sections
MORE

ഇത് സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യ; ലോക സഞ്ചാരികളുടെ സ്വപ്നയിടം

Singapore-trip
SHARE

കൊച്ചിയിൽ നിന്ന് വിമാനം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ സിംഗപ്പൂരിന്റെ ചാങ്കി എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ മനസ്സ് മന്ത്രിച്ചു, ‘ഈ കുഞ്ഞൻ രാജ്യത്തെ കാഴ്ചകൾ െചറുതായിരിക്കില്ല.’ പിറ്റേന്ന് വൈകുന്നേരം വരെ ചെലവഴിച്ച സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ മർലയൻ പ്രതിമയും അംബര ചുംബികളായ മറീന ബെ സൗണ്ട്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും കണ്ണാടി പോലെ തിളങ്ങുന്ന റോഡിലൂടെ ശാന്തമായി ഒഴുകുന്ന വാഹനങ്ങളും ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗാർഡൻസ് ബൈ ദി ബേ ഉൾപ്പെടെയുള്ള പൂന്തോട്ടവും മറ്റു ഗതാഗത സംവിധാനങ്ങളും കൂടി കണ്ടപ്പോൾ സിംഗപ്പൂർ ഒരു നഗരമല്ല, വലിയ ലോകമായി മുന്നിൽ തെളിയുകയായിരുന്നു.

Little-India,-Singapore

ക്യാമറ നിറയെ കാഴ്ചകൾ പകർത്തി മർലയൻ പാർക്ക് എംആർടി സ്‌റ്റേഷനിൽ നിന്നു താമസസ്ഥലമായ സെൻകാങ്ങിലേക്ക് പോരും വഴിയാണ് ഒരു എംആർടി സ്‌റ്റേഷനിൽ (നമ്മുടെ കൊച്ചി മെട്രോ പോലുള്ള ട്രെയിൻ സംവിധാനം) കണ്ണുടക്കിയത്. സ്‌റ്റേഷൻ നിറയെ ദീപാവലി ആശംസ ബോർഡുകൾ. ദീപാവലി അലങ്കാരങ്ങൾ... കേരളത്തിലെ പ്രമുഖ ജൂവലറിയുടെ പരസ്യ ബോർഡുകൾ കൂടി കണ്ടപ്പോൾ അടുത്ത സീറ്റിലിരുന്ന ചേട്ടനോട് ചോദിച്ചു, ‘സത്യത്തിൽ ഇത് സിംഗപ്പൂർ തന്നെയാണോ? ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു, ‘‘ഇതാണ് സിങ്കപ്പൂരുകാരുടെ ലിറ്റിൽ ഇന്ത്യ.’’ പേരു പോലെ കുഞ്ഞൻ ഇന്ത്യ. സിങ്കപ്പൂരിലെ പ്രശസ്തമായ ലിറ്റിൽ ഇന്ത്യ സ്‌റ്റേഷനായിരുന്നത്. ഒന്നും നോക്കിയില്ല. േവഗം അവിടെയിറങ്ങി. വെറുമൊരു കാഴ്ചയ്ക്കപ്പുറം ഇന്ത്യാ സിംഗപ്പൂർ ബന്ധത്തിന്റെ ചരിത്ര ശേഷിപ്പുകളിലൂടെയുള്ള യാത്രയായിരുന്നു ലിറ്റിൽ ഇന്ത്യയുടെ തെരുവിലൂടെയുള്ള നടത്തം.

ആഡംബര നഗരത്തിലെ പഴമയുടെ ശേഷിപ്പ്

സിംഗപ്പൂർ ആധുനികതയുടെ മുഖാവരണം എടുത്തണിയുമ്പോൾ ലിറ്റിൽ ഇന്ത്യ ഇപ്പോഴും പഴമയുടെ പ്രൗഢി നിലനിർത്തുന്നു. ബ്രിട്ടിഷ് ഭരണമാണ് ഇന്ത്യയെ സിങ്കപ്പൂരുമായി അടുപ്പിച്ചത്. സിങ്കപ്പൂരും ബ്രിട്ടിഷ് കോളനിയായിരുന്നതിനാൽ അവിടേക്കുള്ള കുടിയേറ്റം ഇന്ത്യാക്കാരന് പ്രയാസമുണ്ടായിരുന്നില്ല. കപ്പ, സുഗന്ധവ്യഞ്ജനം, കരിമ്പ്, തെങ്ങിൻ തോപ്പ് തുടങ്ങിയ കൃഷികളുമായി ബന്ധപ്പെട്ടാണ് ഇന്ത്യാക്കാർ ഇവിടെ ആദ്യം എത്തുന്നത്.

Little-India,-Singapore2

റാഫെൽസ് എന്ന വസ്തുശിൽപി 1819ൽ കച്ചവട കേന്ദ്രം സ്ഥാപിച്ചപ്പോൾ ഇന്ത്യക്കാർ സിംഗപ്പൂർ നദിയിലും തെലോക് അയെർ എന്ന സ്ഥലത്തും തമ്പടിച്ചു. ആദ്യമെത്തിയ ബംഗാളികൾ ശുചീകരണ തൊഴിലിൽ ഏർപ്പെട്ടപ്പോൾ, ദക്ഷിണേന്ത്യയിൽ നിന്നുള്ളവർ കച്ചവടത്തിൽ ശ്രദ്ധിച്ചു. എന്നാൽ, സിംഗപ്പൂരിൽ എത്തിച്ചേർന്ന വലിയ വിഭാഗം ഇന്ത്യൻ തടവുകാരായി ബ്രിട്ടിഷുകാർ ഇവിടേക്ക് അയച്ചവരാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കാൻ ഇന്ത്യക്കാരെ ഉപയോഗിച്ച ബ്രിട്ടിഷ് സൈന്യത്തിന്റെ ചൂഷണത്തിന്റെ കഥ കൂടിയുണ്ട് ഇവർക്കു പറയാൻ.

ലോക മഹായുദ്ധത്തെ അതിജീവിച്ച അമ്പലം

എംആർടി സ്‌റ്റേഷനിൽ നിന്നിറങ്ങി ആദ്യം പോയത് സേറാംഗൂൺ റോഡിലുള്ള ശ്രീ വീരമ്മ കാളിയമ്മ കോവിലിലാണ്. 1855ൽ സ്ഥാപിക്കപ്പെട്ട സിംഗപ്പൂരിലെ ആദ്യ ഹൈന്ദവ ക്ഷേത്രമാണിത്. ഇന്ത്യൻ വാസ്തുകലയുടെ പകിട്ടോടു കൂടിയാണ് ഇതു നിർമിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് സൈന്യത്തിന്റെ ബോംബിങ്ങിൽ യാതൊരു കേടുപാടും സംഭവിക്കാതിരുന്ന ഈ അമ്പലം അന്ന് ധാരാളം പേർക്ക് അഭയമായി. അതിനുശേഷം ധാരാളം വിശ്വാസികൾ ഇവിടെ എത്താൻ തുടങ്ങി.

ലിറ്റിൽ ഇന്ത്യയിൽ പതിനഞ്ചോളം അമ്പലങ്ങളുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ധാരാളം ഇന്ത്യക്കാർ ഈ അമ്പലങ്ങളിൽ ഒത്തു കൂടി പ്രാർഥിക്കുക പതിവായി. അതോടെ പൂമാലകളും പൂജാസാധനങ്ങളും മറ്റും വിൽക്കുന്ന ധാരാളം കടകൾ ഈ പ്രദേശത്ത് വന്നു. ഹിന്ദുക്കൾക്കു പുറമേ ധാരാളം ചൈനീസ് വംശജരും ഇവിടെ പ്രാർഥനയ്ക്കായി എത്താറുണ്ട്. തൈപ്പൂയം, ദീപാവലി തുടങ്ങിയ ആഘോഷ വേള യിൽ റോഡ് നിറയെ ഭക്തജന തിരക്കാണ്.

തയ്യൽക്കട മുതൽ തട്ടാൻ വരെ

ശ്രീവീരകാളിയമ്മൻ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സീനിയർ സിറ്റിസണെ പരിചയപ്പെടുന്നത്. ലിറ്റിൽ ഇന്ത്യയുടെ ചരിത്ര പുസ്തകം കൂടി തുറക്കുകയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കെട്ടിട നിർമാണത്തിന് സിംഗപ്പൂർ സർക്കാർ ചുണ്ണാമ്പ് ഉൽപാദിപ്പിച്ചു തുടങ്ങിയതോടെയാണ് ഇന്ത്യക്കാർ പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് ഇവിടെ ജോലി കിട്ടിയത്. സെരാന്ഗൂൺ റോഡിനെ ചുണ്ണാമ്പ് കമ്പം എന്ന പേരും അവർ വിളിക്കാൻ തുടങ്ങി. പിന്നീട് കന്നുകാലി കച്ചവടവും അനുബന്ധ വ്യവസായവും ഈ പ്രദേശത്ത് വളർന്നു വന്നു. അങ്ങനെ ഈ പ്രദേശം ഇന്ത്യൻ വംശജരുടെ താവളമായി. അങ്ങനെ റെയ്സ് കോഴ്സ് റോഡും പരിസരപ്രദേശവും ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടാൻ തുടങ്ങി. 1937ൽ നഗരവത്കരണത്തിന്റെ ഭാഗമായി കന്നുകാലി വ്യാപാരം സർക്കാർ നിരോധിച്ചു. നിലവിൽ സിംഗപ്പൂരിൽ അൻപത് ശതമാനം ഇന്ത്യൻ വംശജരും തമിഴ് സംസാരിക്കുന്നവരാണ്. തമിഴ് ഒരു ഔദ്യോഗിക ഭാഷ കൂടിയാണ് സിംഗപ്പൂരിൽ.

Little-India,-Singapore2

സെരാന്ഗുൻ റോഡിലൂടെ മുന്നോട്ട് നടന്നപ്പോൾ സിംഗപ്പൂരിൽ ഒരിടത്തും കാണാത്ത ചില നാടൻ തൊഴിലുകൾ എടുക്കുന്നവരെ കാണാനിടയായി. തട്ടാന്മാരും കൈനോട്ടക്കാരും തയ്യൽക്കടക്കാരും തമിഴ് സിനിമകളുടെ ഡിവിഡി വിൽപനക്കാരും എന്നു വേണ്ട തമിഴ്നാട്ടിൽ എവിടെയോ ആണെന്ന് തോന്നിപ്പിച്ചു കളയും ഈ പ്രദേശം. ഈ ഇന്ത്യൻ തനിമ തേടിയാണ് ധാരാളം വിദേശികൾ ഇവിടേക്ക് ഒഴുകുന്നത്.

ദീപാവലി: ഒരു ആഘോഷപ്പൂരം

വഴിയരികിൽ നിറയെ ദീപാവലി അലങ്കാരങ്ങളായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ദീപാവലി ആഘോഷമാണ് സിംഗപ്പൂരിൽ നടക്കുന്നത്. ദീപാവലിക്ക് 50 ദിവസം മുൻപേ ഇവിടെ അലങ്കാരങ്ങൾ നിറയും. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ മയിലും താമരയും വിളക്കുകളും ചേർന്നുള്ള വർണ വിസ്മയം അഞ്ചു കിലോമീറ്ററോളം ദൂരത്താണ് വ്യാപിച്ച് കിടക്കുന്നത്! 1929 മുതൽ ദീപാവലി സിംഗപ്പൂരിൽ പൊതു അവധിയാണ്. ആഭരണങ്ങളും പൂമാലകളും ക രകൗശല വസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളും എന്നു വേണ്ട പ്രിയപ്പെട്ട ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണനുവമായി ലിറ്റിൽ ഇന്ത്യയിലെങ്ങും നല്ല തിരക്കായിരിക്കും. എല്ലാ ആഴ്ചയും ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണം, ആർട്സ് കാർണിവൽ തുടങ്ങി ഫൊട്ടോഗ്രഫി വർക്ക്ഷോപ്പ് വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Little-India,-Singapore1

ദീപാവലി പ്രദർശനത്തിനു കയറിയപ്പോൾ നാട്ടിലെ ഉത്സവത്തിനു വരുന്ന വെച്ചുവാണിക്കടകളാണ് ഓർമയിൽ വന്നത്. ഈ ആഘോഷങ്ങൾക്ക് 1.2 മില്യണ്‍ ഡോളറാണ് ഇവർ ചെലവാക്കുന്നത്. ദീപാവലി സീസണിൽ എത്തുന്ന 30 ലക്ഷത്തോളം ടൂറിസ്റ്റുകളിൽ നിന്നു അത് വസൂലാക്കാൻ കഴിയും എന്ന വിശ്വാസം ഇവർക്കുണ്ടായിരിക്കണം. ദീപാവലി മാത്രമല്ല തൈപ്പൂയവും ഇവിടെ വലിയ ആഘോഷമാണ്. ഓണക്കാലമായതിനാൽ മലയാളികളുടെ നല്ല തിരക്ക് കടകളിൽ കാണാമായിരുന്നു.

ഗ്രാഫിറ്റിയുടെ നാട്

ലിറ്റിൽ ഇന്ത്യയിലൂടെയുള്ള ഓരോ ചുവടു വെക്കുമ്പോഴും ആദ്യം ആകർഷിക്കുക മനോഹരമായ ഗ്രാഫിറ്റികളും ആർട് ഇൻസ്റ്റലേഷനുകളുമായിരിക്കും. പൂക്കച്ചവടം, അലക്ക്, കൈനോട്ടം ഉൾപ്പെടെ ഇന്ത്യൻ വംശജരുടെ പരമ്പരാഗത തൊഴിൽരീതികൾ പരിചയപ്പെടുത്തുന്ന സൈഫുൽ എന്ന കലാകാരന്റെ ബെലീലിയോസ് ലെയ്നിലുള്ള സൃഷ്ടികൾ വേറിട്ട കാഴ്ചയാണ്. സിംഗപ്പൂരിലെ തന്നെ ഏറ്റവും കളർ ഫുള്ളായ കെട്ടിടം House of Tan Teng Niah ഇവിടെയാണ്. താൻ എന്ന ചൈനീസ് വ്യവസായി ഭാര്യക്കായി പണികഴിപ്പിച്ച ഈ എട്ടുമുറി വീട് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഫോട്ടോ സ്പോർട്ടാണ്. 120 വർഷം പഴക്കമുള്ള ഈ കെട്ടിടം ഇന്ന് നല്ല ബിരിയാണി കിട്ടുന്ന ഭക്ഷണശാലയാണ്.

ഗാന്ധിജി മുതൽ സുഭാഷ് ചന്ദ്രബോസ് വരെ

ആര്യ സമാജ്, നോർത്ത് ഇന്ത്യൻ ഹിന്ദു അസോസിയേഷൻ, രാമകൃഷ്ണ മിഷൻ, മലയാളി അ സോസിയേഷൻ, സിന്കേയി തമിഴ് സംഗം തുടങ്ങി ഗുജറാത്തി സൊസൈറ്റി വരെയുള്ള പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടെന്നു വഴിയരികിലെ ബോർഡുകളിൽ നിന്ന് മനസ്സിലായി. ഇന്ത്യൻ സംസ്കാരത്തിന്റെ തനിമ വിളിച്ചോതിക്കൊണ്ട് ലിറ്റിൽ ഇന്ത്യ ഹെറിറ്റേജ് സെന്ററും അഭിമാന സ്തംഭമായി നിലകൊള്ളുന്നു. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര നേതാക്കളെ നന്നായി പരിചയപ്പെടുത്തുന്നുമുണ്ട് ഇവിടെ.

ഹിന്ദു റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന ''The Umbrella Trees'', ക്ലൈവ് സ്ട്രീറ്റിലെ 'Cattle'' എന്നിവ സമീപകാലത്ത് സ്ഥാപിക്കപ്പെട്ട ഇൻസ്റ്റലേഷനുകളാണെങ്കിലും അവിടെയെല്ലാം സെൽഫി എടുക്കാൻ തിരക്കു കൂട്ടുന്ന ആൾക്കൂട്ടത്തെയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ‍ഡോക്ടറും ആറു വർഷം ഇവിടെ മുൻസിപ്പൽ കമ്മിഷണറുമായിരുന്ന ഡോ. എൻ. വീരസ്വാമിയുടെ സ്മരണാർഥമുള്ള വീരസ്വാമി റോഡും ചന്ധേർ റോഡും ഇവിടെയുണ്ട്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഒരു ഗാന്ധി മെമ്മോറിയലും ഇവിടെ കാണാം. 1951ൽ സിംഗപ്പൂർ സന്ദർശിക്കവേ ജവാഹർലാൽ നെഹ്റുവാണ് ഈ സ്മാരകത്തിന് തറക്കല്ലിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA