ADVERTISEMENT

ഉക്രെയ്ൻ ഡയറി  അദ്ധ്യായം 14 

ഒഡേസ നഗര ദൃശ്യങ്ങൾ

'ബ്ലാ ബ്ലാ കാർ' എന്നൊരു ഏർപ്പാടുണ്ട്, ഉക്രെയ്‌നിൽ. അതൊരു ആപ്ലിക്കേഷനാണ്. നമ്മുടെ കാറിൽ ആർക്കെങ്കിലും  ലിഫ്റ്റു കൊടുക്കണമെങ്കിൽ  ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.ഉദാഹരണമായി, ഞാൻ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറോടിച്ച് പോകുന്നു എന്നിരിക്കട്ടെ. കാറിൽ ഞാൻ ഒറ്റയ്‌ക്കേയുള്ളൂ. നാലു പേരെ കൂടി വേണമെങ്കിൽ കയറ്റാം.  ഞാൻ ബ്ലാ ബ്ലാ ആപ്പിൽ ആ വിവരം കൊടുക്കുന്നു. നാലുപേരെയും വേണമെങ്കിൽ ഫ്രീയായി കൊണ്ടുപോകാം. അല്ലെങ്കിൽ എത്ര രൂപ വീതം അവരുടെ കൈയിൽ നിന്നു വാങ്ങണമെന്ന് എനിക്ക് തീരുമാനിക്കാം... ഞാൻ  ബ്ലാ ബ്ലായിൽ കൊടുക്കുന്ന പോസ്റ്റ് ഏതാണ്ട് ഇങ്ങനെയായിരിക്കും: 'ഞാൻ രാവിലെ എന്റെ കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടും. നാലുപേർക്കു കൂടി സീറ്റുണ്ട്. സീറ്റൊന്നിന് 175 രൂപ. രാവിലെ ആറു മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ മുന്നിൽ നിന്നായിരിക്കും കാറിൽ കയറേണ്ടത്!.'

ഒഡേസ നഗര ദൃശ്യങ്ങൾ

തിരുവനന്തപുരത്തേക്ക് പോകേണ്ട ഒരാൾ ഈ പോസ്റ്റ് വായിക്കുന്നു. അയാൾ 'എനിക്ക് താല്പര്യമുണ്ട്' എന്ന് മറുപടി ആപ്പിലൂടെ അയക്കുന്നു. തുടർന്ന് അയാളുടെ ഫോൺ നമ്പർ വാങ്ങി എനിക്ക് സംസാരിക്കാം. അല്ലെങ്കിൽ ആപ്പിലൂടെ തന്നെ ചാറ്റ് ചെയ്യാം. എന്നിട്ട് ആള് തരക്കേടില്ല എന്നു തോന്നിയാൽ എനിക്ക് സമ്മതം മൂളാം. അയാൾ പിറ്റേന്ന് രാവിലെ കലൂർ സ്റ്റേഡിയത്തിനു മുന്നിൽ കാത്തു നിൽക്കും. എനിക്ക് അയാളെ കാറിൽ കയറ്റി തിരുവനന്തപുരത്ത് ഇറക്കാം. അങ്ങനെ നാലുപേരെ കിട്ടിയാൽ തിരുവനന്തപുരത്ത് എത്താനുള്ള പെട്രോൾ അടിക്കാനുള്ള കാശായി.

ഒഡേസ നഗര ദൃശ്യങ്ങൾ

ഞങ്ങൾ ലിവീവിൽ നിന്ന് ഒഡേസയിലെത്താൻ പല മാർഗ്ഗങ്ങളും നോക്കിയെങ്കിലും ഏറ്റവും ലാഭകരമായി തോന്നിയത് ബ്ലാ ബ്ലാ കാറാണ്. ഫ്‌ളൈറ്റിനൊക്കെ 30,000 രൂപയോളം ടിക്കറ്റ് നിരക്കുണ്ട്. ബസ് എല്ലാ ദിവസവുമില്ല. ഉണ്ടെങ്കിൽ തന്നെ ഒന്നര ദിവസം വേണം ലിവീവ് മുതൽ ഒഡേസ വരെയുള്ള 800 കി.മീ ദൂരം ഓടിയെത്താൻ. അതുകൊണ്ട് ബ്ലാ ബ്ലാ കാർ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് പരിശോധന തുടങ്ങി.

പിറ്റേന്ന് രാവിലെ ഒരു അമ്മയും മകളും ഒഡേസയിലേക്ക് പുറപ്പെടുന്നുണ്ട്. എന്ന് ബ്ലാ ബ്ലായിൽ കണ്ടു. അവരുടെ പോസ്റ്റ്  ഇങ്ങനെയായിരുന്നു: 'ഞാനും എന്റെ മകളും കൂടി രാവിലെ 6 മണിക്ക് ഒഡേസയിലേക്ക് പുറപ്പെടും. കാറിൽ രണ്ടു പേർക്കു കൂടി സഞ്ചരിക്കാം. ഒരാൾക്ക് 1500 രൂപയാണ് നിരക്ക്. രാവിലെ ബസ് സ്റ്റാന്റിനു സമീപം ഞങ്ങളെത്തും.' 

ഒഡേസ നഗര ദൃശ്യങ്ങൾ

ഷന്ന റോഷ്‌ക്കോ എന്നാണ് അമ്മയുടെ പേര്.

രാവിലെ ഷന്നയുടെ കൂടെ പുറപ്പെട്ടാൽ വൈകിട്ട് ഏഴുമണിക്കു മുമ്പ് ഒഡേസയിലെത്താം .ഇതുവരെ കണ്ടതിൽ ഏറ്റവും ലാഭകരവും എളുപ്പമുള്ളതുമായ വഴി ഇതു തന്നെ. 

നിയാസ് ഷന്നയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഞങ്ങൾ രണ്ടുപേരുണ്ടെന്നും കൂടെ വരാൻ തയ്യാറാണെന്നും നിയാസ് പറഞ്ഞപ്പോൾ ഷന്ന ഉടനടി സമ്മതിച്ചു. എന്നിട്ട് അവർ ചോദിച്ചു. ''നിങ്ങൾ ടൂറിസ്റ്റുകളാണോ? ഏതു രാജ്യക്കാരാണ്?' .

ഒഡേസ നഗര ദൃശ്യങ്ങൾ

'ഞങ്ങൾ ടൂറിസ്റ്റുകളായ ഇന്ത്യക്കാരാണെ'ന്ന് നിയാസ് വിശദീകരിച്ചു. ഇന്ത്യക്കാരാണെന്നു കേട്ടതോടെ ഷന്നയുടെ ആദ്യത്തെ ആവേശമൊക്കെ പോയി. 'ഞാനൊന്ന് ആലോചിക്കട്ടെ... കുറച്ചു കഴിഞ്ഞു പറയാം' എന്നായി ഷന്ന. പിന്നെ നാലഞ്ചു മണിക്കൂർ നിയാസ് 'പൊരിഞ്ഞ പോരാട്ട'മായിരുന്നു. ചാറ്റോട് ചാറ്റ്. ഒടുവിൽ, 'നല്ലവരായ ഇന്ത്യക്കാരാ'ണ്  ഞങ്ങളെന്ന് ഷന്നയെക്കൊണ്ട് തോന്നിപ്പിക്കാൻ നിയാസിനു കഴിഞ്ഞു. ഷന്ന രാത്രി പത്തുമണിയോടെ ഓക്കെ പറഞ്ഞു.

ഒരു യുദ്ധം കഴിഞ്ഞ ക്ഷീണത്തോടെ നിയാസ് കിടക്കയിലേക്ക് ചാഞ്ഞു..

ഒഡേസ നഗര ദൃശ്യങ്ങൾ

രാവിലെ 5.30ന് ടാക്‌സി പിടിച്ച് ബസ്സ് സ്റ്റാന്റിലെത്തി.ആറ് മണിക്കാണ് ഷന്നയും മോളും വരാമെന്നു പറഞ്ഞിരിക്കുന്നത്. ആറ് മണിക്ക് മെസേജ് വന്നു: 'ആറയ്ക്ക് മുമ്പ് എത്തും...'

ഒഡേസ നഗര ദൃശ്യങ്ങൾ 

അര മണിക്കൂർ ബസ്സ്റ്റാന്റിനു മുന്നിൽ കാത്തു നിന്നപ്പോൾ കാറെത്തി. ഷന്ന ഒരു മദ്ധ്യവയസ്‌കയാണ്. വിർസാവിയ എന്നാണ് മോളുടെ പേര്. അവൾക്ക് പത്തുവയസ്സാണ് പ്രായം.

കാറിന്റെ ബൂട്ടിനുള്ളിൽ നിറയെ സാധനങ്ങളാണ്. അതിനിടെ സ്ഥലമുണ്ടാക്കി ഞങ്ങളുടെ ലഗേജുകളും കയറ്റി യാത്ര തുടങ്ങി.

ഒഡേസയിൽ നിന്നുള്ള കരിങ്കടലിന്റെ ദൃശ്യം 

രണ്ടു ദിവസമായി ഇംഗ്ലീഷിൽ ചാറ്റു ചെയ്യുന്നതിന്റെ ആവേശത്തോടെ നിയാസ് സംസാരം  തുടങ്ങി. അപ്പോഴാണ് അറിയുന്നത്, ഷന്നയ്ക്ക് ഒരു വാക്കുപോലും ഇംഗ്ലീഷറിയില്ല! ഏതോ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയായിരുന്നു, അതു വരെയുള്ള ചാറ്റിങ്!

പിന്നെ 12 മണിക്കൂർ,ഒരുമിച്ചാണ് യാത്രയെങ്കിലും,വിവരങ്ങൾ പരസ്പരം അറിയാനും അറിയിക്കാനും വരമൊഴി തന്നെ പിന്തുടർന്നു. ഞങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഫോണിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യും. വിർസാവിയ അത് ഉക്രെയ്‌നിയൻ ഭാഷയിലാക്കി ഷന്നയോട് പറയും. ...ഷന്ന അതിന്റെ ഉത്തരം അതേ ഭാഷയിൽ മോളോട് പറയും. അവളത് അതേ ഭാഷയിൽ ടൈപ്പ് ചെയ്ത്, ഇംഗ്ലീഷിലാക്കി മാറ്റി ഞങ്ങൾക്ക് അയയ്ക്കും....

ഒഡേസ നഗരം

ഇടയ്ക്കിടെ നിർത്തി കോഫി കുടിച്ചും ലഞ്ച് കഴിഞ്ഞും യാത്ര തുടർന്നു. ഹൈവേകൾ, ചെറുറോഡുകൾ തുടങ്ങിയവ താണ്ടി ഷന്ന ഒരു മടുപ്പുമില്ലാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. 'ഞാനൊരു ഓട്ടോമൊബൈൽ ജേർണലിസ്റ്റാണെന്നും ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് ഉള്ളയാളാണെന്നും വേണമെങ്കിൽ കുറച്ചുനേരം ഞാനോടിക്കാ'മെന്നും സന്ദേശമയച്ചെങ്കിലും ഷന്ന മൈൻഡ് ചെയ്തില്ല. വെറുതെ റിസ്‌ക് എടുക്കേണ്ട എന്ന് തോന്നിക്കാണും!

ഒഡേസ നഗരം എത്താറായപ്പോൾ ഹൈവേയിൽ തിരക്കു തുടങ്ങി. കരിങ്കടൽ അതിരിടുന്ന തീരങ്ങളിലൂടെ റോഡ് കയറ്റം കയറിയും ഇറങ്ങിയും നീങ്ങി. അതിസുന്ദരമായ നഗരമാണ് ഒഡേസയെന്ന് ഉറപ്പിക്കുന്ന രീതിയിൽ കാഴ്ചകളുടെ ഭംഗി വർദ്ധിച്ചുവരുന്നു.

ഇരുട്ടുന്നതിനു മുമ്പു തന്നെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന അപ്പാർട്ടുമെന്റിനു മുന്നിൽ ഷന്ന കാറെത്തിച്ചു. അതിനോടകം ഇന്ത്യക്കാരായ ഞങ്ങളെ വളരെ ഇഷ്ടപ്പെട്ടുവെന്ന് ഷന്ന മെസേജ് അയച്ചിരുന്നു. ആ സ്‌നേഹത്തോടെ, ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്ത്, ഫേസ്ബുക്കിൽ ഞങ്ങൾക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റും അയച്ചിട്ടാണ് ഷന്നയും വിർസാവിയയും യാത്ര പറഞ്ഞു പിരിഞ്ഞത്. ഇപ്പോഴും സോഷ്യൽ മിഡിയയിലൂടെ അവരുമായുള്ള സൗഹൃദം തുടരുന്നു...

ഇതുവരെ താമസിച്ചതിൽ ഏറ്റവും സുന്ദരമായ മുറികളിലൊന്നാണ് ഒഡേസയിൽ ഞങ്ങൾക്ക് ലഭിച്ചത്. നീണ്ട യാത്രയുടെ ആലസ്യം മൂലം നേരത്തെ കിടന്നുറങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റ് നഗരപ്രദക്ഷിണത്തിനായി ഇറങ്ങും മുമ്പ് നിയാസ് അലറി. 'അയ്യോ.. എന്റെ ഐഫോൺ കാണുന്നില്ല....' നിയാസ് സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ കൈയിലുണ്ട്. മറ്റൊരു ഐഫോൺ ബാഗിൽ കിടന്നിരുന്നത് ഇപ്പോൾ കാണാനില്ല.

നിയാസ് വെപ്രാളപ്പെട്ട് അന്വേഷണം തുടങ്ങി. തലേന്ന് ഷന്നയുടെ കാറിൽ വെച്ച് അത് ഉപയോഗിച്ചതാണ്. ഇനി കാറിലെങ്ങാനും വീണോ?

ഷന്നയോട് ചോദിക്കാനായി ഫോൺ എടുത്തപ്പോൾ രാത്രിയിൽ എപ്പോഴോ സന്ദേശം വന്നു കിടക്കുന്നു:'കാറിനുള്ളിൽ ഒരു ഐ ഫോൺ കിടപ്പുണ്ട്. നിങ്ങളുടേതാണോ?'.

ആണെന്ന് ഉടനടി മറുസന്ദേശം കൊടുത്തു. 'ഞങ്ങൾ ടൗണിൽ നിന്ന് 20 കി.മീ ദൂരെയാണ്. ടാക്‌സി പിടിച്ച് വരാൻ കഴിയുമോ?' -ഷന്ന ചോദിച്ചു. ഐ ഫോൺ കളയാൻ പറ്റില്ലല്ലോ. ടാക്‌സി പിടിച്ച് പാഞ്ഞു. താമസസ്ഥലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ ഷന്ന കാത്തുനിൽപ്പുണ്ടായിരുന്നു. അങ്ങനെ വലിയ തുക ടാക്‌സി കൂലി കൊടുത്ത് ഐ ഫോൺ തിരിച്ചു പിടിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ! ടൗണിലെത്തിയിട്ട് ഞങ്ങൾ നടക്കാനിറങ്ങി. എന്താണ് ഒഡേസ എന്ന് അറിയണമല്ലോ.

ലിവീവിന്റെ തെരുവുകൾ പൂർണ്ണമായും പഴയ കാലത്തിന്റെ പ്രൗഢി.യുള്ളവയാണെങ്കിൽ, ഒഡേസയിൽ പഴമയും പുതുമയും ഇഴചേരുന്ന തെരുവുകളാണ് കണ്ടത്.  മദ്ധ്യകാല യൂറോപ്പിൽ വാസ്തുശില്പ ഭംഗിയുടെ നിദർശനങ്ങളെന്നു വിളിക്കാവുന്ന കെട്ടിടങ്ങളും ഫൗണ്ടനുകളും പൂന്തോട്ടങ്ങളും ചത്വരങ്ങളും ആധുനിക കെട്ടിടങ്ങളുമായി ഒത്തുചേർന്നു നിൽക്കുന്നു. എവിടെ നിന്നു നോക്കിയാലും കരിങ്കടലിന്റെ സൗന്ദര്യവും കാണാം. കൃത്യമായ പ്ലാനിങ്ങോടെ തീർത്ത നഗരമാണിത്. പ്രധാന റോഡിലേക്ക് ചെന്നു ചേരുന്ന നൂറു കണക്കിന് ചെറു റോഡുകൾ. റോഡുകൾക്ക് ഇരുവശവും വലിയ വൃക്ഷങ്ങൾ. കരിങ്കൽച്ചീളുകൾ പാകിയ നടപ്പാതകൾ.

ഉക്രെയ്‌നിലെ മൂന്നാമത്തെ വൻ നഗരമാണ് ഒഡേസ. ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രവും ഇതുതന്നെയാണ്. തുറമുഖമുള്ളതുകൊണ്ട് ആ പ്രാധാന്യവും ഒഡേസയ്ക്കുണ്ട്. 'കരിങ്കടലിന്റെ മുത്ത്' എന്നാണ് ഒഡേസയുടെ വിളിപ്പേര്. (pearl of the black sea) ഗ്രീക്കുകാരുൾപ്പെടെ പലരുടെയും ഭരണത്തിൻ കീഴിലുണ്ടായിരുന്നെങ്കിലും റഷ്യൻ ഭരണകാലത്ത് കാതറീൻ രാജ്ഞിയാണ്  ഒഡേസയുടെ വികസനം സാധ്യമാക്കിയത്. അക്കാലത്ത് ഒരു 'ഫ്രീപോർട്ട്' (നികുതി രഹിത തുറമുഖം) എന്ന നിലയിൽ വിഖ്യാതമായിരുന്നു, ഇവിടം. സോവിയറ്റ് ഭരണകാലത്ത് റഷ്യൻ നാവിക സേനയുടെ ആസ്ഥാനങ്ങളിലൊന്ന് ഒഡേസയായിരുന്നു. 2000 മുതൽ 25 വർഷക്കാലത്തേക്ക് ഒഡേസ ഫ്രീപോർട്ടായി തുടരുമെന്ന് ഉക്രെയ്ൻ ഭരണാധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സോവിയറ്റ് കാലത്ത് മോസ്‌കോ, സെന്റ് പീറ്റേഴ്‌സ് ബർഗ്, വാഴ്‌സോ (ഇപ്പോൾ പോളണ്ടിൽ) എന്നിവ കഴിഞ്ഞാൽ നാലാമത്തെ വൻനഗരം ഒഡേസയായിരുന്നത്രേ. ആ 'വലിപ്പം' നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും തുറമുഖം എന്ന നിലയിലും വ്യവസായ കേന്ദ്രമെന്ന നിലയിലും ഇപ്പോഴും ഈ നഗരത്തിന്റെ പ്രധാന്യത്തിന് കുറവില്ല.

സോവിയറ്റ് ഭരണകാലത്തെ ശൈലിയിലുള്ള കെട്ടിടങ്ങൾ ഒഡേസയിൽ അധികം കാണാനില്ല. അതിനുമുമ്പ് ഇവിടം ഭരിച്ചിരുന്നവരുടെ ശൈലിയാണ് ഏറെയും പ്രകടം. ഇറ്റാലിയൻ, ഫ്രഞ്ച് ആർക്കിടെക്ചർ രീതികൾ കെട്ടിടങ്ങൾക്കുണ്ട്.പണ്ട് ഗ്രീക്കിൽ നിലവിലുണ്ടായിരുന്ന 'ഒഡേസോസ്' എന്ന നഗരത്തിന്റെ ഓർമ്മയ്ക്കായാണ് ഗ്രീക്ക് ഭരണകാലത്ത് നഗരത്തിന് ഈ പേരിട്ടത്.രണ്ടാംലോകമഹായുദ്ധകാലത്ത് ഏറ്റവുമധികം ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ്, അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഒഡേസ. റെമേനിയയുടെയും ജർമ്മനിയുടെയും സംയുക്താക്രമണത്തെ ചെറുക്കാൻ സോവിയറ്റ് സേനയ്ക്ക് കാര്യമായി കഷ്ടപ്പെടേണ്ടി വന്നു. വമ്പൻ ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും ശത്രുസേനയ്ക്ക് നഗരം പൂർണ്ണമായും പിടിച്ചടക്കാൻ കഴിഞ്ഞില്ല. എന്നാൽ 25,000 ലേറെ ഒഡേസക്കാർക്ക് ആക്രമണങ്ങളിൽ ജീവൻ നഷ്ടമായി. നഗരവാസികളായ 21,000ത്തിലധികം ജൂതന്മാരും കൊല ചെയ്യപ്പെട്ടു.

1960 നു ശേഷമാണ് ഒഡേസയുടെ നഗരവൽക്കരണം ആരംഭിച്ചത്. ഇന്നിപ്പോൾ 10 ലക്ഷം പേർ നഗരത്തിൽ വസിക്കുന്നുണ്ട്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com