ADVERTISEMENT

ഉക്രെയ്ൻ ഡയറി - അദ്ധ്യായം 15

ഡ്യൂക്ക് ദ റിഷല്യു വിന്റെ പ്രതിമയും പ്രിമോഴ്‌സ്‌കി ബുലുവാർഡും

മല മേലെ സ്ഥിതി ചെയ്യുന്ന ഒഡേസ നഗരത്തിൽ നിന്ന്  താഴെ തുറമുഖത്തിലേക്ക് തുറക്കുന്ന പടികളാണ് 'പൊട്ടംകിൻ സ്റ്റെയേഴ്‌സ്' എന്നറിയപ്പെടുന്നത്.  ഒഡേസ നഗരത്തിൽ നിന്ന് നോക്കുമ്പോൾ താഴെ, കരിങ്കടൽ തീരത്താണ് തുറമുഖം കാണുന്നത്. അവിടേക്ക് എത്തിപ്പെടാനായി പടികൾ നിർമ്മിക്കാൻ തീരുമാനിച്ചത് 1800ലാണ്. 1837ൽ പടികളുടെ പണി പൂർത്തിയായി. ആകെ 192 പടികൾ.. പടികളിൽ പാകാൻ ഇറ്റലിയിൽ നിന്ന് ഇളം ചാര നിറമുള്ള ടൈലുകളും കൊണ്ടുവന്നിരുന്നു.

കരിങ്കടലും ഹോട്ടൽ ഒഡേസയും- പ്രിമോഴ്‌സ്‌കി ബുലുവാർഡിൽ നിന്നുള്ള ദൃശ്യം

1933ൽ പടികൾ ജീർണ്ണിച്ചു തുടങ്ങിയപ്പോൾ റോസ്-ഗ്രേ നിറമുള്ള ഗ്രാനൈറ്റ് പാകി വെടിപ്പാക്കി. 'ബുലുവാർഡ് സ്റ്റെപ്‌സ്' എന്നാണ് ഈ പടവുകൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവയെ 'പൊട്ടംകിൻ സ്റ്റെപ്പ്‌സ്' എന്ന് വിളിക്കാൻ തുടങ്ങിയത് 1925ൽ വിഖ്യാത സിനിമയായ 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ' ഇവിടെ ഷൂട്ട് ചെയ്തതോടെയാണ്. ലോകപ്രശസ്ത സംവിധായകനായ സെർജി ഐൻസ്‌സ്റ്റെയ്‌ന്റെ സിനിമയാണ് ബാറ്റിൽഷിപ്പ് പൊട്ടംകിൻ. ആ സിനിമയിലെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സീനാണ് ഈ പടവുകളിൽ ഷൂട്ട് ചെയ്തത്. സാർ ചക്രവർത്തിയുടെ ഭടന്മാർ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന സീനാണത് . ലോക സിനിമയിലെ 'ക്ലാസിക് സീൻ' എന്നാണ് ഇത് വാഴ്ത്തപ്പെടുന്നത്. ബഹളത്തിനിടെ ഒരു കൊച്ചുകുട്ടിയെ വഹിക്കുന്ന ഉന്തുവണ്ടി പടവുകളിലൂടെ ഉരുണ്ടിറങ്ങുന്നത് ശ്വാസമടക്കിയാണ് പ്രേക്ഷകർ കണ്ടത്.

പൊട്ടംകിൻ പടവുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫലകം

പടവുകളുടെ തുടക്കത്തിൽ ആ സിനിമയെ അനുസ്മരിപ്പിക്കുന്ന ഫലകം സ്ഥാപിച്ചിട്ടുണ്ട്. യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ച ഫലകത്തിൽ 'ട്രഷർ ഓഫ് യൂറോപ്യൻ ഫിലിം കൾച്ചർ' എന്നാണ് പടവുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലങ്ങളെ അക്കാദമി ഇങ്ങനെ അടയാളപ്പെടുത്താറുണ്ടത്രേ.

ഫ്യൂണിക്കുലർ റെയിൽവേ

12.5 മീറ്റർ വീതിയുണ്ട് മേലെയുള്ള പടവുകൾക്ക്. താഴെ എത്തുമ്പോൾ അത് 21.7 മീറ്ററായി വർദ്ധിക്കുന്നു. ആകെ 142 മീറ്ററാണ് പടവുകളുടെ ഉയരം.

ഇടതു വശത്ത് പോട്ടംകിൻ പടവുകൾ,വലതു വശത്ത് ഫ്യൂണിക്കുലർ റെയിൽവേ പാളം

ആകെ 192 പടവുകളുണ്ടെങ്കിലും മേലെ നിന്നു നോക്കിയാൽ ഇടയ്ക്കുള്ള 'ലാൻഡിങ്ങു'കൾ  ദൃശ്യമാകില്ല. ഇരുപതോളം പടവുകൾ കഴിയുമ്പോഴാണ് വീതിയുള്ള ലാൻഡിങ് വരുന്നത്. 'ഒപ്ടിക്കൽ ഇല്യൂഷൻ' സാങ്കേതിക വിദ്യയാണത്രേ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

സിറ്റി ഹാൾ

വിശാലമായ ചത്വരത്തിൽ തലയുയർത്തി നിൽക്കുന്ന 'ഡ്യൂക്ക് ദ റിഷല്യു'വിന്റെ പ്രതിമയുടെ ചുവട്ടിൽ നിന്നാണ് പടവുകളുടെ തുടക്കം. ഒഡേസയുടെ ആദ്യ മേയറായിരുന്നു ഡ്യൂക്ക്. 1826ലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്.

ലോകത്തിന്റെ പലയിടങ്ങളിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ ഇരുമ്പു പ്ലേറ്റുകൾ

പടവുകളിൽ നിന്നു നോക്കുമ്പോൾ തുറമുഖവും വമ്പൻ ഹോട്ടലായ ഒഡേസയും കടലിലേക്ക് ഇറങ്ങി നിൽക്കുന്നതും കാണാം. ശ്രദ്ധിച്ചു നോക്കുമ്പോൾ മറ്റൊരു കാഴ്ച കൂടിയുണ്ട്- പടവുകളുടെ ഒരു വശത്തുകൂടി, താഴേക്ക് പോകാനും മേലേക്ക് കയറി വരാനും ചെറിയൊരു ഫ്യൂണിക്കുലർ റെയിൽവേ ലൈൻ. 1902 ലാണ് റെയിൽവേ എന്നോ ലിഫ്റ്റ് എന്നോ വിളിക്കാവുന്ന ഒരു സംവിധാനം നിർമിക്കപ്പെട്ടത്. 35 പേർക്കുവീതം കയറാവുന്ന രണ്ട് ക്യാബിനുകളാണ് ഇതിനുള്ളത്. പാരീസിലാണ് ഇവ നിർമിക്കപ്പെട്ടത്.

ഓപ്പെറ ഹൗസ്

ഈ സംവിധാനം പഴയതായിപ്പോയി എന്നു കരുതിയ സിറ്റി കൗൺസിൽ, അവ എടുത്തുമാറ്റി. ആധുനികമായ ലിഫ്റ്റുകൾ 1969ൽ സ്ഥാപിച്ചു. എന്നാൽ ജനങ്ങൾ അവ ഏറ്റെടുത്തില്ല. 1997ൽ ലിഫ്റ്റ് പ്രവർത്തനം നിർത്തി. 1998ൽ പഴയ ഫ്യൂണിക്കുലർ സംവിധാനം സിറ്റി കൗൺസിൽ പുന:സ്ഥാപിച്ചു. രണ്ട് മീറ്റർഗേജ് ട്രാക്കുകളാണ് ഈ സംവിധാനത്തിൽ ഇപ്പോഴുള്ളത്. 12 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്യാബിനുകളുണ്ട്. 3.5  മിനിട്ടു  കൊണ്ട് ക്യാബിൻ മേലെ നിന്ന് താഴെ എത്തും. ഫ്യൂണിക്കുലർ റെയിൽവേ ഉണ്ടെങ്കിലും, ചരിത്ര പ്രാധാനം കണക്കിലെടുത്ത്, ജനങ്ങൾ പൊട്ടംകിൻ പടവുകൾ കയറി ഇറങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു വ്യായാമത്തിനായും നിരവധി പേർ പടവുകൾ കയറിയിറങ്ങുന്നതു കണ്ടു.

സിറ്റി സൈറ്റ് സീയിങ് വാഹനം

പൊട്ടംകിൻ പടവുകൾക്കു മേലെയുള്ള പ്രിമോഴ്‌സ്‌കി ബുലുവാർഡ് ഒഡേസയുടെ യഥാർഥ പ്രൗഢിയുടെ ഷോകേസാണ്. പ്രിമോഴ്സ്‌കി എന്ന വാക്കിനർത്ഥം കടർത്തീരം എന്നാണ്. മലയുടെ മേലെ ആണെങ്കിലും താഴെ കാണുന്നത് കരിങ്കടലായതിനാലാവാം ആ പേര് ലഭിച്ചത്, അരകിലോമീറ്റർ നീളമുള്ള ഒരു തെരുവാണ് പ്രിമോഴ്‌സ്‌കി ബുലുവാർഡ്. പല തെരുവുകൾ ഇവിടെ വന്നുചേരുന്നുമുണ്ട്. ഒരു വലിയ ചത്വരത്തിൽ ബുലുവാർഡ്  അവസാനിക്കുന്നു. ആ ചത്വരത്തിൽ നിന്നാണ് പൊട്ടംകിൻ പടവുകൾ ആരംഭിക്കുന്നതും.

ഡെറിബാസിവ്സ്കാ സ്ട്രീറ്റ്

പഴയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം മുതൽ ആരംഭിച്ച് വൊരൺസ്റ്റോവ് പാലസ് വരെ നീണ്ടുകിടക്കുന്ന ബുലുവാർഡിലെ ഓരോ കെട്ടിടവും യൂറോപ്യൻ - റഷ്യൻ നിർമ്മാണ ശൈലിയുടെ ഉദാഹരണങ്ങളാണ്. ആറാം നൂറ്റാണ്ടിൽ ഗ്രീക്കുകാരുടെ കേന്ദ്രമായിരുന്ന ഇവിടെ 1000 വർഷം മുമ്ാണ് ബുലുവാർഡിന്റെ പണി ആരംഭിച്ചത്. 1700 കളിൽ ഇതിനു ചുറ്റും തുർക്കിക്കാർ ഒരു കോട്ടയും നിർമ്മിച്ചിരുന്നു. പല കാലഘട്ടങ്ങളിലായി നിർമ്മിക്കപ്പെട്ട മനോഹര മന്ദിരങ്ങളും ജലപാതകളും ചത്വരവും പ്രതിമകളും പൂന്തോട്ടങ്ങളും നടപ്പാതകളും മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും കഫേകളും കരിങ്കടലിന്റെ ദൃശ്യവുമെല്ലാം ചേർന്ന് അതിസുന്ദരമായ അനുഭവമാക്കി പ്രിമോഴ്‌സ്‌കി ബുലുവാർഡിനെ മാറ്റുന്നു.

ഡെറിബാസിവ്സ്കാ സ്ട്രീറ്റിലെ പഴയ കെട്ടിടങ്ങൾ

ഈ തെരുവിലെ ഏറ്റവും സുന്ദരമായ റഷ്യൻ ക്ലാസിക് ശൈലിയിലുള്ള കെട്ടിടം ഓപ്പെറ ഹൗസാണെന്നു പറയാതെ വയ്യ. 1810ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം 1873ൽ അഗ്നിബാധയിൽ നശിച്ചശേഷം പുതുക്കിപ്പണിതതാണ്. നിയോ ബറോക്ക് ശൈലിയും പുതിയ നിർമ്മാണത്തിൽ ഇഴചേർന്നിട്ടുണ്ട്. സ്റ്റേജിലെ ചെറിയ നിശ്വാസശബ്ദം പോലും കാണികൾക്ക് കേൾക്കാവുന്ന വിധമാണത്രെ ഓപ്പെറ ഹൗസിലെ ശബ്ദസംവിധാനം. ദുർബലമായ ഭൂമിയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഒപ്പെറ ഹൗസിന്റെ കെട്ടിടം നിരങ്ങി നീങ്ങുന്നുണ്ട് എന്നതാണ് ഇപ്പോൾ അധികാരികളെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഏഴ് ഇഞ്ചാണ് ഇങ്ങനെ കെട്ടിടത്തിന് സ്ഥാനഭ്രംശമുണ്ടായത്.

ഡെറിബാസിവ്സ്കാ സ്ട്രീറ്റിലെ പഴയ കെട്ടിടങ്ങൾ

ഒഡേസ സിറ്റി ഹാളാണ് ബുലുവാർഡിലെ മറ്റൊരു ആകർഷണം. ഗംഭീരമായ ഒരു നിയോ ക്ലാസിക് ബിൽഡിങ്ങാണിത്. 1828ലാണ് നിർമ്മാണം. 13 മാസം ഒഡേസയിൽ ജീവിച്ച അലക്‌സാണ്ടർ പുഷ്‌കിന്റെ സ്മാരകം കൂടിയാണിത്. ഇതു തന്നെയായിരുന്നു ആദ്യകാല സ്റ്റോക്ക് എക്‌സ്‌ചേഞ്ചും. കെട്ടിടത്തിനു മുന്നിൽ ദുമസ്‌കയ എന്ന ചെറിയ ചത്വരമുണ്ട്. അവിടെ പുഷ്‌ക്കിന്റെ പ്രതിമയും കാണാം. അതിന്റെ ഒപ്പം തന്നെ ഒരു പീരങ്കിയുണ്ട്. 1854ലെ ക്രിമിയൻ യുദ്ധത്തിൽ ഒഡേസയുടെ പടയാളികൾ ഇംഗ്ലീഷ്-ഫ്രഞ്ച് സൈനികരെ തുരത്തി ഓടിക്കാൻ ഉപയോഗിച്ച പീരങ്കികളിലൊന്നാണിത്.

താഴുകൾ നിറഞ്ഞ ലവ് ഹാർട്ട്

ചത്വരം പിന്നിട്ട് നടക്കുമ്പോൾ ലോകത്തിന്റെ പല ഭാഗത്തേക്കും ഒഡേസയിൽ നിന്നുള്ള ദൂരം അടയാളപ്പെടുത്തിയ ഇരുമ്പു പ്ലേറ്റുകൾ വഴികാട്ടികളെപ്പോലെ നിൽക്കുന്നതു കാണാം. കൊൽക്കത്തയിലേക്ക് ഇവിടെ നിന്ന് 5760 കി.മീ ആണ് ദൂരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കുറേ നേരം ബുലുവാർഡിൽ ചുറ്റി നടന്നപ്പോൾ ഓപ്പെറ ഹൗസിനു മുന്നിൽ നീളമുള്ള ഒരു വാഹനം കിടക്കുന്നതു കണ്ടു. സിറ്റി സൈറ്റ്സീയിങ്ങിനു കൊണ്ടു പോകുന്ന വാഹനമാണ്. ഒരു യുവതി ബ്രോഷറുകളുമായി സമീപം നിൽപ്പുണ്ട്. ഒരു മണിക്കൂറാണ് ട്രിപ്പ്. പത്തുഡോളറാണ് ടിക്കറ്റ് നിരക്ക്.

ഈ പാലത്തിലൂടെ കയറി ഇറങ്ങിയാൽ വിചാരിക്കുന്ന കാര്യം സാധിക്കുമത്രേ

എന്തായാലും ഒരു ശ്രമിക്കാമെന്നു കരുതി ടിക്കറ്റ്  എടുത്തു. പിൻഭാഗത്ത്, പുറത്തേക്ക് തിരിഞ്ഞ സീറ്റിൽ സ്ഥാനം പിടിച്ചു.

ഒഡേസ തുറമുഖം

ഞാൻ കണ്ടുകഴിഞ്ഞ കാഴ്ചകളിലൂടെ ഓടിയ ശേഷം വാഹനം ഒഡേസയിലെ ഏറ്റവും വീതി കൂടിയ തെരുവായ ഡെറിബാസിവ്സ്കയിലെത്തി. 1803ൽ നിർമിച്ച പാർക്ക് ഉൾപ്പെടെ പഴക്കമേറിയ നിർമിതികളാണ് കരിങ്കൽ ചീളുകൾ വിരിച്ച ഈ വോക്കിങ് സ്ട്രീറ്റിലുള്ളത്. പഴയ ചില കെട്ടിടങ്ങളുടെ വാസ്തുശില്പ ഭംഗിയിൽ മതിമറന്നു നടന്നുപോയി. പഴയ മാർക്കറ്റായിരുന്ന കെട്ടിടത്തിലൊക്കെ എത്ര തച്ചന്മാർ എത്രകാലം പണിതു കാണും എന്ന് അദ്ഭുതത്തോടെ ചിന്തിച്ചു പോയി. അത്രയ്ക്കുണ്ട് ശില്പഭംഗി.

പ്രിമോഴ്‌സ്‌കി ബുലുവാർഡ്

കൂടുതൽ ആളുകളെ കയറ്റിയ ശേഷം വാഹനം യാത്ര തുടർന്നു. പ്രിമോഴ്‌സ്‌കി ബുലുവാർഡിന്റെ പിന്നിലെ ഒരു വീടിന്റെ മുന്നിലാണ് അടുത്ത സ്റ്റോപ്പ്. 'ഒറ്റച്ചുവര് മാത്രമുള്ള വീട്' എന്നാണ് ഇത് അറിയപ്പെടുന്നത് . യഥാർത്ഥത്തിൽ സാധാരണ വീടുപോലെ നാലു ചുവരുകളുണ്ടെങ്കിലും നിർമ്മാണ കൗശലം മൂലം ഒരു ചുവരേ ഉള്ളതായി തോന്നുകയുള്ളൂ.

ഒറ്റച്ചുവരുള്ള കെട്ടിടം

മുന്നിൽ നിന്നു നോക്കുമ്പോൾ ശില്പഭംഗിയുള്ള ഒരു അപ്പാർട്ടുമെന്റ് കെട്ടിടം മാത്രമാണിത്. എന്നാൽ വശത്തേക്ക് മാറി നിൽക്കുമ്പോൾ ഒരു ചുവരേ ഉള്ളൂ എന്നു തോന്നും. ഒറ്റച്ചുവരുള്ള ഈ കെട്ടിടത്തിൽ എങ്ങനെ താമസിക്കും എന്നു തോന്നിപ്പോകും. 'ഫ്‌ളാറ്റ് ഹൗസ്' എന്നാണ് ഈ കെട്ടിടത്തിന്റെ വിളിപ്പേര്.

പൊട്ടംകിൻ പടവുകൾ

കൃത്യമായി എന്നാണ് ഈ കെട്ടിടം പണിതത് എന്നറിയില്ല. 19-ാം നൂറ്റാണ്ടിലാണ് എന്ന് കണക്കാക്കപ്പെടുന്നു. 'വൊരൽസ്റ്റോവ്' കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. അവരുടെ പിൻതലമുറക്കാർ തൊട്ടടുത്ത വീട്ടിൽ ഇപ്പോഴും താമസിക്കുന്നുണ്ട്. ഏത് ആർക്കിടെക്ടാണ് ഈ വിചിത്ര കെട്ടിടം രൂപകല്പന ചെയ്തത് എന്നതും അജ്ഞാതമാണ്.

ukraine-diary-chapter21
ഡെറിബാസിവ്സ്കാ സ്ട്രീറ്റ്

കെട്ടിടം പണിതുവരുന്ന കാലത്ത് പണത്തിന് ബുദ്ധിമുട്ട് വന്നെന്നും, പിൻഭാഗത്തെ ഭിത്തിയുടെ പണി ലാഭിക്കുന്നതിനായി ഒരു വശത്തെ ഭിത്തികൾ കൂട്ടിയോജിപ്പിച്ചതാണെന്നും ഒരു കഥ കേൾക്കുന്നുണ്ട്. സത്യം എന്താണ് എന്നറിയില്ല. എന്തായാലും തികച്ചും കൗതുകരമാണ് 'ഫ്‌ളാറ്റ് ഹൗസി'ന്റെ നിർമ്മാണ രീതി.

വീണ്ടും വാഹനം മുന്നോട്ടു നീങ്ങി. പഴയ കെട്ടിടങ്ങളുടെ തെരുവാണിത്. അത് അവസാനക്കുന്നതാകട്ടെ, 'ലൗവ് ഹാർട്ട്' എന്ന രസകരമായ ഒരു ഇൻസ്റ്റലേഷനിലും. പ്രണയികൾക്ക് പ്രണയ സാഫല്യത്തിനായി താഴുകൾ പൂട്ടാനുള്ള ഒര ഇരുമ്പു ചട്ടക്കൂടാണിത്. ഒഡേസ നഗരത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ വേണ്ടിയാണ് അധികാരികൾ ഇത് സ്ഥാപിച്ചതെങ്കിലും കാമുകികാമുകന്മാർ ഇത് കൈയടക്കുകയായിരുന്നത്രേ. ആയിരക്കണക്കിന് താഴുകളാണ് പ്രേമചിഹ്നം പോലെ നിർമ്മിക്കപ്പെട്ട ഇരുമ്പു ചട്ടക്കൂടിലുള്ളത്. അതിന് തൊട്ടായി ഒരു പാലമുണ്ട്. ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ പാലത്തിലൂടെ നടന്നാൽ ആഗ്രഹിക്കുന്നെതന്തും നടക്കുമെന്നാണ് ഒഡേസക്കാർ പറയുന്നത്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com