ADVERTISEMENT

ഉക്രെയ്ൻ ഡയറി  :അദ്ധ്യായം 12 

Ukraine-trip2
പിധ് രിറ്റ്സി കാസ്ൽ 

ഒലെസ്‌കോ കാസ്‌ലിൽ നിന്ന് ലിവീവിലെ ഏറ്റവും ചരിത്രപ്രധാനമായ കൊട്ടാരമായ പിധ്‌രിറ്റ്‌സി കാസ്‌ലിലേക്ക് 14 കി.മീ. ദൂരമേയുള്ളു. വീണ്ടും ഹൈവേയിലെത്തി, ഇടയ്ക്ക് എവിടെയോ വെച്ച്  മൺപാതയിലേക്ക് കയറി, കാർ ഓടിക്കൊണ്ടിരുന്നു. ഇവാന്റെ ഉറക്കമൊക്കെ പോയി ഉഷാറായിട്ടുണ്ട് . ഞങ്ങൾ ഒലെസ്‌കോ കാസ്ൽ കാണാൻ കയറിയ സമയത്ത് ചെക്കൻ ഉറങ്ങിക്കാണണം. 'ഇവൻ പല്ലുതേച്ചെന്നും ഞാൻ സംശയിക്കുന്നു. നാറ്റം ഒരല്പം കുറവുണ്ട്' - മുൻസീറ്റിലിരുന്ന 'ഡിറ്റക്ടീവ് നിയാസ്' പറഞ്ഞു.

കൃഷിയിടങ്ങൾക്കിടയിൽ വീണ്ടും ഒരു മല പ്രത്യക്ഷപ്പെട്ടു. അതിന്റെ മുകളിലെവിടെയോ ആണ് പിധ്‌രിറ്റ്‌സി കാസ്ൽ.

പിധ് രിറ്റ്സി കാസ്ൽ 

മലകയറി  ഇവാന്റെ കാർ ഒരു ചെറിയ അങ്ങാടിയിലെത്തി. മൂന്നോ നാലോ ഷോപ്പുകൾ മാത്രമുള്ള കവല. കാസ്‌ലിന്റെ മുൻഭാഗത്താണ് അങ്ങാടി, ഇവിടെ നിന്നു നോക്കുമ്പോൾ വിശാലമായ തൊടിയുടെ അങ്ങേയറ്റത്ത് കൊട്ടാരം കാണാം.ഞങ്ങൾ ഗേറ്റ് കടന്നു നടന്നു. ഇവിടെ ടിക്കറ്റ് കൗണ്ടറുണ്ട്. ടിക്കറ്റെടുത്ത് മുന്നോട്ടു നടക്കുമ്പോൾ  പുൽ മൈതാനത്തിനിടയിലൂടെ ടൈൽ വിരിച്ച പാത.  പാതയുടെ അറ്റത്ത് കാസ്ൽ ഉയർന്നു നിൽക്കുന്നു. അടുക്കുംതോറും കൊട്ടാരം നാശോന്മുഖമാണെന്നു ബോധ്യപ്പെടും. റഷ്യയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കാലപ്പഴക്കം ബാധിക്കാത്ത രീതിയിൽ പഴയ കൊട്ടാരങ്ങൾ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. എന്നാൽ ഉക്രെയ്‌നിലും മറ്റും ആ പ്രൗഢിയില്ല കൊട്ടാരങ്ങൾക്ക്. ഇവയുടെ സംരക്ഷണത്തിനുള്ള ഭീമമായ തുക കണ്ടെത്താനാവാത്തതാവാം, കാരണം.

പിധ് രിറ്റ്സി കാസ്ൽ 
പിധ് രിറ്റ്സി കാസ്ൽ 

ഉയർത്തി നിർമ്മിച്ച പ്ലാറ്റ്‌ഫോമിലെന്ന പോലെയാണ് പിധ്‌രിറ്റ്‌സി കാസ്‌ലിന്റെ നിൽപ്പ്. കരിങ്കല്ലിൽ തീർത്ത വിസ്മയക്കാഴ്ചയാണത്. കരിങ്കൽച്ചീളുകൾ വിരിച്ച വലിയ മുറ്റത്തു നിന്ന് കാസ്‌ലിന്റെ ഉള്ളിലേക്കു കയറാം.  ഒന്നാം നിലയിലെ വിസ്തൃതമായ ബാൽക്കണിയിലേക്ക് കയറാൻ ഇരുവശത്തും വിശാലമായ പടവുകളും ഉണ്ട്. 1635ൽ പണിത കൊട്ടാരത്തിന്റെ മുറ്റത്തെ കരിങ്കൽ ടൈലുകൾ ഇളകിയിട്ടുണ്ട്. പടവുകളുടെ ഹാൻഡ്‌റെയ്‌ലുകളും തകർന്നു. 

പിധ് രിറ്റ്സി കാസ്ൽ 

പോളിഷ് രാജാവായ ഹെറ്റ്മാൻ കൊനീക് പോൾസ്‌കിയുടെ നിർദ്ദേശപ്രകാരമാണ് പഴയൊരു കോട്ട പൊളിച്ച് ഈ കാസ്ൽ പണിതത്. പോളണ്ടിന്റെ അധീനതയിലായിരുന്നു അക്കാലത്ത് ഈ പ്രദേശം. നൂറ്റാണ്ടുകളോളം യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരമായിരുന്നു, ഇത്. കൊട്ടാരത്തോടനുബന്ധിച്ചുള്ള ഉദ്യാനവും സൗന്ദര്യപ്രേമികളുടെ കണ്ണിന് വിരുന്നായിരുന്നു.

Ukraine-trip6
പിധ് രിറ്റ്സി കാസ്ൽ 

പോളണ്ടിലെ രാജാവിന് വിശ്രമിക്കാനായി ഇറ്റലിയിലെ വിഖ്യാത ആർക്കിടെക്ട് ആൻഡ്രിയ ഡെൽ അക്വയാണ് ഈ കൊട്ടാരം രൂപകൽപന ചെയ്തത്. കനത്ത സുരക്ഷ  ഒരുക്കപ്പെട്ടിരുന്ന ഈ കൊട്ടാരം പലരും ആക്രമിച്ചെങ്കിലും കീഴ്‌പ്പെടുത്താനായില്ല.വർഷങ്ങൾക്കു ശേഷം കൊട്ടാരം സ്വന്തമാക്കിയത്  യാക്കൂബ് ലുഡ്‌വിക്  സൊബീസ്‌കി എന്ന പ്രഭുവാണ്. അക്കാലത്ത് കൊട്ടാരം സന്ദർശിച്ച യാക്കൂബിന്റെ സുഹൃത്ത് സമ്മാനിച്ച പ്രശസ്തി പത്രം ഇപ്പോഴും കൊട്ടാരത്തിലുണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ''പോളണ്ടിലെ ഏറ്റവും മനോഹരമായ കൊട്ടാരമാണിതെന്ന കാര്യത്തിൽ സംശയമില്ല.

മറ്റു രാജ്യക്കാർക്കും ഈ കൊട്ടാരം വിസ്മയമുണർത്തും എന്ന കാര്യവും നിസ്തർക്കമാണ്!'യാക്കൂബിനു ശേഷം കൊട്ടാരത്തിന് പല ഉടമസ്ഥരുമുണ്ടായി. അതിലൊരാളായ വാക്‌ളോവ്, ഒരു മൂന്നാം നില കൂടി പണിയുകയും ചെയ്തു.ഒന്നാം ലോകമഹായുദ്ധ കാലത്ത് റഷ്യക്കാർ കൊട്ടാരം പിടിച്ചെടുത്ത്, വിലപിടിപ്പുള്ളതെല്ലാം കടത്തിക്കൊണ്ടു പോയി. 1915ൽ ഓസ്ട്രിയയുടെയും ഹംഗറിയുടെയും സംയുക്ത സൈന്യം തങ്ങളുടെ ഓഫീസാക്കി കൊട്ടാരത്തെ മാറ്റി. ഇതറിഞ്ഞ് കൊട്ടാരം ആക്രമിച്ച റഷ്യക്കാർ ഉൾഭാഗത്തു കടന്ന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. 

1939ൽ നാസികൾ പോളണ്ട് ആക്രമിക്കുമെന്ന ശ്രുതി പരന്നപ്പോൾ അന്നത്തെ ഉടമയായ സങ്ഗുസ്‌കോ രാജകുമാരൻ ബാക്കിയുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം റൊമാനിയയിലേക്കും തുടർന്ന് അവിടെ നിന്ന് ബ്രസീലിലേക്കും കൊണ്ടുപോയി. 

Ukraine-trip7
പിധ് രിറ്റ്സി കാസ് ലിലെ സന്ദർശകർ

രണ്ടാം ലോകമഹായുദ്ധകാലത്ത് പിധ്‌രിറ്റ്‌സ് കാസ്ൽ പ്രൗഡിയെല്ലാം വെടിഞ്ഞ് ക്ഷയരോഗാശുപത്രിയായി. 1956ൽകൊട്ടാരത്തിൽ അഗ്നിബാധയുണ്ടായി. മൂന്നാഴ്ച നീണ്ടുനിന്ന തീപിടുത്തത്തിൽ അവശേഷിച്ചത് കൊട്ടാരത്തിന്റെ രൂപം മാത്രമാണ്. 12 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു.

Ukraine-trip8
പിധ് രിറ്റ്സി കാസ് ലിലെ വിവാഹ ഷൂട്ടിനിടയിൽ വധൂവരന്മാർ  

1997ൽ ലിവീവ്  ഗ്യാലറി ഓഫ് പെയിന്റിങ് കൊട്ടാരം വാങ്ങി. അതിനിടെ കൊട്ടാരം ഉക്രെയ്ൻ പ്രസിഡണ്ടിന്റെ വസതിയാക്കാനും ശ്രമം നടന്നു. പക്ഷേ മ്യൂസിയമായി മാറാനായിരുന്നു കൊട്ടാരത്തിന്റെ യോഗം. അതിനുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. കൊട്ടാരം പഴയ രീതിയിൽ പുതുക്കിപ്പണിയാനും ശ്രമം നടക്കുന്നുണ്ട്. പക്ഷേ, സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം പണി ഇഴയുകയാണ്.

സൊലോഷിവ് കാസ് ലിനു മുന്നിലെ തടിപ്പാലം 

399 മീറ്റർ ഉയരമുള്ള കുന്നിലാണ് പ്രൗഡഗംഭീരമായ പിധ്‌രിറ്റ്‌സി കാഡ്ൽ നിലകൊള്ളുന്നത്. 17-ാം നൂറ്റാണ്ടുവരെ ഈ കുന്നിനു ചുറ്റും ഉണ്ടായിരുന്നത് മുന്തിരിത്തോട്ടങ്ങളും ഇറ്റാലിയൻ ശൈലിയിലുള്ള ഉദ്യാനങ്ങളുമായിരുന്നത്രേ. സ്വകാര്യ മൃഗശാല, മീൻ വളർത്തുന്ന കുളം, ധാന്യമിൽ എന്നിവയൊക്കെ മൂന്നു നിലയുള്ള കൊട്ടാരത്തിലുണ്ടായിരുന്നു. ക്രിംസൺ റൂം, ചൈനീസ് റൂം, മിറർ റൂം, യെലോ റൂം, ഗ്രീൻ റൂം എന്നിങ്ങനെ പേരിട്ട നിരവധി മുറികൾ കൊട്ടാരത്തിലുണ്ട്. ഓരോ മുറിയിലേയും വസ്തുക്കളുടെ നിറമനുസരിച്ചാണ് മുറിക്ക് പേരിട്ടിരിക്കുന്നത്. എല്ലാ മുറിയും അലങ്കരിച്ചിരുന്നത് അമൂല്യങ്ങളായ പെയിന്റിങ്ങുകൾ കൊണ്ടാണ്.

സൊലോഷിവ് കാസ് ലിലെ ചൈനീസ് പാലസ്

ഇപ്പോൾ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് ഉള്ളിലേക്ക് പ്രവേശനമില്ല. അതുകൊണ്ട് ഞങ്ങൾ പടികൾ കയറി ബാൽക്കണിയിലെത്തി അല്പനേരം ചെലവഴിച്ചു. ചതുരാകൃതിയിലാണ് കാസ്ൽ. എല്ലാ മൂലകളിലും ഉയർത്തിക്കെട്ടിയ നിരീക്ഷണ ഗോപുരങ്ങളുണ്ട്. അവിടെ നിന്നു നോക്കിയാൽ താഴ്‌വര മുഴുവനും കാണാം. ശത്രുക്കളുടെ നീക്കം നിരീക്ഷകരുടെ കണ്ണിൽ പെടാതിരിക്കില്ല. കാസ്‌ലിനു പുറത്തും പുൽത്തകിടിയിലുമായി നവവധുവരന്മാരുടെ ഫോട്ടോഷൂട്ട് നടക്കുകയാണ്. പ്രേമം ഒഴുകുന്ന കണ്ണുകളോടെ വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

ഒരു വർഷം കഴിയുമ്പോൾ പൊടിപിടിച്ച് ഏതെങ്കിലും മൂലയിൽ കിടക്കാനാണ് വിവാഹ ആൽബത്തിന്റെ യോഗം. എന്നാലും ലക്ഷങ്ങൾ ചെലവിട്ട് ഈ വൃഥാവ്യായാമം നടത്താൻ വലിയ ഉത്സാഹമാണ്  വീട്ടുകാർക്കും വധുവിനും വരനും!  അടുത്തിടെ കൊച്ചിയിൽ പുതുവൈപ്പ് ബീച്ചിൽ പോയപ്പോൾ ഒരേ സമയം അവിടെ നടക്കുന്നത് പത്തിലേറെ വിവാഹഫോട്ടോഷൂട്ടുകൾ! ബീച്ചിനോട് ചേർന്ന് നാട്ടുകാർ കടുംനിറത്തിൽ പെയിന്റു ചെയ്ത വള്ളം കെട്ടിയിട്ടിട്ടുണ്ട്. ഒരു മണിക്കൂർ  കെട്ടിയിട്ട വള്ളത്തിൽ കയറിയിരുന്ന് ഷൂട്ട് ചെയ്യാൻ 500 രൂപ വാടക നാട്ടുകാർക്ക് നൽകണം.. അങ്ങനെ വിവാഹ ഫോട്ടോ ഷൂട്ട് വമ്പൻ ബിസിനസ്സായി മാറിയിരിക്കുകയാണ് പുതുവൈപ്പിനിൽ.

കുതിരക്കുളമ്പ് പോലെ മൂന്ന് പ്രധാനപ്പെട്ട കാസ്‌ലുകളാണ് ലിവീവിലുള്ളതെന്നു പറഞ്ഞല്ലോ. അതിൽ ഒലെസ്‌ക്കോ, പിധ്‌രിറ്റ്‌സി എന്നിവ കണ്ടു കഴിഞ്ഞു. ഇനിയുള്ളത് സൊലോഷിവ് കാസ്ൽ ആണ്. പിധ്‌രിറ്റ്‌സിയിൽ നിന്ന് 18 കി.മീ ദൂരെയാണ് സൊലോഷിവ്. ഒരു ചെറുനഗരമാണത്.

സൊലോഷിവ് കാസ് ൽ വളപ്പിലെ ചൈനീസ് പാലസും ഡച്ച് പാലസും

ഉച്ചഭക്ഷണത്തിനു സമയമായതുകൊണ്ട് ആഹാരം കഴിച്ചിട്ടാവാം കാസ്ൽ സന്ദർശനമെന്നു തീരുമാനിച്ചു. നഗരമദ്ധ്യത്തിലെ ഒരു ഹോട്ടലിൽ കയറി. ബ്രെഡും സലാഡും മാട്ടിറച്ചി ബാർബെക്യുവും അകത്താക്കി. ഇവിടെയും ഒരു കുന്നിനു മേലെയാണ് കാസ്ൽ. താഴെ വരെയേ വാഹനം എത്തൂ.. നടന്നു കയറുക തന്നെ.

മലകയറി എത്തുന്നത് ഒരു ചെറു കനാലിനു മേലെ നിർമ്മിച്ച തടിപ്പാലത്തിലേക്കാണ്. കോട്ടയെ സംരക്ഷിക്കുന്ന കനാലാണത്. വേണമെങ്കിൽ എടുത്തുമാറ്റാവുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം. ശത്രുക്കൾ വരുമ്പോൾ വലിയ കപ്പികൾ ഫിറ്റു ചെയ്തിരിക്കുന്ന കയറിൽ പിടിച്ചു വലിച്ചാൽ തടിപ്പാലം ഉയർന്ന് കനാലിനപ്പുറം, കൊട്ടാരവാതിലിനോട് പറ്റിച്ചേർന്നു നിൽക്കും.

ഇവിടെയും ടിക്കറ്റ് കൗണ്ടറുണ്ട്. നഗരമദ്ധ്യത്തിലായതുകൊണ്ട് ഏറ്റവുമധികം സന്ദർശകരുള്ളത് സെലോഷിവ് കാസ്‌ലിലാണ്. ജീവനക്കാരുടെ എണ്ണവും സുവനീർ ഷോപ്പുകളുടെ എണ്ണവും കൂടുതലുള്ളതും ഇവിടെയാണ്.രാജകുടുംബമായ സൊബിസ്‌കിയിലെ അംഗങ്ങൾക്ക് താമസിക്കാനായി 1634ൽ പണിത രണ്ട് കൊട്ടാരങ്ങളാണ് കുന്നിൻ മുകളിലുള്ളത്. അതിലൊന്ന് ഡച്ച് ശൈലിയിലുള്ളതും മറ്റൊന്ന് ചൈനീസ് ശൈലിയിലുള്ളതുമാണ്. ഉക്രെയ്‌നിൽ ചൈനീസ് ശൈലിയിൽ പണിത ഏക കൊട്ടാരവുമാണിത്.

പിധ്‌രിറ്റ്‌സി കാസ്ൽ വാങ്ങി താമസമാരംഭിച്ച യാക്കൂബ് തന്നെയാണ് ഈ കാസ്‌ലിന്റെ നിർമ്മാണത്തിനു പിന്നിൽ. എന്നാൽ തുടക്കത്തിൽ ഗ്രാന്റ് പാലസ് എന്നറിയപ്പെടുന്ന ഡച്ച് പാലസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ജോൺ മൂന്നാമൻ രാജാവ് തന്റെ ഫ്രഞ്ചുകാരിയായ ഭാര്യ മേരിക്കുവേണ്ടി ഒരു നൂറ്റാണ്ടിനു ശേഷം പണിതതാണ് ചൈനീസ് ശൈലിയിലുള്ള കൊട്ടാരം.ജോൺ മൂന്നാമൻ രാജാവിന് മേരിയോടുള്ള അഗാധപ്രണയം അന്ന് എല്ലാവരും ചർച്ച ചെയ്തിരുന്നു. 'മരിയ റൂൾസ് ജോൺ, ജോൺറൂൾസ് പോളണ്ട്' (മരിയ ജോണിനെ ഭരിക്കുന്നു, ജോൺ പോളണ്ടിനെയും)  എന്നായിരുന്നു അക്കാലത്തെ ചൊല്ല്. അന്ന് ഒരു കൊട്ടാരത്തിലുമില്ലാത്ത ഒരു കാര്യം സെലോഷിവ്  കാസ്‌ലിലുണ്ടായിരുന്നു - ടോയ്‌ലെറ്റുകൾ ! വീടുകളിലോ കൊട്ടാരങ്ങളിലോ ശൗചാലയങ്ങളില്ലാത്ത  കാലമായിരുന്നു അത്. തുർക്കിക്കാരും ഓട്ടോമൻ രാജാക്കന്മാരും പലതവണ ആക്രമിച്ച കൊട്ടാരം കാലത്തെപ്പോലും വെല്ലുവിളിച്ച് മനോഹരമായി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ലിവീവ്  ആർട്ട് ഗ്യാലറിയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com