sections
MORE

ഇന്ത്യക്കാർക്ക് വീസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യം

balcon-diary1
ബെൽഗ്രേഡ് എയർപോർട്ടിൽ മുറിച്ച് വെച്ച കാറിൽ നിന്ന് ലഗേജ്‌ ഇറങ്ങിവരുന്നു
SHARE

ബാൾക്കൻ മലനിരകളുടെയും ആഡ്രിയാറ്റിക് സമുദ്രത്തിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന മൂന്നു യൂറോപ്യൻ രാജ്യങ്ങളാണ് സെർബിയയും ബോസ്‌നിയയും മോണ്ടിനീഗ്രോയും. ബാൾക്കൻ രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഇവ മുൻപ് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. അതിസുന്ദരങ്ങളായ ഈ രാജ്യങ്ങളിലൂടെയുള്ള യാത്രാവിവരണം ആരംഭിക്കുന്നു...

ബാൾക്കൻ ഡയറി - അദ്ധ്യായം 1 

'എങ്ങനെയുണ്ട് മോണ്ടിനീഗ്രോ?' -ഞാൻ ചോദിച്ചു. 'അതിസുന്ദരം.സ്വിറ്റ്‌സർലന്റ് എടുത്ത് കടലിൽ വെച്ചതു പോലെയുണ്ട്' - സുഹൃത്ത് പറഞ്ഞു. ആ നിമിഷം ഞാൻ തീരുമാനിച്ചു, അടുത്ത യാത്ര മോണ്ടിനീഗ്രോയിലേയ്‌ക്കെന്ന്.

മോണ്ടിനീഗ്രോ യൂറോപ്പിന്റെ താഴെയായി ആഡ്രിയാറ്റിക് കടൽതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞൻ രാജ്യമാണ്. എന്നാൽ മോണ്ടിനീഗ്രോ സന്ദർശിക്കാൻ മാത്രമായി അവിടെ വരെ പോകുന്നത് നഷ്ടമാണ്. അതുകൊണ്ട്, തൊട്ടടുത്തുള്ള മറ്റു രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പരതി. സെർബിയ, ബോസ്‌നിയ -ഞാൻ സന്ദർശിച്ചിട്ടില്ലാത്ത രണ്ട് രാജ്യങ്ങൾ തൊട്ടടുത്തുണ്ട്. ചരിത്രവും പ്രകൃതിയും ഇഴചേരുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. ഈ മൂന്നു രാജ്യങ്ങളും 'ബാൾക്കൻ രാജ്യങ്ങൾ' എന്നാണ് അറിയപ്പെടുന്നത്.

സെർബിയയെ സംബന്ധിച്ച് മറ്റൊരു വിശേഷം കൂടിയുണ്ട്. ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമാണത്. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുക പലരുടെയും ജീവിതാഭിലാഷമാണെങ്കിലും അതിന് വിലങ്ങുതടിയായി നിൽക്കുന്നത് ഷെംഗൻ വിസയാണല്ലോ. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മുതൽ വീടിന്റെ ആധാരം വരെ ഹാജരാക്കിയാലും ഷെംഗൻ വിസ നിഷേധിക്കുന്നത് പതിവു പരിപാടിയാണ് അങ്ങനെയുള്ള യൂറോപ്പിൽ വിസയില്ലാതെ പറന്നിറങ്ങാൻ സാധിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. അത് സെർബിയയാണ്. ഹോട്ടൽ ബുക്കിങ് രേഖകളും ട്രാവൽ ഇൻഷുറൻസുമുണ്ടെങ്കിൽ സെർബിയ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് തടസ്സങ്ങളില്ല.

balcon-diary2
ഇസിഡോറയോടൊപ്പം

ബോസ്‌നിയയും മോണ്ടിനീഗ്രോയും സന്ദർശിക്കാൻ പക്ഷേ ഷെംഗൻ വിസയോ യുഎസ് വിസയോ വേണം. അല്ലെങ്കിൽ, ആവശ്യമായ വിസകൾ ഡൽഹിയിലെ അവരുടെ എംബസിയിൽ അപേക്ഷിച്ച് വാങ്ങണം, എനിക്ക് യുഎസ് വിസ ഉള്ളതുകൊണ്ട് ബോസ്‌നിയയ്ക്കും  മോണ്ടിനീഗ്രോയ്ക്കും വേറെ വിസ സമ്പാദിക്കേണ്ട ആവശ്യമില്ല.

ഏതാനും ദിവസങ്ങൾ കൊണ്ട് പൂർണമായ യാത്ര പദ്ധതി തയാറാക്കി. കൊച്ചിയിൽ നിന്നു നേരെ സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെത്തുന്നു. അവിടെ മൂന്നോ നാലോ ദിവസം. തുടർന്ന് അവിടെ നിന്ന് ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോയിലേക്ക് ബസിൽ. അതിസുന്ദരമായ ബോസ്‌നിയയിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ട ശേഷം അതിലും സുന്ദരമായ മോണ്ടിനീഗ്രോയിലേക്ക് തുടർ ബസ് യാത്ര. 16 ദിവസങ്ങൾക്കു ശേഷം മോണ്ടിനീഗ്രോയിലെ തിവാത്ത് എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് മടക്കയാത്ര.യാത്രാപദ്ധതി തയ്യാറായ ശേഷം ഞാൻ കണ്ണാടിയിൽ നോക്കി എന്നെത്തന്നെ അഭിനന്ദിച്ചു ചിരിച്ചു. ഞാനാള് മോശമില്ല. എന്നിട്ട് ആ ആത്മവിശ്വാസത്തോടെ വിമാന ടിക്കറ്റ് നോക്കി. മടക്കയാത്രാ ടിക്കറ്റിന്റെ നിരക്ക് കണ്ട് കണ്ണാടി നിലത്തുവീണ് ഉടഞ്ഞു. എന്റെ ചിരി മാഞ്ഞു! 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് കൊച്ചിയിൽ നിന്ന് ഗൾഫ് നാടുകൾ വഴി ബെൽഗ്രേഡിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക്. 16 ദിവസത്തെ താമസവും മറ്റ് ചിലവുകളും വേറെ. രണ്ടു ലക്ഷം രൂപയ്ക്കു മേലെയാകും, മൊത്തം ചിലവെന്നു കണക്കാക്കാം.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

സ്ഥിരം യാത്രികനായ എന്റെ മുന്നിൽ രണ്ടുലക്ഷം രൂപ ചോദ്യചിഹ്നം പോലെ ഉയർന്നു നിന്നു. തളരരുത് രമണാ എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും മറ്റ് യാത്ര വഴികൾ തേടി. അഞ്ചാറ് മണിക്കൂർ നിണ്ട തെരച്ചിലിനൊടുവിൽ ഞാൻ 'യൂറേക്കാ...' എന്ന് അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. കിട്ടിപ്പോയി. ഡൽഹിയിൽ നിന്ന് മോസ്‌കോവഴി ബെൽഗ്രേഡിലേക്കുള്ള വിമാനം  എന്റെ മുന്നിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ പ്രത്യാശയുടെ കിരണങ്ങളുമായി തെളിഞ്ഞു നിൽക്കുന്നു. റഷ്യയുടെ സ്വന്തം വിമാനക്കമ്പനിയായ എയ്‌റോഫ്ലോട്ടിന്റെ വിമാനമാണ്. 40,000 രൂപയേയുള്ളു മടക്കയാത്ര ടിക്കറ്റ് നിരക്ക്. കൊച്ചി-ഡൽഹി-കൊച്ചി ടിക്കറ്റിന് 8000 രൂപയും. അങ്ങനെ 48,000 രൂപയ്ക്ക് കൊച്ചി-ബെൽഗ്രേഡ്-തിവാത്ത്-കൊച്ചി ടിക്കറ്റ് നേടിയെടുത്തിരിക്കുന്നു,!. പൊട്ടിപ്പോയ ചില്ലുകൾ പെറുക്കിയെടുത്ത് ഒട്ടിച്ച് വീണ്ടും കണ്ണാടിയിൽ നോക്കി ഞാൻ പറഞ്ഞു 'ഞാനാള് കൊള്ളാം! 'ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം മൂന്നു രാജ്യങ്ങളെപ്പറ്റിയും കഠിനമായ പഠനം തുടങ്ങി. കാണേണ്ട സ്ഥലങ്ങൾ, അവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ, കാലാവസ്ഥ, കറൻസി, താമസിക്കേണ്ട സ്ഥലങ്ങൾ, മുറികൾ, ഭാഷ- ഇങ്ങനെയുള്ള വിശദാംശങ്ങളെല്ലാം യൂട്യൂബിലെ ട്രാവൽ വ്‌ളോഗുകൾ വഴിയും ഇന്റർനെറ്റ് സൈറ്റുകൾ വഴിയും പഠിക്കാൻ തുടങ്ങി. പല വിവരണങ്ങളിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും പിച്ച് യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

ഇക്കുറി യാത്ര മുഴുവൻ വിഡിയോയിലാക്കാനാണ് പരിപാടി. എന്റെ കൈയ്യിൽ സ്റ്റിൽ ക്യാമറയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരു ജിംബൽ വാങ്ങി.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

ഏത് ദിശയിലേക്കും കറങ്ങുന്ന ഒരു ക്യാമറാ സ്റ്റാന്റാണ് ജിംബൽ എന്നു പറയാം. അതിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചുവെച്ച് ഷൂട്ട് ചെയ്‌താൽ മതി.

അതുംവാങ്ങി വീട്ടിലെത്തുമ്പോൾ താഴെവെച്ച് സുഹൃത്ത് സ്റ്റാജനെ കണ്ടു. ആളൊരു പരസ്യചിത്ര  സംവിധായകനാണ്. എന്റെ കൈയിലെ ജിംബൽ കണ്ടപ്പോൾ സ്റ്റാജനൊരു ചിരി ചിരിച്ചു. 'ഇപ്പോഴും ഈ വക പഴയ സാധനങ്ങളുമായാണോ നടപ്പ്' എന്നതായിരുന്നു ചിരിയുടെ അർത്ഥം. എന്നിട്ട് സ്റ്റാജൻ തന്റെ പുതിയ ഓസ്‌മോ ക്യാമറ എടുത്തു നീട്ടി. 'ഇതു കൊണ്ടുപോയി ഷൂട്ട് ചെയ്യ്. മൊബൈൽ ഫോണിലൊന്നും എടുത്താൽ വിഷ്വൽ നന്നാവില്ല. ഓസ്‌മോ ക്യാമറ ട്രാവലിന് ഏറ്റവും പറ്റിയതാണ്'. സ്റ്റാജനും മകനും ചേർന്ന് ഓസ്‌മോ പ്രവർത്തിപ്പിക്കാൻ എന്നെ പഠിപ്പിച്ചു. ഞാനീ പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തതുകൊണ്ട് അവർക്ക് കുറെ കഷ്ടപ്പെടേണ്ടി വന്നു. എന്തായാലും എല്ലാം മനസ്സിലാക്കിയെന്ന് ഭാവിച്ച് ഞാൻ ഓസ്‌മോയുമായി വീട്ടിലെത്തി.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

ഒരു കുഞ്ഞു വടിയുടെ മേലെ ഒരു ഉരുണ്ട ലെൻസ് -അത്രേയുള്ളു ഓസ്‌മോയെന്ന അത്ഭുതം. ഈ 'വടി' 360 ഡിഗ്രി തിരിയും. അതോടൊപ്പം ക്യാമറയും തിരിയും. 4 കെ റെസല്യൂഷനുള്ള തകർപ്പൻ വിഷ്വലുകളാണ് ഈ കുഞ്ഞൻ ക്യാമറ നൽകുന്നത്. നടന്ന് ഷൂട്ട് ചെയ്യുകയാണെങ്കിലും വിഷ്വൽ ഷേക്ക് ആകില്ല എന്നതാണ് മറ്റൊരു ഗുണം.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

'വടി'യുടെ ഒരു വശത്ത് മൊബൈൽ ഫോൺ വെയ്ക്കാൻ ഒരു സ്റ്റാന്റുണ്ട്. ക്യാമറയുടെ വിഷ്വലുകൾ നമുക്ക് ഫോണിന്റെ സ്‌ക്രീനിൽ കണ്ടുകൊണ്ട് ഷൂട്ട് ചെയ്യാൻ ഇത് സഹായിക്കുന്നു. മൂന്ന് എക്‌സ്ട്രാ ബാറ്ററികളുമുണ്ട്, സ്റ്റാജൻ തന്ന ക്യാമറാ കിറ്റിൽ.

അങ്ങനെ ഒരു യൂറോപ്യൻ വീരഗാഥയ്ക്ക് സജ്ജനായ ഞാൻ  നിറകൊണ്ട പാതിരായ്ക്ക് ആലുവാപ്പുഴ നീന്തിക്കടന്ന്  നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. എയർ ഇന്ത്യയുടെ ഡ്രീംലൈനറിൽ ഡെൽഹിയിലേക്ക്. അവിടെ നിന്ന് രാവിലെ 6 നാണ് മോസ്‌കോയ്ക്കുള്ള എയ്‌റോഫ്‌ളോട്ട് വിമാനം. അത് ആറേമുക്കാൽ മണിക്കൂർ പറന്ന്, റഷ്യൻ സമയം 10.05ന് മോസ്‌കോയിലെത്തും. മോസ്‌കോയിൽ നിന്ന് വൈകീട്ട് 4.50ന് ബെൽഗ്രേഡിലേക്ക്. 3 മണിക്കൂർ പറന്ന് സന്ധ്യയ്ക്ക് 6 മണിക്ക് ബെൽഗ്രേഡിലെത്തും.

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിലെ എയ്‌റോഫ്‌ളോട്ടിന്റെ ചെക്ക് ഇൻ കൗണ്ടർ ലക്ഷ്യമാക്കി നടന്നു. കൗണ്ടറിലെ ക്യൂവിൽ നിറയെ റോസ് കവിളുകളുള്ള റഷ്യൻ സുന്ദരിമാരും സുന്ദരന്മാരുമാണ്. ഇന്ത്യക്കാർ വളരെ കുറവ്. രണ്ടുമണിയായിട്ടും ചെക്ക് ഇൻ കൗണ്ടർ തുറന്നിട്ടുമില്ല.

ഞാനും ക്യൂവിൽ സ്ഥാനംപിടിച്ചു. കുറേ നേരം കഴിഞ്ഞിട്ടും കൗണ്ടർ തുറക്കാതെ വന്നപ്പോൾ ക്യൂവിലുള്ളവർ മുറുമുറുപ്പ് തുടങ്ങി. അപ്പോൾ അറിയിപ്പു വന്നു: 'ഫ്‌ളൈറ്റ് രണ്ടു മണിക്കൂർ ലേറ്റാണ്'.

പാക്-ഇന്ത്യ 'സൗഹൃദം' കാരണം പാകിസ്ഥാനുമേലെ കൂടിയുള്ള വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. അതുകൊണ്ട്, ഒന്നരമണിക്കൂർ കൂടുതൽ പറന്നാണത്രേ, റഷ്യയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. ഡൽഹി-മോസ്‌കോ വിമാനം രണ്ടുമണിക്കൂർ താമസിച്ചാൽ എന്റെ മോസ്‌കോ-ബെൽഗ്രേഡ് വിമാനം മിസാകുമോ എന്നു ഞാൻ ഭയന്നു. ടിക്കറ്റ് കാണിച്ചപ്പോൾ എയ്റോഫ്‌ളോട്ടിലെ ഉദ്യോഗസ്ഥൻ സമാധാനിപ്പിച്ചു: 'പേടിക്കണ്ട, ഇഷ്ടംപോലെ സമയമുണ്ട്..'ഒടുവിൽ 5 മണിക്ക് ചെക്ക് ഇൻ കൗണ്ടർ തുറന്നു. ക്യൂവിൽ  നിരങ്ങി ആറുമണിയ്ക്ക് ഞാൻ കൗണ്ടറിലെത്തി. ടിക്കറ്റ് നോക്കിയ കൗണ്ടറിലെ യുവതി പ്രഖ്യാപിച്ചു: 'വിമാനം ഇനിയും വൈകുമോ എന്നറിഞ്ഞിട്ടേ നിങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാൻ പറ്റൂ, മോസ്‌കോയിൽ നിന്ന് കണക്ഷൻ ഫ്‌ളൈറ്റുള്ള എല്ലാവരോടും കാത്തിരിക്കാൻ പറഞ്ഞിരിക്കുകയാണ്.'

ബെൽഗ്രേഡ് നഗരക്കാഴ്ച്ചകൾ

ഞാൻ നിരാശനായി മാറി നിന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ആരും ഒന്നും പറയുന്നില്ല. ഞാൻ അടുത്ത കൗണ്ടറിലെത്തി. 'ഞങ്ങളുടെ ഓഫീസർമാർ ഇതുവരെ കണക്ഷൻ ഫ്‌ളൈറ്റ് ഉള്ളവരെ ചെക്ക് ഇൻ ചെയ്യിക്കണോ എന്ന് പറഞ്ഞിട്ടില്ല. ദയവായി കാത്തിരിക്കൂ...'

പത്തുമിനിറ്റ് കൂടി കാത്തുനിന്നപ്പോൾ എറണാകുളം ഭാഷയിൽ പറഞ്ഞാൽ, എന്റെ 'കുരുപൊട്ടി'. ഞാൻ ശബ്ദമുയർത്തി. 'കാത്തുനിൽക്കാൻ എനിക്ക് സൗകര്യമില്ല. ഈ വിമാനത്തിൽ എന്നെ കയറ്റുന്നുണ്ടോ എന്ന് എനിക്ക് ഇപ്പോൾ അറിയണം. എന്നിട്ടേ മറ്റുള്ളവരെ ചെക്ക്ഇൻ ചെയ്യാൻ ഞാൻ അനുവദിക്കൂ' -ഞാൻ അലറി.

അതോടെ പെങ്കൊച്ചിന്റെ ഓഫീസറും പോയി, നടപടിക്രമങ്ങളും പോയി. അവൾ എന്റെ പാസ്‌പോർട്ടും ടിക്കറ്റും വാങ്ങി പരിശോധന തുടങ്ങി. എന്തിനാണ് പോകുന്നത്, എത്രദിവസം ബെൽഗ്രേഡിൽ കാണും തുടങ്ങിയ ചോദ്യങ്ങൾ. എനിക്ക് വീണ്ടും ദേഷ്യം വന്നു. 'സെർബിയയിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവലാണ്. അതിനു വേണ്ട റിട്ടേൺടിക്കറ്റും ഹോട്ടൽ ബുക്കിങ് രേഖകളും ട്രാവൽ ഇൻുറൻസും എന്റെ കൈയ്യിലുണ്ട്. ഇമിഗ്രേഷൻ ഓഫീസർമാർ ചോദിക്കുന്ന ചോദ്യങ്ങൾ നീ എന്നോട് ചോദിക്കണ്ട. ബോർഡിങ് പാസ് തരുന്ന ജോലി മാത്രം ചെയ്താൽ മതി!'

എന്നിട്ടും അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടു. കേരളത്തിൽ നിന്ന് ബെൽഗ്രേഡിലേക്ക് പോകാൻ വന്ന ഈ മരമാക്രിയെ എന്തുചെയ്യണം എന്നമട്ടിലായിരുന്നു ചോദ്യങ്ങൾ. ഇടയ്ക്ക് 'യെവന്റെ പാസ്സ്പോർട്ടിൽ യു എസ് വിസയുണ്ട്' എന്നു പറയുന്നതും കേട്ടു. അതോടെ മറുഭാഗത്തു നിന്ന് ഓക്കെ കിട്ടിയെന്നു തോന്നുന്നു. ഉടൻ തന്നെ അവൾ ബോർഡിങ് പാസ് തന്നു.

ഞാൻ ഇമിഗ്രേഷനിലെത്തി. അവിടെ വളരെ നല്ല ഉദ്യോഗസ്ഥനായിരുന്നു കൗണ്ടറിൽ. എന്റെ പാസ്‌പോർട്ടിന്റെ വലിപ്പം കണ്ട് എന്റെ യാത്രകളെപ്പറ്റിയും ജോലിയെപ്പറ്റിയുമൊക്കെ ചോദിച്ച് ആശംസകളും നേർന്ന് പിരിഞ്ഞു. എട്ടരയോടെ എയ്‌റോഫ്ലോട്ട് വിമാനം ഡൽഹിയുടെ ആകാശത്തേക്ക് ഉയർന്നു. എട്ടു മണിക്കൂർ പറന്ന് മോസ്‌കോയിൽ ലാൻഡ് ചെയ്യുമ്പോൾ മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് വിമാനം മാറി കയറണം. ബസിൽ കയറി വിമാനത്താവളത്തിലേക്ക് പോകാനായി വിമാനത്തിൽ നിന്നിറങ്ങുമ്പോൾ സിരകളെ തുളയ്ക്കുന്ന തണുത്ത കാറ്റ് വീശിയടിച്ചു.

അധികം കാത്തിരിക്കാതെ തന്നെ ബെൽഗ്രേഡിലേക്കുള്ള വിമാനം പുറപ്പെട്ടു. മൂന്നുമണിക്കൂർ പറന്ന്, ബെൽഗ്രേഡിന്റെ സുന്ദര കാഴ്ചകളിലേക്ക് വിമാനം നിലംതൊട്ടു.

രാജ്യതലസ്ഥാനമാണെങ്കിലും അത്രവലിയ എയർപോർട്ടൊന്നുമല്ല, ബെൽഗ്രേഡിലേത്, പക്ഷേ വൃത്തിയും ഭംഗിയുമുണ്ട്. ഇവിടെ കുറെ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കുമ്പോൾ ഞാൻ ഉറപ്പിച്ചു. വിസ ഓൺ അറൈവലായതുകൊണ്ട് ചില ഇന്ത്യക്കാർ, യൂറോപ്പിലേക്ക് അനധികൃതമായി കടക്കാനുള്ള എളുപ്പവഴിയായാണ് സെർബിയയെ കാണുന്നത്. അതുകൊണ്ട് ഹോട്ടൽ രേഖകൾ ഉൾപ്പെടെയുള്ള പേപ്പറുകളെല്ലാം ഒന്നുകൂടി നോക്കി ഭദ്രമാക്കി ഞാൻ ഇമിഗ്രേഷൻ കൗണ്ടറിനെ സമീപിച്ചു.

ഒരു യുവതിയാണ് കൗണ്ടറിൽ. അവൾ പാസ്‌പോർട്ട് വാങ്ങി മെഷിനീലുടെ ഓടിച്ചിട്ട് എന്റെ മുഖത്തുപോലും നോക്കാതെ സീൽ അടിച്ച് തിരിച്ചു തന്നു.

ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ, 30 ദിവസം സെർബിയയിൽ താമസിക്കാനുള്ള വിസയാണ് അനുവദിച്ചു തന്നിരിക്കുന്നത്! ഏതാനും മാസങ്ങൾക്കു മുമ്പ് ഉക്രെയ്‌നിലെ വിസ ഓൺ അറൈവൽ കൗണ്ടറിനു മുന്നിൽ വിസയ്ക്കായി 14 മണിക്കൂർ കാത്തിരുന്നത് ഞാനോർത്തു.

ലഗേജ് എടുക്കാനായി നിൽക്കുമ്പോൾ ഒരു കൗതുക കാഴ്ച -ലഗേജുകൾ ഒഴുകി വരുന്നത് ഒരു കാറിനുള്ളിലൂടെയാണ്! കൺവെയർ ബെൽറ്റ് തുടങ്ങുന്ന ഭാഗത്ത് ഒരു ഫിയറ്റ് 500 മുറിച്ച് വെച്ചിരിക്കുകയാണ്.കാറിന്റെ തുറന്നു വെച്ച ബൂട്ടിനുള്ളിലൂടെയാണ് യാത്രക്കാരുടെ ലഗേജുകൾ  ഒഴുകി ഇറങ്ങിവരുന്നത്.സെർബിയക്കാർക്ക് ഫിയറ്റ് 500 നോട് സ്നേഹം തോന്നാൻ ഒരു കാരണമുണ്ട്-ഫിയറ്റിന്റെ ഏറ്റവും വലിയ നിർമാണ പ്ലാന്റുകളിലൊന്നാണ് സെർബിയയിലുള്ളത്.ഇവിടെ പ്രതിവർഷം 5 ലക്ഷത്തിലധികം ഫിയറ്റ്  500കൾ നിർമിക്കുന്നുണ്ട്.ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന ഫിയറ്റ് 500  മോഡലുകൾ ഇവിടെ നിർമിക്കപ്പെടുന്നവയാണ്.

കാറിന്റെ കൗതുകം കണ്ടു നിൽക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു: 'ഞാൻ ഇസിഡോറയാണ്. പുറത്ത് കാത്തു നിൽപ്പുണ്ട്.'

എന്റെ സുഹൃത്ത്, കൊല്ലത്തെ ഡോ. അനിലിന്റെ ബെൽഗ്രേഡിലെ വെൽനെസ് ക്ലിനിക്കിന്റെ പാർട്ട്ണറാണ് ഇസിഡോറ. അനിലാണ് ഇസിഡോറയെയും അമ്മ ടിയാനയെയും എനിക്ക് പരിചയപ്പെടുത്തി തന്നത്.ലഗേജുമായി പുറത്തെത്തിയപ്പോൾ ഇസിഡോറ കാത്തുനിൽപ്പുണ്ടായിരുന്നു....

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA