‘പ്രേതഗ്രാമം’ ഇന്ന് ടൂറിസ്റ്റ് കേന്ദ്രം

Houtouwan
SHARE

വ്യത്യസ്തമായ കാഴ്ചകൾ തേടിപ്പോകുന്ന സഞ്ചാരികൾ ഇപ്പോൾ നിരവധിയാണ്. പറഞ്ഞുകേട്ടതും കണ്ടു പഴകിയതുമായ സ്ഥിരം സ്ഥലങ്ങളെ ചിലരെങ്കിലും ഉപേക്ഷിച്ച മട്ടാണ്. യാത്രകൾ പോകാനായി സ്ഥലങ്ങൾ തിരയുമ്പോൾ സാഹസികതയും ഹരം പിടിപ്പിക്കുന്നതുമായ കാഴ്ചകൾ നിറഞ്ഞ സുന്ദരഭൂമികൾക്കാണ് സഞ്ചാരികളിപ്പോൾ മുൻഗണന നൽകുന്നത്. യാത്രകൾ വെറും കാഴ്ചകൾ മാത്രമാക്കാതെ, അവിസ്മരണീയമായ അനുഭവങ്ങൾ കൂടിയാകണമെന്നു ചിന്തിക്കുന്നവർക്കു അതിസുന്ദരമായ ഒരിടമുണ്ട്. അടുത്ത പ്രദേശത്തൊന്നും ആരും താമസത്തിനില്ലാത്ത ആ ഗ്രാമമിപ്പോൾ സഞ്ചാരികളുടെ പറുദീസയാണ്. യാത്രികർ തേടിച്ചെല്ലുന്ന ആ പ്രേതഗ്രാമത്തിലെ അതിസുന്ദരമായ കാഴ്ചകൾ എന്തെന്നും അതെവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും അറിയേണ്ടേ?

ചൈനയിലെ ഷാൻഹായ്‌  നഗരത്തിനടുത്താണ് ഹുറ്റോവ്വാൻ എന്ന കടലോരഗ്രാമം. ഭീതി ജനിപ്പിക്കുന്ന ചുറ്റുപാടുകളാലും ദുർഘടമായ പാതകളാലും പ്രതികൂലമായ കാലാവസ്ഥയായാലും ഇവിടം ജനങ്ങളുപേക്ഷിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഓടിട്ട കൂരകളുള്ള ചെറുവീടുകളുടെ അവശേഷിപ്പും കോടപുതയ്ക്കുന്ന കാലാവസ്ഥയും മരങ്ങളിലും കെട്ടിടങ്ങളിലും പടർന്നു കയറി പന്തലിച്ചു കിടക്കുന്ന വള്ളിച്ചെടികളും മറ്റും സഞ്ചാരികളുടെ മനസ്സിനും കണ്ണിനും കുളിർമ നിറയ്ക്കുന്ന കാഴ്ചയായതോടെ വിനോദസഞ്ചാരികൾ ചെറിയ സംഘങ്ങളായി ഇവിടേയ്ക്ക് വരാൻ തുടങ്ങി. പ്രേതങ്ങൾ വിഹരിക്കുന്ന പ്രദേശമാണെന്നുള്ള വിശ്വാസം നിലനിൽക്കുന്നുണ്ടെങ്കിലും ഈ ‘പ്രേതഗ്രാമം’ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു ഇപ്പോൾ.

Houtouwan2

ധാരാളം മൽസ്യത്തൊഴിലാളികൾ താമസിച്ചിരുന്ന ഹുറ്റോവ്വാൻ എന്ന ഗ്രാമം, ഷെങ്‌ഷാൻ ദ്വീപിന്റെ വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 400 ഓളം ദ്വീപുകൾ ഈ ഭാഗത്തുണ്ട്. ഹുറ്റോവ്വാൻ ദ്വീപിൽ 2000 മൽസ്യത്തൊഴിലാളികളായിരുന്നു ആദ്യകാലത്തു താമസക്കാർ. പ്രാഥമിക ആവശ്യങ്ങളുടെ അപര്യാപ്തത മൂലം 1990 കളോടെ പലരും ഈ ദ്വീപ് ഉപേക്ഷിച്ചു പോകാൻ തുടങ്ങി. വളരെക്കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഗ്രാമത്തിലെ ചെറുകുടിലുകളിലെല്ലാം  ഒഴിഞ്ഞു.

ആരും തിരിഞ്ഞുനോക്കാനില്ലാതെ, ആൾപ്പാർപ്പില്ലാതെ കിടന്ന ഇവിടം ഒരു പ്രേതഗ്രാമത്തിനു സമാനമായിരുന്നു. എന്നാൽ കുറച്ചു നാളുകൾക്കു മുൻപ് കഥമാറി. ആളുകൾ ഉപേക്ഷിച്ചുപോയ ഭവനങ്ങളെല്ലാം പുൽച്ചെടികളും വള്ളിപ്പടർപ്പുകളും വന്നുമൂടി. കാണുന്നവരുടെ കണ്ണുകളെ വശീകരിക്കുന്ന തരത്തിലുള്ള സുന്ദരമായ പച്ചപ്പ്‌ കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. ആരുടേയും മനസിളക്കുന്ന ആ കാഴ്ച ഒരിക്കൽ ആസ്വദിച്ചവർ വീണ്ടും വീണ്ടും ഇവിടേക്കെത്തുന്നു എന്നതുതന്നെയാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.  ഇന്ന് ഹുറ്റോവ്വാൻ എന്ന കടലോര ഗ്രാമം സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്.

സഞ്ചാരികൾക്കു മടിക്കാതെ കടന്നുചെല്ലാവുന്ന, അതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഹുറ്റോവ്വാനിലേയ്ക്കുള്ള യാത്ര, ഒരിക്കലും ഒരു നഷ്ടമാകില്ലെന്നാണ് അവിടം സന്ദർശിച്ചരുടെ ഉറപ്പ്. അതുകൊണ്ടു തന്നെ ചൈനയിലേയ്ക്ക് ഒരു യാത്രയ്ക്കു പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇവിടം കൂടി ഉൾപ്പെടുത്തുന്നത് അല്പം വ്യത്യസ്തവും മനോഹരവുമായ സുന്ദരദൃശ്യങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA