സിംഗപ്പൂർ മുതൽ മൗറീഷ്യസ് വരെ; നവദമ്പതികൾക്ക് ചെലവു കുറച്ച് യാത്ര ചെയ്യാവുന്നയിടങ്ങൾ

HIGHLIGHTS
  • ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാട്
honeymoon-trip1
SHARE

വിവാഹം കഴിഞ്ഞാൽ എല്ലാവരുടെയും ചോദ്യം ഹണിമൂൺ ട്രിപ്പ് എവിടേക്കായിരിക്കുമെന്നാണ്. മിക്കവരുടെയും മനസ്സിലുള്ള ആഗ്രഹമാണ് പങ്കാളിയുമൊത്ത് ഇഷ്ടയിടത്തേക്കുള്ള യാത്ര. നവദമ്പതികളുടെ  ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങൾ പരസ്പരം അറിഞ്ഞ് യാത്രകൾ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഒാർക്കുമ്പോൾ മിക്കവരും ആ യാത്രയിൽ നിന്നും പിന്നോട്ടു വലിയും. 

honeymoon-trip

വിദേശ രാജ്യങ്ങളിലേക്ക് ഹണിമൂൺ യാത്ര നടത്തുക എല്ലാവരുടെയും സ്വപ്നമാണ്. യാത്രക്കായി പോക്കറ്റിന്റെ കനം പോരാതെ വരും എന്നാതാണ് മിക്കവരുടെയും പരാതി. കുറഞ്ഞ ചിലവിൽ സുന്ദരകാഴ്ചകളുമായി നിരവധിയിടങ്ങൾ ഭൂമിയിലുണ്ട്. കീശകാലിയാക്കാതെ ഹണിമൂൺ യാത്രക്കായി ഒരുങ്ങാം. 

സിംഗപ്പൂർ

ഇന്ത്യയ്ക്ക് പുറത്തേക്ക് ഹണിമൂൺ യാത്ര പോകുമ്പോൾ ഒരുപക്ഷെ ഏറ്റവുമധികം ദമ്പതികൾ തിരഞ്ഞെടുക്കുന്ന ഇടം സിംഗപ്പൂർ തന്നെയാകും. ഏറ്റവും വൃത്തിയുള്ള ലോക രാജ്യങ്ങളിൽ ഒന്ന് എന്നതിനേക്കാൾ ഇതേ വൃത്തി സംരക്ഷിച്ച് കൊണ്ട് തന്നെ അവർ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. കേരളത്തിൽ നിന്നും നാലര മണിക്കൂർ യാത്രയ്ക്ക് ശേഷം സിംഗപ്പൂരിൽ എത്തുമ്പോൾ ഇവിടെ കാത്തിരിക്കുന്നത് മെട്രോ ട്രെയിനുകളുടെ മനോഹരമായ സൗകര്യങ്ങളാണ്. സർക്കാർ ഒരുക്കുന്ന ബസ് സൗകര്യവും മെട്രോ ട്രെയിനും സഞ്ചരിക്കാനായി ഉപയോഗിക്കാം, ഒരുപക്ഷെ സ്വകാര്യ വാഹന സമ്പ്രദായത്തെക്കാൾ ഇവിടുത്തെ സർക്കാർ ഏറ്റവുമധികം സപ്പോർട്ട് ചെയ്യുന്നതും ഇത്തരം സർക്കാർ സർവ്വീസുകൾ തന്നെയാണ്. ജീവിക്കാൻ എന്നായി പണം ആവശ്യമുള്ള നഗരം തന്നെയാണ് ഈ ചെറിയ രാജ്യം.

ബീച്ചുകൾ ഷോപ്പിംഗ് മാളുകൾ, തുടങ്ങിയ നിരവധി കാഴ്ചകൾക്കപ്പുറം ആഘോഷങ്ങൾ നിറച്ച പബ്ബ്കളും ഇവിടെ അത്രമേൽ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ട്. ഗാർഡൻ ബേ, യൂണിവേഴ്‌സൽ സ്റ്റുഡിയോ, സെന്തോസ, മെർലിയൻ പാർക്ക്, നൈറ്റ് സഫാരി, തുടങ്ങിയ ഒട്ടേറെ മാസ്മരികമായ കാഴ്ചകൾ ഇവിടെ ലഭിക്കും.

കുളു - മണാലി

ഇന്ത്യൻ ഹണിമൂൺ യാത്രകളിൽ ഒരുപക്ഷെ ഏറെ പേരും തിരഞ്ഞെടുക്കുന്ന ഒരിടമാണ് കുളു-മണാലി. ഹിമാലയൻ യാത്ര സ്വപ്നമായ സഞ്ചാരികൾക്ക് വലിയ അപകടമില്ലാത്ത പോകാൻ ആഗ്രഹിക്കാവുന്ന ഒരു പ്രദേശമാണിത്. അതുകൊണ്ടു തന്നെ ഹണിമൂൺ യാത്രികർക്ക് ഇത് ഏറെ പ്രിയമുള്ള ഇടമാണ്. പ്രകൃതി സൗന്ദര്യത്തിനും പൊഴിഞ്ഞു വീഴുന്ന മഞ്ഞിനുമിടയിൽ പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാകുമോ! ഡല്‍ഹിയില്‍ നിന്ന് 580 കിലോമീറ്റര്‍ അകലെയായി ഹിമാചല്‍ പ്രദേശില്‍ കുളുതാഴ്്വരയുടെ വടക്ക് ഭാഗത്തായി മണാലി സ്ഥിതി ചെയ്യുന്നു. ഹിമാലയൻ മലനിരകളുടെ കാഴ്ച, ദേവദാരു വൃക്ഷങ്ങളാൽ നിറഞ്ഞ ചുറ്റുപാടുകൾ, ബിയാസ് നദി എന്നിവ ഇവിടുത്തെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ പോകാൻ ഏറ്റവും മികച്ച സമയം. ഡിസംബർ തുടങ്ങുന്നതോടെ അതികഠിനമായ മഞ്ഞുവീഴ്ചയാണിവിടെ.

3manali-4-11-2011

മണാലി ടൗണും ഓള്‍ഡ് മണാലിയും ആണ് ഇവിടെ മണാലിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളിൽ ഒരാൾ സാഹസികത ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് എന്നെ മാർഗ്ഗങ്ങൾ ഉപയോഗിക്കാം. പക്ഷെ ഹണിമൂൺ യാത്രയ്ക്കാണ് വന്നതെന്നത് മറക്കണ്ട.  പോക്ക്റ്റ് കാലിയാക്കാതെ സൗകര്യങ്ങളുള്ള റിസോർട്ടുകളും മറ്റു താമസ സൗകര്യങ്ങളും ഇവിടെ എല്ലായിടങ്ങളിലും ലഭ്യമാണ്. ട്രാവൽ ഏജൻസി വഴിയും യാത്രകൾ ബുക്ക് ചെയ്യാം

ഫിജി ദ്വീപ്

ദ്വീപും കടൽതീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണൽ വിരിച്ച തീരത്ത് ആർത്തുല്ലസിക്കാന്‍ എല്ലാവർക്കും പ്രിയമാണ്. ദ്വീപുകൾ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോർട്ടുകളാണ്  ഫിജി ദ്വീപിലുള്ളത്.

Poseidon-Undersea-Resort-Fiji

ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും  പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകർഷണീയമാക്കുന്നു. സ്കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഫിലിപ്പീൻസ്

ചെലവു കുറഞ്ഞ യാത്ര സാധ്യമാകുന്നൊരു നാടാണു ഫിലിപ്പീൻസ്. ആയിരക്കണക്കിനു ബീച്ചുകൾ നിറഞ്ഞ ഇവിടം പ്രകൃതിഭംഗിയാൽ സമ്പന്നമാണ്. ഇന്ത്യയിലെ പല നഗരങ്ങളിലെയും മുന്തിയ ഭക്ഷണശാലകളിൽ ലഭിക്കുന്നതിനെക്കാ‍ൾ കുറഞ്ഞ വിലയ്ക്കു ഭക്ഷണവും താമസവും ഉറപ്പാക്കാം. പാനീയങ്ങളും സുലഭം. പെട്രോളിനും താരതമ്യേന വില കുറവാണ്.

521110659

സംസ്കാരത്തനിമയും ഭക്ഷണ വൈവിധ്യവും അടുത്തറിഞ്ഞു ഷോപ്പിങ്ങും നടത്തന്‍ പറ്റിയയിടമാണ്. ചൂട് കൂടുതലുള്ള നാടാണ് ഫിലിപ്പൈൻസ്. എന്നാൽ ആ നാട്ടില്‍  തണുപ്പുള്ള കാലാവസ്ഥയുള്ള ഇടങ്ങളുമുണ്ട്. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പൈൻസ്. അതിലേറ്റവും സുന്ദരമായ ദ്വീപാണ് ബോറക്കേയ്. രാത്രി ജീവിതം ആസ്വദിക്കാനും രസകരമായ പാർട്ടികൾ നടത്താനും ഏറ്റവും പറ്റിയ ദ്വീപാണ് ബോറക്കേയ്. സ്രാവുകൾക്കൊപ്പം നീന്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ ബൊഹോൾ അതിനേറ്റവും ഉചിതമായൊരിടമാണ്. യാത്രക്കൊരുങ്ങുമ്പോൾ കാലാവസ്ഥ എപ്രകാരമുള്ളതാണെന്നു മനസിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പ് നടത്തേണ്ടതാണ്.

യാത്ര ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലേക്കാണെങ്കിൽ ഏതെങ്കിലും ട്രാൻസ്‌പോർട്ട്  ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നത് സഞ്ചാരികൾക്ക് ഏറെ ഗുണകരമായിരിക്കും. മനില ഒരു മെട്രോപൊളിറ്റൻ സിറ്റി ആണ്. അതുകൊണ്ടു തന്നെ അതിന്റെതായ തിരക്കുകൾ നിറഞ്ഞ ഒരു നഗരവും കൂടിയാണിത്. ഫിലിപ്പൈൻസ് സന്ദർശനം ആദ്യമായാണെങ്കിൽ, നഗരത്തിരക്കുകളിൽ ടാക്സികൾ ലഭിക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഊബർ, ഗ്രാബ് കാർ, വേസ് എന്നീ  ആപ്പുകൾ ഫോണിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രകൾ എളുപ്പമുള്ളതാക്കും. കൊച്ചിയിൽനിന്നു മനിലയിലേക്ക് നേരിട്ടു ഫ്ലൈറ്റ് ഇല്ല. സിംഗപ്പൂരിലോ ക്വാലലംപൂരിലോ മാറിക്കയറണം.

ആൻഡമാൻ നിക്കോബാർ

നീല ജലാശയത്തിലൂടെ ഒഴുകി നീങ്ങി എത്തിപ്പെടുന്ന ദ്വീപിലേക്ക് ഒരു ഹണിമൂൺ യാത്ര പോയാലോ? എന്ത് മനോഹരമായിരിക്കും! പച്ചപ്പും നീല കടലും മണൽപ്പരപ്പും നിറഞ്ഞ ദ്വീപുകളാണ് ആൻഡമാൻ നിക്കോബാറിലുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കുഭാഗത്ത് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ സമൂഹമാണ് ആൻഡമാൻ നിക്കോബാർ. ബീച്ചുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാഴ്ചയിൽ ഒന്ന്.

895853648

വൃത്തിയുള്ളതും മനോഹരവുമായ ബീച്ചുകളാണ് ഇവിടെയുള്ളത്. തെളിഞ്ഞ വെള്ളം കാണുന്നത് തന്നെ ഒരു ആനന്ദമാണല്ലോ. ആൻഡമാനിൽ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‌ലോക്ക്. ഒരുപക്ഷെ ഗോവയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരു ഇടമാണിതെന്നും പറയാം. ഹാവ്‌ലോക്കിലെ ഏറ്റവും മനോഹരമായ രാധാബീച്ച് കടൽഭംഗി ആസ്വദിക്കാൻ സഹായിക്കും. അത്രയധികമൊന്നും മനുഷ്യവാസമില്ലാത്ത ഇടങ്ങളും ഇവിടയുണ്ട്.

പവിഴപ്പുറ്റുകളെയും മനോഹരമായ മത്സ്യ സമ്പത്തിനെയും കണ്ടു ആസ്വദിക്കണമെങ്കിൽ എലിഫന്റ് ബീച്ച് ഉപയോഗിക്കാം. നീന്തൽ വാസമില്ലാത്തവരെ സഹായിക്കാൻ ഇവിടെ ഗെയിഡുമുണ്ട്. കണ്ടൽക്കാടുകൾക്കിടയിലൂടെ ചെറു ബോട്ടിലൂടെ യാത്രകൾ ഇവിടെ ദ്വീപിൽ പലയിടത്തും സാധ്യമാണ്. നല്ല നാടൻ രുചിയുള്ള ഭക്ഷണവും ആൻഡമാനിൽ ലഭിക്കും

മൗറീഷ്യസ്

ബീച്ചുകളുടെ മൗറീഷ്യസ്. നവദമ്പതികൾ പോകാൻ ഏറെ ഇഷ്ടമുളളയിടമാണ് മൗറീഷ്യസ്. വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത. </p>

നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്.  മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ് , നിരവധി സസ്യ, മൃഗ ജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA