sections
MORE

അപ്സരകന്യകമാരുടെ ശിൽപം കൊത്തിയ ക്ഷേത്രം

154291114
SHARE

ക്ഷേത്രങ്ങൾക്ക് പേരുകേട്ട കംബോഡിയിലാണ് ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്കോർവാട്ട് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. നിർമാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും അങ്കോർവാട്ടിലെ ഓരോ കാഴ്ചകളും. മുപ്പതോളം വർഷത്തെ അധ്വാനത്തിന്റെ വലിയ ഫലമാണ് ഈ ക്ഷേത്രം. ലക്ഷക്കണക്കിന് സഞ്ചാരികളാണ്  ഓരോ വർഷവും  ചരിത്രമുറങ്ങുന്ന അങ്കോർവാട്ടിലെ കാഴ്ചകൾ കാണാനായി എത്തുന്നത്. 

അങ്കോർവാട്ട് ക്ഷേത്രം നിർമ്മിച്ചത് സൂര്യവർമ്മൻ രണ്ടാമനാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യവർമന്റെ കാലത്തു നിർമാണം ആരംഭിച്ചെങ്കിലും അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പിന്നീട് ആ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. കാലം ക്ഷയിപ്പിച്ചെങ്കിലും കമ്പോഡിയയുടെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത് ഈ ക്ഷേത്രമാണ്. 

ചരിത്രകാരന്മാർ  പറയുന്നത് അങ്കോർവാട്ട് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ഒരു ശവകുടീരമായിട്ടാണെന്നാണ്.  ഈ ക്ഷേത്രത്തിന്റെ നിർമാണം ഘടികാരത്തിന്റെ എതിർദിശയിലാണ്. ഹൈന്ദവ ശവസംസ്കാര രീതികളും പിന്തുടരുന്നത് ഈ ഒരു രീതിയായതുകൊണ്ടും പടിഞ്ഞാറ് ദിക്ക് വിഷ്ണുവിനെ സൂചിപ്പിക്കുന്നതുകൊണ്ടും അങ്കോർവാട്ട് ഒരു ക്ഷേത്രം എന്നതിലുപരിയായി സൂര്യവർമ രാജാവിന്റെ ശവകുടീരമായാണ് കരുതപ്പെടുന്നത്.

അങ്കോർവാട്ടിന്റെ ഏറ്റവും വലിയ സവിശേഷത മൂവായിരത്തില്‍പരം അപ്സര കന്യകമാരുടെ ശില്പങ്ങൾ  കൊത്തിയ ചുവരുകളാണ്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ളതാണ് ഈ ശില്പങ്ങൾ. എന്നാൽ 1980ൽ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ചില രാസപദാർത്ഥങ്ങൾ ശില്പങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും  ശേഷിച്ചവയെ  അതുപോലെ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്.

പുരാണങ്ങളുടെ പുനരാവിഷ്കരണമാണ് അങ്കോർവാട്ടിന്റെ ചുവരുകളിൽ മുഴുവൻ. ഹൈന്ദവ പുരാണങ്ങളിലെ കഥാസന്ദർഭങ്ങളെല്ലാം ഈ ചുവരുകളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധം, രാമ-രാവണ യുദ്ധം, ദേവാസുരന്മാർ, മന്ഥര പർവതം, വാസുകി, പാലാഴിമഥനം തുടങ്ങി നിരവധി കാഴ്ചകൾ ചുവരിൽ കൊത്തിയ മഹാശില്പങ്ങളായി അങ്കോർവാട്ടിൽ ദർശിക്കാവുന്നതാണ്. ഈ ശില്പചാതുര്യം തന്നെയാണ് അങ്കോർവാട്ടിന്റെ സൗന്ദര്യത്തിനു കൂടുതൽ മിഴിവേകുന്നത്. ദേവതകളും ഗരുഡനും താമരയുമെല്ലാം നിറയുന്ന ക്ഷേത്രത്തിന്റെ മറ്റുചുവരുകളുമെല്ലാം കലയുടെ സമ്മേളനമാണ്.

കരിങ്കല്ലുകളെ പാടെ ഒഴിവാക്കി വെട്ടുകല്ലുകൾ കൊണ്ടാണ് ഈ ക്ഷേത്രം പണിതുയർത്തിയിരിക്കുന്നത്. ഒരു കോട്ടക്ക് സമാനമാണ്  ഇതിന്റെ നിർമിതി. അതുകൊണ്ടു തന്നെ ചുറ്റും കിടങ്ങുകളുണ്ട്. ഈ കിടങ്ങുകളുടെ വീതി ഇരുനൂറു മീറ്ററാണ്. ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ചുറ്റിലും അഞ്ചുമീറ്ററോളം ഉയരത്തിൽ മതിലുകളും പണിതിട്ടുണ്ട്. ഏകദേശം ഇരുനൂറ് ഏക്കറിനു മുകളിൽ സ്ഥലത്താണ് ഈ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. പിരമിഡിന്റെ ആകൃതിയിൽ നിർമിച്ചിട്ടുള്ള ക്ഷേത്രമായതുകൊണ്ടായിരിക്കണം ചരിത്രകാരന്മാർ അങ്കോർവാട്ടിനെ സൂര്യവർമന്റെ ശവകുടീരമായി കണക്കാക്കുന്നത്. വളരെ മിനുസമേറിയ ചെങ്കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാത നിർമിച്ചിരിക്കുന്നത്. 1800 അടി നീളമുണ്ട്‌ ഈ നടപ്പാതക്ക്. മഹാമേരു പർവതത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം.

ക്ഷേത്രത്തിനു പ്രധാനമായും മൂന്നു മണ്ഡപങ്ങളാണുള്ളത്. ഇവ മൂന്നും ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നിവർക്കാണ് സമർപ്പിച്ചിരിക്കുന്നത്. ഈ മൂന്നു മണ്ഡപത്തിനും സമീപത്തായി ഓരോ ഗോപുരങ്ങളും നിർമിച്ചിട്ടുണ്ട്‌. ആദ്യകാലത്തു ഇതൊരു ഹൈന്ദവക്ഷേത്രമായിരുന്നെങ്കിലും പിന്നീട് ബുദ്ധക്ഷേത്രമായി പരിണമിക്കുകയായിരുന്നു.

ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലെ  ശില്പകലാമാതൃക തന്നെയാണ്  അങ്കോർവാട്ടും  പിന്തുടർന്നിരിക്കുന്നത്. ചോളരാജാക്കന്മാരുടെ ക്ഷേത്രനിർമിതികളിലെ ശില്പങ്ങളെ അനുസ്മരിപ്പിക്കും ഇവിടുത്തെ ഓരോ ചുവർ ചിത്രങ്ങളും.കൊത്തുപണികൾ കൊണ്ടും  സമൃദ്ധമാണ് ഇവിടം. ക്ഷേത്രത്തിനു ചുറ്റുമുള്ള  മനോഹരമായ പൂന്തോട്ടവും അവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വലിയ കാഴ്ചയാണ്. മൂന്നു ലക്ഷം തൊഴിലാളികളുടെയും  ആറായിരം ആനകളുടെയും ഏറെ ശ്രമകരമായ അധ്വാനമുണ്ട്  ലോകത്തിലെ ഏറ്റവും വലിയ ഈ ക്ഷേത്രസമുച്ചയത്തിന്റെ പിറവിക്കു പിന്നിൽ.

ഇന്നത്തെ കാലത്തെ നൂതന സാങ്കേതിക വിദ്യയുടെ സഹായങ്ങളില്ലാതെ പണിതെടുത്ത ഈ അദ്ഭുത നിർമിതി ഇവിടെയെത്തുന്ന കാഴ്ചക്കാർക്ക് ഭൂതകാലത്തിന്റെ വലിയൊരു വിസ്മയവിരുന്നാണ് സമ്മാനിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA