sections
MORE

അങ്കോർ വാട്ട് എന്ന വിസ്മയം

480447945
SHARE

ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമായ അങ്കോർ വാട്ട് തലയുയർത്തി നിൽക്കുന്ന രാജ്യമാണ് കംബോഡിയ. യുനസ്കോ പൈതൃക പട്ടികയിലുള്ള ഈ ക്ഷേത്രമാണ് കംബോഡിയയിലെ പ്രധാന ആകർഷണം. ക്ഷേത്രങ്ങൾക്ക് പേരുകേട്ട കംബോഡിയിലാണ് ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്കോർവാട്ട് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.

നിർമാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും അങ്കോർവാട്ടിലെ ഓരോ കാഴ്ചകളും. മുപ്പതോളം വർഷത്തെ അധ്വാനത്തിന്റെ വലിയ ഫലമാണ് ഈ ക്ഷേത്രം. ലക്ഷക്കണക്കിന് സഞ്ചാരികളാണ്  ഓരോ വർഷവും  ചരിത്രമുറങ്ങുന്ന അങ്കോർവാട്ടിലെ കാഴ്ചകൾ കാണാനായി എത്തുന്നത്. അങ്കോർവാട്ട് ക്ഷേത്രം നിർമ്മിച്ചത് സൂര്യവർമ്മൻ രണ്ടാമനാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യവർമന്റെ കാലത്തു നിർമാണം ആരംഭിച്ചെങ്കിലും അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പിന്നീട് ആ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. കാലം ക്ഷയിപ്പിച്ചെങ്കിലും കമ്പോഡിയയുടെ ഹൃദയവും ആത്മാവും എന്നറിയപ്പെടുന്നത് ഈ ക്ഷേത്രമാണ്. 

അങ്കോർവാട്ടിന്റെ ഏറ്റവും വലിയ സവിശേഷത മൂവായിരത്തില്‍പരം അപ്സര കന്യകമാരുടെ ശില്പങ്ങൾ  കൊത്തിയ ചുവരുകളാണ്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ളതാണ് ഈ ശില്പങ്ങൾ. എന്നാൽ 1980ൽ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ചില രാസപദാർത്ഥങ്ങൾ ശില്പങ്ങൾക്കു നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും  ശേഷിച്ചവയെ  അതുപോലെ തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. പുരാണങ്ങളുടെ പുനരാവിഷ്കരണമാണ് അങ്കോർവാട്ടിന്റെ ചുവരുകളിൽ മുഴുവൻ. ഹൈന്ദവ പുരാണങ്ങളിലെ കഥാസന്ദർഭങ്ങളെല്ലാം ഈ ചുവരുകളിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധം, രാമ-രാവണ യുദ്ധം, ദേവാസുരന്മാർ, മന്ഥര പർവതം, വാസുകി, പാലാഴിമഥനം തുടങ്ങി നിരവധി കാഴ്ചകൾ ചുവരിൽ കൊത്തിയ മഹാശില്പങ്ങളായി അങ്കോർവാട്ടിൽ ദർശിക്കാവുന്നതാണ്. ഈ ശില്പചാതുര്യം തന്നെയാണ് അങ്കോർവാട്ടിന്റെ സൗന്ദര്യത്തിനു കൂടുതൽ മിഴിവേകുന്നത്. ദേവതകളും ഗരുഡനും താമരയുമെല്ലാം നിറയുന്ന ക്ഷേത്രത്തിന്റെ മറ്റുചുവരുകളുമെല്ലാം കലയുടെ സമ്മേളനമാണ്.

അങ്കോർ മേഖലയുടെ പ്രവേശന കവാടവും കംബോഡിയയുടെ തലസ്ഥാനവുമാണ് ക്ഷേത്ര നഗരമായ സിയേംറീപ്. കംബോഡിയൻ സംസ്കാരം വിളിച്ചോതുന്ന ഗ്രാമങ്ങളും ചരിത്രശേഷിപ്പുകളും കൊളോണിയൽ, ചൈനീസ് വാസ്തു വിദ്യയും ഗുഹകളും ഒക്കെയാണ് മറ്റു കംബോഡിയൻ കാഴ്ചകൾ. മോട്ടോർ സൈക്കിളിന് പിറകിൽ ഓട്ടോറിക്ഷയുടെ പിൻഭാഗം ഘടിപ്പിച്ചതു പോലുള്ള ‘ടുക്ക് ടുക്ക്’ ആണ് ഇവിടെ സഞ്ചാരികൾക്ക് നാട് ചുറ്റാനായുള്ള വാഹന സംവിധാനം. സ്കൂട്ടറുകൾ വാടകയ്ക്ക് എടുക്കാനും സൗകര്യമുണ്ട്. 

വീസ നടപടികൾ അറിയാം

നാട്ടിൽ നിന്നു തന്നെ ഓൺലൈനായി വീസ എടുക്കാം. അല്ലെങ്കിൽ സിയേം റീപിൽ എത്തി എയർ പോർട്ടിൽ നിന്ന് ഓൺ അറൈവൽ വീസ എടുക്കാം. ഹോട്ടൽ കൺഫർമേഷൻ വൗച്ചർ, ഉറപ്പായ റിട്ടേൺ ടിക്കറ്റ്, ആറു മാസ കാലാവധിയുള്ള പാസ്പോർ‌ട്ട് എന്നിവ ഹാജരാക്കിയാൽ 30 യുഎസ് ഡോളർ ഫീസ് നൽകിയാൽ ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് താമസി ക്കുന്നതിനായുള്ള ഓൺ അറൈവൽ വീസ ലഭിക്കും. 

എങ്ങനെ എത്താം

സിംഗപ്പൂർ എയർലൈൻസ്, എയർ ഏഷ്യ, മലിന്റോ, സ്കൂട്ട് എയർ വിമാനങ്ങൾ ക്വാലലംപുർ വഴി കംബോഡിയയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമല്ല. കറൻസി കംബോഡിയന്‍ റിയാൽ. വിയറ്റ്നാമിലെ പോലെ കംബോഡിയയിലും വിനോദസഞ്ചാരികളിൽ നിന്ന് സ്വീകരി ക്കുന്നത് യുഎസ് ഡോളറാണ്. മൂന്നു രാത്രി നാലു പകൽ യാത്രയ്ക്ക് ഒരാൾക്ക് 34,000 രൂപ ചെലവ് വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA