sections
MORE

ചരിത്രത്തിന്റെ കൊട്ടാരക്കെട്ടുകൾ 

HIGHLIGHTS
  • ലീവിവിലെ പ്രധാന ആകർഷണങ്ങൾ
ukrain-trip1
ഒലെസ്കോ കാസ്ൽ സന്ദർശിക്കാനായി കാത്തുനിൽക്കുന്നവർ 
SHARE

ഉക്രെയ്ൻ ഡയറി 

അദ്ധ്യായം 11 

ലീവിവിലെ പ്രധാന ആകർഷണങ്ങളെല്ലാം കൃത്യമായി വിവരിക്കുന്ന ബ്രോഷറുകൾ ഹോട്ടൽ  എട്യൂഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ഹോട്ടലിൽ തിരിച്ചെത്തിയശേഷം അതെല്ലാം സശ്രദ്ധം പഠിച്ചു. എന്നിട്ട് കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ഹോട്ടലിന്റെ റിസപ്ഷന്റെ ഒരുഭാഗത്ത് റെസ്റ്റോറന്റാണ്. അവിടെ ഇരുന്നുകൊണ്ടാണ് ഞങ്ങളുടെ ചർച്ച. അൽപനേരം കഴിഞ്ഞപ്പോൾ റിസപ്ഷനിലെ പയ്യൻ ഞങ്ങളുടെ അടുത്തെത്തി. 'സ്ഥലങ്ങൾ കാണാൻ പോകാൻ കാറും ഗൈഡും വേണോ' :അവൻ ചോദിച്ചു. അവന്റെ സുഹൃത്തുണ്ട്. അവൻ ഗൈഡായി ജോലി ചെയ്യുന്നു. വേണമെങ്കിൽ കാർ വാടകയ്‌ക്കെടുത്ത് അവൻ കൂടെ വരും.

ഞങ്ങൾ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കാണിച്ചു. രണ്ടു ദിവസം കൊണ്ട് ഈ സ്ഥലങ്ങളെല്ലാം കാണണം. കാറിനും ഗൈഡിനുമായി എത്ര കാശ് വേണ്ടിവരും?

ഒലെസ്കോ കാസ് ൽ  
ഒലെസ്കോ കാസ്ൽ  

പയ്യൻ ആർക്കോ ഫോൺ ചെയ്തു. അഞ്ചു മിനുട്ടിനകം കഥാനായകനായ ഗൈഡ് പ്രത്യക്ഷപ്പെട്ടു. അതും ഒരു പയ്യനാണ്. കഷ്ടിച്ച് 20 വയസ്സ് പ്രായം കാണും. കക്ഷി അല്പം തിരക്കിലാണ്. കാരണം, കാമുകിയുമായി നൈറ്റ് ക്ലബിൽ പോകാൻ നിൽക്കുമ്പോഴാണ് കൂട്ടുകാരന്റെ വിളി വന്നത്. 'ഇപ്പവരാം' എന്ന് കാമുകിയോട് പറഞ്ഞിട്ട് ഓടി വന്നിരിക്കുകയാണ്. പരിഭവം എന്നത് ലോകവ്യാപകമായി കാമുകിമാരുടെ സ്ഥായീഭാവമായതിനാൽ അവന്റെ വെപ്രാളം കണ്ടിട്ട് ഞങ്ങൾക്ക് അതിശയമൊന്നും തോന്നിയില്ല.

റിസപ്ഷനിലെ പയ്യൻ, ഞങ്ങൾ നൽകിയ ലിസ്റ്റ് ഗൈഡിനു കൊടുത്തു. രണ്ടുപേരും കൂടി രണ്ടുമിനുട്ട് പ്രാദേശികഭാഷയിൽ സംസാരിച്ചു. എന്നിട്ട് തുക പറഞ്ഞു:ഒരു ദിവസം 100 ഡോളർ.

ukraine-trip
ഒലെസ്കോ കാസ്ൽ ദൂരെ നിന്ന് കാണുമ്പോൾ

ഞങ്ങൾ വിസമ്മതം പ്രകടിപ്പിച്ചു. രണ്ടുദിവസത്തേക്ക് 150 ഡോളറാണെങ്കിൽ ഓക്കെ എന്നായി ഞങ്ങൾ.

വീണ്ടും രണ്ടുപേരും കൂടി ചർച്ച. ഒടുവിൽ 150 ഡോളറിന് സമ്മതം. എങ്കിൽ രാവിലെ 7 മണിക്ക് വരാൻ പറഞ്ഞു ഞങ്ങൾ.

ഇതുകേട്ടതും പയ്യൻ നന്ദിയും പറഞ്ഞ് ശരവേഗത്തിൽ പാഞ്ഞു. കാമുകിയെ ഇത്രയധികം പേടിക്കുന്ന, പെൺകോന്തനായ ഇവൻ കല്യാണം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് ഞങ്ങൾ റിസപ്ഷനിലെ പയ്യനോടു ചോദിച്ചു. ഇത് അവന്റെ നിരവധി കാമുകിമാരിൽ ഒരാൾ മാത്രമാണെന്നും ഈ വെപ്രാളമൊക്കെ അവന്റെ നമ്പരാണെന്നും പയ്യന്റെ മറുപടി!

രാവിലെ 7 മണിക്കു മുമ്പു തന്നെ പയ്യനെത്തി. ഇവാൻ എന്നാണ് അവന്റെ പേര്. രാത്രി ഉറങ്ങിയിട്ടോ രാവിലെ കുളിച്ചിട്ടോ ഇല്ല എന്നു വ്യക്തം. നേരം വെളുക്കുന്നതുവരെ കാമുകിയോടൊപ്പം നൈറ്റ് ക്ലബിൽ ഡാൻസും പാട്ടുമായി 'ആർമാദി'ച്ചു കാണും.

ഒലെസ്കോ കാസ് ‍ലിന്റെ മേലെ നിന്ന് നോക്കുമ്പോഴുള്ള ദൃശ്യം 

'ഇവൻ പല്ലു തേച്ചിട്ടുപോലുമില്ല'- ഇവാനിൽ നിന്നുയരുന്ന മദ്യത്തിന്റെ മണമടിച്ച് നിയാസ് മുരണ്ടു. പല്ലുതേപ്പും കുളിയുമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളായതു കൊണ്ട് നമുക്ക് പരാതിപ്പെടാൻ പറ്റില്ലല്ലോ..

'ഇവാൻ എന്ന ഇവൻ കാറോടിക്കുമ്പോൾ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കണം' -മുൻസീറ്റിലിരിക്കുന്ന നിയാസിനോടു ഞാൻ പറഞ്ഞു. 75 കി.മീ ദൂരെയുള്ള ഒലെസ്‌കോ കാസ് ലിലേക്കാണ് ആദ്യം പോകുന്നത്.

എന്റെ മുന്നറിയിപ്പ് കേട്ടതോടെ നിയാസ് ഇവാന്റെ മുഖത്തേക്കു നോക്കി കണ്ണുമിഴിച്ച് ഇരിപ്പായി. പിന്നെ ഇരുവരും സംസാരം തുടങ്ങി. ഇവാന് മുറി ഇംഗ്ലീഷേ വശമുള്ളു. പക്ഷേ തരക്കേടില്ലാത്ത ചരിത്രജ്ഞാനമുണ്ട്. അത് എങ്ങനെയൊക്കെയോ പറഞ്ഞു ഫലിപ്പിക്കുന്നുമുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈവേയിൽ നിന്ന് കാർ നാട്ടുവഴിയിലേക്ക് തിരിഞ്ഞു. പൈൻമരങ്ങൾ അതിരിടുന്ന റോഡ്. പലയിടത്തും കുഴികളൊക്കെയുണ്ട്. ഇവാൻ ഗട്ടറുകളൊന്നും ഗൗനിക്കാതെ കാർ പറപ്പിക്കുകയാണ്.

കാസ് ലിന്റെ  മുന്നിലെ ശിൽപം

ഇക്കാണുന്ന പൈൻമര തോട്ടങ്ങളിലേറെയും സ്വകാര്യ എസ്റ്റേറ്റുകളാണ്. ഗേറ്റിനിടയിലൂടെ നോക്കുമ്പോൾ വമ്പൻ വീടുകളുടെ ദൃശ്യം കാണാം. ഇവയിൽ അധികവും സ്ഥിരതാമസമില്ലാത്ത എസ്റ്റേറ്റ് ഹൗസുകളാണ്, അല്ലെങ്കിൽ ഹോളിഡേ ഹോമുകൾ.

വിജനമായ വഴിയിലൂടെ വല്ലപ്പോഴും മാത്രം ഒരു കാറോ സൈക്കിളോ കടന്നുപോകുന്നു. എന്തുകൊണ്ടായിരിക്കും, ലിവീവിലെ ചരിത്രപ്രധാനമായ കാസ്ൽ കാണാൻ വലിയ ജനത്തിരക്കൊന്നുമില്ലാത്തത്?

ഒലെസ്കോ കാസ്ൽ 

ഇവാൻ നൽകിയ ഉത്തരം ഇതായിരുന്നു.:ഉക്രെയ്‌നിൽ വരുന്നവരിൽ ഏറെയും യൂറോപ്യൻ വിനോദസഞ്ചാരികളാണ്.യൂറോപ്പിൽ ഏതു രാജ്യത്തും നൂറുകണക്കിന് കൊട്ടാരങ്ങളുണ്ട്. എല്ലാത്തിന്റെയും രൂപകല്പനയൊക്കെ ഏകദേശം ഒരുപോലെ തന്നെ. പിന്നെയെന്തിന് മെനക്കെട്ട് ഉക്രെയ്നിലെ കാസ്ൽ കാണണം!

യുക്തിഭദ്രമായ ഉത്തരം. ഇവാൻ ആള് മോശമല്ലല്ലോന്ന് ഞങ്ങൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇതിനിടെ ചെറിയൊരു നാൽക്കവലയിലെത്തി. അല്പം കൂടി മുന്നിലേക്ക് നീങ്ങിയപ്പോൾ വലതുവശത്ത് കുന്നിൻമുകളിൽ ഒലെസ്‌കോ കാസ്ൽ പ്രത്യക്ഷപ്പെട്ടു.

കാസ് ലിനുള്ളിൽ

കാസ് ലിന്റെ  ഗെയ്റ്റ് അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള ടിക്കറ്റ് കൗണ്ടറും തുറന്നിട്ടില്ല. വഴിയോരത്തെ കടകളിൽ രണ്ടെണ്ണം തുറന്നിരിപ്പുണ്ട്. ഇവാ ഒരു കടക്കാരനോട് വിവരങ്ങൾ അന്വേഷിച്ച് മടങ്ങിയെത്തി. 'പത്തുമണിക്കേ തുറക്കൂ...' അവൻ ഇളിഭ്യച്ചിരിയോടെ പറഞ്ഞു.

ഒമ്പതുമണിയാകുന്നതേയുള്ളൂ. കാസ്ൽ കാണാൻ ഞങ്ങളല്ലാതെ മറ്റാരുമില്ല. കാത്തിരിക്കുക തന്നെ. ഒരു കടയിൽ നിന്ന് കോഫി കുടിച്ച് ടിക്കറ്റ് കൗണ്ടറിനരികിൽ കുത്തിയിരിക്കുമ്പോൾ ഒരു സംഘം ടൂറിസ്റ്റുകളുമായി ഒരു ബസ്സെത്തി. അതോടെ കാര്യങ്ങൾ 'കളർഫുള്ളായി'. കൊച്ചുകുട്ടികളുടെ ഓട്ടവും ചാട്ടവും കളികളും കണ്ട് പത്തുമണി വരെ കഴിച്ചുകൂട്ടി.

കാസ് ലിനുള്ളിൽ
കാസ് ലിനുള്ളിൽ

കൃത്യം പത്തുമണിക്ക് ടിക്കറ്റ് കൗണ്ടർ തുറന്നു. ഞങ്ങൾ ആദ്യസന്ദർശകരായി ഉള്ളിൽ കടന്നു.

ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടത്തിലൂടെ ചെറിയ കയറ്റം കയറിയെത്തുന്നത് സന്ദർശകരെ നിർന്നിമേഷരായി നോക്കി നിൽക്കുന്ന പ്രതിമകളുടെ മുന്നിലേക്കാണ്. മൂന്ന് മുതിർന്നവരും ഒരു കുട്ടിയുമാണ് പ്രതിമയിലുള്ളത്. മുതിർന്നവരിലെ സ്ത്രീ പരിക്ഷീണയായി ഒരാളുടെ ചുമലിൽ തലചായ്ച്ചു നിൽക്കുന്നു. ഏതു കാലത്ത് നിർമ്മിച്ച പ്രതിമകളാണ് ഇതെന്നു വ്യക്തമല്ല. പക്ഷേ, 700 വർഷത്തെ ചരിത്രമാണ് ഞങ്ങളുടെ മുന്നിൽ കൊട്ടാരമായി ഉയർന്നു നിൽക്കുന്നത്. കുന്നിന്റെ കയറ്റിറക്കങ്ങൾക്കനുസരിച്ചു പണിത കൊട്ടാരത്തിന്റെ ചുവരുകൾ നിറം മങ്ങിയെങ്കിലും പ്രൗഢിക്ക് കുറവില്ല.

ഈ കൊട്ടാരത്തെപ്പറ്റി ആദ്യമായി എഴുതപ്പെട്ടത് 1390 ലെ ഒരു രേഖയിലാണ്. അതുകൊണ്ട് കൊട്ടാരത്തിന്റെ നിർമ്മാണം 1300 കളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പോപ്പ് ബോണിഫേസ് ഒമ്പതാമൻ, ഈ കൊട്ടാരം ഹാലിഷ് എന്ന സ്ഥലത്തെ ബിഷപ്പിന് ഇഷ്ടദാനം കൊടുത്തതായാണ് ആ രേഖ.

ഈ കൊട്ടാരം പണികഴിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ ഏഴു നൂറ്റാണ്ടിനിടയ്ക്ക് പോളണ്ട്, ലിത്വാനിയ, ഹംഗറി തുടങ്ങിയ പലരാജ്യങ്ങളും പല കാലങ്ങളിലായി ഒലെസ്‌ക്കോ കാസ്ൽ സ്വന്തമാക്കിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ ഈ മൂന്നുരാജ്യങ്ങളുടെയും അതിർത്തി കടന്നു പോയിരുന്നത് ഈ കൊട്ടാരത്തിന്റെ വിശാലമായ പറമ്പിലൂടെ ആയിരുന്നത്രേ. അതുകൊണ്ടുതന്നെ കൊട്ടാരം സ്വന്തമാക്കാനായി രക്തരൂക്ഷിത വിപ്ലവങ്ങൾ പലതും നടന്നു. യുദ്ധങ്ങൾക്കിടയിൽ രക്ഷപ്പെടാൻ പല വഴികളും കൊട്ടാരത്തിന്റെ കെട്ടിടങ്ങൾക്കിടയിൽ പണികഴിക്കപ്പെട്ടു. കൊട്ടാരത്തിനുള്ളിലെ ഒരു രഹസ്യഅറയിൽ നിന്ന് താഴെ കാണുന്ന കിണറ്റിലേക്ക് പോലും രക്ഷപ്പെടാൻ വഴിയുണ്ടത്രേ.

കാസ് ലിനുള്ളിൽ

പതിനഞ്ചാം നൂറ്റാണ്ടോടെ കൊട്ടാരം പട്ടാളാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി. 1605ൽ വീണ്ടും ധനികരുടെ വാസസ്ഥലമായി കൊട്ടാരം മാറി. അക്കാലത്ത് ഇവിടെ താമസിച്ച ഒരു കുടുംബം കൊട്ടാരം പരിപാലിക്കുന്നതിൽ തീരെ ശ്രദ്ധ കാണിച്ചില്ലെന്നും അക്കാലത്ത്  കൊട്ടാരം നശോന്മുഖമായ അവസ്ഥയിലായെന്നും കഥകളുണ്ട്.

പിന്നീട് കാസ് ലിന് നല്ലകാലം പിറന്നത് അവിടെ ഒരു കുട്ടി പിറന്നുവീണതോടെയാണ്. പോളിഷ് രാജാവായ ജാൻസെബ്‌സ്‌കി മൂന്നാമനാണ് ആ കുട്ടി. ഓട്ടോമാൻ ഭരണത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളെ രക്ഷിക്കാനായി വലിയ പോരാട്ടം നടത്തുകയും വിയന്നയിലെ യുദ്ധത്തോടെ വീരുപുരുഷനാവുകയും ചെയ്ത ജാൻസെബിസ്‌കി കൊട്ടാരത്തെയും പൊന്നുപോലെയാണ് നോക്കിയത്. ഇന്നിപ്പോൾ ഇവിടെ കാണുന്ന പുരാവസ്തുക്കളെല്ലാം അദ്ദേഹം ശേഖരിച്ചതാണ്. 1674 മുതലാണ് അദ്ദേഹം രാജാവായി സ്ഥാനമേറ്റത്. തുടർന്ന് മറ്റൊരു പോളിഷ് രാജാവായ മൈക്കൽ വിസ്‌നിയോവിക്‌സിയുടെ ജനനത്തിനും ഈ കൊട്ടാരം വേദിയായി.

17-ാം നൂറ്റാണ്ടിൽ കൊട്ടാരം സംരക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. ഇറ്റാലിയൻ നവോത്ഥാന കാലത്തെ ശൈലിയിൽ ഉൾവശം ക്രമീകരിച്ചു. 1838ലെ ഭൂകമ്പത്തിൽ കൊട്ടാരത്തിന് കാര്യമായ കേടുപാടുകൾ പറ്റി. 1956ൽ ഇടിമിന്നലേറ്റു ചില ഭാഗങ്ങൾ തകർന്നു. എന്നാൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിച്ച കൊട്ടാരം കുലുങ്ങിയില്ല. ലോകമെമ്പാടും നിന്നുമുള്ള സന്ദർശകർക്കായി ഇന്നും വാതിൽ തുറന്ന് കാത്തിരിക്കുകയാണ് ഒലെസ്‌കോ കാസ്ൽ.

കുന്നിൻമുകളിൽ കോട്ടമതിൽ പോലെ കെട്ടിയ വമ്പൻ മതിലിനുള്ളിൽ തലയുയർത്തി നിൽക്കുകയാണ് കാസ്ൽ. വാതിൽ കടന്നാൽ വലിയ നടുമുറ്റമാണ്. മുകളിലെ മുറികളെ ബന്ധിപ്പിച്ചുകൊണ്ട് തടികൊണ്ട് നിർമ്മിച്ച ബാൽക്കണികൾ പലയിടത്തുമുണ്ട്. ഉള്ളിൽ നീലനിറമാർന്ന മൊസൈക്കിൽ തറവിരിച്ച് ഭംഗിയാക്കിയ മുറികളിൽ ഷാന്റ്ലിയറുകൾ തൂങ്ങി നിൽക്കുന്നു. പെയിന്റിങ്ങുകളും അപൂർവയിനം പാത്രങ്ങളുമൊക്കെ കാസ് ലിനെ അനന്യമാക്കുന്നു.

ukrain10
കാസ് ലിനുള്ളിൽ

1961 മതുൽ 1965 വരെയുള്ള വർഷങ്ങളിലാണ് കൊട്ടാരം ഭംഗിയാക്കി ഈ നിലയിലെത്തിച്ചത്. കൂടാതെ, ഉള്ളിൽത്തന്നെ ഒരു മ്യൂസിയവും സ്ഥാപിച്ചു. ആയുധങ്ങൾ, ശില്പങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയൊക്കെയാണ് മ്യൂസിയത്തിലുള്ളത്. പോളണ്ടിനു പുറത്ത് ഏറ്റവുമധികം പോളിഷ് പുരാവസ്തുക്കളുള്ളത് ഈ മ്യൂസിയത്തിലാണത്രെ.

'ഗോൾഡൻ ഹോഴ്‌സ് ഷൂ' എന്നറിയപ്പെടുന്ന മൂന്ന് കാസ്  ലുകളാണ് ലീവിവിലുള്ളത്. ഒലെസ്‌കോ, പിധ്‌രിറ്റ്‌സ്, സൊലോഷിവ് എന്നിവയാണവ. കുതിരക്കുളമ്പിലേതുപോലെ മൂന്നിടത്താണ അവയുടെ സ്ഥാനമെന്നതിനാലാണ് ആ പേര് വന്നത്.

ഒലെസ്‌കോ കാസ്  ലിന്റെ പഴക്കവും ഗാംഭീര്യവും നമ്മെ അമ്പരപ്പിക്കാതിരിക്കില്ല. യൂറോപ്പിലെ മറ്റു പല കാസ്  ലുകളുടെയും ആഡംബരം ഈ കൊട്ടാരത്തിനില്ലെങ്കിലും പഴക്കത്തിന്റെ തനിമ നിലനിർത്താൻ സൂക്ഷിപ്പുകാർക്കായിട്ടുണ്ട്.

പുറത്തിറങ്ങി കാസ്  ലിനു ചുറ്റും നടക്കുമ്പോൾ കുന്നിൻമുകളിൽ നിന്നുള്ള 360 ഡിഗ്രി വ്യൂ ലഭിക്കും. പച്ചപ്പ് പുതച്ചു കിടക്കുന്ന കൃഷിത്തോട്ടങ്ങളാണ് ചുറ്റുപാടും. മൂന്നുരാജ്യങ്ങളുടെ അതിർത്തിയായിരുന്ന കാലത്ത് എത്രയോ യുദ്ധതന്ത്രങ്ങൾക്കും വിജയങ്ങൾക്കും പരാജയങ്ങൾക്കും വേദിയായിട്ടുണ്ടാവും ഈ കൃഷിയിടങ്ങൾ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA