ADVERTISEMENT
Komodo-National-Park.11

കൊമോഡോ ഡ്രാഗൺ എന്ന കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ?  പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിലധികം കിലോ ഭാരവുമുള്ള ഭീകരനായ പല്ലിയാണ്. കൂടാതെ പ്രകൃതിയിലെ 7 അദ്ഭുതങ്ങളിലൊന്നായി കണക്കാക്കിയിരുന്ന ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ

Komodo-National-Park.6

ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവ ധാരാളമായി  കാണുന്നത്. അങ്ങനെ വന്ന പേരാണ് കൊമോഡോ ഡ്രാഗൺ. ഒരുകാലത്തു കിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലും ഇൗ ഡ്രാഗണുകൾ കണ്ടിരുന്നതായി പറയപ്പെടുന്നു. ഇന്നു കൊമോഡോ ഡ്രാഗൺ വംശനാശം സംഭവിക്കുന്ന ജീവികളുടെ കൂട്ടത്തിലാണ്. ഇവയെപ്പറ്റി ശരിക്കും പുറംലോകം അറിയാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളം മാത്രമേ ആകുന്നുള്ളു.

Komodo-National-Park.8

ചിത്രം കാണുമ്പോൾ, ങ്ങേ ഇവൻ നമ്മുടെ ഉടുമ്പല്ലെ എന്നു തോന്നും. ഉടുമ്പിനോട് രൂപസാദ‍‍ൃശ്യമുണ്ട്. കൂടാതെ നമ്മുടെ നാട്ടിൽ കാണുന്ന വലിയ മോണിറ്റർ ലിസാർഡായും നല്ല സാമ്യം ഉണ്ട്. എന്നാൽ രൂപത്തിൽ മാത്രമേ ആ സാമ്യമുള്ളൂ. വലുപ്പം കൊണ്ടും അപകടകരമായ അക്രമ സ്വഭാവം കൊണ്ടും ഇവൻ അവരെക്കാളും ഒരുപാടു മുന്നിലാണ്.

Komodo-National-Park.2

കൊമോഡോ ഡ്രാഗണിനെ കൂടുതൽ അപകടകാരിയാക്കുന്ന പ്രധാന ഘടകം ഇവയുടെ വായിലെ വിഷമാണ്. വിഷം ആണോ ബാക്ടീരിയ ആണോ എന്ന് ഇപ്പോളും തർക്കങ്ങൾ നടക്കുന്നുണ്ട്. എന്നാലും അവസാന പഠനങ്ങൾ അനുസരിച്ചു വായിലുള്ള ഒരു ബാക്ടീരിയ ആണ് അപകടകാരി.

Komodo-National-Park.10

ഇവയുടെ കടി കിട്ടിയാൽ മണിക്കൂറുകളോ ദിവസങ്ങൾക്കോ ഉള്ളിൽ ആ ജീവി ചാകും. അതുവരെ ഇവ അവരെ വിടാതെ പിന്തുടരും. അവസാനം അകത്താക്കും. മണം പിടിക്കാൻ ഇവയ്ക്ക് വലിയ കഴിവാണ്. ചിലപ്പോൾ 9 കിലോമീറ്ററുകൾക്കു അപ്പുറത്തു നിന്നുവരെ ചോരയുടെയും ഭക്ഷണത്തിന്റെയും മണം പിടിച്ചുകൊണ്ടു വരുവാൻ കഴിയും. അതുകൊണ്ടു ഒരു ഇര വീഴുന്നതോടു കൂടെ ആ പരിസരത്തെ എല്ലാ ഡ്രാഗണുകളും ഒന്നിച്ചെത്തി ഭക്ഷണമാക്കും. അതുകൊണ്ടുതന്നെ കൊമോഡോ ഡ്രാഗണിൽ നിന്നും  ആക്രമണം ഉണ്ടായാൽ എത്ര വലിയ ജീവിയാണെങ്കിലും രക്ഷപെടൽ അസാധ്യമാണ്. മാൻ, ആട്, പന്നി, കാട്ടുപോത്ത്, കുതിര, കുരങ്ങൻ തുടങ്ങി എന്തിനെയും ഇവ ആക്രമിച്ചു ഭക്ഷണമാക്കും. വേണ്ടിവന്നാൽ മനുഷ്യനെയും ആക്രമിക്കാൻ ഒരു മടിയും ഇല്ല. അങ്ങനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്.

ഇന്തോനേഷ്യയിലെ കൊമോഡോ, റിൻകാ ദ്വീപുകളിലാണ് ഇപ്പോൾ ഇവയെ കൂടുതലായും കാണാൻ പറ്റുക. പൊതുവെ ചൂട് ഇഷ്ടപെടുന്ന അലസനായ നടത്തം നടന്നു തണലിൽ വിശ്രമിക്കാനാണ് ഇവയ്ക്ക് ഇഷ്ടം. ഇണചേരുന്ന സമയത്ത്, ഇണയെ സ്വന്തമാക്കാൻ ആൺ ഡ്രാഗണുകൾ തമ്മിൽ നല്ല ഉഗ്രൻ അടി നടത്താറുണ്ട് അതിൽ ജയിക്കുന്നവന് ഇണയെ കിട്ടും. ഇണചേരൽ കഴിഞ്ഞാൽ മണ്ണിലുണ്ടാക്കുന്ന വലിയ കുഴികളിൽ പെൺ ഡ്രാഗൺ മുട്ടയിടും. മറ്റു ഡ്രാഗണുകൾ മുട്ടകൾ വന്നു തിന്നാതെ ഇരിക്കാൻ ഒന്നിലധികൾ കുഴികൾ കുഴിച്ചാണ് മുട്ടയിടുന്നത്. ഏകദേശം ഇരുപതോളം മുട്ട ഒരുസമയത്ത് ഇടും. ഏകദേശം 7-8 മാസങ്ങൾക്കു ശേഷം മുട്ട വിരിഞ്ഞു പുറത്തു വരുന്ന ഡ്രാഗണുകൾക്ക് ഒരു അടിയോളം നീളം ഉണ്ടാകും. പുറത്തുവന്ന ഉടനെ ഈ കുട്ടി ഡ്രാഗണുകൾ ഏതെങ്കിലും മരത്തിന്റെ മുകളിൽ അഭയം പ്രാപിക്കും. ഇല്ലെങ്കിൽ മറ്റു വലിയ ഡ്രാഗണുകൾ, വേണ്ടിവന്നാൽ ഇവരുടെ അമ്മപോലും ഇവരെ ഭക്ഷണമാക്കും. അതുകൊണ്ടു കുറച്ചു വർഷങ്ങൾ ഇവർ മരങ്ങൾക്കു മുകളിൽ ചെറിയ പക്ഷികളെയും പ്രാണികളെയും ഭക്ഷണമാക്കി കഴിഞ്ഞുകൂടും. ഏകദേശം 30 വർഷമാണ് കൊമോഡോ ഡ്രാഗണുകളുടെ ആയുസ്സ്.

കൊമോഡോ ഡ്രാഗണിനെ കാണാൻ പോയ കഥ

Komodo-National-Park.4

ഇന്തോനേഷ്യ യാത്ര മനസ്സിൽ കണ്ടതുതന്നെ ഇവനെ നേരിട്ട് ഒന്നു കാണാനാണ്. ഇന്തോനേഷ്യ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നും വിമാനത്തിൽ ഏകദേശം ഒന്നര മണിക്കൂർ എടുത്താണ് ഇന്തോനേഷ്യയിലെ ഫ്ലോറെൻസ് ദ്വീപിലെ ലാബുവാൻ ബാജോ എന്ന സ്ഥലത്തെ കൊമോഡോ എയർപോർട്ടിൽ ചെന്നിറങ്ങുന്നത്. എയർപോർട്ട് മുഴുവനും കൊമോഡോ ഡ്രാഗൺ ചിത്രങ്ങളും പ്രതിമകളും വച്ചുകൊണ്ടു ഇവ അവരുടെ മാത്രം സ്വത്താണ് എന്നവർ തെളിയിക്കുന്നുണ്ട്. എയർപോർട്ടിൽ നിന്നു ഏതാനും മിനിറ്റുകൾ മാത്രം അകലെയുള്ള ലാബുവാൻ ബാജോ ടൗണിൽ കൊമോഡോ ഡ്രാഗൺ കാണാനും പരിസരങ്ങളിലെ മറ്റു ദ്വീപുകളിൽ പോകാന്‍ ഒരുപാടു ബോട്ടുകൾ വളരെ കുറഞ്ഞ ചെലവിൽ കിട്ടും. ഇന്ത്യൻ രൂപയിൽ ഏകദേശം 10000 രൂപ മുതൽ കൊമോഡോ ഡ്രാഗനെ കാണാൻ പോകുവാനുള്ള ട്രിപ്പുകൾ ഉണ്ട്.

രാവിലെ ഏഴുമണിയോടെ പുറപ്പെട്ടു പടാർ എന്ന ദ്വീപ് കണ്ടതിനു ശേഷം ഞങ്ങൾ റിൻകാ ദ്വീപിലെ കൊമോഡോ നാഷണൽ പാർക്കിലേക്ക് പോയി. ബോട്ട് അടുപ്പിക്കുമ്പോൾ തന്നെ കാണുന്നത് വെള്ളത്തിൽ മുതലകൾ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡായിരുന്നു. വരുന്ന ഓരോ ഗ്രുപ്പിനെയും ഉള്ളിലേക്ക് കൊണ്ടുപോകാൻ 7-8 ഗൈ‍ഡുകൾ വലിയ വടികളും പിടിച്ചു കൂടെ ഉണ്ട്. കാരണം വേറെ ഒന്നും അല്ല. ഈ ദ്വീപിലെ രാജാവായ കൊമോഡോ ഡ്രാഗണിൽ നിന്നും സംരക്ഷണത്തിന് തന്നെ.

Komodo-National-Park.

കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ തന്നെ ആദ്യത്തെ ഡ്രാഗണിനെ കണ്ടു. ഞങ്ങൾ നടക്കുന്ന വഴിയിലൂടെത്തന്നെ നെഞ്ചും വിരിച്ചു സ്ലോ മോഷനിൽ നടന്നു വരുന്നു. എല്ലാവരും കുറച്ചു വശത്തേക്ക് മാറി അവയ്ക്ക് പോകുവാനുള്ള വഴി ഒരുക്കി. കുറച്ചുകൂടെ അപ്പുറത്തു മാറി പാർക്കിന്റെ 3-4 കെട്ടിടങ്ങൾ ഉണ്ട് തറയിൽ നിന്നും നല്ല പൊക്കത്തിൽ ആണ് ഓരോ കെട്ടിടവും പണിതിരിക്കുന്നത്. അവിടെവച്ചു പാർക്കിനെ പറ്റിയുള്ള വിവരണവും പാർക്കിന്റെ  വഴികളും കൊമോഡോ ഡ്രാഗണിന്റെ പ്രേത്യേകതകളും വിവരിച്ചു തന്നു. ഞങ്ങൾ നിൽക്കുന്നതിന്റെ കുറച്ചു അപ്പുറത്തായി തന്നെ ഒരു ഭീമൻ ഡ്രാഗൺ കിടപ്പുണ്ട്. അധികം അടുത്തോട്ടു പോകാതെ ഗാർഡുകൾ ഉള്ള വിശ്വാസത്തിൽ കുറച്ചു ചിത്രങ്ങൾ എടുത്തു.

Komodo-National-Park.4

കുറച്ചു മാറി മറ്റൊരു കെട്ടിടത്തിന്റെ പുറകിലായി 8-10 ഡ്രാഗണുകൾ കിടക്കുന്നത് കണ്ടു. ആ കെട്ടിടമാണ് പാർക്കിലുള്ള റെസ്റ്റോറെന്റിന്റെ അടുക്കള. മണം പിടിക്കാൻ മിടുമിടുക്കന്മാരായ ഇവർ അവിടുത്തെ ഭക്ഷണത്തിന്റെ മണം പിടിച്ചു വരുന്നതാണ്. കൂടാതെ വലിയ ഡ്രാഗണുകളെ പേടിച്ചു മേൽക്കൂരയുടെ മുകളിൽ കയറി ഇരിക്കുന്ന ചില കുട്ടി ഡ്രാഗണുകളെയും കാണാം.

കാടിനുള്ളിലൂടെ നടക്കുന്നിടത്താണ് ഡ്രാഗൺ മുട്ടയിടാൻ ഒരുക്കുന്ന കൂടുകൾ ഉള്ളത്. കൂടുകൾ എന്നുപറഞ്ഞാൽ വലിയ കുഴികളാണ്. അവിടെ നിന്നും  ദ്വീപിലൂടെ മൂന്നു വഴികളുണ്ട്. ഷോർട്ട് ഹൈക്കും മിഡ് ഹൈക്കും പിന്നെ ലോങ്ങ് ഹൈക്കും. ഞങ്ങൾ ഷോർട്ട് ഹൈക്കു വഴിയാണ് നടന്നത്. നടക്കുന്ന വഴി മാനുകളും കുരങ്ങന്മാരും കാട്ടു പന്നിയെയുമൊക്കെ കണ്ടു. കുറച്ചു ദൂരെയായി ഒരു ഡ്രാഗണെ കണ്ടതല്ലാതെ വഴിയിൽ വേറെ ഒന്നിനെയും കണ്ടില്ല. നടന്നു നടന്നു ദ്വീപിന്റെ ഒരു വശത്തുള്ള ഒരു കുന്നിന്റെ മുകളിൽ എത്തി അവിടെ നിന്നും ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാണാം. അവിടെ നിന്നും കുറച്ചു ചിത്രങ്ങൾ എടുത്ത ശേഷം ഞങ്ങൾ മറ്റൊരു വഴിയേ തിരിച്ചു വിട്ടു. തിരിച്ചു വരുന്ന വഴിയിലും ഒന്ന് രണ്ടു തവണ ഡ്രാഗണിനെ കണ്ടു. കാഴ്ചകൾക്കൊപ്പം. കുറെ നല്ല ചിത്രങ്ങളും കിട്ടി.

അങ്ങനെ തികച്ചും വ്യത്യസ്തമായ ജീവിയേയും കാഴ്ചയെയും കണ്ട സന്തോഷത്തിൽ അടുത്ത സ്ഥലത്തേക്ക് തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com