ADVERTISEMENT
travel-bird-eye-view

‘ഭൂമി നമുക്ക് വേണ്ടിയിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുവല്ലേ, അപ്പോ അതിനെ കറങ്ങിനടന്ന് കാണേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കറക്ടല്ലേ?’ ഫുൾ സ്‌റ്റോപ്പിടാൻ തീരെയിഷ്ടമല്ലാത്ത സംസാരത്തിനിടയിൽ പ്രിയതാരം പ്രയാഗാ മാർട്ടിൻ ഇങ്ങനെ ചില ചോദ്യങ്ങളും ഇട്ടുതരും. പ്രയാഗ പറയുന്ന ‘ഭൂലോക കറക്കങ്ങൾ’ക്ക് ചില സ്പെഷ്യാലിറ്റീസ് ഉണ്ട്. സ്വന്തം ജനറേഷന്റെ ട്രെൻഡ് ആയ ‘ജിപ്സി സ്റ്റൈൽ’ കറക്കമേയല്ലത്. കുടുംബത്തോടൊപ്പം സ്നേഹതീരങ്ങളിലേക്കുള്ള യാത്ര, അതാണ് ‘പ്രയാഗാസ് ലൈഫ് ഓഫ് ഹാപ്പിനെസ്.’ യാത്ര തലയ്ക്കു പിടിച്ചു നടക്കുന്ന പ്രയാഗയുടെ നാലു മനോഹര യാത്രകളുടെ കഥകളിതാ കേട്ടോളൂ...

കേപ് ടൗൺ 

ദൃശ്യങ്ങളുടെ കാൻവാസ്

‘‘മനോഹരം, അതിമനോഹരം എന്നൊക്കെ പറഞ്ഞ്  ഓവറാക്കിയില്ലെങ്കിൽ ശരിയാവാത്തൊരു നഗരമാണത്; കേപ് ടൗൺ. നമ്മൾ ഫോണ്‍ ക്യാമറ ഓണാക്കുന്നു, കണ്ണടച്ച് ഏതെങ്കിലും ഒരു സ്ഥലത്തിന്റെ പടം എടുക്കുന്നു. എന്നിട്ട് ഫോണിൽ നോക്കിയാൽ ‘ഇതെടുത്തത് ഞാനല്ല, സന്തോഷ് ശിവനാ’ണെന്ന് തോന്നുന്ന പോലൊരു ഫ്രെയിമായിരിക്കും ആ ചിത്രം. അത്രയധികം സൗന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന്.

അപ്പയുടെ വാശിയായിരുന്നു അധികം ആളുകൾ പോകാത്തൊരു നഗരത്തിലേക്ക് യാത്ര പോകണമെന്നത്. എനിക്കും മമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് അപ്പയുടെ ഇത്തരം വാശികൾ. അപ്പയുടെ സുഹൃത്ത് അവിടെ ഉണ്ടായിരുന്നതു കൊണ്ട് കേപ്ടൗൺ ഡെസ്റ്റിനേഷനായി. രണ്ട് എക്സ്ട്രീം പോപ്പുലേഷനുള്ളൊരു നഗരമാണ് കേപ് ടൗൺ. പണത്തിന്റെ ധാരാളിത്തം കാണുന്നതിന്റെ മ റുഭാഗത്തായി തീരെ ദരിദ്രരായ, ജീവിക്കാൻ പാടുപെടുന്ന ആളുകളെയും കണ്ടുമുട്ടാനാകും. പണ്ടെങ്ങോ പലായനം ചെയ്തുവന്ന വിദേശികളാണ് ഇപ്പോൾ അവിടുത്തെ അധികാരികൾ, ആ നാടിന്റെ യഥാർഥ അവകാശികൾ‌ അവരുടെ ജോലിക്കാരും.


സന്തോഷങ്ങങ്ങളുടെ താഴ‌്‌വരയാണ് ചാപ്മാൻസ് പീക്. ഒരു മലയുടെ അറ്റമാണത്. ലോകത്തിന്റെ ഒരറ്റം എന്നു തോന്നിപ്പോകുന്ന സ്ഥലം. അവിടെ കണ്ട് ആസ്വദിക്കേണ്ടത് സൂര്യാസ്തമയമാണെന്ന് എല്ലാവരും പറയുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്; മലനിരകൾക്കും കടലിനും ഇടയിലുള്ള ചെറിയ ഗ്യാപ്പിലേക്ക് സൂര്യൻ വന്ന് അസ്തമിക്കുന്ന കാഴ്ച. ഹോ, ചെറുപ്പത്തിൽ ചിത്രം വരയ്ക്കാൻ ഒരുപാടിഷ്ടമുള്ളയാളായിരുന്നു ഞാൻ. വരയ്ക്കാൻ തുടങ്ങിയ കാലത്ത് എല്ലാവരേയും പോലെ ആദ്യം വരച്ച ചിത്രമായിരുന്നു മലകൾക്കിടയില്‍ ഒളിക്കുന്ന സൂര്യൻ. അതിന്റെ ഏറ്റവും ഡീറ്റെയിലായൊരു കാഴ്ച അന്നെനിക്ക് കാണാൻ പറ്റി. ആ സൺസെറ്റിന്റെ പശ്ചാത്തലത്തിൽ പരസ്പരം കെട്ടിപിടിക്കാൻ ഭാഗ്യം കിട്ടിയ പ്രണയജോഡികളുടെ ചിത്രമെടുത്തിരുന്നു ഞാനന്ന്. അൽപം അസൂയയോടെ...

ചാപ്മാൻസ് പീക്കിൽ നിന്ന് ഒരു മിനി കാരവനിൽ ആറു മണിക്കൂർ യാത്ര ചെയ്താണ് കാംഗോ കേവ്സിലേക്ക് എത്തിയത്. ആ വഴിയിൽ ‘ഭാഗ്യം’ കൊണ്ട് ആഫ്രിക്കൻ ആനകൾ വന്നു നിന്നു. ഭാഗ്യമെന്ന് തറപ്പിച്ച് പറയണം, കാരണം ആ നകൾ ഞങ്ങളെ ഉപദ്രവിച്ചില്ലല്ലോ. നാട്ടിലെ കൂട്ടിശങ്കരനെയും കേശവനെയും പോലെയൊന്നുമല്ല, വല്യ ചെവിയും മുഴുവൻ മണ്ണുമായി ‘വെരി’ വൈൽഡ്  ആഫ്രിക്കൻ ആനകൾ.

മിഡിൽ ഏജിനും മുൻപ് നിർമിക്കപ്പെട്ടൊരു സംഭവമാണ് കാംഗോ കേവ്. വല്ലാതെ ഇരുണ്ട ഒരു സ്ഥലം. നടക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഭയം ഇങ്ങനെ അരിച്ചു കയറുമ്പോഴാ ണ് ആ കഥ കേട്ടത്. ലോകപ്രശ്സ്ത ജർമൻ പിയാനിസ്റ്റും കംപോസറുമായ ബീഥോവൻ അവിടെയിരുന്ന് ലയിച്ചു പാടാറുണ്ടായിരുന്നെന്ന്. ആ കേവിനുള്ളിൽ ശബ്ദമുണ്ടായാൽ നല്ല എക്കോ കേൾക്കും. ആവേശം കൊണ്ട് ബീഥോവൻ പാടിയ ഇടത്ത് നിന്ന് കണ്ണടച്ച് ഞാനും പാടി ‘ആയിരം കണ്ണുമായി കാത്തിരുന്ന് നിന്നെ ഞാൻ...’  

travel-mountain

പിന്നീട് പോയത് ടേബിൾ മൗണ്ടനിലേക്കാണ്. ടേബിൾ രൂപമുള്ള ഒരു മല. അവിടെ റോപ്പ് റൈഡുണ്ട്. മൗണ്ടന്റെ ഒരറ്റത്ത് നിന്ന് മറ്റൊരിടത്തേക്കു പോകാൻ കേബിൾ കാറും. ഒന്നും വിട്ടുകളായാതെ, നന്നായി ആസ്വദിച്ച് രാത്രി നഗരത്തി ൽ തിരിച്ചെത്തി. പബ്ബ് ലൈഫും നൈറ്റ് ലൈഫും അടിപൊളിയാണവിടെ. രാത്രികൾ ആ നഗരത്തെ സ്നേഹിക്കുന്നത് കാണാൻ തന്നെ എന്തൊരഴകാണ്.


യൂണിവേഴ്സിറ്റി ഒഫ് കേപ് ടൗൺ കണ്ടാൽ ആർക്കാണ്  പഠിക്കാൻ തോന്നാത്തത്? അച്ഛന്റെ ഫ്രണ്ടിന്റെ മകൻ പഠിക്കുന്നത് അവിടെയായിരുന്നതു കൊണ്ടാണ് ആ കാഴ്ച കാണാൻ പറ്റിയത്. എവിടെ നോക്കിയാലും ഹാരിപോട്ടർ ഇ ഫെക്റ്റിൽ മന്ത്രവടി കൊണ്ട് ഉണ്ടാക്കിയെടുത്തെന്ന് തോന്നിക്കുന്ന സ്ട്രക്ചർ, ഒരു ‘മാജിക്ക് ഐലൻഡി’ന്റെ ഫീൽ.

കേപ് ടൗണിന് മുഴുവനുമുണ്ട് ആ മാന്ത്രിക സൗന്ദര്യം. അതിലങ്ങനെ ലയിച്ചിരിക്കുമ്പോൾ എനിക്കു തോന്നി ഞാനും ഒരു മന്ത്രവാദിനിയാണെന്ന്... ഹാരിപോർട്ടർ മന്ത്രവടി കൊണ്ട് വസ്തുക്കളെ കോമാളിയാക്കി മാറ്റുന്ന ആ മന്ത്രം ഉറക്കെ പറഞ്ഞു, ‘റിഡിക്കുലസ്’... പക്ഷേ, എത്ര ഉച്ചത്തിൽ വിളിച്ചു കൂവിയിട്ടും, മന്ത്രത്തിൽ വീണുപോകാതെ കേപ് ടൗൺ മുഴുവൻ അഴകോടെ എന്നെ നോക്കികൊണ്ടേയിരുന്നു....


നേപ്പാൾ

ഇങ്ങനെയും ഉണ്ടോ ആചാരങ്ങൾ?

‘പൽ പൽ പൽ.... പൽ ഹർ, പൽ ഹർ പൽ’ ഈ പാട്ടാണ് ‘നേപ്പാൾ’ എന്ന കേൾക്കുമ്പോൾ എനിക്ക് ഓർമവരുന്നത്. ഇതിപ്പോ ഇന്ത്യയിലാണോ എന്ന് എപ്പോഴും സംശയം തോന്നുന്ന ഈ സ്ഥലം യഥാർഥത്തിൽ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാവം അയൽപക്കമാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ നേപ്പാൾ യാത്ര. അതുകൊണ്ട് തന്നെ ഒരു കൊച്ചു പെൺകുട്ടിയുടെ ഒാർമപ്പുസ്തകമാണ് എനിക്ക് നേപ്പാൾ.

അന്ന് അവിടെ കണ്ട ഒരു ആചാരമെന്റെ കുഞ്ഞു മനസ്സിനെ മുറിവേൽപിച്ചിരുന്നു. വയസ്സ് അറിയിക്കുന്നതിന് മുൻപ് തന്നെ പെൺകുട്ടികളെ ദേവിയായി തിരഞ്ഞെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആചാരമാണ് കുമാരി. പെൺകുട്ടി ദേവിയാക്കപ്പെടുമെന്ന് ആദ്യം മനസ്സിലാക്കുന്നത് അവളുടെ അമ്മയായിരിക്കും. അന്നു കേട്ട ഓർമ ശരിയാണെങ്കിൽ, അമ്മയുടെ സ്വപ്നത്തിൽ സർപ്പത്തെ കാണുകയും അത് ദൈവിക വെളിപാടായി കണക്കാക്കപ്പെടുകയുമാണ് ചെയ്യുന്നത്.

നേപ്പാളിൽ അങ്ങനെ പലതരം കുമാരികളുണ്ട്, ചില സ്ഥലങ്ങളിൽ മാത്രം അവരെ റോയൽ കുമാരിയെന്നു വിളിക്കുകയും  ആരാധിക്കുകയും ചെയ്യും. അവർക്ക് താമസിക്കാൻ ‘കുമാരി ഘർ’ എന്നൊരു സ്ഥലവുമുണ്ട്. പെൺകുട്ടിക്ക് ആർത്തവം തുടങ്ങിയാൽ അവളിൽ നിന്ന് ദേവി നഷ്ടപ്പെട്ടു പോയി എന്നാണത്രേ വിശ്വാസം. എനിക്ക് അന്ന് ആ കഥകൾ കേട്ടപ്പോൾ പേടിയായിരുന്നു, ആ സ്ഥലം എനിക്കിപ്പോഴും അത്തരം വിശ്വാസങ്ങളുടെ ഓർമയാണ് തരുന്നത്. പക്ഷേ, അവിടെയുള്ള ബുദ്ധ സന്യാസിമാരുടെ ചിരി ഓർക്കുമ്പോൾ, നല്ലൊരു സമാധാന ഫീലാണ്.

മറ്റൊരു ഓർമ പ്രൈവറ്റ് ജെറ്റ് യാത്രയെക്കുറിച്ചാണ്. നേപ്പാളിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റുള്ളത്. എനിക്ക് അന്ന് പൊക്കമുള്ള സ്ഥലങ്ങളോട് വലിയ പേടിയും. എവറസ്റ്റ് കൊടുമുടിയുടെ മുകളിലൂടെ പോകാൻ പ്രൈവറ്റ് ജെറ്റ് ഉണ്ട്. കൃത്യമായി ഓർക്കാൻ കാരണം പേടിച്ചു വിറച്ചു നിന്ന ഞാൻ കേട്ട മുറി ഇംഗ്ലിഷാണ്. എവറസ്റ്റിന് മുകളിലൂടെ പറക്കുമ്പോൾ കാലാവസ്ഥ വ്യത്യാസം മൂലം യാത്രാ തടസ്സമുണ്ടാകാമെന്നായിരുന്നു ആ ഇംഗ്ലിഷിനെ ഞാൻ ‘ട്രാൻസ‌്ലേറ്റ്’ ചെയ്തെടുത്തത്.

ഉയരത്തെ വല്ലാതെ പേടിച്ചിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ വാർത്ത. ഞാൻ ചെവി രണ്ടും പൊത്തി അവിടെ നിന്നത് എനിക്കോർമയുണ്ട്. വിമാനത്തിനുള്ളിലിരുന്ന് പഠിച്ചിരുന്ന എല്ലാ ദൈവ വചനങ്ങളും മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കണ്ണുമടച്ച് പിടിച്ച് മാതാവിനെ പ്രാർഥിക്കുമ്പോൾ വെറുതെയെങ്കിലും എവറസ്റ്റും അന്നത്തെ ജെറ്റ് യാത്രയും ഇടയ്ക്ക് ഒാർമവരും.

ഹോളി ലാൻഡ്

വിശ്വാസമാണല്ലോ എല്ലാം

ജീവിതം അവസാനിക്കാറാെയന്ന് തോന്നുമ്പോഴാണ് പലരും ഹോളി ലാൻഡിലേക്ക് പോകാറുള്ളതെന്ന് അവിടെ എത്തിയ ശേഷമാണ് ഞാൻ അറിഞ്ഞത്. എന്തായാലും ആ നഗരം പശ്ചാത്താപത്തിന്റെയും തെറ്റുകൾ ഏറ്റുപറച്ചിലുകളുടെയും നഗരമായാണ് തോന്നിയത്.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com