sections
MORE

കുന്നിൻ മുകളിലെ കൊലക്കളം 

HIGHLIGHTS
  • തടവുകാർ തിങ്ങിനിറഞ്ഞ സെൽമുറികളിൽ ഗ്രനേഡുകൾ പൊട്ടിച്ചാണ് കൂട്ടക്കൊല നടത്തിയത്.
  • സൊലോഷിവ് കാസ്‌ലിലെ ചൈനീസ് പാലസ്
.ചൈനീസ് പാലസും ഡച്ച് പാലസും
SHARE

ഉക്രെയ്ൻ ഡയറി അദ്ധ്യായം : 13 

സൊലോഷിവ് കാസ്‌ലിലെ ചൈനീസ് പാലസിനുള്ളിൽ കയറിയാൽ ചൈനയിലെ ഏതോ കൊട്ടാരത്തിലെത്തിയതുപോലെ തോന്നും. കൊട്ടാരത്തിന്റെ നിർമ്മാണശൈലി മുതൽ തുടങ്ങുന്ന ചൈനീസ് സ്പർശം വിളക്കു കാലുകളിൽ പോലും തുടുരുന്നു. എന്നാൽ ഇതു പണിത തച്ചന്മാരിൽ ആരും തന്നെ ചൈനീസ് കൊട്ടാരങ്ങളൊന്നും കണ്ടിട്ടേയില്ല എന്നതാണ് കൗതുകകരം. 'ഇതൊക്കെയങ്ങ് ഊഹിക്കരുതോ!' എന്ന മട്ടിൽ പണിതതാണെങ്കിലും സംഗതി ഏറ്റു. ടിപ്പിക്കൽ ചൈനീസ് ശൈലി എങ്ങനയോ കൊട്ടാരത്തിനു വന്നു ചേർന്നു. പിന്നീട് പലപ്പോഴായി 'ഒറിജിനൽ ചൈനീസ് അലങ്കാരവസ്തുക്കൾ' കൊട്ടാരത്തിലെത്തിച്ച് ഇന്റീരിയർ ഡെക്കറേഷൻ നടത്തി, രാജ്ഞിയായിരുന്ന മേരി.

ചൈനീസ് കൊട്ടാരം പണിയുന്നതിന് 100 വർഷം മുമ്പ് 1634ൽ പണിത ഡച്ച് പാലസിന് രക്തം ഉറഞ്ഞുപോകുന്ന കഥകൾ പറയാനുണ്ട്. തുടക്കത്തിൽ തന്നെ പ്രശ്‌നങ്ങളാണ് കൊട്ടാരത്തെ കാത്തിരുന്നത്. പണിത് 40 വർഷം കഴിഞ്ഞപ്പോൾ തുർക്കികൾ സൊലോഷിവ് നഗരം വളഞ്ഞ് കൊട്ടാരത്തിന് തീയിട്ടു. വെന്തുവെണ്ണീറായിപ്പോയി കൊട്ടാരം.എന്നാൽ പെട്ടെന്നു തന്നെ കൊട്ടാരത്തിന്റെ ഉടമ സൊബിസ്‌കി പ്രഭു സൊലോഷിവ് നഗരം തിരികെ പിടിച്ചു. എന്നിട്ട് തുർക്കികളോട് കൊട്ടാരം പുനർനിർമ്മിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ പുനർനിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ഈ കാണുന്നത്.

സെലോഷിവ് കാസ് ലിലെ ചൈനീസ് പാലസ്

ചൈനീസ് കൊട്ടാരത്തിന്റെ നിർമ്മാണ കൗശലങ്ങളൊന്നും ഡച്ച് പാലസിനില്ല. ചതുരാകൃതിയിൽ, നിറയെ ജനാലകളുള്ള ഒരു ഗോഡൗൺ എന്നു തോന്നും ഡച്ച് പാലസ് കണ്ടാൽ. ഗോഡൗണിന്റെ നിർമ്മാണരീതിയും വലിയ നിലവറകളും ഹാളുകളും മറ്റും ഉള്ളതുകൊണ്ടാവണം, ഉക്രെയ്‌നിന്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ ഏതാനും വർഷങ്ങൾക്ക് ഡച്ച് പാലസ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. അക്കഥ ഇങ്ങനെ:

ചൈനീസ് പാലസും ഡച്ച് പാലസും (വലത്)

1939ൽ സോവിയറ്റ് സൈന്യം സൊലോഷിവ് കീഴടക്കി. അന്നത്തെ റഷ്യൻ ചാരസംഘടനയായ എൻ കെ പി ഡി (ഇന്ന് കെ ജി ബി) യുടെ കോൺസൻട്രേഷൻ ക്യാമ്പായി സൊലോഷിവ് കാസ്ൽ മാറി. അവർ സോവിയറ്റ് യൂണിയനെതിരെ പ്രതികരിച്ച ഉക്രെയ്ൻ ദേശീയവാദികൾ, കവികൾ, ബുദ്ധിജീവികൾ, രാഷ്ട്രീയനേതാക്കൾ എന്നിവരെ പിടികൂടി കാസ്‌ലിൽ എത്തിച്ചു. കൊടിയ മർദ്ദനങ്ങൾക്ക് അവർ ഇരയായി. അവരിൽ പലരും ഏറെ താമസിയാതെ മരണത്തിന് കീഴടങ്ങി. 649 പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും ഉക്രെയ്ൻ ജനത ആരാധിച്ച സാഹിത്യകാരന്മാരും ബുദ്ധിജീവികളുമായിരുന്നു.

ചൈനീസ് പാലസിന്റെ ഉൾവശം

1941 ജൂണിൽ നാസിപ്പട  സൊലോഷിവ് കീഴടക്കിയപ്പോഴാണ് ഏറ്റവും കൂരമായ കൂട്ടക്കൊല നടന്നത്. അന്ന് ഡച്ച് പാലസിൽ കസ്റ്റഡിയിലുണ്ടായിരുന്ന എല്ലാവരെയും നാസികൾ കഴുത്തറുത്ത് കൊന്നു. തുടർന്ന് ഉക്രെയ്‌നിലെങ്ങും നാസിപ്പടയുടെ ക്രൂരത അരങ്ങേറി. എല്ലാ ജയിലുകളിലും നാസികളെത്തി, തടവുകാരെ കൊന്നൊടുക്കി. തടവുകാർ തിങ്ങിനിറഞ്ഞ സെൽമുറികളിൽ ഗ്രനേഡുകൾ പൊട്ടിച്ചാണ് കൂട്ടക്കൊല നടത്തിയത്.

ഡച്ച് പാലസിന്റെ താഴത്തെ ഹാളിൽ അക്കാലത്ത് കൊല്ലപ്പെട്ട ഏതാനും ഹതഭാഗ്യരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ സെല്ലുകളും മർദ്ദനോപകരണങ്ങളും പ്രദർശനവസ്തുക്കളിൽ പെടുന്നു. അവയ്ക്കിടയിൽ സൊബിസ്‌കി പ്രഭുവിന്റെ സപ്രമഞ്ചകട്ടിലും സിംഹാസനവും മറ്റും കാണാമെങ്കിലും ക്രൂരതയുടെ കഥകൾ പറയുന്ന കൊട്ടാരത്തിനുള്ളിൽ അവയുടെ ശോഭയൊന്നും നമ്മുടെ കണ്ണിൽ പെടില്ല എന്നതാണ് വാസ്തവം.

ഡച്ച് പാലസിലൂടെ നടക്കുമ്പോൾ ഞാനാലോചിച്ചത് മറ്റൊന്നാണ്. അക്കാലത്ത് ഉക്രെയ്‌നിൽ ആയിരക്കണക്കിന് ജൂതന്മാരുണ്ടായിരുന്നു. നാസികളുടെ പ്രധാന ശത്രുക്കൾ ജൂതന്മാരായിരുന്നല്ലോ. റഷ്യക്കാരെ കൊല്ലുന്നതിനെക്കാൾ അവർ 'ആനന്ദം അനുഭവി'ക്കുന്നത് ജൂതന്മാരെ കൊല്ലുമ്പോഴാണല്ലോ.

ഗൂഗിളിൽ പരതിയപ്പോൾ എന്റെ ചിന്ത ശരിയാണെന്നു ബോധ്യപ്പെട്ടു. ഉക്രെയ്‌നിലെ ജൂതന്മാരിൽ ബഹുഭൂരിപക്ഷത്തെയും കൊന്നൊടുക്കിയിട്ടാണത്രെ നാസികൾ മടങ്ങിയത്. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ ഈ കാസ്‌ലിൽ വെച്ച് 2000 ജൂതന്മാരെ കൊന്നൊടുക്കി, നാസിപ്പട. യുദ്ധശേഷം കണക്കെടുത്തപ്പോൾ ശേഷിച്ചത് 200 ജൂതന്മാർ മാത്രം. അതിൽ അഞ്ചുകുട്ടികളുമുണ്ടായിരുന്നു .അതിലൊരാളാണ് 1981ൽ കെമിസ്ട്രിക്ക്  നോബൽ സമ്മാനം നേടിയ റൊവാൾഡ് ഹോപ്പ്മാൻ.

ചൈനീസ് പാലസ്

2649 പേരുടെ ഉയിരെടുത്ത കൊലക്കളമാണ് സൊലോഷിവ് കാസ്‌ലെന്നു ബോധ്യപ്പെട്ടപ്പോൾ കാലുകൾപെരുത്തു. ഡച്ച്പാലസിന്റെ ഉള്ളിലെ വായുവിന് കനം വെയ്ക്കുന്നതുപോലെ തോന്നി. ഞാൻ കാലുകൾ വലിച്ചു വെച്ച് പുറത്തെത്തി, നീലാകാശത്തിലേക്ക് നോക്കി ശ്വാസം വലിച്ചുവിട്ടു. എന്നിട്ട്, എത്ര ഭാഗ്യവാനായാണ് ഞാൻ പിറന്നതും വളർന്നതും എന്നോർത്ത് ദൈവത്തിന് നന്ദി പറഞ്ഞു.ഹൈ കാസ്‌ലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി ഇന്നു കാണാമെന്ന് ഇവാൻ പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ഓൾഡ് സിറ്റിയിൽ നിന്ന് ഹൈകാസ്‌ലിൽ പ്രവേശിക്കുന്ന ഭാഗം അടച്ചിരിക്കുകയാണ്. മറ്റൊരു ഭാഗത്തുകൂടി മലകയറി ഹൈകാസ്‌ലിലെത്താം.സൊലോഷിവിൽ നിന്ന് ഇവാന്റെ കാർ തിരികെ ലിവീവിലേക്ക് പാഞ്ഞു. ഏതൊക്കെയോ ഊടുവഴികൾ താണ്ടി ഒരു മലയുടെ താഴെയുള്ള പാർക്കിംഗ് ഗ്രൗണ്ടിലെത്തി.

‍‍ഡച്ച് പാലസ്

ഞങ്ങളുടെ മുന്നിൽ വലിയൊരു മല നെഞ്ചുവിരിച്ചു നിന്നു. മലയുടെ പലഭാഗങ്ങളിലും ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്. ഒരു ഒറ്റയടിപ്പാത, വശങ്ങളിൽ കമ്പിവേലിയോടെ, മേലോട്ടു കയറിപ്പോകുന്നുണ്ട്. ഈ വഴി കയറിയാൽ ഹൈകാസ്‌ലിന്റെ ഉച്ചിയിലെത്താമെന്ന് പറഞ്ഞു തന്നിട്ട് ഇവാൻ സീറ്റ് മറിച്ചിട്ട് ലാവിഷായി കിടന്ന് മൊബൈലിൽ കാമുകിയോട് ശൃംഗരിക്കാൻ ആരംഭിച്ചു.

ഞങ്ങൾ ചൂട് വകവെക്കാതെ ഒറ്റയടിപ്പാതയിലൂടെ നടന്നുകയറി. കയറിപ്പോകുന്നവരിലും ഇറങ്ങിവരുന്നവരിലും ഏറെയും കാമുകീകാമുകന്മാരാണ്. ഇടയ്ക്ക് നടന്ന് ക്ഷീണിച്ച് നിയാസ് എന്റെ കൈപിടിച്ചപ്പോൾ ഞാൻ വിലക്കി. 'അരുത് കാട്ടാളാ... ജനം തെറ്റിദ്ധരിക്കും' - ഞാൻ പറഞ്ഞു. 'പലരാജ്യങ്ങളിലും ആണും ആണും കൈകോർത്തു നടന്നാൽ സ്വവർഗ്ഗപ്രേമികളായി തെറ്റിദ്ധരിക്കപ്പെടും'.നിയാസ് കൈ വലിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഞാൻ മല കയറ്റം തുടർന്നു.

ഹൈ കാസ് ലിന്റെ മേലെ നിന്നുള്ള ദൃശ്യം 

ഹൈ കാസ്‌ലിന്റെ ചരിത്രം നേരത്തെ വിവരിച്ചതാണല്ലോ.. സമുദ്ര നിരപ്പിൽ നിന്ന് 1355 അടിമേലെ, മലമുകളിൽ, 13-ാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്. ചുറ്റും കോട്ടമതിൽ നിർമ്മിച്ച് കൊട്ടാരത്തെ സുരക്ഷിതമാക്കിയിരുന്നു. ഉക്രെയ്ൻ ആക്രമിച്ച എല്ലാ വിദേശികളും പ്രധാനമായും ലക്ഷ്യം വെച്ചത് ഹൈകാസ്‌ലിനെ ആയിരുന്നതു കൊണ്ട് പലതവണ കൊട്ടാരം നശിപ്പിക്കപ്പെട്ടു.

 പുനർനിർമ്മിച്ച് കഴിയുമ്പോഴേക്കും വരും, അടുത്ത യുദ്ധം. അങ്ങനെ യുദ്ധങ്ങളുടെ നിരവധി നൂറ്റാണ്ടുകൾ  പിന്നിടവേ, 1700 ൽ കോട്ടമതിൽ സ്വീഡിഷ് സൈന്യം പൂർണ്ണമായും പൊളിച്ചു കളഞ്ഞു. 19-ാം നൂറ്റാണ്ടിൽ കോട്ട പൂർണ്ണമായും പ്രകൃതിക്ക് കീഴടങ്ങി. ഇപ്പോൾ അവിടവിടെയായി പുതിയ നിർമ്മിതകൾ കാണാമെങ്കിലും പഴയ കോട്ട കരിങ്കൽ ചീളുകളായി മാറിക്കഴിഞ്ഞു.1957ൽ കോട്ട നിന്നിരുന്ന കുന്നിനുമേലെ ഒരു ടെലിവിഷൻ ടവർ വന്നു. കൂടാതെ ഒരു ഒബ്‌സർവേഷൻ ഡക്കും കുന്നിനു മുകളിൽ സ്ഥാപിക്കപ്പെട്ടു. ഞങ്ങൾ നടന്ന് കുന്നിന്റെ നെറുകയിലെത്തി. ഒബ്‌സർവേഷൻ ഡെക്ക് എന്നു പറയുന്നത് ഒരു കോൺക്രീറ്റ് പ്ലാറ്റ്‌ഫോം മാത്രമാണ്. അതിൽ ഒരു കൊടിമരവുമുണ്ട്. ഉക്രെയ്ൻ പതാക കൊടിമരത്തിൽ പാറിക്കളിക്കുന്നു.

ലിവീവ് നഗരത്തിന്റെയും പാർശ്വപ്രദേശങ്ങളെയും വിഹഗവീക്ഷണം ഇവിടെ നിന്നാൽ ലഭിക്കും. നിറയെ മരങ്ങൾവളർന്നു നിൽക്കുന്ന നാടാണ് ലിവീവെന്ന്  ഇവിടെ നിൽക്കുമ്പോൾ കണ്ടറിയാം. ഇടയ്ക്കിടെ കോൺക്രീറ്റ് മന്ദിരങ്ങൾ ഉണ്ടെങ്കിലും പ്രകൃതിക്കാണ് പരിഗണന കൂടുതൽ.

ഹൈ കാസ് ലിന്റെ മേലെ നിന്നുള്ള ദൃശ്യം 

കുന്നിൻമുകളിൽ അധികവുമുള്ളത് വ്യായാമത്തിനെത്തിയവരാണ്. പലതവണ കുന്ന് കയറുന്നത് നല്ല എക്‌സർസൈസാണല്ലോ. കൂടാതെ പ്രണയലീലികളിൽ മുഴുകിയിരിക്കുന്നവരുമുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ സദാചാരപോലീസിന് അഴിഞ്ഞാടാൻ പറ്റിയ അവസരം! സമയം നാലുമണി കഴിഞ്ഞു. സായാഹ്നസൂര്യന് ചൂടുണ്ട്. ഞങ്ങൾ മലയിറങ്ങി. ഇവാൻ നല്ല ഉറക്കത്തിലാണ്. ഞങ്ങൾ അവനെ വിളിച്ചുണർത്തി മുഖം കഴുകിച്ചു. അല്ലെങ്കിൽ  കാറോടിക്കുന്നതിനിടെ പയ്യൻ ഉറങ്ങിപ്പോയാലോ!

തിരികെ ഹോട്ടലിലെത്തി, കുളികഴിഞ്ഞ് ലിവീവിന്റെ രാത്രിക്കാഴ്ചകൾ കാണാനിറങ്ങി. ഓൾഡ് സിറ്റിയുടെ ചത്വരങ്ങളിൽ ആബാലവൃദ്ധം ജനങ്ങളും പലതരം വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. കുട്ടികൾ കളിപ്പാട്ടക്കാറുകൾ ഓടിച്ചു രസിക്കുന്നു. ചിലർ ഐസ്‌ക്രീം കഴിക്കുന്നു. ചിലർ വ്യായാമം ചെയ്യുന്നു, ചിലർ വയലിൻ വായിക്കുന്നു, ചിലർ മാലാഖമാരുടെ ചിറകുകൾ വിൽക്കുന്നു...കുറേനേരം കറങ്ങി നടന്നിട്ട് ഞങ്ങളൊരു കോഫിഷോപ്പിലിരുന്നു. ലിവീവ് കണ്ടു തീർന്നതിനാൽ നാളെ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല. നാളെത്തന്നെ അടുത്ത ലക്ഷ്യമായ ഒഡേസയിലേക്ക് പോയാലോ?

എങ്ങനെ ഒഡേസയിലെത്താം എന്നായി അടുത്ത ചിന്ത. കാർ, ബസ്, വിമാനം തുടങ്ങിയ യാത്രോപാധികൾ പരിശോധിച്ചു. എല്ലാത്തിനും തീവില! ഞങ്ങൾ തീപിടിച്ച തലയുമായി പരിശോധന തുടർന്നു...

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA