ADVERTISEMENT

വർഷം മുഴുവൻ ഐസ് മൂടി കിടക്കുന്ന ആർട്ടിക്, അന്റാർട്ടിക്ക് ധ്രുവങ്ങൾ പഠിക്കുന്ന കാലം തൊട്ടേ ഒരു മോഹമാണ്. അതു നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. മഞ്ഞു പാളികളാൽ മൂടിക്കിടക്കുന്ന ആർട്ടിക് ധ്രുവത്തിൽപെട്ട ഫിൻലൻഡ് വിനോദയാത്രയ്ക്കായി തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ. ഒപ്പം ‘‘നോർത്തേൺ ലൈറ്റ്സ്’’ എന്ന പ്രതിഭാസം കാണാൻ ഉള്ള ആഗ്രഹവും ഇവിടം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതായി. ശൈത്യകാലത്ത് നോർത്തേൺ ലൈറ്റ്സ് കാണാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ് ഫിൻലൻഡ്.

ക്രിസ്മസിന് സമ്മാനങ്ങളുമായി വരുന്ന സാന്റാക്ലോസ് അപ്പൂപ്പന്റെ നാട് ഫിൻലൻഡിലെ റോവേനിമിയാണ്. വർഷത്തിൽ 365 ദിവസവും ഫിൻലൻഡുകാർക്ക് സാന്റാക്ലോസ് അപ്പൂപ്പനെ കാണാൻ കഴിയും. ലോകത്ത് ഏറ്റവും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുന്ന ജനങ്ങൾ താമസിക്കുന്ന രാജ്യവും ഇതു തന്നെ. അവിടെയുള്ള തുറസ്സായ സ്ഥലങ്ങളിൽ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടു സഞ്ചരിക്കുന്നതിനെ ‘Everyman's right (Jokamiehen Oikeus) എന്നാണ് ഫിൻലൻഡുകാർ പറയുന്നത്. Angry Birds ആൻഡ് clash of clan  എന്നീ ഗെയിംസുകളുടെ ഉറവിടവും ഫിൻലൻഡാണ്. അങ്ങനെ ഈ രാജ്യത്തെ അറിയും തോറും അവിടം സന്ദർശിക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു....

യാത്രയ്ക്കുള്ള ഒരുക്കം

finland-cruise-trip2

യാത്രയ്ക്ക് മൂന്നു മാസം മുൻപേ ഫിൻലൻഡില്‍ പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങി. െചലവ് കുറഞ്ഞതും സുരക്ഷിതവുമായ വിമാനയാത്ര, തണുപ്പിനെ ചെറുക്കാൻ പറ്റിയ വസ്ത്രങ്ങൾ, ഓരോ ദിവസവും എവിടെയൊക്കെ സഞ്ചരിക്കണം, ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി ചാർട്ട് ചെയ്യാൻ ഇതുമൂലം സാധിച്ചു. രണ്ടാഴ്ചത്തെ ഫിൻലൻഡ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് ‘ഐസ് ബ്രേക്കിങ്’ കപ്പലിനെപ്പറ്റി കേട്ടത്.

തണുപ്പ് കാലത്ത് ഫിൻലൻഡിലെ നദികളും കുളങ്ങളും കടലും ഐസ് കൊണ്ട് മൂടപ്പെടും. ആറു മുതൽ എട്ട് ഇഞ്ച് വരെ ഈ ഐസ് പാളികൾക്കു കട്ടി കാണും. മഞ്ഞുറഞ്ഞ കടലിലൂടെ കപ്പലിൽ യാത്ര ചെയ്യുക എങ്ങനെയായിരിക്കും എന്ന ചിന്ത ‘ടൈറ്റാനിക്’ സിനിമയിലേക്കാണ് എത്തിച്ചത്. മഞ്ഞുപാളികൾ മുറിച്ചുമാറ്റി കൊണ്ടു കടലിലൂടെ കപ്പൽ യാത്ര നടത്തുക സാഹസികമായിരിക്കുമെന്ന ചിന്ത കുറച്ചൊന്നുമല്ല പേടിപ്പെടുത്തിയത്. എങ്കിലും എന്തു വന്നാലും ഈ സാഹസിക യാത്രയ്ക്കു തയാറെടുക്കാൻ തന്നെ തീരുമാനിച്ചു. 

finland-cruise-trip1

ഫിൻലൻഡ് വിനോദ കപ്പൽ യാത്രയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ മഞ്ഞുപാളികളെ കീറിമുറിച്ചു കൊണ്ടു മുന്നോട്ട് പോകുന്ന കപ്പലും ‘ഗൾഫ് ഓഫ് ബോത്നിയ’ കടൽവെള്ളത്തിലെ നീന്തലും ആണ്. 

ഫിൻലൻഡിന്റെ വടക്കു ഭാഗത്തുള്ള ലാപ്‍ലാൻഡ് എന്ന സ്ഥലമാണ് താമസത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. വളരെ കുറച്ച് ജനവാസകേന്ദ്രമുള്ള ലാപ്‍ലാൻഡ് സ്വീഡൻ, നോർവെ, റഷ്യ, ബാൾട്ടിക് കടൽ എന്നിവയുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ്. ഈ വിനോദയാത്ര ഒരുക്കുന്ന പരിചയസമ്പന്നരായ രണ്ടു പ്രശസ്ത കമ്പനികളാണ് സാംപോയും പോളാർ എക്സപ്ലോററും. അതിൽ ‘‘പോളാർ എക്സ്പ്ലോറർ’’ എന്ന കമ്പനിയെ തെരഞ്ഞെടുത്തു. കാരണം, ആ കമ്പനിയുടെ പാക്കേജിൽ റോവേനിമി ഹോട്ടലിൽ നിന്ന് ബസ് യാത്രയും സ്വീഡനിലെ പരമ്പരാഗതമായ ഗ്രാമത്തിലെ ഉച്ചഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നു. ഈ ഒരു ദിവസത്തെ യാത്രയുടെ മുഴുവൻ ചെലവ് ഒരാൾക്കു ഏകദേശം 335 യൂറോ ആണ്. പോളാർ എക്സ്പ്ലോററിന്റെ വെബ്സൈറ്റിൽ പോകാനുദ്ദേശിക്കുന്ന ദിവസം, താമസസ്ഥലം യാത്രക്കാരുടെ എണ്ണം, പാസ്പോർട്ടിലെ വിവരങ്ങൾ ഇവ സഹിതം നിശ്ചിത തുക അടച്ചു ബുക്ക് ചെയ്താൽ ഉടനെ തന്നെ വിവരം ലഭിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പോകണമെങ്കിൽ ഷെൻഗൻ വീസ ആവശ്യമാണ്. VFS ഏജൻസി വഴിയാണ് വീസയ്ക്ക് അപേക്ഷ നൽകിയത്. എല്ലാ രേഖകളും ശരിയാണെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ വീസ ലഭിക്കും. 

ഐസ് ബ്രേക്കിങ് ഡേ

ഫിൻലൻഡ് യാത്രയിലെ അഞ്ചാം ദിവസമാണ് ഐസ് ബ്രേക്കിങ്ങിനു വേണ്ടി മാറ്റിവച്ചത്. ലാപ്‍ലൻഡിലെ തലസ്ഥാനമായ റോവേനിമിയിലെ പ്രസിദ്ധമായ സാന്റാക്ലോസ് ഹോളിഡേ വില്ലേജിലായിരുന്നു താമസം. ഫിൻലൻഡുകാർ ഇതിനെ സാന്റാക്ലോസിന്റെ ഭവനമായി വിളിച്ചു വരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞുപോയ റോവേനിമി പട്ടണം ആധനിക നഗരമായി ഫിൻലൻഡുകാർ പുനർനിർമിച്ചതാണ്. രാവിലെ 6.45 ന് തന്നെ പുറപ്പെടേണ്ടതിനാൽ ‘‘ഇൻസ്റ്റന്റ് നൂഡിൽസ്’’ കഴിച്ചു യാത്രയ്ക്കു തയ്യാറായി. ഹോട്ടലിന്റെ വെളിയിൽ ഓരോ ദിവസത്തെയും അന്തരീക്ഷ ഊഷ്മാവ് അളക്കുന്നതിനുള്ള തെർമോമീറ്റർ ഉണ്ട്. അതിൽ അന്നത്തെ അന്തരീക്ഷ ഊഷ്മാവ് –20 രേഖപ്പെടുത്തിയിരുന്നു. കൃത്യം 6.45 ന് എത്തിയ ബസിൽ നിന്ന് ഗൈഡായ സ്ത്രീ ഇറങ്ങി വന്ന് ഞങ്ങളുടെ രേഖകൾ പരിശോധിച്ചു....

finland-cruise-trip3

റോവേനിമിയിൽ നിന്നു സ്വീഡൻ പോർട്ടിലേക്ക് രണ്ട് മണിക്കൂർ ബസ് യാത്രയുണ്ട്. ലാപ്‍ലാൻഡിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിച്ചു കൊണ്ടുള്ള യാത്ര. തണുത്തുറഞ്ഞ നദികളും ഇടയ്ക്കിടെ മഞ്ഞിലൂടെ ഓടുന്ന റെയ്ൻ ഡിയറുകളും മഞ്ഞുകൊണ്ട് തൊപ്പി വച്ച വീടുകളും പൈൻ മരങ്ങളും എല്ലാം യാത്രയിൽ വളരെ മനോഹരങ്ങളായ കാഴ്ചകളായി. 

കൃത്യസമയത്തു സ്വീഡിഷ് പോർട്ടിൽ എത്തി. സ്വീഡൻ സമയം ഫിൻലൻഡ് സമയത്തേക്കാൾ ഒരു മണിക്കൂർ കുറവാണ്. പോളാർ എക്സ്പ്ലോറർ എന്ന കപ്പൽ യാത്രികരെ പ്രതീക്ഷിച്ച് പോർട്ടിലുണ്ടായിരുന്നു. 78 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള കപ്പലിന് ഏഴു ഡെക്കുകൾ ഉണ്ട്. കപ്പലിൽ കയറുന്നതിന് മുൻപ് കപ്പലിന്റെ മുൻവശത്തു നിന്ന് ഫോട്ടോ എടുത്തു. കപ്പലിന്റെ പ്രധാനപ്പെട്ട പ്രവേശന കവാടത്തിലേക്ക് പ്രവേശിക്കുന്നതിന് അതായത് മൂന്നാമത്തെ ഡെക്കിലേക്ക് കയറുന്നതിന് കപ്പൽ ജീവനക്കാർ സഹായിച്ചു. ഇതാണ് കപ്പലിലെ ഏറ്റവും വിശാലമായ ഡെക്ക്.

ലഘുഭക്ഷണങ്ങൾ ലഭിക്കുന്ന കഫെറ്റിരിയ കപ്പലിലെ നാലാം നിലയിലാണ്. യാത്രയിൽ ഉടനീളം കപ്പലിൽ എവിടെയും സഞ്ചരിക്കുന്നതിന് സഞ്ചാരികൾക്ക് സ്വാതന്ത്ര്യം ഉണ്ട്. കഫെറ്റിരിയയിൽ നീന്തലിനുള്ള സമയം രേഖപ്പെടുത്തിയ ബോർഡ് കാണാം. മഞ്ഞു പാളികൾ മുറിച്ചു മാറ്റുന്ന ഏറ്റവും  മനോഹരമായ കാഴ്ച ആസ്വദിക്കുന്നതിനു വേണ്ടി അ‍ഞ്ചാം നിലയിലെത്തി. അവിടെ ധാരാളം സഞ്ചാരികൾ കപ്പലിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാനുള്ള തിരക്കിലായിരുന്നു. 

കപ്പലിന്റെ ഇരുവശങ്ങളിൽ നിൽക്കുമ്പോഴാണ് ഏറ്റവും മനോഹരമായി മഞ്ഞുപാളികൾ മുറിച്ചു മാറ്റുന്നത് കാണാൻ സാധിക്കുന്നത്. രണ്ട് മീറ്റർ വരെ ഘനമുള്ള മഞ്ഞുപാളികളെ കീറിമുറിക്കാൻ പ്രാപ്തിയുള്ള, 45 ഡിഗ്രി കോണിൽ രണ്ടു വാളുകളോടു കൂടിയ രീതിയിലാണ് കപ്പലിന്റെ മുൻഭാഗം നിർമിച്ചിട്ടുള്ളത്. കപ്പലിന്റെ പ്രവർത്തനവും ചരിത്രവും വിശദീകരിക്കുന്ന വിഡിയോ പ്രദർശനം കപ്പലിന്റെ തിയറ്ററിൽ ഒരുക്കിയിരുന്നു. സഞ്ചാരികളെല്ലാം ഫോട്ടോ എടുക്കുന്നതിനും ഐസ് ബ്രേക്കിങ് കാണുന്നതിനും കൂടുതൽ സമയം ഡെക്കിൽ ചെലവഴിച്ചു. 

കടലിൽ നടക്കാം നീന്താം

ഒന്നര മണിക്കൂർ യാത്രയ്ക്കു ശേഷം കടലിൽ നീന്തുന്നതിനു വേണ്ടി കപ്പൽ നങ്കുരമിട്ടു. നേരത്തേ സൂചിപ്പിച്ചതു പോലെ മഞ്ഞ റിബൺ ധരിച്ചവർക്കു നീന്തുന്നതിനുള്ള സമയം 11 മണിയായിരുന്നു. നീന്തലിന് ഇനിയും അര മണിക്കൂർ ഉള്ളതിനാൽ മഞ്ഞുപാളികളാൽ മൂടപ്പെട്ട കടലിൽ കൂടി നടക്കുന്നതിനും അതിന്റെ ഫോട്ടോ എടുക്കുന്നതിനും തീരുമാനിച്ചു. അതിനു മുന്നോടിയായി കപ്പൽ ജീവനക്കാരൻ കടലിലെ മഞ്ഞുപാളികൾ നടക്കാൻ പാകത്തിൽ കട്ടിയുള്ളതാണോയെന്ന് പരിശോധിച്ചു ഉറപ്പു വരുത്തി. ചക്രവാളത്തെ മുത്തമിട്ടു കിടക്കുന്ന മഞ്ഞുറഞ്ഞ കടലിന്റെ മനോഹരമായ ദൃശ്യങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തു. തുടർന്നു നീന്തലിനുള്ള തയാറെടുപ്പുകൾ നടത്താൻ ഡെക്ക് മൂന്നിലേക്ക് പോയി. 

കടലിൽ നീന്തുന്നതിനു പ്രത്യേകതരം ജാക്കറ്റുകളുണ്ട്. കപ്പലിലെ യന്ത്രം മഞ്ഞുപാളികൾ മുറിച്ചു മാറ്റിയ സമുദ്രത്തിന്റെ ആഴം 10 മുതൽ 15 മീറ്റർ വരെ വരും. ആ സമയത്ത് അന്തരീക്ഷ ഊഷ്മാവ് –20 ഡിഗ്രി ആയിരുന്നു. കടലിൽ നീന്തുന്നതിനു വേണ്ടി ജാക്കറ്റ് ധരിച്ചു ജീവനക്കാരുടെ സഹായത്തോടെ നീന്തൽ ആരംഭിച്ചു. ഏകദേശം എട്ടു മണിക്കൂർ വരെ ഈ ജാക്കറ്റ് ധരിച്ചു കടൽ വെള്ളത്തിൽ നീന്താൻ കഴിയും. നീന്തൽ വശമില്ലാത്തവർക്കും ഈ ജാക്കറ്റ് ധരിച്ചു നീന്താം. കപ്പൽ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലയെങ്കിലും കടലിൽ നീന്താൻ 123 സെന്റിമീറ്ററിൽ കൂടുതൽ പൊക്കവും ഏഴു വയസ്സു കഴിഞ്ഞവരുമായ കുട്ടികൾക്കും മുതിർന്നവർക്കുമേ അനുവാദമുള്ളൂ.

എട്ടു മണിക്കൂർ വരെ പ്രത്യേകതരം ജാക്കറ്റുപയോഗിച്ചു നീന്താൻ കഴിയും. പക്ഷേ, സമയത്തിന്റെ പരിമിതി മൂലം അധികസമയം നീന്താൻ കഴിയാതെ തിരികെ കയറേണ്ടി വന്നു. സമുദ്ര ജലത്തിൽ നീന്തുമ്പോൾ നമുക്കുണ്ടാകുന്ന ഉണർവും ഉന്മേഷവും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ആ അനുഭവം ജീവിതത്തിൽ എന്നും ഓർമയിൽ നിലനിൽക്കുന്നതാണ്. നീന്തലിനുശേഷം ചൂടുള്ള ബെറിജ്യൂസ് ജീവനക്കാർ സഞ്ചാരികൾക്കെല്ലാം നൽകി. 

അവിസ്മരണീയമായ നീന്തൽ അനുഭവങ്ങൾക്കു ശേഷം കടൽ പരപ്പിൽ നിന്ന് 14 മീറ്റർ ഉയരത്തിലുള്ള ക്യാപറ്റന്റെ മുറിയിലേക്കു പോയി. സംഭാഷണപ്രിയനായ ഫ്രഞ്ചുകാരൻ ക്യാപ്റ്റൻ കപ്പലിന്റെ വിവിധങ്ങളായി പ്രവർത്തനങ്ങളെ സംബന്ധിച്ചും മഞ്ഞുപാളികളാൽ മൂടപ്പെട്ട കടലിൽ കൂടിയുള്ള യാത്രയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെപ്പറ്റിയും എല്ലാം വിശദമായി വിവരിച്ചു. ഓരോ രാജ്യത്തിന്റെയും ജലാതിർത്തി കടക്കുമ്പോൾ ആ രാജ്യത്തിന്റെ പതാക കപ്പലിൽ ഉയർത്തണമെന്നാണ് നിയമം. ഈ കാരണത്താൽ‌ വിവിധ രാജ്യങ്ങളിലെ പതാകകൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു. അവിസ്മരണീയമായ കപ്പൽ യാത്രയുടെയും സാഹസിക നീന്തലിന്റെയും ഓർമയ്ക്കായി ക്യാപ്റ്റൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 

തിരികെ യാത്ര

കപ്പൽ യാത്രയ്ക്കു ശേഷം ഉച്ചഭക്ഷണത്തിനായി ബസിൽ സ്വീഡിഷ് ഗ്രാമത്തിലേക്ക് യാത്രയായി. ഫിൻലന്‍ഡിനെയും സ്വീഡനെയും വേർതിരിക്കുന്ന നദിയുടെ കരയിലാണ് ഉച്ചഭക്ഷണത്തിനുള്ള റസ്റ്ററന്റ്. സ്വീഡിഷ് പരമ്പരാഗത രീതിയിലുള്ള ഭക്ഷണമായിരുന്നു ഹോട്ടലിൽ തയാറാക്കിയിരുന്നത്. റസ്റ്റന്റിൽ നിന്ന് വശങ്ങളിലുള്ള ഗ്ലാസിലൂടെ നദിക്കരയിലേക്കു നോക്കുമ്പോഴുള്ള ദൃശ്യങ്ങൾ കണ്ണിന് വിരുന്നായി. സ്വീഡന്റെ നദിക്കരയിൽ നിന്ന് ഫിൻലൻഡിലേക്കു നോക്കുമ്പോൾ ചുവന്നചായം പൂശിയ മഞ്ഞു തൊപ്പികൾ ധരിച്ചതു പോലെയുള്ള വീടുകളും നദിയിലൂടെ ഒഴുകി വരുന്ന മഞ്ഞുകട്ടകളും ക്യാമറയിൽ പകർത്തി. സ്വീഡനിലെ ജനങ്ങൾ സഞ്ചാരികളോട് വളരെ ഹൃദ്യമായാണ് പെരുമാറിയത് ‘ഐസ് ഫിഷിംങ്’ അവരുടെ വിനോദങ്ങളിലൊന്നായിരുന്നു. മൽസ്യം പിടിക്കുന്ന കാഴ്ച വളരെ രസകരമായിരുന്നു. അവർ മഞ്ഞുപാളികളിൽ ദ്വാരം ഉണ്ടാക്കി നദിയിൽ നിന്ന് മീൻ പിടിക്കുന്ന രീതി ഞങ്ങളെ പഠിപ്പിച്ചു. 

മഞ്ഞുമലകൾ നിറഞ്ഞ കരയിലും കടലിലും ഉള്ള സ്വർഗീയാനുഭൂതി നൽകിയ യാത്രകൾക്കു ശേഷം ഫിൻലൻഡിലേക്കു തിരികെ ബസിൽ യാത്രയായി. യാത്രയുടെ മാസ്മരികതയിൽ എല്ലാം മറന്നുറങ്ങിയപ്പോഴും മനസ്സു നിറയെ ഐസു നിറഞ്ഞ കടലും അതിനെ കീറിമുറിച്ചു പോകുന്ന കപ്പലുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com