്യം തോന്നും ഈ ദേശീയോദ്യാനത്തിലെ കാഴ്ചകൾക്ക്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന സ്തംഭാകൃതിയുള്ള പാറകൾ വേറിട്ട കാഴ്ചകൾ സമ്മാനിക്കും.

3500 അടിയോളം ഉയരമുണ്ട് കുത്തനെ ഉയർന്നു നിൽക്കുന്ന ഓരോ പാറയ്ക്കും. ഇടുങ്ങിയ വഴികളും ചെറിയ പാലങ്ങളും ഈ മലമുകളിലെ അദ്ഭുതകരമായ കാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറന്നുനൽകും. യാത്രയിൽ കുരങ്ങന്മാരുടെ ശല്യമുണ്ടാകാതെ സൂക്ഷിക്കണം.

681932720

സൈക്കിൾ സവാരിക്കാർക്കായി യുന്നാൻ മലനിരകൾ

യുന്നാൻ  മലനിരകളിലെ കാലാവസ്ഥ എപ്പോഴും മാറിക്കൊണ്ടിരിക്കും. അതിനെ അതിജീവിച്ച് സൈക്കിളിൽ ആ ദൂരം താണ്ടാൻ താല്‍പര്യമുണ്ടെങ്കിൽ ഈ മലകൾ നിങ്ങളെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിക്കുക. ജെയ്ഡ് ഡ്രാഗൺ മലകളും ടൈഗർ ലീപ്പിങ് ഗോർജുമൊക്കെ ആ യാത്രയിൽ നിങ്ങള്‍ക്കു മുമ്പിൽ കീഴടങ്ങാനായി കാത്തുനിൽക്കും.

മോശം പാതകളും മണ്ണുപുതഞ്ഞു കിടക്കുന്ന വഴികളുമൊക്കെ നിങ്ങളെ പരീക്ഷിക്കുമെങ്കിലും മികച്ച അനുഭവങ്ങൾ സമ്മാനിക്കാൻ ആ യാത്ര നിങ്ങളെ സഹായിക്കും. ചൈനയിലെ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കാനും ചെറിയ മാർക്കറ്റുകൾ കാണാനും വിലപേശി വസ്തുക്കൾ വാങ്ങാനുമൊക്കെ ഈ സൈക്കിൾ യാത്രയിൽ  സാധിക്കും.

ടൈഗർ ലീപ്പിങ് ഗോർജിലൂടെ ഒരു പദയാത്ര

മൂന്നു ദിവസം കൊണ്ടു നടന്നു തീർക്കാവുന്ന മലനിരകൾ. അതാണ് ടൈഗർ ലീപ്പിങ് ഗോർജ്. പതിനാലു മൈലുകൾ താണ്ടണം ആ യാത്ര പൂർത്തിയാക്കാൻ. ചുറ്റിലും മലനിരകൾ മാത്രം. ചിലപ്പോൾ കാല്പാദത്തിനടിയിലൂടെ കുത്തിയൊലിച്ചു പോകുന്ന നദികൾ, ഇടുങ്ങിയ പാതകൾ, താഴേക്കു നോക്കിയാൽ ഭൂമി കാണുക തന്നെ പ്രയാസം. അതിസാഹസികം എന്നു മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഈ യാത്ര സഞ്ചാരികൾക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA