ADVERTISEMENT

യാത്രകൾ ഇഷ്ടപ്പെടാത്തവർ ഇപ്പോൾ വളരെ ചുരുക്കമാണ്. അവധിദിനങ്ങൾ ലഭിച്ചാൽ കുടുംബവുമൊരുമിച്ചൊരു യാത്ര പോകുന്നവരും കൂട്ടുകാരുമൊരുമിച്ചു യാത്രയ്ക്കു തയാറെടുക്കുന്നവരും തനിച്ചു യാത്രപോകുന്നവരുമൊക്കെ ഇന്നു നിരവധിയാണ്. യാത്രകൾ പോകാൻ ആഗ്രഹമുണ്ടെങ്കിലും ചിലരെയെല്ലാം പിന്നോട്ടുവലിക്കുന്ന സുപ്രധാന കാര്യങ്ങളിലൊന്നാണ് സാമ്പത്തിക ഞെരുക്കം.

വിദേശങ്ങളിലേയ്ക്കു യാത്രയ്‌ക്കൊരുങ്ങുന്നവരെയാണ് ഇതേറെ വലയ്ക്കുന്നത്. ഇന്ത്യൻ രൂപയ്ക്കു യൂറോപ്യൻ രാജ്യങ്ങളിൽ മൂല്യം കുറവായതു കൊണ്ടുതന്നെ അത്തരം രാജ്യങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യൻ രൂപക്ക് മൂല്യമധികമുള്ള രാജ്യങ്ങളിലേക്കു ഒരു യാത്ര പോയാലോ? സുന്ദരമായ നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമായ ആ രാജ്യങ്ങൾ ഏതൊക്കെയെന്നറിയേണ്ടേ?

ഇന്തോനേഷ്യ 

624287082

പസഫിക് മഹാസമുദ്രത്തിലെ ചെറുദ്വീപുകളുടെ കൂട്ടമായ ഈ രാജ്യം സഞ്ചാരപ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. ഇന്തോനേഷ്യൻ യാത്രയെന്നു പറഞ്ഞാൽ ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും അത്  ബാലിയെന്ന ഒറ്റ ദ്വീപുമാത്രമാണ്. ഏകദേശം നമ്മുടെ രാജ്യത്തോട് സമാനമായ സാഹചര്യങ്ങളും കാഴ്ചകളുമൊക്കെ കാണാൻ കഴിയുന്ന, ചെറുതും വലുതുമായ പതിനേഴായിരം ദ്വീപുകൾ നിറഞ്ഞ, ജനസംഖ്യയിൽ ലോകത്ത് നാലാം സ്ഥാനമുള്ള, ഈ രാജ്യത്തു സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളും വിനോദങ്ങളുമുണ്ട്. ധാരാളം ചരിത്രസ്മാരകങ്ങളും അതിമനോഹരമായ ഭൂപ്രദേശങ്ങളും സജീവവും നിർജീവവുമായ അഗ്‌നിപർവതങ്ങളുമൊക്കെ ഇന്തോനേഷ്യയുടെ സവിശേഷതകളാണ്.

പാമ്പിറച്ചി പോലുള്ള വേറിട്ട ഭക്ഷണ രുചികൾ വിളമ്പുന്ന ഈ നാട്ടിലെത്തിയാൽ താൽപര്യമുള്ളവർക്കു അവയൊക്കെ കഴിച്ചു നോക്കാനുള്ള അവസരങ്ങളുമുണ്ട്. ഇന്ത്യൻ രൂപയ്ക്ക് മൂല്യമധികമുള്ള രാജ്യങ്ങളിൽ ഒന്നാണിത്. ഇന്തോനേഷ്യൻ റുപ്യ ആണ് ആ രാജ്യത്തെ നാണയം. ഏകദേശം നമ്മുടെ 100 രൂപയ്ക്കു സമാനമാണ് അവിടുത്തെ 20,000 രൂപ. അതുകൊണ്ടു തന്നെ വലിയ മുതൽ മുടക്കില്ലാതെ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ.

ഭൂട്ടാൻ

Bhutan_wonders1

ഹിമാലയത്തിന്റെ താഴ്‌വരയിലെ ഈ കൊച്ചുരാജ്യത്തെ അതിസുന്ദരിയാക്കി അണിയിച്ചൊരുക്കിയിരിക്കുന്നത് ഇവിടുത്തെ പ്രകൃതി തന്നെയാണ്. പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടുതന്ന ആരെയും ആകർഷിക്കുന്ന പ്രകൃതിയിൽ തന്നെയാണ് സഞ്ചാരികളുടെ കണ്ണുടക്കുക. ട്രെക്കിങ്ങും ഉത്സവങ്ങളുമൊക്കെയാണ് ഇവിടുത്തെ പ്രധാന വിനോദോപാധികൾ. സുഖകരമായ കാലാവസ്ഥയും തെളിഞ്ഞ പ്രകൃതിയും മിതമായ തണുപ്പുമുള്ള കാലാവസ്ഥയിൽ യാത്ര പോകുന്നതായിരിക്കും ഉചിതം. ഉത്സവക്കാലങ്ങളിലെ യാത്രകളും ഏറെ രസകരമാണ്. 

വേറിട്ട അനുഭവങ്ങൾ കൊണ്ട് അവിസ്മരണീയമായിരിക്കും അന്നേരത്തെ സന്ദർശനങ്ങൾ. ബുദ്ധസ്മാരകങ്ങളും പഗോഡകളും ബുദ്ധക്ഷേത്രങ്ങളും ദേശീയ സ്മാരകങ്ങളുമൊക്കെ ഭൂട്ടാനിലെത്തുന്ന സന്ദർശകർക്കു വേറിട്ടൊരു വിരുന്നായിരിക്കും. ഇന്ത്യൻ രൂപയ്ക്കും ഭൂട്ടാനിലെ നാണയത്തിനും ഒരേ മൂല്യം തന്നെയാണ്. മാത്രമല്ല, ആ രാജ്യം സന്ദർശിക്കുന്നതിനു ഇന്ത്യൻ പൗരന്മാർക്കു വിസ ആവശ്യമില്ല. ഇന്ത്യൻ പൗരനെന്നു തെളിയിക്കുന്ന വോട്ടേഴ്‌സ് ഐ ഡി, ആധാർ തുടങ്ങിയ രേഖകളിൽ ഏതെങ്കിലുമൊന്നു കയ്യിൽ കരുതിയാൽ മതിയാകും.

കോസ്റ്റാറിക്ക

കടലും മഴക്കാടുകളും സൗന്ദര്യമേറ്റുന്ന അതിമനോഹരമായ രാജ്യങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. കാപ്പിപൂക്കളുടെ മാസ്മരിക ഗന്ധം സ്വാഗതമോതുന്ന നാടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് കൊർക്കോവാഡൊ ദേശീയോദ്യാനം. കൂടാതെ സജീവവും നിർജീവവുമായ അഗ്നിപർവതങ്ങളും ഈ മധ്യഅമേരിക്കൻ രാജ്യത്തു കാണാൻ കഴിയും. ലോകത്തു ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഉദ്യാനങ്ങളിലൊന്നാണ് കൊർക്കോവാഡൊ ദേശീയോദ്യാനം.

425 ചതുരശ്രകിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ  ഉദ്യാനത്തിൽ  ഉറുമ്പുതീനി, സ്ലോത്ത്, ജാഗ്വർ തുടങ്ങിയ ജീവികളെ കാണുവാൻ സാധിക്കുന്നതാണ്. ലോകത്തിലെ ഇടതൂർന്ന മഴക്കാടുകൾ കാണുവാൻ കഴിയുന്നതു ഈ ദേശീയോദ്യാനത്തിലാണ്. ഇന്ത്യൻ രൂപയ്ക്കു മൂല്യം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. ഇന്ത്യയുടെ ഒരു രൂപയെന്നത് കോസ്റ്റാറിക്കയുടെ നാണയമായ കോസ്റ്ററിക്കൻ കോളെനേക്കാളും 8.39 ഉയർന്നതാണ്. അതിമനോഹരമായ കാഴ്ചകളും ആട്ടവും പാട്ടും നിറഞ്ഞ ഈ രാജ്യം, യാത്രയ്ക്കായി മടിക്കാതെ തിരഞ്ഞെടുക്കാൻ ഇതിലും മികച്ചൊരു കാരണം വേറെ വേണോ?

വിയറ്റ്നാം

Vietnam-travel

ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം  കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്. വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമെന്ന സവിശേഷത വിയറ്റ്നാമിനു സ്വന്തമാണ്. വിയറ്റ്നാമിലെ ഒരു സവിശേഷ കാഴ്ചയാണ് ഹോളിവുഡ് ചിത്രമായ അവതാറിനെ അനുസ്മരിപ്പിക്കുന്ന മലനിരകൾ.  ഈ മലനിരകളുടെ ദൂരകാഴ്ചകൾ സഞ്ചാരികളിൽ വിസ്മയം ജനിപ്പിക്കും.

ലോകത്തിലെ ഏറ്റവും രുചിയേറിയ കാപ്പി ലഭിക്കുന്നതും വിയറ്റ്നാമിലാണ്. രുചിയേറിയ കാപ്പിയും രുചി നിറച്ച ഭക്ഷണവും ആസ്വദിച്ചു കാഴ്ചകൾ കണ്ടു നടക്കുമ്പോൾ കയ്യിലുള്ള പണമെല്ലാം തീർന്നു പോകുമെന്ന ആശങ്ക വേണ്ട. ഇന്ത്യൻ രൂപയ്ക്കു ആ രാജ്യത്തിന്റെ നാണയത്തേക്കാൾ മൂല്യമധികമുണ്ട്.  വിയറ്റ്നാം നാണയവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് ഏകദേശം 348 രൂപയാണ്. 

നേപ്പാൾ 

514118892

നമ്മുടെ അയൽരാജ്യമായ നേപ്പാൾ, മനോഹര കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിയ്ക്കും നേപ്പാളിലെ മലനിരകൾ. ലോകത്തിലെ ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ആ രാജ്യത്താണ്. മഞ്ഞുമൂടിയ ഹിമാലയവും മനോഹരമായ അതിന്റെ താഴ്വരകളും  സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ഇന്ത്യക്കാർക്കു വലിയ പണം മുടക്കില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും നേപ്പാളിനുണ്ട്.

ഇന്ത്യൻ രൂപയ്ക്കു മൂല്യമധികമുള്ളതു കൊണ്ടുതന്നെ ചെറിയൊരു ഷോപ്പിംഗ് കൂടി നടത്തി മടങ്ങിയാലും ഇവിടെ നിന്നും മടങ്ങുമ്പോൾ കീശ കാലിയാകുമെന്ന പേടിവേണ്ട. ഒരു ഇന്ത്യൻ രൂപയുടെ നേപ്പാളി റുപ്യയായുമായുള്ള  വിനിമയ മൂല്യം 1.60 ആണ്. ഇന്ത്യൻ പൗരന്മാർക്കു വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന അയൽരാജ്യമാണിത്. വനങ്ങളും മലനിരകളും കൗതുകമുണർത്തുന്ന നിർമാണശൈലിയിലുള്ള ക്ഷേത്രങ്ങളുമൊക്കെ  നേപ്പാളിലെത്തുന്ന സഞ്ചാരികളുടെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com