ADVERTISEMENT

പ്രായം ആഗ്രഹങ്ങൾക്കു ഒരു തടസമല്ലെന്നു ലോകത്തോട് മുഴുവൻ വിളിച്ചുപറയുകയാണ് അറുപതു വയസുകാരനായ അമർജീത് സിങ് ചൗള. ലോകം മുഴുവൻ യാത്ര ചെയ്യണമെന്ന തന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണത്തിലാണ് ഡൽഹി സ്വദേശിയായ ഈ ബിസിനസുകാരൻ. ആഗ്രഹങ്ങൾ പലർക്കുമുണ്ടാകുമെങ്കിലും പ്രായമേറുമ്പോൾ ആ ആഗ്രഹങ്ങളുടെ പുറകെ പോകാതെ, വീട്ടിൽ ഒതുങ്ങുന്നവർക്ക് ഒരപവാദമാണ് അമർജീത് സിങ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുപ്പതു രാജ്യങ്ങളിലെ സുന്ദരമായ കാഴ്ചകൾ കണ്ടുകഴിഞ്ഞു അദ്ദേഹം. സ്വയം വാഹനമോടിച്ചു കൊണ്ടുള്ള ആ യാത്ര, കാണുന്നവരിലും കേൾക്കുന്നവരിലും ചെറുതല്ലാത്ത കൗതുകം ജനിപ്പിക്കുന്നുണ്ട്. 

നാൽപതു വർഷങ്ങൾക്കു മുൻപ് കണ്ടുമുട്ടിയ ഒരു ഡെൻമാർക്ക്‌ സ്വദേശിയാണ് അമർജീതിന്റെ ഹൃദയത്തിലേക്ക് യാത്രകൾ സമ്മാനിക്കുന്ന മനോഹരമായ അനുഭവങ്ങളെക്കുറിച്ചു പകർന്നുനൽകിയത്. അന്നുമുതലിന്നോളം അമർജീതിന്റെ സ്വപ്നം, ലോകം മുഴുവൻ യാത്ര ചെയ്യുക എന്നതായിരുന്നു. തന്റെ സ്വപ്നത്തിന്റെ ചിറകിലേറി അദ്ദേഹം യാത്ര ആരംഭിക്കുന്നത് ഇക്കഴിഞ്ഞ 2018 ജൂലൈ 7 നാണ്. ഡൽഹിയിൽ നിന്നായിരുന്നു തുടക്കം. ജൂലൈ 7 നു ആരംഭിച്ച യാത്ര അവസാനിച്ചത് 2018 ഡിസംബർ 16 നായിരുന്നു. അപ്പോഴേക്കും 30 രാജ്യങ്ങളും 150 നഗരങ്ങളും 36,800 കിലോമീറ്റർ ദൂരവും അദ്ദേഹം താണ്ടിയിരുന്നു. 

റോഡ് മാർഗമുള്ള യാത്രക്കു അമർജീത് തിരഞ്ഞെടുത്തത് ടൊയോട്ട ഫോർച്യൂണർ എന്ന വാഹനമായിരുന്നു. യാത്രയിലുടനീളം കണ്ടുമുട്ടിയ പ്രശസ്തരും അപ്രശസ്തരുമായ 400 പേരുടെ കുറിപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാഹനത്തിന്റെ ബോഡി. ഒരു ക്യാൻവാസിലെന്നപോലെ വരകളും ആശംസകളും നിറഞ്ഞ വാഹനം താൻ നടത്തിയ യാത്രയുടെ എല്ലാ ഓർമകളും പേറുന്നതാണെന്നാണ് അമർജീത് പറയുന്നത്. ടർബൻ ട്രാവലർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം, അർണോൾഡ് ഷ്വാസ്‌നെഗറെ പോലുള്ള പല പ്രമുഖ വ്യക്തികളെയും യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയിരുന്നു. ഈ യാത്രകൾ എന്തിനുവേണ്ടിയെന്നു ചോദിച്ചാൽ അമർജീതിനു വ്യക്തമായ ഉത്തരമുണ്ട്. സ്വയം കണ്ടെത്തുന്നതിനു വേണ്ടി എന്നാണ് ആ മറുപടി.

പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും ശാരീരിക പ്രശ്നങ്ങളും യാത്രക്കിടയിൽ അമർജീത് സിങിനു വെല്ലുവിളിയുയർത്തിയിരുന്നെങ്കിലും ലക്ഷ്യത്തിൽ നിന്നു പിന്മാറാൻ അദ്ദേഹം തയാറായില്ല. അതിനെയെല്ലാം തരണം ചെയ്തുകൊണ്ടാണ് ജൂലൈയിൽ ആരംഭിച്ച യാത്ര ഡിസംബറിൽ താൽക്കാലികമായി അവസാനിപ്പിച്ചത്. ലോകയാത്ര എന്നത് ഇനിയും പൂർത്തീകരിക്കപ്പെടാത്തതുകൊണ്ടു തന്നെ ചെറിയ ഒരു ഇടവേളയ്ക്കുശേഷം യാത്രകൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അമർജീത് സിങ്. ആ യാത്രയിൽ ഏഴു ഭൂഖണ്ഡങ്ങൾ, രണ്ടുലക്ഷം കിലോമീറ്റർ ദൂരം എന്നിവ പതിനെട്ടു മാസങ്ങൾ കൊണ്ട് സഞ്ചരിച്ചു തീർക്കുക എന്നതാണ് ലക്‌ഷ്യം. യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടി അമർജീതിന്റെ ആ യാത്ര മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുപ്രകാരമാണ്, അറുപതുവയസുള്ള തനിക്ക് താൻ സ്വപ്നം കണ്ടതു സഫലീകരിക്കാൻ കഴിയുമെങ്കിൽ സൂര്യനുകീഴിലുള്ള എന്തും നേടിയെടുക്കാൻ ഇന്നത്തെ യുവത്വത്തിന് കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com