തായ്‍ലൻഡിന്റെ സംരക്ഷകനായ എമറാൾഡ് ബുദ്ധന്‍

HIGHLIGHTS
  • തായ്‍ലൻഡിന്റെ ചരിത്രത്തെക്കുറിച്ചും അറിഞ്ഞിരിക്കണം
Bangkok-Temples-and-Palace
SHARE

ബാങ്കോക്ക് നഗരത്തിനു നടുവിൽ ഫാൻഫാ ബ്രിഡ്ജ് കടന്ന് ടാക്സി കാർ കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. അപ്പോഴൊക്കെ കണ്ണുകൾ തേടിക്കൊണ്ടിരുന്നത് ഏതോ ഫെയറി ടെയിലിൽ വർണിച്ചതു പോലുള്ള, ചിത്രങ്ങളിൽ മാത്രം മുൻപ് കണ്ടിട്ടുള്ള ആ കൊട്ടാരമാണ്. ഒടുവിൽ നീലാകാശത്തിലേക്കുയർന്ന് ഒഴുകുന്ന വെൺമേഘങ്ങളുടെ പശ്ചാത്തലത്തിൽ ആ സ്വർണവർണമുള്ള സ്തൂപം മുന്നിൽ തെളിഞ്ഞു. അപ്പോൾ പെട്ടെന്ന് ടാക്സി ഡ്രൈവർ ഒരു നിമിഷം ഭക്തിയോടെ കൂപ്പുകൈകളുയർത്തി....

തായ്‍ലൻ‍ഡുകാർക്ക് ഗ്രാൻഡ് പാലസ് എന്ന ഈ കൊട്ടാര സമുച്ചയം വെറുമൊരു ആർഭാടത്തിന്റെ പ്രതീകം മാത്രമല്ലെന്ന് ആ കൈതൊഴൽ പറഞ്ഞു തരുന്നു. എമറാൾഡ് ബുദ്ധനെ പ്രതിഷ്ഠിച്ച വാറ്റ് ഫ്രാ കയേവ് ടെംപിൾ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് പാലസിന് ബാങ്കോക്കിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സെന്റർ എന്നതിനപ്പുറം ഒരു തീർഥാടന കേന്ദ്രത്തിന്റെ വിശുദ്ധിയും പവിത്രതയും കൂടിയുണ്ട്. തായ്‍ലൻഡിന്റെ സംരക്ഷകനായിട്ടാണ് എമറാൾഡ് ബുദ്ധനെ കരുതുന്നത്. രാജാധികാരം ഇന്ന് പട്ടാള ഭരണത്തിനിടയിലും നിലനിൽക്കുന്ന തായ്‍ലൻഡിൽ രാജകീയതയോടുള്ള ഭക്തിയുടെയും ആരാധനയുടെയും കൂടി പ്രതീകമാണ് ഗ്രാൻഡ് പാലസ് എന്ന കൊട്ടാര സമുച്ചയം. 

Bangkok-Temples-and-Palace6

രാവിലെ തന്നെ പാലസിന്റെ മുന്നിലെ മതിലിനു മുന്നിലെ റോഡ് സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. തൂവെള്ള നിറമുള്ള വലിയ മതിലിനരികിൽ പാർക്ക് ചെയ്തിരിക്കുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്നിറങ്ങി സ്കൂൾ കുട്ടികളെ പോലെ അച്ചടക്കത്തോടെ നിരനിരയായി പോകുന്ന ‍ടൂറിസ്റ്റുകളെയും അവരെ നയിച്ചു കൊണ്ടു പോകുന്ന ഗൈഡുകളെയും കാണാം. നിരത്തിലൂടെ നീങ്ങുന്ന സഞ്ചാരികൾ മുഴുവനും ഗ്രാൻഡ് പാലസിലേക്കാണ്. പേരു പോലെ തന്നെ ആഢ്യത്വത്തിന്റെയും രാജകീയ വിസ്മയത്തിന്റെയും ഭൂമിയിലെ പ്രതീകം പോലെ ഗ്രാൻഡ് പാലസ് തലയുയർത്തി നിൽക്കുന്നു. 

സന്ദർശകരുടെ തിക്കിത്തിരക്കിലൂടെ അകത്തേക്കു കടക്കുമ്പോഴറിയാം ഇവിടത്തെ പവിത്രത. ഗ്രാൻഡ് പാലസിനുള്ളിൽ പ്രവേശിക്കാൻ പ്രത്യേക ഡ്രസ് കോഡ് ഉണ്ട്. സ്ലീവ്‍ലെസ് വസ്ത്രങ്ങൾ, മുട്ടിനു മുകളിൽ നിൽക്കുന്ന ഇറക്കം കുറഞ്ഞ ഷോർട്സ് തുടങ്ങിയവ ധരിച്ച് കൊട്ടാരത്തിനുള്ളിൽ, പ്രവേശിച്ചു കൂടാ. ഒരു വിദേശ വനിത സ്ലീവ്‍ലെസ് ടോപ്പ് സ്റ്റോൾ കൊണ്ടു മൂടി അകത്തു കടക്കാൻ സൂത്രത്തിലൊരു ശ്രമം  നടത്തിയെങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കണ്ണു വെട്ടിക്കാനായില്ല. ഉദ്യോഗസ്ഥൻ അവരെ മര്യാദപൂർവം തടഞ്ഞു. സാംരംഗ് പോലുള്ള പരമ്പരാഗത തായ് വേഷം വാടകയ്ക്കു കിട്ടുമെന്നും വസ്ത്രത്തിനു മേലെ അതു പുതച്ച് അകത്തു കടക്കാമെന്നും അവരോട് നിർദേശിച്ചു........ ആചാരങ്ങളും പാലസിന്റെ വിശുദ്ധിയും എത്ര വലിയ തിരക്കിനിടയിലും മുറകൾ തെറ്റാതെ പാലിക്കപ്പെടുന്നു.

Bangkok-Temples-and-Palace5

കൊട്ടാരത്തിനുള്ളിലേക്ക്

ടിക്കറ്റ് കൗണ്ടറിൽ നിന്ന് 500 ബാത്തിന്റെ ടിക്കറ്റെടുത്ത ശേഷം പാലസിലേക്കു പ്രവേശിച്ചു. ഗ്രാൻഡ് പാലസിലെ ആഡംബരവും ആർഭാടങ്ങളും തന്നെയാണ് ഉള്ളിൽ കടക്കുമ്പോഴേ അമ്പരപ്പിക്കുന്നത്. ഭംഗിയായി വെട്ടി നിർത്തിയ ബോൺസായ് മരങ്ങൾ നിറഞ്ഞ മുറ്റവും പുൽത്തകിടിയും കടന്ന് ചെല്ലുമ്പോൾ അലങ്കാരപ്പണികൾ നിറഞ്ഞ തൂണുകളും സ്തൂപങ്ങളും ഗോപുരങ്ങളും, വർണരത്നക്കല്ലുകളും ക്രിസ്റ്റലുകളും പതിച്ച ഭിത്തികളും ഇടനാഴികളുമെല്ലാം വിസ്മയമൊരുക്കുന്നു. ടൂറിസ്റ്റുകളുടെ തിക്കിത്തിരക്കും സെൽഫിക്കാരുടെ ബഹളവും ചുറ്റും നിറയുന്നുണ്ട്. പക്ഷേ, അതിനെല്ലാമുപരി സവിശേഷമായൊരു വിശ്രാന്തിയുടെ അലകളും ഈ മന്ദിരത്തിനെ ഒരു കാറ്റുപോലെ തഴുകുന്നു. തായ്‍ലൻഡിലെ ഏറ്റവും പേരു കേട്ട ബുദ്ധക്ഷേത്രത്തിന്റെ സാന്നിധ്യമാകാം ആ ശാന്തിയുടെ ഉറവിടം.

Bangkok-Temples-and-Palace7

വിശാലമായ മുറ്റം കടന്നു ചെല്ലുമ്പോൾ കവാടത്തിനിരുവശവും രണ്ട് വലിയ വ്യാളീമുഖമുള്ള ദ്വാപരപാലകന്മാരുടെ പ്രതിമകൾ കാണാം. ഈ പ്രതിമകളും സ്വർണ അലങ്കാരപ്പണികളും മുത്തുകളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ക്രിസ്റ്റലുകളും തിളങ്ങുന്ന വർണക്കല്ലുകളും പതിച്ച ചുവരുകളെ എത്ര നേരം നോക്കി നിന്നാലും അലങ്കാരവേലകളുടെ നിർമാണ രഹസ്യം ഊഹിച്ചെടുക്കാനാവില്ല....!

185290556

ഗ്രാൻഡ് പാലസിലൂടെ നടക്കുമ്പോൾ തായ്‍ലൻഡിന്റെ ചരിത്രത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. സിയാം എന്നു പേരുള്ള തായ്‍ലൻഡിനെ നവീകരിച്ച രാജ്യമാക്കി രൂപപ്പെടുത്തി, ബാങ്കോക്ക് നഗരം 1782 ൽ സ്ഥാപിച്ച ചക്രി രാജവംശത്തിന്റെ കലാബോധവും സംസ്കാരവുമാണിവിടെ പ്രതിബിംബിക്കുന്നത്. ഒട്ടേറെ ദേശീയ ബില്‍‍ഡിങ് സമുച്ചയങ്ങൾ നിറഞ്ഞ കൊട്ടാരമാണ് ഗ്രാൻഡ് പാലസ്. കുറച്ചു കാലം മുന്‍പ് വരെ രാജ കുടുംബത്തിന്റെ  ഔദ്യോഗിക വസതി ഇതിനുള്ളിലായിരുന്നു. കൊട്ടാരസമുച്ചയത്തിന്റെ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് സന്ദർശകർക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ബാക്കി ഭാഗങ്ങൾ കൊട്ടാരത്തിന്റെ സ്വകാര്യ ഇടങ്ങളും ഔദ്യോഗിക, രാജകീയ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നവയും ആണ്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ പൊതുജനത്തിനോ ടൂറിസ്റ്റുകൾക്കോ പ്രവേശനമില്ല. ടെംപിൾ ഓഫ് എമറാൾഡ് ബുദ്ധയാണ് ടൂറിസ്റ്റുകളെ സംബന്ധിച്ച് ഈ കൊട്ടാരസമുച്ചയത്തിന്റെ പ്രധാന ആകർഷണം. 

പ്രധാന കവാടത്തിനടുത്താണ് ടെംപിൾ. ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നവരെ താമരപ്പൂക്കളിട്ട പവിത്രജലം ശിരസ്സിൽ കുടഞ്ഞ് അനുഗ്രഹിക്കുന്നത് ഇവിടത്തെ ആചാരമാണ്. ഈ നേരത്ത് ബുദ്ധന്റെ മുന്നിൽ ഒരു ആഗ്രഹം വിചാരിച്ച് പ്രാർഥിക്കാമത്രേ!

Bangkok-Temples-and-Palace3

സ്വര്‍ണ വർണത്തിൽ പൊതിഞ്ഞ വലിയ മകുടവും സുവർണ സ്തൂപവും ഉള്ള ക്ഷേത്രഭാഗം ഫ്രസി രത്തന ചേദിയെന്നറിയപ്പെടുന്നു. ചുവരും ഇടനാഴികളും തൂണുകളും പ്രതമകളുമെല്ലാമുള്ള മണ്ഡപത്തിലേക്കു കടക്കുമ്പോൾ കണ്ണുകളിൽ അതിശയം വിടരും. അതിസങ്കീർണമായ അലങ്കാരപ്പണികളാണെങ്ങും. ചുവരുകളിലെ കലാവിരുതുകളുടെ ചുവട്ടിൽ ആയുധധാരികളായ കാവൽക്കാരുടെ പ്രതിമാ രൂപങ്ങൾ കൊത്തിയിരിക്കുന്നു. സ്വർണപ്രഭയിൽ തിളങ്ങുന്ന ആ ഇടനാഴിയുടെ പശ്ചാത്തലത്തിൽ തന്റെ കാമുകിയെ ഏറ്റവും സുന്ദരിയായി പകർത്താനുള്ള ശ്രമത്തിലായിരുന്നു ഒരു കാമുകൻ. ഈ അലങ്കാരപ്പണികളുടെ എടുപ്പും രാജകീയ പ്രൗഢിയും സുവർണശോഭയും ഒരു ഫോട്ടോ ഫ്രെയിമിലേക്കെങ്ങനെ ഒതുക്കാനാകുമെന്ന സംശയമാണ് അതു കണ്ടപ്പോൾ തോന്നിയത്!

കൊട്ടാരത്തിന്റെ താഴത്തെ നിലയിലായി ചില മ്യൂസിയങ്ങളുണ്ട്. പക്ഷേ, ഫോട്ടോയെടുക്കുന്നത് നിരോധിച്ചിരിക്കുന്നു. തായ്‍ലൻഡുകാർക്ക് രാജകുടുംബത്തോടുള്ള ഭക്തി ഈ മ്യൂസിയത്തിലെ കാഴ്ചവസ്തുക്കളിൽ പ്രതിഫലിക്കുന്നു. ചക്രി രാജവംശത്തിലെ രാജകീയ വസ്തുക്കൾ പലതും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ചരിത്രം മയങ്ങുന്ന കൊട്ടാര വീഥി 

രാവിലത്തെ വെയിലിന് അൽപം കാഠിന്യം കൂടുതലാണ്. ഈ പൊള്ളുന്ന വെയിലിലും ടൂറിസ്റ്റുകളെ കൂട്ടമായി നിർത്തി അവർക്കു നടുവിൽ നിന്ന് ഒരു ഗൈഡ് വർണിക്കുന്നു, ഗ്രാന്‍ഡ് പാലസിന്റെ ചരിത്രം. ഇടനാഴിയുടെ പടികളിൽ തനിച്ചിരിക്കുമ്പോഴും തെല്ലകലെ നിന്ന് കേൾക്കാം. അയാൾ പറയുന്ന വാക്കുകൾ.

Bangkok-Temples-and-Palace1

1782 ൽ ചക്രി രാജവംശത്തിലെ കിങ് രാമാ ഒന്നാമൻ (തായ് ജനറൽ ചായോ ഫ്രായാ ചക്രി) രാജാവായ ശേഷമാണ് ഗ്രാൻഡ് പാലസ് നിർമിച്ചത്. ഒരു നൂറ്റാണ്ടു കൊണ്ടാണ് കൊട്ടാരം ഇന്നത്തെ നിലയിൽ പണിതുയർത്തിയത്. 2,18,000 സ്ക്വയർ മീറ്ററാണ് വിസ്തീർണം. പഴയകാലത്ത് രാജകൊട്ടാരവും ഭരണകേന്ദ്രവും ചാവോ ഫ്രായാ നദിയുടെ പടിഞ്ഞാറ് തോൺബുരിയിലായിരുന്നു. ബർമീസ് ആക്രമണത്തിൽ അയുത്തയിലെ പഴയ കൊട്ടാരം നശിപ്പിക്കപ്പെട്ടു. പഴയ തലസ്ഥാനം രാജഭരണത്തിന് അനുയോജ്യമല്ലെന്ന് രാമാ ഒന്നാമൻ രാജാവിനു തോന്നിയതിനാലാണ് പുതിയ ഇടത്തേക്ക് തലസ്ഥാനം മാറാൻ തീരുമാനിച്ചത്. രാജകീയ ഉത്തരവു പ്രകാരം രാജമന്ദിരവും ഔദ്യോഗിക ഭരണ സമുച്ചയങ്ങളും ഉള്‍പ്പെടുന്ന പുതിയ കൊട്ടാരം പണി തുടങ്ങി. പഴയ കാലത്ത് രാജകുടുംബത്തിന്റെ വസതിയും പാലസിന്റെ പ്രത്യേക മന്ദിരങ്ങളിലായിരുന്നു. രാജകീയ മൊണാസ്ട്രിയിൽ എമറാൾഡ് ബുദ്ധനെയും പ്രതിഷ്ഠിച്ചു. അതോടെ ഗ്രാൻഡ് പാലസിന്റെ ആഡംബരത്തിന് പവിത്രത കൈവന്നു. 

ഗൈഡിന്റെ വാക്കുകൾ കേട്ടാണ് എമറാൾഡ് ബുദ്ധന്റെ ക്ഷേത്രത്തിലേക്കു കടന്നത്. പരിശുദ്ധമായ ഇടമായതിനാൽ പാദരക്ഷകൾ അഴിച്ചു വച്ചാണ് ആളുകൾ അകത്തു കടക്കുന്നത്. ഫൊട്ടോഗ്രാഫിയും വിഡിയോയും കർശനമായി നിരോധിച്ചിരിക്കുന്നു. ഭക്തിസാന്ദ്രമായ വിശാലമായ വലിയ തളമാണ് മുന്നിൽ. സ്വർണശോഭ വഴിയുന്ന അലങ്കാരപ്പണികളും ഛായാചിത്രങ്ങളും നേർത്ത വെളിച്ചവും ഹാളിനെ അലൗകികമാക്കുന്നു! ശ്രീകോവിൽ ഭാഗത്തെ വേർതിരിക്കുന്ന ഒരു ബാരിയർ ഉണ്ട്. തായ്‍ലന്‍ഡുകാരുടെ പരമ്പരാഗത ശൈലിയിൽ അലങ്കരിച്ച പടികൾക്കു മേലേ സുവർണ സിംഹാസനത്തിലാണ് മരതക ബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ബുദ്ധപ്രതിമ അണിഞ്ഞിരിക്കുന്ന സ്വർണ അങ്കി വർഷത്തിൽ മൂന്ന് സീസണുകൾക്കനുസരിച്ച് മൂന്ന് തവണ പവിത്രമായ ആഘോഷച്ചടങ്ങോടെ രാജാവ് മാറ്റിയണിയിക്കാറുണ്ട്. അകത്തെ ശ്രീകോവിൽ ഭാഗത്തായി ചില ഭക്തർ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു. ബുദ്ധന്റെ ഇരുവശത്തും നീണ്ട മെഴുകുതിരി രൂപമുള്ള അലങ്കാര വിളക്കുകൾ. ബുദ്ധിസ്റ്റ് മൊണാസ്ട്രിയുടെ അന്തരീക്ഷം ഉണ്ടെങ്കിലും ഇവിടെങ്ങും ബുദ്ധസന്യാസിമാരെയോ പുരോഹിതരെയോ കണ്ടില്ല. തിളങ്ങുന്ന പച്ചവർണവും സ്വർണവര്‍ണവുമാർന്നൊരു പ്രകാശം ബുദ്ധ പ്രതിമയിൽ നിന്നു പ്രസരിക്കുന്നു. ഈ നിമിഷം.... വിശ്രാന്തിയുടെയും പ്രശാന്തതയുടെയും ഈ അന്തരീക്ഷം കണ്ണുകളിലും മനസ്സിലും എന്നേക്കും പകർത്തിവയ്ക്കാനാശിച്ചു പോകുന്നു.

ഹാളിലെ ജനാലച്ചട്ടങ്ങൾക്കു മേലേ ബുദ്ധന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ആലേഖനം െചയ്തിരിക്കുന്നു. ജനനം, കുട്ടിക്കാലം, യൗവനം, മഹാപരിത്യാഗം, ബോധോദയം, ധർമോപദേശം, നിർവാണം തുടങ്ങിയ സുപ്രധാന മുഹൂർത്തങ്ങളുടെ ഛായാചിത്രങ്ങൾ കാണാം. 

മരതക ബുദ്ധപ്രതിമയ്ക്കു പിന്നിലുള്ളത് ഭക്തിയും അവിശ്വസനീയതയും നിറയുന്ന ചരിത്രകഥയാണ്. അമൂല്യമായ പച്ചരത്നക്കല്ലിനാൽ തീർത്ത ഈ പ്രതിമ ചിയാങ് റായിലെ ഒരു കൊച്ചു ബുദ്ധക്ഷേത്രത്തില്‍ 1434 ലാണത്രേ ആദ്യമായി കണ്ടെത്തുന്നത്. (പ്രതിമയുടെ യഥാർഥ പഴക്കം ബി സി 43 ആണെന്നും ഇന്ത്യയിലെ പാടലീപുത്രത്തിലാണിതു നിർമിച്ചതെന്നും കരുതുന്നുണ്ട്). പ്രതിമ കണ്ടെത്തിയ കാലത്ത് അതു മണ്ണുപാളി കൊണ്ട് പൊതിഞ്ഞിരുന്നതിനാൽ സാധാരണ ബുദ്ധപ്രതിമയായേ കരുതിയിരുന്നുള്ളൂ. പക്ഷേ, ഒരു ദിവസം പ്രതിമയുടെ മൂക്കിന്റെ ഭാഗത്തെ മണ്ണ് അടർന്നു പോയപ്പോൾ അകത്തു പ്രകാശത്തോടെ തിളങ്ങുന്ന പച്ചരത്നക്കല്ല് പ്രതിമ പരിപാലിക്കുന്ന സന്യാസി കണ്ടു. പ്രതിമ തീർത്തിരിക്കുന്നത് മരതകം കൊണ്ടാണെന്ന് കരുതി സന്യാസി ഇതിനെ മരതക ബുദ്ധൻ (എമറാൾഡ് ബുദ്ധ) എന്നു വിശേഷിപ്പിക്കുകയും ചെയ്തു. (മരതകം സൂചിപ്പിക്കുന്നത് പ്രതിമയുടെ നിറത്തെയാണ്. യഥാർഥ മരതകം കൊണ്ടല്ല പ്രതിമ നിർമ്മിച്ചിരിക്കുന്നത്).

പല കാലഘട്ടങ്ങളിൽ പല ദേശങ്ങളിലായി പ്രതിഷ്ഠിതമായിരുന്ന ബുദ്ധപ്രതിമ, 1778 ല്‍ കിങ് രാമാ ഒന്നാമന്‍ ലായോഷ്യന്‍ തലസ്ഥാനം പിടിച്ചടക്കിയപ്പോഴാണ് തായ്‍ലൻഡിലേക്കു തിരികെ കൊണ്ടുവന്നത്. ബാങ്കോക്ക് നഗരം രാജാവ് സ്ഥാപിച്ചപ്പോൾ ആഘോഷച്ചടങ്ങോടെ 1784 ൽ എമറാൾഡ് ബുദ്ധബിംബം രാജകീയ മൊണാസ്ട്രിയിൽ പ്രതിഷ്ഠിച്ചു. പിന്നീടതു വാറ്റ് ഫ്രാ കയേവ് ടെംപിൾ ആയി മാറി. 

ക്ഷേത്രസമുച്ചയത്തിലൂടെ ചുറ്റിനടക്കുമ്പോൾ വടക്കു ഭാഗത്തെ വിശാലമായ മണ്ഡപത്തിന്റെ ബാൽക്കണി പോലുള്ള നീണ്ട ഇടനാഴിയുടെ ചുറ്റും ഭിത്തിയെ അലങ്കരിക്കുന്ന അതിസുന്ദരമായ ചുമർ ചിത്രങ്ങൾ കാണാം. ‘രാമാകിയാൻ’ എന്ന തായ് രാമായണ കഥയാണീ ചുവരുകളെ സുന്ദരമായ മ്യൂറൽ പെയിന്റിങ്ങുകളായി അലങ്കരിക്കുന്നത്. രാമരാവണ യുദ്ധസന്ദർഭങ്ങളുൾപ്പെടെ രാമായണ കഥ വർണിക്കുന്ന 178 െപയിന്റിങ്ങുകളുണ്ട് ഇവിടെ.

എണ്ണിയാൽ തീരാത്തത്ര നടപ്പാതകളും വഴി തെറ്റിപ്പോകുന്നത്ര വിശാലമായ മന്ദിരങ്ങളും തളങ്ങളും ഇനിയും ഒട്ടേറെയുണ്ട്. എങ്കിലും, സ്വർണ വർണപ്പാളികളുടെയും രത്നക്കല്ലുകളുടെയും തിളങ്ങുന്ന ആഡംബര വീഥികൾ വിട്ട് പുറത്തിറങ്ങി വെയിലിനിപ്പോൾ കടുത്ത ചൂടാണ്. മതിലിന്റെയപ്പുറത്തെ റോഡിനരികിലുള്ള പാർക്കിൽ കുറച്ച് നേരം വെറുതെയിരുന്നു. ചൂടിനോടു പൊരുതാൻ തണുപ്പിച്ച പഴങ്ങൾ വിൽക്കുന്ന വിൽപനക്കാരികളും ഇപ്പോൾ രാവിലത്തെ ബഹളം കഴിഞ്ഞ് വിശ്രമത്തിലാണ്. വെയിലിൽ വാറ്റ് ഫ്രാ കയേവിന്റെ സുവർണ സ്തൂപം കൂടുതൽ വെട്ടിത്തിളങ്ങുന്നു.

ടെംപിൾ ഓഫ് റിക്ലൈനിങ് ബുദ്ധ

വാറ്റ് ഫ്രാ കയേവിൽ നിന്ന് 500 മീറ്റർ ദൂരമേയുള്ളൂ വാറ്റ് ഫോ (ടെംപിൾ ഓഫ് റിക്ലൈനിങ് ബുദ്ധ)യിലേക്ക്. ഗ്രാൻഡ് പാലസിന് അരമൈൽ തെക്കോട്ട് മാറി ചാവോ ഫ്രായാ നദിയോടടുത്തായിട്ടാണീ ക്ഷേത്രം. ഇവിടെ ഏറ്റവും വലിയ ആകർഷണം, ഭീമാകാരമായ ശയനബുദ്ധപ്രതിമയാണ്. സ്വർണപ്പാളികളിൽ പൊതിഞ്ഞ പ്രതിമ വലംകയ്യിൽ ശിരസ്സുതാങ്ങി ചെരിഞ്ഞു കിടന്ന് വിശ്രമിക്കുന്ന ശയനബുദ്ധന്റെ രൂപത്തിലാണ്. 

വാറ്റ് ഫോയുടെ വളപ്പിനുള്ളിൽ എമറാൾഡ് ബുദ്ധസന്നിധിയിലെ അത്ര തിരക്കില്ല. മണികളുടെ മുഴക്കവും നാണയങ്ങളുടെ കിലുക്കവും ഈ ശാന്തതയിൽ പശ്ചാത്തല സംഗീതം പോലെ മുഴങ്ങുന്നു. ഇടനാഴിയിൽ ബുദ്ധപ്രതിമയ്ക്കരികിലായി നിരത്തി വച്ചിരിക്കുന്ന 108 ഓട്ടു പാത്രങ്ങളിൽ നാണയങ്ങളിട്ടു പ്രാർഥിക്കുന്ന ഭക്തരെ കാണാം. ഈ തുക ക്ഷേത്രത്തിന്റെയും ഇവിടത്തെ സന്യാസിമാരുടെയും സംരക്ഷണത്തിനായിട്ടാണ് ഉപയോഗിക്കുന്നത്.

അമ്പരപ്പിക്കുന്ന രൂപമാണ് ‘റിക്ലൈനിങ് ബുദ്ധ’ ശിൽപത്തിന്റേത്. 46 മീറ്റർ നീളവും 15 മീറ്റര്‍ ഉയരവും ഉള്ള പ്രതിമ, അതു പ്രതിഷ്ഠിച്ചിരിക്കുന്ന മന്ദിരം നിറഞ്ഞു നിൽക്കുന്നതായി തോന്നിക്കുന്നു. ബുദ്ധന്റെ അന്ത്യനാളുകളെ, പരിനിർവാണത്തിനു മുൻപുള്ള ഘട്ടത്തെയാണീ പ്രതിമ സൂചിപ്പിക്കുന്നത്! വലംകയ്യിൽ താങ്ങിയിരിക്കുന്ന ബുദ്ധശിരസ്സിനു പിന്നിൽ അനേകം അലങ്കാരപ്പണികളും മുത്തുകളും പതിച്ചിട്ടുണ്ട്. ഹാളിനുള്ളിൽ നെടുനീളത്തിൽ നിരന്ന് പത്മാസനത്തിലിരിക്കുന്ന ബുദ്ധന്റെ അനേകം സുവർണ പ്രതിമകൾ കാണാം. ഓരോ പ്രതിമയിലേക്കു നോക്കുമ്പോഴും ഇതാണേറ്റവും മനോഹരമെന്നു തോന്നിക്കുന്ന ഏതോ മായാജാലം! തായ്‍ലൻഡിൽ ഏറ്റവുമധികം ബുദ്ധപ്രതിമകളുള്ള ക്ഷേത്രമെന്ന പേര് വാറ്റ് ഫോയ്ക്കാണത്രേ!

വാറ്റ് ഫോയുടെ വളപ്പിനുള്ളിൽ രണ്ട് മന്ദിര സമുച്ചയങ്ങളുണ്ട്. തെക്കു ഭാഗത്തായി സന്യാസി മഠവും സ്കൂളുമാണ്. വടക്കു ഭാഗത്തായിട്ടാണ് ക്ഷേത്ര സമുച്ചയം. വാറ്റ് ഫോ തായ്‍‌‍ലൻഡിലെ ആദ്യത്തെ പൊതു വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു. പരമ്പരാഗത തായ് മസാജിനു പേരു കേട്ട സ്ഥലവും ആണ്. തായ്‍ലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത തായ് മസാജ് സ്കൂളാണിത്. ചുറ്റി നടക്കാനും എല്ലാം മറന്നിരിക്കാനും അനവധി തളങ്ങളും ശാന്തവും അലൗകികവുമായ ഇടങ്ങളും ഒരുപാടുണ്ടിവിടെ. ചുവരുകളും കമാനങ്ങളും സുന്ദരമാക്കുന്ന ക്രിസ്റ്റൽ വേലകളും ചുമർചിത്രപ്പണികളും നിറഞ്ഞ ഈ ിടനാഴികളിലൂടെ നടക്കുമ്പോൾ മനസ്സിൽ നിറയുന്നത്, ഭക്തി മാത്രമല്ല; കലയും വാസ്തു വിദ്യയും തീർക്കുന്ന അമ്പരപ്പിക്കുന്ന സൗന്ദര്യത്തിന്റെ അനുഭൂതികളുമാണ്. 

വാറ്റ് അരുൺ ; ടെംപിൾ ഓഫ് ഡോൺ

വാറ്റ് ഫോയുടെ ശാന്തതയിൽ നിന്ന് എത്തിച്ചേർന്നത് ചാവോ ഫ്രായാ നദീതീരത്തെ മറ്റൊരു ക്ഷേത്രത്തിലാണ്. ടെംപിൾ ഓഫ് ഡോൺ എന്ന വാറ്റ് അരുൺ. വെട്ടിത്തിളങ്ങുന്ന മധ്യാഹ്നത്തിന്റെ വെയിലത്താണ് വാറ്റ് അരുണിലെത്തിയത്. (വാറ്റ് ഫ്രാ കയേവിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് വാറ്റ് അരുൺ). നദീ തീരത്താണീ ടെംപിൾ എന്നതു തന്നെ ഇതിന്റെ മനോഹാരിതയേറ്റുന്നു. സൂക്ഷ്മമായ വർണക്കല്ലുകളും വെള്ളി നിറത്തിലുള്ള ക്രിസ്റ്റലുകളും രത്നക്കല്ലുകളും അലങ്കാരപ്പണികളും നിറഞ്ഞ പഗോഡകളെയും ഗോപുരങ്ങളെയും  വിസ്മയത്തോടെയേ നോക്കി നിൽക്കാനാവൂ. അസ്തമയനേരത്ത് ഗോപുരങ്ങൾ സൂര്യന്റെ ശോഭയിലും വർണക്കല്ലുകളുടെ തിളക്കത്തിലും അലങ്കാര വിളക്കുകളുടെ പ്രകാശത്തിലും മുങ്ങുമ്പോഴത്തെ കാഴ്ച അതിസുന്ദരമാണ്. 

നാലു പ്രധാന ഗോപുരങ്ങളുണ്ട്. 80 അടിയോളം ഉയരമുള്ളതാണ് പ്രധാന ഗോപുരം. കിങ് ടാഷ്കിൻ 18–ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ ക്ഷേത്രം രാമാ രണ്ടാമൻ രാജാവ് പുതുക്കി സുന്ദരമാക്കുകയായിരുന്നു. ഇന്ന് തായ്‍ലൻഡിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രം എന്ന ഖ്യാതി വാറ്റ് അരുൺ ടെംപിളിനു സ്വന്തമാണ്. എമറാൾഡ് ബുദ്ധന്റെ പ്രതിമ ആദ്യകാലത്ത് ഈ ക്ഷേത്രത്തിലാണത്രേ പ്രതിഷ്ഠിച്ചിരുന്നത്. പിന്നീടാണ് നദി കടത്തിക്കൊണ്ടുപോയി ഗ്രാൻഡ് പാലസിൽ പ്രതിഷ്ഠിച്ചത്. 

ടെംപിളിന്റെ മുൻവശത്ത് ചാവോ ഫ്രായാ നദിയുടെ ഫെറിയിൽ നിന്ന് നോക്കുമ്പോൾ അങ്ങേത്തീരം ഒരു സ്വപ്നക്കാഴ്ച പോലെ തോന്നുന്നു. നീലമേഘങ്ങൾ പാറുന്ന ആകാശവും നദിയിലൂടെ പതുക്കെ നീങ്ങുന്ന ബോട്ടുകളും വെള്ളിനിറമുള്ള ഗോപുരങ്ങൾ തിളങ്ങുന്ന ബുദ്ധക്ഷേത്രവും വിശ്രമമില്ലാതെ വീശുന്ന കാറ്റും....എല്ലാം നിറങ്ങൾ കൂട്ടിക്കലർന്ന ഒരു സുന്ദരചിത്രം പോലെ തോന്നി....

ക്ഷേത്രത്തിന്റെ പ്രശാന്തതയിൽ നിന്നു പുറത്തു കടന്നു. വീണ്ടും നഗരത്തിന്റെയും മാർക്കറ്റുകളുടെയും തെരുവുകച്ചവടക്കാർ ബഹളം കൂട്ടുന്ന ജീവിതത്തിന്റെയും തിരക്കുകളിലൂടെ തനിയേ നടക്കുമ്പോൾ, മനസ്സിൽ ഒരിക്കൽ കൂടി ഉണർത്തിയെടുക്കാൻ ശ്രമിച്ചു ആ മുഖം. വാറ്റ് ഫ്രാ കയേവിലെ ശ്രീകോവിലിൽ കണ്ട എമറാൾഡ് ബുദ്ധന്റെ പാതിയടഞ്ഞ മിഴികളുള്ള മരതക ശോഭയുള്ള മുഖം! ഒരു ഫോട്ടോയിലും പകർത്താതെ, മനസ്സിൽ മാത്രം തെളിമയോടെ പതിഞ്ഞു കിടക്കുന്ന ആ മുഖം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA