ADVERTISEMENT
arya-travel1

അവതാരകയായും അഭിനേത്രിയായും മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സുന്ദരമായ ഇൗ ലോകത്തിലെ മിക്കയിടങ്ങളും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ് താരം. യാത്രപോകാനും കാഴ്ചകളാസ്വദിക്കാനും ആഗ്രഹിച്ച ആര്യ ഇന്ന് കാണാത്തയിടങ്ങൾ ചുരുക്കമാണ്. ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പോയിട്ടുണ്ട്. അതെല്ലാം ഇൗശ്വരൻ നൽകിയ ഭാഗ്യമാണെന്ന് ആര്യ പറയുന്നു.  ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് താരം മനോരമ ഒാണ്‍ലൈനില്‍ മനസ്സുതുറക്കുന്നു.

arya-travel6

ജോലിയുടെ ഭാഗമായിരുന്നു മിക്ക യാത്രകളും. വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. മകൾക്കൊപ്പം നല്ലൊരു യാത്ര പോയിട്ട് കുറച്ചുനാളുകളായി. പ്ലാനിങ്ങൊക്കെ തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും മോളുടെ പഠനവും കാര്യങ്ങളുമൊക്കെയായി യാത്ര നീണ്ട് അവളുടെ വെക്കേഷനിൽ ചെന്നെത്തും. അപ്പോൾ അതിലും കഷ്ടമാണ്, അവളുടെ വെക്കേഷൻ സമയത്ത് എനിക്ക് ഷൂട്ടുണ്ടാകും, പ്ലാനിങ്ങെല്ലാം തകിടം മറിയും. എന്നാലും ചെറു ട്രിപ്പുകളൊക്കെ മോളെയും കൂട്ടി പോകാറുണ്ട്.

ജോലി നൽകിയ ഭാഗ്യം

arya-travel7

ജോലിയിലൂടെയാണ് ഞാൻ യാത്രകളെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയത്. പല രാജ്യങ്ങൾ, ആളുകൾ, ഭക്ഷണരീതികൾ, സംസ്കാരം എന്നു വേണ്ട എന്തിനെയും യാത്രയിലൂടെ അറിയുവാനും പഠിക്കുവാനും സാധിച്ചു. വിദേശയാത്രയിൽ എനിക്കേറെ ഇഷ്ടം തോന്നിയത് നയാഗ്രയുടെ ദൃശ്യവിസ്മയമായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ നമ്മെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്ന ഗാംഭീര്യമാണ് നയാഗ്രക്കുള്ളത്. എന്നെ ഏറെ ആകർഷിച്ചത് 'മെയ്ഡ് ഓഫ് ദ് മിസ്റ്റ്' എന്ന ബോട്ട് യാത്രയാണ്. സഞ്ചാരികളെ വലിയ ബോട്ടില്‍ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തേക്കു കൊണ്ടുപോകും.

arya-travel3

ശരിക്കും അതിശയിപ്പിക്കും. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുമ്പോൾ വസ്ത്രങ്ങൾ നനയാതിരിക്കാനായി യാത്രക്കാർക്ക് റെയിൻകോട്ടു നല്‍കും. എത്ര തവണ നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാൻ പോയിട്ടുണ്ടെങ്കിലും വിസ്മയിപ്പിക്കുന്ന പ്രകൃതിപ്രതിഭാസം മടുപ്പു തോന്നിക്കില്ല. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഘോരമുഴക്കം ഇപ്പോഴും കാതുകളിലുണ്ട്.

ഞാൻ കണ്ട യുഗാണ്ട

arya-travel

ചെറുപ്പത്തിൽ എല്ലാവരും പരിഹസിച്ചു കേട്ടിട്ടുള്ളതാണ് യുഗാണ്ട എന്ന സ്ഥലം. യുഗാണ്ട എന്നു കേൾക്കുമ്പോൾ  ശരാശരി മലയാളിയുടെ മുഖത്തും  ഒരു രസഭാവം മിന്നിമറയാറുണ്ട്. അന്നൊന്നും ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നു കരുതിയതേയില്ല. ശരിക്കും യുഗാണ്ട ഒരു വിസ്മയമാണെന്നറിഞ്ഞത് അവിടെ പോയപ്പോഴാണ്.

arya-travel5

ഷോയുടെ ഭാഗമായാണ് യുഗാണ്ടയിൽ പോകാനുള്ള അവസരം കിട്ടിയത്. അടിപൊളി യാത്രയായിരുന്നു. നഗരക്കാഴ്ചകളിൽനിന്നു മാറി ഗ്രാമത്തിലേക്കു കടന്നപ്പോൾ ശരിക്കും അതിശയം തോന്നി. ഒറ്റവാക്യത്തിൽ പറഞ്ഞാൽ തനി നാട്ടിൻപുറം. കേരളത്തിനോട് സാദൃശ്യം തോന്നുന്ന നാട്. ചെമ്പരത്തിയും കപ്പയും വാഴയും ചേമ്പും മുരിങ്ങയും വിളഞ്ഞു നിൽക്കുന്നു. നിഷ്കളങ്കരായ ജനസമൂഹമാണ് അവിടുത്തേത്. 

ഓസ്ട്രേലിയയിലെ ഒാറഞ്ച്

arya-travel9

ഓസ്ട്രേലിയൻ യാത്രയും രസകരമായിരുന്നു. ഒറ്റത്തവണ മാത്രമേ അവിടെ പോകാൻ സാധിച്ചുള്ളൂ. സിഡ്നിയാണ് എന്നെ ഏറെ ആകർഷിച്ചത്. പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ആ യാത്രയും. സ്പോൺസർമാർ താമസിക്കുന്നതിന് അടുത്തായിരുന്നു ഞങ്ങള്‍ക്കും താമസം ഒരുക്കിയിരുന്നത്. ഒാറഞ്ച് എന്നാണ് ആ സ്ഥലത്തിന്റെ പേര്.

arya-travel4

പേരുപോലെ ഒാറഞ്ച് വിളയുന്ന നാടൊന്നുമല്ലായിരുന്നു. കേരളത്തിലെ ഹിൽസ്റ്റേഷൻ പോലെയൊരിടം. റിമോട്ട് ഏരിയയാണ്. അടുത്ത് മറ്റു വീടുകളൊന്നുമില്ല. ഹോംസ്റ്റേ ഉണ്ട്. അവിടെയായിരുന്നു താമസം. ചുറ്റിനും പച്ചപ്പ് നിറഞ്ഞ കാഴ്ചകളായിരുന്നു. രണ്ടു ദിവസം അവിടുത്തെ കാഴ്ചകളാസ്വദിച്ചു താമസിച്ചു.

arya-travel8

പ്രകൃതിയോട് ചേർന്ന ഇടം, സമാധാനമുള്ള അന്തരീക്ഷം അതൊക്കെയാണ് എനിക്ക് ഇഷ്ടം. മോൾക്ക് ഏറ്റവും ഇഷ്ടം സ്വിമ്മിങ്പൂളുള്ള സ്ഥലങ്ങളാണ്. അതുകൊണ്ട് എന്റെ ഇഷ്ടവും അവളുടെ ഇഷ്ടവും കോർത്തിണക്കിയാണ് ഞങ്ങൾ മിക്കപ്പോഴും യാത്ര പോകുന്നത്. അങ്ങനെയൊരിടമാണ് പൂവാറിലുള്ള  ഒാവർ ദി ഹിൽ എന്ന റിസോർട്ട്.

ശാന്തസുന്ദരമാണ് അവിടുത്തെ അന്തരീക്ഷം. പോരാത്തതിന് സ്വിമ്മിങ്പൂളുമുണ്ട്. മോളും  ഞാനും ഹാപ്പി. തിരുവനന്തപുരം എനിക്ക് ഹോംടൗൺ ആണ്. അവിടെ ബീച്ച് ഉൾപ്പെടെ മിക്കയിടത്തും പോയിട്ടുണ്ട്. മോാളെയും കൊണ്ട് ഡിസ്നിവേൾഡിൽ പോകണമെന്ന് എന്റെ വലിയ ആഗ്രഹമാണ്. പിന്നെ മൗറിഷ്യസും ബോറ ബോറ െഎലൻഡും എന്റെ സ്വപ്നയിടങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com