sections
MORE

പ്രിയങ്ക ചോപ്രയും ഇഷ്ടപ്പെട്ട യാത്രകളും

priyanka-trip
SHARE

തമിഴകത്തു നിന്നാണ് ഈ താരസുന്ദരി സിനിമാജീവിതം തുടങ്ങിയതെങ്കിലും ബോളിവുഡും കടന്നു ഹോളിവുഡിലും താരമാണ് ഇന്ന് പ്രിയങ്ക ചോപ്ര. 2000 ത്തിൽ ലോക സുന്ദരിപ്പട്ടം നേടി പ്രശസ്തിയിലേക്കുയർന്ന പ്രിയങ്കയ്ക്കു പിന്നീട് ഒരിക്കൽ പോലും തന്റെ കരിയറിൽ ഒരു തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ല. സിനിമാതാരം മാത്രമല്ല, ഗായിക എന്ന നിലയിലും പ്രശസ്തയാണ് ഇവർ. തിരക്കു നിറഞ്ഞ തന്റെ ജീവിതത്തിൽ യാത്രകൾക്കും വലിയ പങ്കുണ്ടെന്നു ഈയടുത്തിടെ പ്രിയങ്ക ചോപ്ര ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. കൂടെ തനിക്കു ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും പ്രിയസ്ഥലങ്ങളെക്കുറിച്ചുമെല്ലാം പ്രിയങ്ക മനസുതുറന്നു.

ബാല്യത്തിൽ ഭാരതയാത്ര

മാതാപിതാക്കൾ സൈന്യത്തിലായിരുന്നതു കൊണ്ടുതന്നെ ചെറുപ്പത്തിൽ ഇന്ത്യയുടെ പലഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട്. ജനിച്ചതു ജംഷഡ്‌പൂരിൽ ആയിരുന്നുവെങ്കിലും ജാർഖണ്ഡ്, ഡൽഹി, ലഡാക്ക്, അംബാല  തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ താമസിക്കുകയും നിരവധി മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുകയും ചെയ്തിട്ടുണ്ട്.

priyanka-trip1

യാത്രകളോട് ചെറുപ്പത്തിൽ തന്നെ വലിയ ഇഷ്ടമായിരുന്നു, കൂട്ടുകാരെ നഷ്ടപ്പെടുന്നതിൽ വേദന തോന്നിയിട്ടുണ്ടെങ്കിലും പുതിയ സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചോർത്തു ദുഖിച്ചിട്ടേയില്ല. ധാരാളം സ്ഥലങ്ങൾ കാണാൻ സാധിക്കുന്നതിൽ തൃപ്തയായിരുന്നു താനെന്നും പ്രിയങ്ക ചോപ്ര അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

മിയാമി: ഇഷ്ടയിടം, ദി ഫോർ സീസൺസ്: താമസിക്കാൻ തെരഞ്ഞെടുക്കുന്ന ഹോട്ടൽ, 

മിയാമിയിലെ സൗത്ത് ബീച്ച്, ഏറെ പ്രിയപ്പെട്ടയിടമാണ് പ്രിയങ്കയ്ക്ക്. താൻ അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുടെ ചിത്രീകരണം മിയാമിയിൽ ഉണ്ടെന്നറിഞ്ഞാൽ വളരെയധികം സന്തോഷം തോന്നുമെന്നും ഒഴിവു സമയങ്ങൾ സൗത്ത് ബീച്ചിൽ ചെലവഴിയ്ക്കുമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ മുംബൈ നഗരത്തിന്റെ കാഴ്ചകളെല്ലാം ആസ്വദിക്കാൻ കഴിയുന്ന ദി ഫോർ സീസൺസ് എന്ന മുംബൈ ഹോട്ടലിലെ താമസവും താൻ ഏറെ ആസ്വദിക്കാറുണ്ടെന്നു താരം വിശദീകരിച്ചു. പിസയും ചീസ് ബർഗറും വിങ്‌സുമാണ് ഇഷ്ടഭക്ഷണമെന്നും പ്രിയങ്ക പറയുന്നു.

priyanka-trip4

മിയാമി സൗത്ത് ബീച്ച്

തെക്കൻ ഫ്ലോറിഡയിലെ സാംസ്‌കാരിക, സാമ്പത്തിക കേന്ദ്രമാണ് മിയാമി. വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം. യു എസ്സിൽ ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണിത്. ബീച്ചുകളാണ് മിയാമിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. അതിൽ തന്നെ പ്രധാനപ്പെട്ട  ബീച്ചുകളിലൊന്നാണ് സൗത്ത് ബീച്ച്. അതിസുന്ദരമായ കടൽകാഴ്ചകളാണ് ഈ ബീച്ച് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.

സിനിമാതാരങ്ങളടക്കം നിരവധി പ്രശസ്തരും അപ്രശസ്തരും സ്ഥിരമായി സന്ദർശിക്കുന്ന ഒരിടമാണിത്. നൈറ്റ് ക്ലബ്ബുകളും പുരാതന കെട്ടിടങ്ങളും ഷോപ്പിംഗ് പ്രേമികളെ തൃപ്തിപ്പെടുത്തുന്ന നിരവധിയിടങ്ങളുമൊക്കെയാണ് ബീച്ചിലെ മറ്റു ആകർഷണങ്ങൾ. ഓരോ വർഷത്തിലും ഇവിടെ ധാരാളം ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്. വിന്റർ മ്യൂസിക് കോൺഫറൻസ്, സൗത്ത് ബീച്ച് വൈൻ ആൻഡ് ഫുഡ് ഫെസ്റ്റിവൽ, മെഴ്‌സിഡസ് ബെൻസ് ഫാഷൻ വീക്ക് എന്നിവ ഇവയിൽ ചിലതുമാത്രം.

priyanka-trip3

യാത്രകളിൽ കൂടെയുണ്ടാകുന്നത്

ദൈവ വിഗ്രഹങ്ങൾ, മെയ്ക്ക് അപ്പ് ബാഗ്, ഐ പാഡ്, അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ്. എയർ പോർട്ടുകളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമ്പോൾ അവിടെയുള്ള ഷോപ്പുകളിൽ നിന്നും ചെറിയ ഷോപ്പിംഗ് നടത്താറുണ്ടെന്നും അന്നേരങ്ങളിൽ മിക്കപ്പോഴും വാങ്ങുക ഷൂസ് ആണെന്നും താരസുന്ദരി പറയുന്നു.

യാത്രകളിൽ നിന്നും ലഭിച്ചത്

യാത്രകൾ എപ്പോഴും അറിവ് നൽകുന്നവയാണെന്നും തന്നിലുള്ള സർഗാത്മകത, സഹാനുഭൂതി, ജ്ഞാനം എന്നിവ വളരുന്നതിന് യാത്രകൾ സഹായിച്ചിട്ടുണ്ടെന്നും പ്രിയങ്ക ചോപ്ര വിശദീകരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA