ADVERTISEMENT

മിനിസ്‌ക്രീനിലൂടെ ബിഗ്സ്ക്രീനിലേക്കെത്തിയ ആശാ ശരത് അനുഗ്രഹീത നര്‍ത്തകി കൂടിയാണ്. ഏതു കഥാപാത്രത്തെയും തന്റേതായ ശൈലിയിൽ അവതരിപ്പിക്കുവാനുള്ള മികവും ‌ ആശാ ശരത്തിന്റെ പ്ലസ് പോയിന്റാണ്. പുഞ്ചിരി നിറഞ്ഞ മുഖം തന്നെയാണ് ‌മലയാളികളുടെ ഇടയിൽ ആശാ ശരത്തിനെ പ്രിയങ്കരിയാക്കുന്നത്. നൃത്തത്തെയും അഭിനയത്തെയും നെഞ്ചിലേറ്റുന്ന താരത്തിന് യാത്രകളോടും പ്രത്യേകയിഷ്ടമാണ്. വർഷത്തിൽ ഒന്നോ രണ്ടോ ട്രിപ്പ് മസ്റ്റാണ്. യാത്രകളും അനുഭവങ്ങളും ആശാ ശരത് മനോരമ ഒാണ്‍ലൈനിൽ പങ്കുവയ്ക്കുന്നു.

യാത്ര എന്നത് കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല, ആ സ്ഥലത്തെ ആഴത്തിൽ പഠിക്കുക എന്നതാണ്. എന്നെ സംബന്ധിച്ച് എവിടേക്കുള്ള യാത്രയായലും അവിടുത്തെ സംസ്കാരവും ചരിത്രവും അറിഞ്ഞുള്ള യാത്രയാണ് ഇഷ്‍ടം. വ്യത്യസ്തമായ ജീവിത രീതികള്‍, ഭക്ഷണം, ഭാഷകള്‍ എല്ലാം ആസ്വദിക്കുമ്പോള്‍ നമ്മൾ നേടുന്ന അറിവ് ഒരുപാടാണ്. ആങ്ങനെയാണ് ജീവിതത്തെ പഠിക്കുന്നത്. യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വർഷത്തിൽ ഒന്നോ രണ്ടോ യാത്രകൾ ഞങ്ങൾ പ്ലാൻ ചെയ്യാറുണ്ട്. ശരത്തേട്ടനും മക്കളും ഒത്തൊരുമിച്ചുള്ള യാത്രകളാണ് എന്റെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നത്.

south-africa-trip11

യാത്ര പ്ലാന്‍ ചെയ്യുമ്പോൾ എനിക്കും ശരത്തേട്ടനും മക്കൾക്കും നാലുതരം അഭിരുചികളാണ്. ഒരാൾക്ക് ഫൂഡിനോടാണെങ്കിൽ മറ്റെയാൾക്ക് സ്ഥലം കാണുന്നതും ഷോപ്പിങ്ങുമൊക്കെയാണ്.അതുകൊണ്ട് തന്നെ യാത്രപോകുമ്പോൾ നാലുപേരുടെയും ഇഷ്ടങ്ങൾക്കനുസരിച്ചാണ് സ്ഥലം തെരഞ്ഞെടുക്കുന്നതും പ്ലാനിങ്ങും. യാത്ര അടിച്ചുപൊളിക്കും.

വിദേശയാത്രയാണ് പ്രിയം

asha-sarath-travel6

ദുബായിൽ താമസിക്കുന്നതുകൊണ്ടാവാം കൂടുതലും വിദേശയാത്രയാണ് തെരഞ്ഞെടുക്കുന്നത്. ഒരുപാട് സഥലങ്ങളിൽ പോയിട്ടുണ്ട്. കണ്ടകാഴ്ചകളിൽ ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടത് ജപ്പാൻ ആയിരുന്നു. സത്യത്തിൽ ജപ്പാനിലേക്കുള്ള യാത്രയ്ക്ക് കാരണം മക്കൾ തന്നെയാണ്. മക്കൾ കുട്ടിക്കാലം മുതൽ കാർട്ടൂൺ പ്രിയരാണ്. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. അവര്‍ കാണുന്ന കാർട്ടൂണിലെ ഭാഗങ്ങളൊക്കെയും ജപ്പാന്റെ കാഴ്ചകളാണ്. അന്നുമുതൽ അവർ പറയും ജപ്പാൻ ട്രിപ്പ് പോകണമെന്ന്. ജപ്പാനിലെ കാഴ്ചകൾ കണ്ട് മതിയായില്ല എന്നതാണ് അവരുടെ ഇപ്പോഴത്തെ പരാതി. എനിക്കും അങ്ങനെയാണ്.

asha-sarath-travel

വളരെ സുന്ദരമായ സ്ഥലമാണ് ജപ്പാൻ. പ്രായഭേദമന്യേ ജോലിചെയ്യുന്നവർ. അവരുടെ ഇടപെടലിലൂടെ മനസ്സിലാക്കാം നല്ല മനുഷ്യരാണ്. ജപ്പാനിലെ ക്ഷേത്രങ്ങളും ആരെയും ആകർഷിക്കുന്നതാണ്. മരംകൊണ്ട് തീര്‍ത്ത അലങ്കാരപ്പണികളുള്ള സൗന്ദര്യശില്പങ്ങളും  മരംകൊണ്ടും ലോഹംകൊണ്ടുമുണ്ടാക്കിയ മേല്‍ക്കൂരയും കാണാം. ടോക്കിയോ ടവറിന്റെ രാത്രികാഴ്ചയും രസകരമായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ദേവാലയമായ നരിറ്റേസന്‍ ഷിന്‍ഷോജിയിലെ കാഴ്ചകൾ എന്നെ ഏറെ ആകർഷിച്ചു. ഒരു ചെറിയ യാത്രയില്‍ അനുഭവിക്കാവുന്ന മൂല്യവത്തായതും മനസ്സിനെ കുളിരണിയിക്കുന്നതുമായ കാഴ്ചകളുടെ ലോകമായിരുന്നു ജപ്പാൻ. ഒരിക്കൽകൂടി ജപ്പാനിലേക്ക് യാത്രപോകണം.

ചൈന

കണ്ടുതീരാത്ത കാഴ്ചകളാണ് ചൈനയിലും. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും പൈതൃകനിർമിതികളും സമ്മേളിക്കുന്ന ചൈനയിലെ കാഴ്ചകൾ ഹരം പകരുന്നവയായിരുന്നു. ചൈനീസ് വാസ്തുവിദ്യയുടെ പൗരാണിക ഭാവങ്ങൾ നിറഞ്ഞയിടങ്ങളും സിറ്റാങ് വാട്ടർ ടൗണും എല്ലാം കണ്ടുകൊതിതീർന്നില്ല. ഇനിയൊരും അവസരം ഒത്തുകിട്ടിയാൽ ഞാനും ശരത്തേട്ടനും മക്കളും ചൈനയിലേക്കും ജപ്പാനിലേക്കും യാത്രതിരിക്കും.

പതിനഞ്ച് ദിവസത്തെ കപ്പൽ യാത്ര

asha-sarath-travel3

യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും വ്യത്യസ്ത അനുഭവം സമ്മാനിച്ച യാത്രയായിരുന്നു ക്രൂയീസിലേത്. രാജകീയ പ്രൗഢിയിൽ കടലിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കുന്നതാണ്. യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും കടൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള പതിനഞ്ച് ദിവസം വളരെ രസകരമായിരുന്നു.

കരീബിയൻ ക്രൂയിസിലായിരുന്നു ഞങ്ങളുടെ യാത്ര. സ്പെയിനിലെ ബാര്‍സിലോണിയയിൽ നിന്നും മെഡിറ്ററേനിയനെ ചുറ്റിയുള്ള പ്രദേശങ്ങളിലേക്കായിരുന്നു യാത്രയുടെ തുടക്കം. ആഢംബര പ്രൗഢിയിൽ ഒഴുകി നീങ്ങുന്ന കപ്പൽയാത്ര ആരെയും മോഹിപ്പിക്കും.  നൃത്തത്തിലും സംഗീതത്തിലും താൽപ്പര്യമുള്ളവർക്കായി കപ്പലിന്റെ മേൽത്തട്ടിൽ അക്വാതിയറ്ററും ഒരുക്കിയിട്ടുണ്ട്.വർണപ്രഭകൊണ്ട് അദ്ഭുതപ്പെടുത്തുന്ന പ്രകാശത്തിൽ‌ സംഗീതത്തിന്റ അകമ്പടിയ‌‌ോടെയുള്ള യാത്ര സുന്ദരമായിരുന്നു.

കപ്പൽ യാത്ര മറക്കാനാകില്ല

എല്ലാ യാത്രയും മധുരം നിറഞ്ഞ ഒാർമകളാണ് സമ്മാനിക്കുന്നത്. മോളുടെ ബോർഡ് എക്സാം കാഴിഞ്ഞായിരുന്നു കപ്പൽ യാത്രയ്ക്കായി പോകുന്നത്. ദുബായിൽ നിന്നും സ്പെയിനിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് കിട്ടിയില്ല. 9 മണിക്കൂർ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വന്നു.  ക്ഷീണം ഞങ്ങളെ നന്നായി അലട്ടിരുന്നു. ഞാനും മക്കളും ശരത്തേട്ടനും എന്റെ ദുപ്പട്ട വിരിച്ച് എയർപോർട്ടിൽ നന്നായി ഉറങ്ങി. ഞാൻ സെലിബ്രറ്റിയാണെന്ന് അവിടെയാർക്കു അറിയില്ലല്ലോ.ക്ഷീണം കാരണം ഉറങ്ങിയതും അറിഞ്ഞില്ല. എയര്‍പോർട്ടിലെ ഉറക്കം വേറിട്ടൊരു അനുഭവമായിരുന്നു. 

സിംഹം വട്ടം ചുറ്റി

രസകരമായിരുന്നെങ്കിലും ഉള്ളു നടുക്കിയ യാത്രയായിരുന്നു അഫ്രിക്കയിലേത്. അവേശത്തോടെയായിരുന്നു ആഫ്രിക്കൻ യാത്രയ്ക്ക് തയാറായത്. വൈൽഡ് സഫാരിയായിരുന്നു ഞങ്ങളെ ഏറെ ആകർഷിച്ചത്. സഫാരിക്കായി പോകുന്ന വഴി കാടിന്റെ നടുക്ക് ജീപ്പ് നിന്നുപോയി. ഞങ്ങളും ഡ്രൈവറും മാത്രം. ആകെ പേടിച്ചുപോയി. ഞങ്ങളുടെ വാഹനത്തിന്റെ അടുത്ത് രണ്ട് സിംഹങ്ങൾ വട്ടം ചുറ്റി.

ഞങ്ങളെല്ലാവരും ശ്വാസമടക്കി പിടിച്ചിരുന്നു. വാഹനം കമ്പികൾകൊണ്ട് മറച്ചതായതുകൊ‍ണ്ട് മൃഗങ്ങൾക്ക് ഉള്ളിലേയ്ക്ക് കടക്കാനാകില്ല. എങ്കിലും ആ സമയം ശരിക്കും ഭയന്നു. ആളനക്കം കേൾക്കാത്തതുകൊണ്ട്. സിംഹങ്ങൾ തിരിഞ്ഞു പോയി. കുറച്ചുകഴിഞ്ഞപ്പോൾ വാഹനവും ശരിയായി. ഇപ്പോൾ ആഫ്രിക്കൻ യാത്രയെ കുറിച്ച് ഒാർക്കുമ്പോൾ സംഭവിച്ചതെല്ലാം തമാശയായി തോന്നാറുണ്ട്.

മൂന്നാറിൽ സഹോദരന്റെ റിസോർട്ടുണ്ട്

കേരളത്തിലെത്തിയാൽ യാത്ര എപ്പോഴും മൂന്നാറിലേക്കാണ്. അവിടെ എന്റെ സഹോദരന്റെ റിസേർട്ടുണ്ട്. താമസവും ഒത്തുകൂടലുമൊക്കെ അവിടെയാണ്. മഞ്ഞണിഞ്ഞ മൂന്നാറിനെയും ഇഷ്ടമാണ്.

asha-sarath-travel5

പ്രോഗ്രാമിന്റെ ഭാഗമായി യാത്രകൾ വരുമ്പോൾ പരിപാടി കഴിഞ്ഞ് അന്നേ ദിവസം തന്നെ നാട്ടിൽ തിരികെയെത്താൻ ഞാൻ ശ്രമിക്കാറുണ്ട്. യു എസിലും കാന‍ഡയിലും പ്രോഗ്രാം വന്നാൽ അന്നു തന്നെ തിരിച്ചുവരവ് നടക്കില്ല. അതുകൊണ്ട് ഫാമിലിയോടൊപ്പമാണ് അവിടേക്കുള്ള യാത്ര. പ്രോഗ്രോം കഴിഞ്ഞ് ഞങ്ങൾ അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി പോകും. 

യാത്രകളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്. കാഴ്ചകൾ ആസ്വദിച്ച് ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കണം ആശാ ശരത് പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com