ADVERTISEMENT

കടലും കടൽകാഴ്ചകളും ഭൂരിപക്ഷം പേർക്കും ഏറെ പ്രിയപ്പെട്ടതാണ്. തീരത്തു നിന്നുള്ള കാഴ്ചകൾക്കപ്പുറം കടലിന്നടിത്തട്ടിലെ മനോഹാരിത കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? താമസ സൗകര്യമൊരുക്കുന്ന ഹോട്ടലുകൾ, കടൽകാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കുന്ന റെസ്റ്റോറന്റുകൾ തുടങ്ങിയവയൊക്കെ ഇന്ന് കടലിന്നടിയിലുണ്ട്.  പവിഴപുറ്റുകളും വൻമൽസ്യങ്ങളും ചെറു മൽസ്യക്കൂട്ടങ്ങളുമൊക്കെ നീന്തിത്തുടിക്കുന്ന ആ വിസ്മയലോകം കാണാനും അടിത്തട്ടിൽ ഒരു ദിവസം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഹോട്ടലുകളെയും കടലിന്റെ സുന്ദരകാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഭക്ഷ്യശാലകളെയും അടുത്തറിയാം. കടൽ സമ്മാനിക്കുന്ന കൗതുകലോകം കണ്ടാസ്വദിക്കാം. 

ജൂലെസ് അണ്ടർസീ ലോഡ്ജ്

ഒരു ഗവേഷണശാലയുടെ പരിണാമമാണ് കടലിനടിത്തട്ടിലെ ഈ താമസസ്ഥലം. ഫ്ലോറിഡയിലെ കീ ലാർഗോയിലാണ് ജലാന്തർഭാഗത്തുള്ള ലോഡ്ജ്. 1986 ലാണ് ഇതൊരു ഹോട്ടലാക്കി മാറ്റുന്നത്. പ്രശസ്ത നോവലിസ്റ്റ് ജൂലെസ് വെർനെയുടെ പേരാണ് ലോഡ്ജിനു നൽകിയിരിക്കുന്നത്. സമുദ്രത്തിനടിയിലെ ആദ്യ ഹോട്ടൽ എന്ന ബഹുമതി ജൂലെസ് അണ്ടർസീ ലോഡ്ജിനാണ്. പ്രണയികളും നവദമ്പതികളുമാണ് ഇവിടുത്തെ സ്ഥിരം സന്ദർശകർ. വിവാഹാഭ്യർത്ഥനകൾക്കും വിവാഹങ്ങൾക്കും സ്ഥിരം വേദികൂടിയാണ് ഇവിടം.

undersea1

ഡൈവിംഗ് ചെയ്താണ് കടലിന്നടിഭാഗത്തെ ഈ വിസ്മയ ലോകത്തേയ്ക്കു എത്തിച്ചേരുന്നത്. ഉപരിതലത്തിൽ നിന്നും ഇരുപതടിയോളം സഞ്ചരിച്ചാൽ മാത്രമേ ലോഡ്ജിന്റെ പ്രവേശനകവാടത്തിൽ എത്തുകയുള്ളൂ. സ്കൂബ ഡൈവിംഗ് സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രമാണ്  ഇവിടെ പ്രവേശനം. സർട്ടിഫിക്കറ്റ് ഇല്ലാത്ത, ഡൈവിംഗ് അറിയാവുന്നവർക്ക് മൂന്നു മണിക്കൂർ നേരത്തെ ട്രെയ്‌നിങ്ങിനു ശേഷം യാത്രയ്ക്കും താമസത്തിനും തയ്യാറെടുക്കാവുന്നതാണ്. ജൂലെസ് അണ്ടർസീ ലോഡ്ജിലെ താമസത്തിനു ഒരു വ്യക്തിയ്ക്കു 675 ഡോളറാണ് ഈടാക്കുന്ന തുക. 5 - 6 അംഗങ്ങളുള്ള ഒരു ഗ്രൂപ്പാണ് താമസക്കാരെങ്കിൽ ഒരു വ്യക്തിക്ക് 300 ഡോളർ മാത്രമേ ചെലവുള്ളൂ. 

ഇത്താ അണ്ടർസീ റെസ്റ്റോറന്റ്

ഇന്ത്യൻ മഹാസമുദ്രത്തിനു നടുവിൽ ഭക്ഷണം വിളമ്പുന്ന ഒരു വിസ്മയ ലോകം അതാണ് ഇത്താ അണ്ടർസീ റെസ്റ്റോറന്റ്. മാലദ്വീപിനു സമീപത്തായാണിത് സ്ഥിതി ചെയ്യുന്നത്. വളരെ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നതിനൊപ്പം രുചി നിറച്ച ഭക്ഷണവും വിളമ്പും ഈ റെസ്റ്റോറന്റ്. പരമ്പരാഗത യൂറോപ്യൻ ശൈലിയിലുള്ള ഭക്ഷണമാണെങ്കിലും അതിനൊരല്പം ഏഷ്യൻ സ്വാദ് കൂടി ചേർത്താണ് തയ്യാറാക്കുന്നത്. ഇവിടെയെത്തുന്ന അതിഥികൾക്ക് സൺ ഗ്ലാസ് ധരിക്കാനുള്ള നിർദേശങ്ങൾ അധികൃതർ നൽകാറുണ്ട്.

സൂര്യൻ ജലോപരിതലത്തിൽ വരുമ്പോൾ അടിത്തട്ടിലേയ്ക്കു പതിക്കുന്ന കഠിനമായ സൂര്യരശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു സൺ ഗ്ലാസുകൾ ധരിപ്പിക്കുന്നത്. 2005 ലാണ് ഈ റെസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. 20 വർഷം  മാത്രമാണ് റെസ്റ്റോറന്റിന്റെ ആയുസായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക്, അന്തർഭാഗത്തെ കടലിന്റെ മനോഹാരിത ആസ്വദിക്കണമെന്നുള്ളവർക്കൊക്കെ മടിക്കാതെ ഒരു യാത്രയ്ക്ക് തയ്യാറെടുക്കാം. ഉച്ചഭക്ഷണത്തിനു ഇവിടെ ഈടാക്കുന്ന തുക 195 ഡോളറാണ്. ഡിന്നറിനു ഒരു വ്യക്തിയ്ക്കു 320 ഡോളർ ചെലവു വരും. 

അണ്ടർ വാട്ടർ സ്യൂട്ട്സ് അറ്റ് അറ്റ്ലാന്റിസ്, ദുബായ് 

ദുബായിലെ പാം ജുമേര ദ്വീപിലാണ് അണ്ടർ വാട്ടർ സ്യൂട്ട്സ്. അതിഥികൾക്ക്‌ ഇതുവരെ അനുഭവിക്കാൻ കഴിയാത്തത്രയും അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഒരു ആഡംബര ഹോട്ടൽ ആണിത്. വിവിധവർണങ്ങളിലുള്ള സസ്യങ്ങളും ജീവികളും മുതൽ സ്രാവുകളെയും വൻ തിരണ്ടികളെയും  വരെ ഹോട്ടലിന്റെ അകത്തളങ്ങളിലിരുന്നുകൊണ്ടു കാണുവാൻ സാധിക്കും.

അത്യാഡംബരം നിറഞ്ഞ താമസ സൗകര്യവും ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം തയാറാക്കി  നൽകാൻ സന്നദ്ധരായുള്ള പാചകക്കാരും ഇവിടെ അതിഥികളെ സേവിക്കാനായുണ്ട്. അറബിക്കടലിന്റെ മോഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണുവാൻ കഴിയുന്ന ഒരു സ്വകാര്യ ബീച്ചും ഈ ഹോട്ടലിനു സ്വന്തമായുണ്ട്. അണ്ടർ വാട്ടർ സ്യൂട്ട്സ് അറ്റ് അറ്റ്ലാന്റിസിൽ താമസിക്കുന്നതിനും കടലിന്റെ അന്തർഭാഗത്തെ സുന്ദരദൃശ്യങ്ങൾ മനം നിറഞ്ഞും കാണുന്നതിനും ചെലവാകുന്ന തുക 8200 ഡോളർ മുതൽ ആരംഭിക്കുന്നു.

റിയൽ പോസിഡോൺ, ഗുജറാത്ത് 

ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തർഭാഗത്തുള്ള റെസ്റ്റോറന്റ് ആണ് റിയൽ പോസിഡോൺ. 2016 ഫെബ്രുവരി 1 നാണിത് പ്രവർത്തനം ആരംഭിച്ചത്. 4000 മൽസ്യങ്ങളും വിവിധയിനങ്ങളിൽപ്പെട്ട സമുദ്രജീവികളും അധിവസിക്കുന്ന 1, 50, 000 ലിറ്റർ ജലം നിറഞ്ഞ അക്വാറിയവും 32 പേർക്കു ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ്ങ് ഹാളും ഈ റെസ്റ്റോറന്റിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.

പഞ്ചാബി, തായ്, ചൈനീസ്, മെക്സിക്കൻ രുചികളിലുള്ള വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. ഭരത് ഭട്ട് എന്ന വ്യവസായിയാണ് ഈ റെസ്റ്റോറന്റിന്റെ ഉടമ. തന്റെ പന്ത്രണ്ടു വയസുള്ള മകനാണ് ഇത്തരത്തിലുള്ള ഒരു സംരംഭം തുടങ്ങാൻ തനിക്കു പ്രചോദനമായതെന്നു അദ്ദേഹം പറയുന്നു. റെസ്റ്റോറന്റിന്റെ രൂപകൽപനയും ഭട്ടിന്റേതു തന്നെയാണ്. ഗവൺമെന്റിൽ  നിന്നും ചില അനുമതിപത്രങ്ങൾ കൂടി ലഭിക്കാനുള്ള താമസം കൊണ്ട്  2016 ൽ ആരംഭിച്ച റെസ്റ്റോറന്റ് ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 

ക്വാനിനി, ദി മാന്റ റിസോർട്ട്, പെംബാ ദ്വീപ്, സാൻസിബാർ 

മൈക്കിൾ ഗെൻബെർഗ് എന്ന വ്യക്തിയാണ് ഈ റിസോർട്ടിന്റെ രൂപകൽപന നിർവഹിച്ചത്. ജലോപരിതലത്തിൽ ഒഴുകി നടക്കുന്നതുപോലെയുള്ള മനോഹരമായ ഘടന ഈ റിസോർട്ടിനെ വേറിട്ടതാക്കുന്നു. കയ്യിലുള്ള ഇലക്രോണിക്‌സ് ഉപകരണങ്ങളെല്ലാം കടൽത്തീരത്തു ഉപേക്ഷിച്ചുകൊണ്ടായിരിക്കണം സമുദ്രാന്തർഭാഗത്തെ ഈ റിസോർട്ടിലേയ്ക്കു പ്രവേശിയ്ക്കാൻ.

സ്‌നോർക്കലിങ്ങിലൂടെയോ ഡൈവിങ്ങിലൂടെയോ ഇവിടെ എത്തിച്ചേരാം. റിസോർട്ടിലെ താമസവും ഇവിടുത്തെ രാത്രികളും  ഇതുവരെ കാണാത്ത ഇമ്പമാർന്ന കാഴ്ചകൾ കണ്ണുകൾക്ക് പ്രദാനം ചെയ്യും. മുറിക്കുള്ളിലെ വെളിച്ചത്തിൽ ആകൃഷ്ടരായി കടലിലെ ചെറുജീവികളും വലിയ മത്സ്യങ്ങളും റിസോർട്ടിലെ ചില്ലുജാലകത്തിനു സമീപമെത്തും. ആ കാഴ്ചകൾ അതിഥികൾക്കു മനോഹരമായ ഒരു രാത്രി സമ്മാനിക്കുമെന്നതിൽ തർക്കമില്ല. ഇവിടെ രണ്ടുപേർക്കു താമസിക്കാൻ 1500 ഡോളർ ഈടാക്കുമ്പോൾ ഒരു വ്യക്തിക്ക് താമസിക്കാൻ 900 ഡോളറാണ് ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com