ADVERTISEMENT

വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ കയ്യിൽ കരുതേണ്ട അവശ്യരേഖകളിൽ പ്രധാനിയാണ് പാസ്പോർട്ട്. ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയ്ക്കപ്പുറം ഏതു രാജ്യത്തെ പൗരനാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം കൂടിയാണിത്. ഈ ഔദ്യോഗിക രേഖ ഓരോ പൗരനും അനുവദിച്ചുകിട്ടുന്നതു നിശ്ചിത വർഷത്തേക്കാണ്. ഇന്ത്യൻ പാസ്‌പോർട്ടിന്റെ കാലാവധിയെന്നതു അനുവദിച്ചു കിട്ടുന്ന അന്നുമുതൽ പത്തുവർഷം വരെയാണ്. കാലാവധി തീരുന്നതിനു മുൻപ് തന്നെ പാസ്പോർട്ട് പുതുക്കാത്ത പക്ഷം കാലഹരണപ്പെട്ടുപോകും. ഒരിക്കലെടുത്ത പാസ്‌പോർട്ട് പത്തുവര്‍ഷത്തിനു ശേഷം പുതുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നു പലർക്കും ധാരണയുണ്ടാകില്ല. പാസ്പോർട്ട് പുതുക്കാനായി പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ താഴെ പറയുന്നവയാണ്.

ആദ്യപടിയെന്നതു ഓൺലൈൻ ആയി പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ കയറി റജിസ്റ്റർ ചെയ്യുക എന്നതാണ്. ലോഗിൻ ചെയ്ത് വിശദാംശങ്ങൾ ചേർത്ത ശേഷം 'പാസ്പോർട്ട് റിന്യൂവൽ' എന്നതിൽ ക്ലിക്കുചെയ്യുക. അവിടെ ചോദിച്ചിരിക്കുന്ന കാര്യങ്ങൾ വായിച്ചു മനസിലാക്കിയതിനു ശേഷം വിവരങ്ങൾ ചേർക്കുക. ഒരു നിശ്ചിത തുക ഫീസായി അടക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാവുന്നതാണ്. ഫീസ് അടച്ചതിനു ശേഷം അപേക്ഷകന് സൗകര്യമുള്ള സമയത്തേക്ക് അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്. ഫീസ് അടച്ച രസീതിന്റെ പ്രിന്റ് എടുക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്കു ചെയ്ത് പ്രിന്റ് എടുക്കുക. അതിൽ കാണുന്ന അപ്ലിക്കേഷൻ റഫറൻസ് നമ്പറാണ് അപ്പോയ്ന്റ്മെന്റ് നമ്പർ. ഈ പ്രിന്റ് എടുക്കാൻ വിട്ടുപോയാലും കുഴപ്പമില്ല. നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ഈ നമ്പർ എസ് എം എസ് ലഭിക്കും. പാസ്പോര്‍ട്ട് ഓഫീസിൽ നേരിട്ട് ഹാജരാകുമ്പോൾ ഈ നമ്പർ കൂടി കയ്യിൽ കരുതണം.

പാസ്പോർട്ട് ഓഫീസിൽ യഥാർത്ഥ രേഖകളുമായി ഹാജരാകുക എന്നതാണ് രണ്ടാം ഘട്ടം. തുടർന്ന് വെരിഫിക്കേഷന്റെ ഭാഗമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തുകയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ പാസ്പോർട്ട് ലഭിക്കുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത, നാല് വയസിൽ താഴെയുള്ളവർക്കു വേണ്ടിയാണ് പാസ്പോർട്ടിനു അപേക്ഷിക്കുന്നതെങ്കിൽ, വെള്ളനിറം പശ്ചാത്തലമായുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയും കയ്യിൽ കരുതേണ്ടതാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിച്ച് 90 ദിവസത്തിനകം പാസ്പോർട്ട് ഓഫീസിൽ എത്തണം. അല്ലാത്തപക്ഷം അപേക്ഷാഫോം ഒരു തവണ കൂടി പൂരിപ്പിക്കുന്നതിനൊപ്പം ഫീസും വീണ്ടും അടക്കേണ്ടതായി വരുമെന്ന കാര്യം മറക്കാതിരിക്കുക. ഓൺലൈൻ ആയി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയാത്തവർക്കു നേരിട്ടുപോയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 16 വയസിൽ താഴെയുള്ള, പ്രായപൂർത്തിയാകാത്ത വ്യക്തിയ്ക്കു പാസ്പോർട്ടിന് ആദ്യമായി അപേക്ഷിക്കാനും കാലാവധി തീർന്ന പാസ്പോർട്ട് പുതുക്കാനും രക്ഷാകർത്താവിന്റെ ഔദ്യോഗിക രേഖകൾ കൂടി ആവശ്യമാണ്.

വളരെയധികം പ്രാധാന്യമുള്ള ഒരു തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്, അതുകൊണ്ടുതന്നെ കാലാവധി തീർന്നെന്നു കരുതി അവ ഉപേക്ഷിക്കാതിരിക്കുക. പാസ്പോർട്ട് പുതുക്കുന്ന പ്രക്രിയ തീർത്തും ലളിതമാണ്. വിശദാംശങ്ങൾ പരിശോധിച്ചതിനുശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഭാവിയിൽ സങ്കീർണമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം, അതുകൊണ്ടു ശ്രദ്ധയോടെ അപേക്ഷയിൽ വിവരങ്ങൾ ചേർക്കുക. പാസ്‌പോർട്ടിനു അപേക്ഷ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തുന്ന കയ്യൊപ്പിൽ വ്യത്യാസം വരാൻ പാടുള്ളതല്ല. എല്ലാ ഔദ്യോഗിക രേഖകളിലും ഒരേ ഒപ്പുതന്നെയാകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളരെ ലളിതമായി പൂർത്തിയാക്കാൻ കഴിയുന്ന ഒന്നാണ് പാസ്പോർട്ട് പുതുക്കൽ. കൃത്യമായ രേഖകൾ സമർപ്പിച്ചു അപേക്ഷിക്കുക എന്നുള്ളതു മാത്രമാണ് ശ്രദ്ധിക്കേണ്ട വസ്തുത.

കാലാവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കാൻ മടിച്ചിരുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ തന്നെ പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കാൻ ഇനിയൊട്ടും മടിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com