ADVERTISEMENT

ചില സ്ഥലങ്ങളെക്കാൾ സഞ്ചാരികളുടെ മനസ്സിൽ പതിയുക അങ്ങോട്ടേക്കുള്ള പാതകളാകും. സുന്ദരമായ അത്തരം നിരവധി പാതകൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്.  സാഹസികത നിറഞ്ഞതും മനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്നതുമായ അത്തരമൊരു പാതയാണ് നോർവേയിലെ അറ്റ്ലാന്റിക് സമുദ്രപാത. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകളിലൂടെയാണ് ഈ പാത നീണ്ടുനിവർന്നു കിടക്കുന്നത്. സഞ്ചാരികൾക്കു സ്വപ്നതുല്യമായ യാത്ര സമ്മാനിക്കുന്ന ഈ റോഡിലൂടെ ഒരു യാത്ര പോയാലോ? കടലിൽനിന്നു വീശിയടിക്കുന്ന കാറ്റും ഉയർന്നുപൊങ്ങി വരുന്ന തിരകളും ഈ യാത്രയിൽ സഞ്ചാരികൾക്കു കൂട്ടുവരും. 

നോർവേയിലെ ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ഈ പാത നിർമിച്ചിരിക്കുന്നത്. 8.2 കിലോമീറ്റർ മാത്രമാണ് നീളമെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന, വളഞ്ഞു പുളഞ്ഞു പോകുന്ന ആ പാത സമ്മാനിക്കുന്ന യാത്രാനുഭവം അവിസ്മരണീയമാണ്. 1983 ൽ നിർമാണം ആരംഭിച്ച ഈ പാത  പൂർത്തിയായത് ആറു വർഷം കൊണ്ടാണ്. നോർവേ കൗണ്ടി റോഡ് 64 ലെ എയ്‌ഥേ മുതൽ അവേരോ വരെയുള്ള ദ്വീപ സമൂഹങ്ങളെയാണ് അറ്റ്ലാന്റിക് സമുദ്രപാത ബന്ധിപ്പിക്കുന്നത്. 

934147448

ഈ പാതയിൽ എട്ടു പാലങ്ങളും പാർക്കിങ് ഏരിയയും നാല് വിശ്രമസ്ഥലങ്ങളും വ്യൂ പോയിന്റുകളുമുണ്ട്. കടൽ ജീവികളെയും തിമിംഗലം പോലുള്ള വലിയ മത്സ്യങ്ങളെയും യാത്രയ്ക്കിടയിൽ കാണുവാൻ സാധിക്കും. റോഡുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ദ്വീപുകളിൽ സഞ്ചാരികൾക്കായി സ്കൂബ ഡൈവിങ്, ഫിഷിങ്, പോലുള്ള വിനോദങ്ങളും മികച്ച താമസ സൗകര്യങ്ങളൊരുക്കുന്ന റിസോർട്ടുകളും രുചി നിറഞ്ഞ ഭക്ഷണം വിളമ്പുന്ന ധാരാളം ഭക്ഷണശാലകളുമുണ്ട്. 

സുന്ദരമായ കാഴ്ചകൾ നിറഞ്ഞതാണ് അറ്റ്ലാന്റിക് സമുദ്രപാത. തെളിഞ്ഞ നിലാവുള്ള രാത്രികളിൽ ഈവഴിയുള്ള യാത്ര പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സുന്ദരമാണെന്നാണ് അനുഭവസ്ഥർ വെളിപ്പെടുത്തുന്നത്. എന്നാൽ കടൽ രൗദ്രഭാവം കൈക്കൊള്ളുമ്പോൾ അലറിയടുക്കുന്ന തിരമാലകൾ ചിലപ്പോൾ റോഡിലേക്കും കയറിവരും. ആഞ്ഞടിക്കുന്ന ഈ വൻതിരമാലകളെ കടന്നുവേണം വാഹനങ്ങൾക്കു മുന്നോട്ടു പോകാൻ. ചില സമയങ്ങളിൽ ഇതൽപം സാഹസികമാണ്. ശക്തമായ തിരമാലകളിൽപ്പെട്ടു വാഹനങ്ങൾ ഒഴുകി നീങ്ങാനും സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങൾ മാത്രമാണ് ഈ പാതയിലൂടെയുള്ള യാത്രയിൽ സഞ്ചാരികൾക്കു വെല്ലുവിളി ഉയർത്തുക. അല്ലാത്ത പക്ഷം ഇതിലൂടെയുള്ള യാത്ര സുഗമമാണ്. 

കടലിന്റെ വശ്യസൗന്ദര്യവും വിദൂരതയിലെ പർവതദൃശ്യങ്ങളും കടലിനു മുകളിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന പാതയും ക്യാൻവാസിൽ പകർത്തിയ ഒരു മനോഹര ചിത്രമാണോ ഇതെന്ന സന്ദേഹം സഞ്ചാരികളിലുണർത്തും. എട്ടു കിലോമീറ്റർ യാത്ര സഞ്ചാരികൾക്കു സമ്മാനിക്കുക അനിർവചനീയവും അവിസ്മരണീയവുമായ യാത്രാനുഭവമാകുമെന്ന കാര്യം തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com