ADVERTISEMENT

അതിഥികളോട് ചൈന ചോദിക്കുക ‘നീ ഹാവ്’ എന്നാണ്. ‘നിങ്ങൾക്ക് സുഖമാണോ?’എന്ന്. ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വൻമതില്‍, ടിയനൻമെൻ സ്ക്വയർ, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാൽ ചൈന യാത്ര ലക്ഷ്യമിടുമ്പോൾ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. 

മധ്യ ബെയ്ജിങ്ങിലെ ഫോർബിഡൻ സിറ്റി ടിയനൻമെൻ സ്ക്വയർ, ജിങ്ഷാൻ പാർക്ക്, ടെംബിൾ ഓഫ് ഹെവൻ, സമ്മർ പാലസ്, നാൻലോഗ് സിയാങ്, എന്നിവ കാണാം.

ഇംപീരിയൽ കാലം മുതൽക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ‍ഡക്ക്. ബെയ്ജിങ്ങിലെത്തിയാൽ ഇത് കഴിക്കാൻ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കിൽ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേർക്കാം. ബുള്ളറ്റ് ട്രെയിനിൽ ഷാങ്ഹായ്‍ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്.

ചില സ്ഥലങ്ങൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങൾ സ്വപ്നത്തെ തോൽപ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വർഗമെന്ന് നമ്മൾ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഭൂമിയിലെ സ്വർഗമേതെന്ന് ചോദിച്ചാൽ ടിയാൻമെൻ എന്ന് അവിടം സന്ദർശിച്ചവർ പറയും. സൗന്ദര്യത്തിലും മഹിമയിലും പേരുകേട്ട ഈ സ്ഥലം ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.

പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ സ്ഥലത്ത് നാല് മഹാത്ഭുതങ്ങൾ കൂടിയുണ്ട്. ടിയൻമാൻ മൗണ്ടൻ കേബിൾ വേ, ടോഗ്റ്റിയൻ അവന്യൂ (Tongtian Avenue), ടിയാൻമെൻ ഗുഹ, മൗണ്ടൻ പ്ലേറ്റൗ വിർജിൻ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവയാണത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ടിയൻമെൻ പർവ്വതത്തിലേക്ക് യാത്ര ചെയ്യാൻ മികച്ച സമയം. ഈ സമയത്ത് ചൂട് വളരെ കുറവാണ്. തണുപ്പ് അത്ര കൂടുതലുമല്ല. മലനിരകളിലെ മഞ്ഞുകാണുന്നതും, മഞ്ഞിന്റെ ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർക്കും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഉചിതം. എന്നാൽ തണുപ്പ് നേരിടാനുള്ള വസ്ത്രങ്ങൾ കരുതണമെന്ന് മാത്രം.

വീസ നടപടികൾ അറിയാം

സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസ ആണ് ചൈന സന്ദര്‍ശിക്കുന്നതിനായി ലഭിക്കുക. അതായത് കാലാവധിക്കുളളിലാണെങ്കിലും ചൈനയിൽ നിന്നു പുറത്ത് കടന്നാൽ തിരികെ കയറാൻ അനുവാദമില്ലാത്ത വീസ. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്പോർട്ട് ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള എൻഒസി എന്നിവയടക്കമുള്ള അവശ്യ രേഖകൾ ഡൽഹിയിലെ ചൈന കോൺസുലേറ്റ്/എംബസിയിലേക്ക് അയച്ചു കൊടുത്ത് അപേക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഡോക്യുമെന്റുകളും വീസയും കൊറിയർ സർവീസ് വഴി ലഭിക്കും. ഒരാൾക്ക് ഒന്നര ലക്ഷം രൂപ അക്കൗണ്ടിൽ ബാലൻസ് ഉണ്ടാകണം.

എങ്ങനെ എത്താം

ശ്രീലങ്കൻ എയർ ലൈൻസ് കൊളംബോ വഴിയും സിംഗപ്പൂർ എയർലൈൻസ് വിമാനങ്ങൾ സിംഗപ്പൂർ വഴിയും ചൈനയിലെത്തും. എയർ ഏഷ്യയുടെ വിമാനങ്ങൾ ക്വാലലംപുർ വഴി ആയിരിക്കും. മൂന്ന് രാത്രി നാല് പകൽ കൊണ്ട് ബെയ്ജിങ് സന്ദർശിക്കാൻ ഒരാൾക്ക് 68,000 രൂപ ചെലവ് വരും. ചൈനീസ് യുവൻ റെൻമിൻബി ആണ് കറൻസി. യുഎസ് ഡോളർ സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com