sections
MORE

നടൻ സ്വരൂപിന്റെ യാത്രാനുഭവങ്ങൾ

HIGHLIGHTS
  • കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥയാണ് "പത്മവ്യൂഹത്തിലെ അഭിമന്യു"
swroop-trip8
SHARE

തമിഴ് സിനിമ തൊടറി കണ്ട ആരും ആ സിനിമയിലെ നായിക കീർത്തിസുരേഷിന്റെ പരുക്കനായ മുറച്ചെറുക്കനെ മറന്നുകാണില്ല. കോഴിക്കോട് വേരുകളുള്ള മലയാളിയായ ആക്ടർ സ്വരൂപിന്റെ കരിയറിലെ ഇതുവരെയുള്ള പ്രധാന കഥാപാത്രമായിരുന്നു തൊടറിയിലെ കീർത്തിയുടെ മുറൈമാമൻ. ബാലതാരമായി മലയാളത്തിൽ അരങ്ങേറിയ സ്വരൂപ്, വർഷങ്ങൾക്കു ശേഷം പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയിലൂടെ മലയാളസിനിമയിലേയ്ക്കു ശക്തമായൊരു കഥാപാത്രവുമായി തിരിച്ചു വരുകയാണ്. മഹാരാജാസ് കോളേജിൽ അക്രമികളാൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥയാണ് 

swaroop-trip7

"പത്മവ്യൂഹത്തിലെ അഭിമന്യു". യാത്രകൾ പോകാൻ ഏറെ താൽപര്യമുള്ള, ചെന്നൈ മലയാളിയായ നടൻ സ്വരൂപ് തന്റെ യാത്രാനുഭവങ്ങൾ മലയാള മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുന്നു.

കുട്ടിക്കാലം മുതൽ തന്നെ യാത്രകളോട് ഏറെ പ്രിയം 

തമിഴ് വംശജയെങ്കിലും കോഴിക്കോട് നഗരവാസിയായിരുന്നു അമ്മ പ്രേമ. പിതാവ് മലയാളിയായ മഞ്ചേരിക്കാരൻ  കെ.പി ഗോപാലകൃഷ്ണൻ. അച്ഛൻ തദ്ദേശ സ്വയഭരണ വകുപ്പിൽ ഓഫീസറായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ തന്നെ മഞ്ചേരിയിലെ അച്ഛന്റെ വീട്ടിൽ നിന്നും കോഴിക്കോട്, ചെറൂട്ടി റോഡിലുള്ള അമ്മയുടെ തറവാട്ടിലേക്ക് യാത്ര ചെയ്യൽ ശീലമായിരുന്നു.

swaroop-trip4

ആദ്യത്തെ യാത്രയുടെ ഓർമകൾ അതാണ്. ഇന്ത്യയിൽ അധികം സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. ബോംബെ, മദ്രാസ്, ബാംഗ്ലൂർ, ഊട്ടി, പഴനി, തിരുപ്പതി, മധുര, മൈസൂർ, കാഞ്ചീപുരം പോലുള്ള സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കൂടാതെ, കേരളത്തിലെ പതിനാലു ജില്ലകളും സന്ദർശിച്ചിട്ടുണ്ട്. കാസർഗോഡും ഇടുക്കിയും ഒഴിച്ച് ബാക്കി എല്ലാ ജില്ലകളും എനിക്ക് വളരെ പരിചിതമാണ്.

ആദ്യ ദൂരയാത്ര: മൈസൂർ, ബാംഗ്ലൂർ 

കുടുംബവും ബന്ധുക്കളുമൊന്നിച്ചു മൈസൂർ, ബാംഗ്ലൂർ കാണാൻ പോകുമ്പോൾ എനിക്ക് 6 വയസ്സേയുള്ളൂ. എന്റെ ആദ്യത്തെ ദൂരയാത്രയായിരുന്നു അത്. ആദ്യമായി ഞാൻ ഒരു സിനിമാഷൂട്ടിങ് നേരിൽ കാണുന്നതും അപ്പോഴായിരുന്നു. പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യലക്ഷ്മി എന്ന ഭാഗ്യശ്രീയും കന്നഡ ഹീറോ ബൽരാജും അഭിനയിച്ച 'രുദ്രതാണ്ഡവ' എന്ന കന്നഡ സിനിമയുടെ ഷൂട്ടിംഗ് മൈസൂർ വൃന്ദാവൻ ഉദ്യാനത്തിൽ  നടക്കുമ്പോഴായിരുന്നുഞങ്ങൾ അവിടെയെത്തിയത്. സിനിമയുടെ പേരോ നടീനടന്മാരുടെ പേരോ ഒന്നും ബാലനായ എനിക്ക് അന്ന് അറിയില്ലായിരുന്നു.

swaroop-trip6

എന്നാൽ നിറയെ പൂക്കളും വാട്ടർ ഫൗണ്ടനും എല്ലാം നിറഞ്ഞ അന്തരീക്ഷത്തിൽ വലിയ വടം കെട്ടി പോലീസ് ആളുകളെ നിയന്ത്രിച്ചതും മനോഹരമായ ട്യൂണിനൊപ്പം സ്വർണവിഗ്രഹം പോലെ ഭാഗ്യശ്രീയും ബൽരാജും ചടുലമായി നൃത്തം ചെയ്യുന്നതും ഇടവേളകളിൽ ആരാധകരുടെ തള്ളിക്കയറ്റവും, പോലീസിന്റെ ലാത്തിവീശലും എല്ലാം കണ്ടപ്പോൾ അറിയാതെ സിനിമ ഒരു മാസ്മരലഹരിയായി എന്റെ മനസിൽ അന്നുതന്നെ ചേക്കേറിയിരുന്നു. മാതാപിതാക്കളോടും ആയയോടും ബോഡിഗാർഡിനോടും കൂടി പോലീസുകാരുടെ സുരക്ഷയിൽ ഷൂട്ടിംഗ് തീർത്തു പോകുന്ന ഭാഗ്യശ്രീയെ കണ്ടു അന്നു ഞാൻ അത്ഭുതപരതന്ത്രനായി നിന്നുപോയി. സിനിമാരംഗത്തോടു വല്ലാത്തൊരഭിനിവേശം അന്നുതന്നെ മനസ്സിൽ ഉടലെടുത്തിരുന്നു.

പിൽക്കാലത്തു എന്നെ ഒരു സിനിമാക്കാരനാക്കിയതിൽ മൈസൂർ വൃന്ദാവൻ ഉദ്യാനത്തിനു വലിയപങ്കുണ്ട്. അന്നത്തെ ആ യാത്രയിൽ ലാൽബാഗ് , ചാമുണ്ഡി ഹിൽസ് തുടങ്ങി കുറെ സ്ഥലങ്ങൾ കണ്ടാണ് ഞങ്ങൾ മടങ്ങിയത്. എന്നാൽ മൈസൂർ വൃന്ദാവൻ ഉദ്യാനത്തിലെ നടന്ന സിനിമാഷൂട്ടിങും, പൂക്കളും വർഷങ്ങൾ പിന്നിട്ടിട്ടും  എനിക്കു മറക്കാൻ കഴിഞ്ഞിട്ടില്ല.

swaroop-trip3

ഊട്ടി, ഇഷ്ടപ്രണയിനി 

ഊട്ടി എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ്. മദ്ധ്യാഹ്നത്തിൽ മഞ്ഞും സൂര്യനും ചേർന്ന് നിൽക്കുന്ന കാഴ്ച തന്നെയാണ് ഊട്ടിയിൽ എപ്പോഴും എന്റെ ഹൃദയം കവരുന്നത്. മനസ്സിനു നവോന്മേഷം ലഭിക്കാൻ പെട്ടെന്ന് പോകാൻ പറ്റിയ സ്ഥലമാണ് ഊട്ടി. ആ സ്ഥലത്തോടുള്ള പ്രണയം എനിക്കൊരിക്കലും മാറില്ല. ബൊട്ടാണിക്കൽ ഗാർഡനും, തടാകവും, ഷൂട്ടിംഗ് മേടും എല്ലാം എത്ര മനോഹരമാണ്. മാത്രമല്ല സ്വതവേ തണുപ്പ് ഇഷ്ടപ്പെടുന്ന എനിക്ക് ഊട്ടിയിലെ കാലാവസ്ഥയോടു പ്രത്യേക പ്രതിപത്തി ഉണ്ടാവുന്നതിൽ അത്ഭുതമില്ല.

swaroop-trip

കോഴിക്കോട്ടെ മീൻവിഭവങ്ങൾ പെരുത്തിഷ്ടം

ഒരു ഭക്ഷണപ്രിയനായിരുന്നു ഞാൻ. എന്നാൽ യൂറോപ്പിലെത്തി അവിടുത്തെ ജീവിതശൈലി പിന്തുടരേണ്ടി വന്നപ്പോൾ  ഡ്രൈ ഫ്രൂട്സ്, പഴവർഗ്ഗങ്ങൾ അങ്ങനെ എന്തെങ്കിലും കിട്ടിയാൽമതി എന്ന നിലപാടായി. മദ്യത്തോടും സിഗരറ്റിനോടും ഒട്ടും താല്പര്യമില്ല. മാംസാഹാരവും കഴിക്കില്ല.

എന്നാൽ മത്തി, അയല, കല്ലുമ്മക്കായ , കടൽ ഞണ്ട് എന്നിവ ഭയങ്കര ഇഷ്ടമാണ്. മസിൽസ് എന്ന പേരിൽ വലിയ കല്ലുമ്മക്കായ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തത് യൂറോപ്യൻ വിപണിയിൽ ലഭിക്കും. യൂറോപ്പിൽ ഉള്ളപ്പോൾ എന്റെ പ്രധാന ഭക്ഷണം കല്ലുമ്മക്കായ ഡ്രൈഫ്രൈ ആയിരുന്നു. ലോകത്തെവിടെ പോയാലും കോഴിക്കോടുള്ള മീൻ വിഭവങ്ങളുടെ സ്വാദ് മറക്കാൻ കഴിയില്ല. 

അയർലണ്ടും  ട്രമോർ ബീച്ചും പിന്നെ യൂറോപ്യൻ പര്യടനവും 

അയർലണ്ടിൽ കൗണ്ടി വാട്ടർഫോർഡിലെ ട്രമോർ എന്ന സ്ഥലത്താണ് ഞാൻ ആദ്യം ഉപജീവനാർത്ഥം എത്തിയത്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിലുള്ളവർ മധ്യവേനലവധി ചെലവഴിക്കാൻ എത്തുക പ്രശാന്ത സുന്ദരമായ ട്രമോർ ബീച്ചിലാണ്. എന്റെ ഐറിഷ് സുഹൃത്തായ സ്റ്റീവന് ട്രമോർ ബീച്ചിനടുത്തു 2 വീടുകളുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് സ്റ്റീവന്റെ 3 ബ്രാമ്പിൾ കോർട്ട് എന്ന ഭവനം. അവിടെ ഞാൻ ഉണ്ടാക്കുന്ന മാമ്പഴപുളിശ്ശേരിയും കുത്തരിച്ചോറും സ്റ്റീവനും ഫാമിലിയും ആസ്വദിച്ച് കഴിക്കും.

ഐറിഷുകാർ ഉച്ചയ്ക്ക് ഉപ്പും മഞ്ഞളുമിട്ട് പുഴുങ്ങിയ ബ്രോക്കോളി പോലുള്ള പച്ചക്കറികളാണ് സാധാരണ കഴിക്കുക. അയർലണ്ടിന്റെ തലസ്ഥാന നഗരിയാണ് ഡബ്ലിൻ. അവിടത്തെ ഐറിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഞാൻ പഠിച്ചത്. എന്റെ അമ്മ പ്രേമയും, ഭാര്യയും മകനും എല്ലാം യൂറോപ്പിൽ ആയതിനാൽ ഇടയ്ക്കിടെ യൂറോപ്യൻ പര്യടനം അനിവാര്യമാണ്.

ലുവാസ് യാത്രകളും മനോഹരമായ ലിഫി തടാകവും അയർലൻഡ് കാഴ്ചകളും 

ഡബ്ലിൻ നഗരത്തിൽ, റോഡിനു സമാന്തരമായി ഗ്ലാസ്സു കൊണ്ടുള്ള ലുവാസ് എന്ന പേരിൽ അറിയപ്പെടുന്ന ട്രെയിൻ സർവീസുകളുണ്ട്. താരതമ്യേനെ ചെലവ് കുറവും സമയലാഭവും ആണ് ലുവാസിലുള്ള യാത്രകൾ.  ലിഫി എന്ന മനോഹരമായ തടാകം ഡബ്ലിൻ നഗരത്തിന്റെ മദ്ധ്യത്തിലൂടെയാണ് ഒഴുകുന്നത്. ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിയ്ക്കും ആ തടാകം. ഇളനീർ പോലെ ശുദ്ധമാണ് ലിഫിയിലെ ജലം. രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ  പ്രധാന ആകർഷണമാണ് 'സ്പൈർ ഓഫ് ഡബ്ലിൻ'. വെളിച്ചത്തിന്റെ സ്മാരകം എന്നർത്ഥമുള്ള 'മോണുമെന്റ് ഓഫ് ലൈറ്റ്'  എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. തലസ്ഥാന നഗരിയിലെ പ്രധാനവീഥിയായ ഓ' കോണൽ സ്ട്രീറ്റിലാണിത് സ്ഥിതി ചെയ്യുന്നത്.

swaroop

ഒരു പിന്നിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന 120 മീറ്റർ  ഉയരമുള്ള ഈ സ്തൂപം നഗരിക്ക് ഒരു അലങ്കാരമാണ്.  അയർലണ്ടിൽ ഷോപ്പിംഗ് വളരെ ചെലവേറിയതാണ്. എന്നാൽ നല്ല ഫ്രൂട്സ് , തേൻ, ഭക്ഷ്യ സാധനങ്ങൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭിക്കുകയും ചെയ്യും കൂടാതെ ഗുണമേന്മയേറിയതുമാണ്. ഭംഗിയുള്ള മൃദുവായ കമ്പിളിപുതപ്പുകൾ വിവിധവർണ്ണങ്ങളിൽ ശരാശരി വിലയ്ക്ക് ലഭിക്കുന്നതാണ്. പൊടിപടലങ്ങളുടെ ശല്യമോ അലർജിയോ ഇല്ലാതെ ശുദ്ധവായു ശ്വസിച്ചു ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നാടാണ് അയർലണ്ട്. ഈ നാടിന്റെ മറ്റൊരു സവിശേഷത ഇവിടെ പാമ്പുകൾ ഇല്ല എന്നതാണ്. അതിനാൽ കുറ്റികാടുകളിൽ കൂടി ധൈര്യമായി നടക്കാവുന്നതാണ്. ഈസ്റ്റർ , സെന്റ് പാട്രിക് ഡേ, ഹാലോവീൻ തുടങ്ങിയ ആഘോഷങ്ങൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും വർണ്ണാഭമായി തോന്നുക ഡിസംബർ 1 മുതൽ ജനുവരി 1 വരെ നീണ്ടുനിൽക്കുന്ന ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളാണ്. 

ലണ്ടൻ യാത്ര

കാബിൻക്രൂ ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ പോയത്. ഞാനും ഒരു ബംഗ്ലാദേശി യുവാവും മാത്രമേ ഏഷ്യയിൽ നിന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷെ ട്രെയിനിംഗ് കഴിഞ്ഞപ്പോൾ എനിക്ക് ധാരാളം  ബ്രിട്ടീഷ് സുഹൃത്തുക്കളെ ലഭിച്ചു. ലണ്ടൻ നഗരം ചുറ്റിക്കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, മാഞ്ചസ്റ്ററിൽ നിന്നും ലണ്ടൻ ടൗണിലേക്ക് അത്യാവശ്യം ദൂരം ഉണ്ട്. പണ്ട് യുപി മുതൽ ഹൈസ്കൂൾ വരെ എന്റെ സീനിയർ ആയി പഠിച്ച രാജേഷ് നായർ ലണ്ടനിലുണ്ട്.

അദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹം എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ചുകൊണ്ട് ലണ്ടനിലേയ്ക്കു യാത്ര തിരിച്ചു. ട്രെയിനിൽ എനിക്ക് കൂട്ടായി കിട്ടിയത് കുവൈത്തിലുള്ള ഒരു അറബ് യുവാവിനെയാണ്. അദ്ദേഹം ഇംഗ്ലണ്ടിൽ പഠിക്കുകയാണ്. വളരെ പെട്ടെന്ന് ഞങ്ങൾ സുഹൃത്തുക്കളായി. വളരെ വൃത്തിയുള്ളതും ആഡംബരം നിറഞ്ഞതുമായ ട്രെയിനുകൾ നമ്മിൽ അതിശയം ജനിപ്പിയ്ക്കും. രാത്രി 10 മണിയോടെയാണ്  വാട്ഫോർഡ് റെയിൽവേ സ്റ്റേഷനിലെത്തിയത്. 

ലണ്ടൻ നഗരവും വിസ്മയകാഴ്ചകളും 

രാവിലെ തന്നെ ലണ്ടൻ നഗരം കാണാൻ പുറപ്പെട്ടു. കുറച്ചു ദൂരം കാറിൽ പോയി. ബാക്കി ട്യൂബ് എന്നുപറയുന്ന ഒരു പ്രത്യേക  ഭൂഗർഭ ട്രെയ്‌നിലായിരുന്നു. ലണ്ടൻ ഐ എന്ന ജയന്റ് വീലിൽ കയറി ആ വലിയ നഗരത്തിന്റെ കാഴ്ചകൾ ഉയരങ്ങളിൽ ഇരുന്നു കണ്ടു. പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജ്, ബെക്കിങ് ഹാം കൊട്ടാരത്തിന്റെ മുൻഭാഗം, ലണ്ടൻ പാർലമെന്റ് മന്ദിരം, വാക്സ് മ്യൂസിയം തുടങ്ങിയവയെല്ലാം ആ കാഴ്ച്ചയിൽ ദൃശ്യമാകും.  ബെക്കിങ് ഹാം കൊട്ടാരത്തിനോടു ചേർന്ന് പച്ചപരവതാനി വിരിച്ചപോലെ മനോഹരമായ ഒരുദ്യാനമുണ്ട്.അതിൽ നിരനിരയായി ചാരുകസേരകൾ വെച്ചിട്ടുണ്ട്. നമുക്ക് അതിൽ ചാരികിടന്നു വിശ്രമിക്കാം. പ്രശസ്തമായ ഹാറോഡ്‌സ്‌ ഷോപ്പിൽ കയറി കുറച്ചു മേക്ക്അപ് സാധനങ്ങളും പെർഫ്യൂമും വാങ്ങിച്ചു കൊണ്ടായിരുന്നു അന്നത്തെ യാത്ര അവസാനിപ്പിച്ചത്. 

വെംബ്ലി: ചെന്നൈയുടെ മറ്റൊരു പകർപ്പ്

ലണ്ടൻ നഗരത്തിലെ കാഴ്ചകൾ കണ്ടുകഴിഞ്ഞു പിറ്റേ ദിവസം പോയത് വെംബ്ലി എന്നൊരു സ്ഥലത്തേക്കാണ്. അവിടെ എത്തിയാൽ ചെന്നൈ ആണോയിതെന്നു സംശയം തോന്നിപോകും. തമിഴ് പാട്ടുകൾ വെച്ചിരിക്കുന്ന ഷോപ്പുകൾ, കാഞ്ചീപുരം സാരി മുതൽ കോട്ടൺ മുണ്ടുകൾ വരെ ലഭിക്കുന്ന കടകൾ, തമിഴ് സംസാരിക്കുന്ന നിരവധിയാളുകൾ.

വർഷങ്ങളായി ഇംഗ്ലണ്ടിൽ താമസമാക്കിയിട്ടുള്ള ധാരാളം തമിഴ് വംശജരുടെ പ്രധാനയിടങ്ങളിലൊന്നാണ് വെംബ്ലി. ഞങ്ങൾ ഭക്ഷണം കഴിച്ച റെസ്റ്റോറന്റ് ഒരു തമിഴ്നാട്ടുകാരന്റേതായിരുന്നു. നമ്മുടെ നാട്ടിൽ ജീവിക്കുന്ന അതേരീതിയിൽ തന്നെ നമുക്ക് ഇംഗ്ളണ്ടിൽ ജീവിക്കാവുന്നതാണ്. ധാരാളം ക്ഷേത്രങ്ങൾ അവിടെ കാണാവുന്നതാണ്. ഇംഗ്ളണ്ടിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ അർച്ചനയും കഴിച്ചു, പ്രാര്ഥിച്ചാണ് മടങ്ങിയത്. 

ഓക്സ്ഫോർഡിലേക്കു ഒരു ട്രെയിൻ യാത്ര 

പിറ്റേദിവസം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷകനായ ഒരു സുഹൃത്തുമായി ബന്ധപ്പെടുകയും അങ്ങോട്ടേയ്ക്കു യാത്ര തിരിക്കുകയും ചെയ്തു. മഹേഷ് എന്ന ആ സുഹൃത്തിന്റെ താമസസ്ഥലം ഓക്സ്ഫോർഡ് സർവകലാശാലയുടെ അടുത്തുതന്നെയായിരുന്നു. സർവകലാശാല ചുറ്റികാണുകയും തൊട്ടടുത്തുള്ള ഇന്ത്യൻ ഷോപ്പിൽ പോയി ഭക്ഷണം ഉണ്ടാക്കാനുള്ള സാമഗ്രികൾ വാങ്ങിയുമാണ് ആ സമാഗമം ഞങ്ങൾ ആഘോഷിച്ചത്. പിറ്റേ ദിവസം അവിടെ നിന്നും മടങ്ങി. 

ലണ്ടൻ നഗരത്തിന്റെ മനോഹര കാഴ്ചകളും ഇംഗ്ലണ്ടിന്റെ പ്രൗഢിയും സമ്മേളിച്ച ആ യാത്രയുടെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ചോർത്തുകൊണ്ടു സ്വരൂപ് പറഞ്ഞു നിർത്തി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA