ഐസ്‌ലാൻഡിലെ സന്തോഷത്തിനു പിന്നിലെ രഹസ്യം ഇതാണ്

HIGHLIGHTS
  • സന്തോഷത്തിൽ വലിയ പങ്കുവഹിക്കുന്നത് അവിടുത്തെ ജലാശയങ്ങളാണ്
blue-lagoon-iceland1
SHARE

നമ്മുടെ കൊച്ചുകേരളത്തിന്റ പകുതിപോലും ജനസംഖ്യ ഇല്ലാത്ത ഐസ്‌ലാൻഡ് എന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ്‌രാഷ്ട്രം, വിസ്മയം ജനിപ്പിക്കുന്ന ധാരാളം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ജലാശയങ്ങളാണ് അവിടുത്തെ പ്രധാനാകർഷണം. സജീവ അഗ്നിപർവ്വതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ലാവ ഉരുകിയൊലിച്ചിറങ്ങിയ പാടങ്ങൾ, ചൂട് നീരുറവകൾ, ബ്ലൂ ലഗൂൺ തുടങ്ങി ഇതുവരെ കാണുകയും അനുഭവിക്കുകയും ചെയ്യാത്ത നിരവധി വിസ്മയങ്ങളാണ് ഐസ്‌ലാൻഡ് എന്ന രാജ്യം സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. വിനോദസഞ്ചാരമാണ് ഈ നാടിന്റെ പ്രധാന വരുമാനമാർഗം. മനോഹരമായ പ്രകൃതിയും അതിശയിപ്പിക്കുന്ന കാഴ്ചകളും നിറഞ്ഞ ഐസ്‌ലാൻഡിനെക്കുറിച്ചു കൂടുതലറിയാം.

ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഐസ്‌ലാൻഡിനു മൂന്നാം സ്ഥാനമുണ്ട്. 3,32,000 ആണ് ഐസ്‌ലാൻഡിലെ ജനസംഖ്യ. റെയ്ക്യവിക് എന്ന തലസ്ഥാനനഗരിയിലാണ് കൂടുതൽ ജനങ്ങളും താമസിക്കുന്നത്. ചൂടുവെള്ളം നിറഞ്ഞ ബ്ലൂ ലഗൂൺ എന്ന ജലാശയമാണ്  ഇവിടുത്തെ പ്രധാനകാഴ്ചകളിലൊന്ന്. ഇന്നാട്ടിലെ ജനങ്ങളിൽ ഭൂരിപക്ഷവും വൈകുന്നേരങ്ങൾ ചെലവഴിക്കുന്നത് ഈ ജലാശയത്തിലാണ്. ഐസ്‌ലാൻഡിലെത്തുന്ന സഞ്ചാരികളും ഈ നീരുറവയുടെ സുഖമാസ്വദിക്കാറുണ്ട്.

ഈ നാട്ടിലെ ജനങ്ങളുടെ സന്തോഷത്തിൽ വലിയ പങ്കുവഹിക്കുന്നത് അവിടുത്തെ ജലാശയങ്ങളാണെന്ന് തമാശരൂപേണ പറയപ്പെടുന്നുണ്ട്. അതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല.  ജനങ്ങളുടെ സംഗമസ്ഥാനമാണ് ചൂടുനീരുറവകൾ നിറഞ്ഞ ജലാശയങ്ങൾ. അതിൽ പ്രധാനിയാണ് തലസ്ഥാന നഗരിയിലെ ബ്ലൂ ലഗൂൺ. വൈകുന്നേരങ്ങളിൽ ഈ ജലാശയത്തിൽ നിന്നുയരുന്ന ചിരികളും തമാശകളും സംഭാഷണങ്ങളുമൊക്കെയാണ് ജനങ്ങൾക്കിടയിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. 

തണുപ്പേറിയ ഇവിടുത്തെ കാലാവസ്ഥയിലും ജനങ്ങൾ എങ്ങനെ ആഹ്ളാദിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ബ്ലൂ ലഗൂൺ. പാവപ്പെട്ടവനോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നത് ഇവിടുത്തെ ജലാശയങ്ങളാണ്. അയല്പക്കങ്ങളിൽ താമസിക്കുന്നവരെ കാണുന്നില്ല, സംസാരിക്കുന്നില്ല എന്ന സ്ഥിരം പരാതികൾക്കൊക്കെ അപവാദമാണ് ഐസ്‌ലാൻഡ്.

സായന്തനങ്ങളിൽ ജലാശയത്തിൽവച്ച് കണ്ടുമുട്ടുകയും സംസാരിക്കുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഇന്നാട്ടിലെ ജനത. ഇത്രയും പേര് ഇറങ്ങി കുളിക്കുന്നതുകൊണ്ടു ശുദ്ധമാണോ ഈ ജലാശയമെന്ന സംശയം വേണ്ട. മികച്ച രീതിയിൽ ശുചിത്വം പാലിക്കപ്പെടുന്നുണ്ടിവിടെ. സ്വകാര്യ സംഭാഷങ്ങൾക്കു ജലാശയത്തിൽ പ്രവേശനമില്ല എന്നതും എടുത്തുപറയേണ്ടതാണ്. എന്നാൽ സാമൂഹികമായ കാര്യങ്ങൾ സംസാരിക്കുന്നതിനു യാതൊരു വിലക്കുകളുമില്ല. ജനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും സ്നേഹവും ഊഷ്മളതയും ഈ നാട് സന്ദർശിക്കുന്നവർക്കും അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.

ബ്ലൂ ലഗൂൺ മാത്രമല്ല, ഐസ്‌ലാൻഡിലെ പ്രധാന കാഴ്ച. നൂറിന് മേൽ അഗ്നിപർവ്വതങ്ങൾ ഈ നാട്ടിലുണ്ട്. മഞ്ഞുപാളികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതങ്ങളിൽ നിന്നും പൊട്ടിയൊലിക്കുന്ന ലാവ ചിലയിടങ്ങളിൽ വലിയ വയൽ പോലെ പരന്നുകിടക്കുന്നതു കാണാം. വൻവൃക്ഷങ്ങളൊന്നും കാണുവാൻ കഴിയാത്ത ഈ ഭൂമിയ്ക്കു പച്ചവിരിച്ച താഴ്വരകൾ സൗന്ദര്യമേറ്റുന്നു. വഴിയരികിൽ ധാരാളം ചെറു നീരുറവകൾ കാണാൻ കഴിയും. അസഹനീയമായ തണുപ്പായതുകൊണ്ടു തന്നെ ആ ജലത്തിലൊന്നു കൈതൊടുകയെന്നതു പോലും അസഹനീയമാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തണുത്തുറഞ്ഞു നിൽക്കുന്ന മഞ്ഞുപാളികൾ, തുടങ്ങി ഇതുവരെ കാണാത്തതും അനുഭവിക്കാത്തതുമായ നിരവധി കാഴ്ചകൾ സന്ദർശകർക്കു സമ്മാനിക്കാൻ ഐസ്‌ലാൻഡിനു കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA