ADVERTISEMENT

ബാൾക്കൻ ഡയറി - അദ്ധ്യായം 2

മിഹൈലോവ സ്ട്രീറ്റ്

ഇസിഡോറയുടെ കാറിൽ, വിമാനത്താവളത്തിൽ നിന്ന് ബെൽഗ്രേഡ് നഗരത്തിലേക്ക് യാത്ര തുടങ്ങി. സന്ധ്യസമയമായതുകൊണ്ട് കുറച്ച് തിരക്കുണ്ട് റോഡിൽ. 'ഈ സമയത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ട്രാഫിക്കാണ് ബെൽഗ്രേഡിൽ' -ഇസിഡോറ പറഞ്ഞു. 'ഭ്രാന്തുപിടിപ്പിക്കുന്ന ട്രാഫിക്കോ? ഇതോ?'- ഞാൻ അദ്ഭുതപ്പെട്ടു. 'ഓ സോറി, ബൈജു ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നുള്ള കാര്യം ഞാൻ മറന്നു' :ഇസിഡോറയുടെ മറുപടി! 'ഇന്ത്യയിലെ റോഡുകളെപ്പറ്റി ഇസിഡോറയ്ക്ക് എങ്ങിനെ അറിയാം?' :ഞാൻ ചോദിച്ചു.. 'ഞാൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ഡോ. അനിലിന്റെ അതിഥിയായി താമസിച്ചിട്ടുണ്ട്' :ഇസിഡോറ പറഞ്ഞു. 'എന്നിട്ടാണോ, ഈ നാലും മൂന്നും ഏഴ് കാറൊക്കെ കണ്ടിട്ട് ഇതൊക്കെ തിരക്കാണെന്നു തോന്നുന്നത്?' - എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഉത്തരമായി ഇസിഡോറ വെളുക്കെ ചിരിക്കുകമാത്രം ചെയ്തു.

വഴിയിൽ ഉടനീളം സെർബിയയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് ഇസിഡോറ സംസാരിച്ചത്. നിരന്തരമായ യുദ്ധങ്ങളിൽ മനം മടുത്ത ജനതയാണ് സെർബിയയിലുള്ളത്. നാറ്റോ ബോംബിങ് ഉൾപ്പെടെ എല്ലാ ദുരിതങ്ങൾക്കും വേദിയായിട്ടുണ്ട് ബെൽഗ്രേഡ്. യുദ്ധത്തിൽ തകർന്ന, യുദ്ധസ്മാരകമെന്നോണം അതേപടി സൂക്ഷിക്കുന്ന കെട്ടിടങ്ങൾ ഇപ്പോഴും ബെൽഗ്രേഡിൽ നിരവധിയുണ്ട്. എന്നാൽ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ് ഈ രാജ്യം. 6000 ഡോളറാണ് ശരാശരി പ്രതിശീർഷ വരുമാനം. 2000ത്തിലാണ് സാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടമുണ്ടായത്. കൊക്കകോള, ഫിയറ്റ്, സീമെൻസ്, ഫിലിപ്‌സ്, മിഷലിൻ തുടങ്ങിയ നിരവധി രാജ്യാന്തര കമ്പനികൾ സെർബിയയിൽ നിക്ഷേപം നടത്തിയത് 2000നുശേഷമാണ്. രാജ്യവരുമാനത്തിന്റെ 7.9 ശതമാനം കാർഷികവൃത്തിയിൽ നിന്നാണ് ലഭിക്കുന്നത്. ഉരുളക്കിഴങ്ങ്, കരിമ്പ്, ഗോതമ്പ്, ആപ്പിൾ എന്നിവയുടെയും പന്നിയിറച്ചി, ബീഫ് എന്നിവയുടെയും പ്രധാനകയറ്റുമതി രാജ്യങ്ങളിലൊന്നാണ് സെർബിയ.

മിഹൈലോവ സ്ട്രീറ്റ്

പ്രസിഡണ്ട് ഭരണാധികാരിയായ പാർലമെന്ററി റിപ്പബ്ലിക്കാണ് സെർബിയ. 5 വർഷമാണ് ഭരണകാലാവധി. സെർബിയൻ പ്രോഗ്രസീവ് പാർട്ടി എന്ന വലതുപക്ഷപാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടി ഓഫ് സെർബിയ എന്ന ഇടതുപക്ഷവുമാണ് പ്രധാനരാഷ്ട്രീയകക്ഷികൾ. സെർബിയൻ റാഡിക്കൽ പാർട്ടി എന്ന വലതുപക്ഷ കക്ഷിക്കും തരക്കേടില്ലാത്ത സ്വാധീനമുണ്ട്. ബെൽഗ്രേഡ് നഗരത്തിന് രണ്ടു ഭാഗങ്ങളുണ്ട്- പഴയതും പുതിയതും. ഇവയെ തമ്മിൽ വേർതിരിക്കുന്നത് നടുവിലൂടെ ഒഴുകുന്ന ഡാന്യൂബ് നദിയാണ്. സാവ നദിയും ഡാന്യൂബും സംഗമിക്കുന്നതും നഗരത്തിന്റെ ഓരത്തു വച്ചാണ്.

1.23 ദശലക്ഷം പേർ വസിക്കുന്ന ബെൽഗ്രേഡിന്റെ ആധുനികവൽക്കരണം ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. സെർബിയൻ സർക്കാരും അറേബ്യൻ കമ്പനിയായ ഈഗിൾ ഹിൽസ് പ്രോപ്പർട്ടീസും ചേർന്ന് നഗരത്തിന്റെ പ്രതിച്ഛായ മാറ്റുന്ന നിർമ്മാണപ്രവർത്തനങ്ങളാണ് 2014 മുതൽ നടത്തി വരുന്നത്. ഇതിൽ തിയേറ്ററുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുമൊക്കെ പെടുന്നു.

മിഹൈലോവ സ്ട്രീറ്റ്

വളരെ നാൾ മുമ്പുതന്നെ, ബെൽഗ്രേഡിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനിടയിൽ, പഴയ നഗര ഭാഗമായ മിഹൈലോവ തെരുവാണ് ഏറ്റവും മനോഹരമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ആ തെരുവിൽ തന്നെയുള്ള ഒരു അപ്പാർട്ടുമെന്റാണ് അന്നുരാത്രി താമസിക്കാൻ ബുക്കുചെയ്തത്. കൊള്ളാമെങ്കിൽ അടുത്ത ദിവസവും അവിടെ തുടരാമെന്നു കരുതി.

അപ്പാർട്ടുമെന്റിന്റെ വിലാസം കാണിച്ചപ്പോൾ ഇസിഡോറ പറഞ്ഞു: 'കൊള്ളാം.. ഏറ്റവും സുന്ദരമായ സ്ട്രീറ്റിന്റെ ഹൃദയഭാഗത്തു തന്നെയാണ് അപ്പാർട്ടുമെന്റ് ബുക്ക് ചെയ്തിരിക്കുന്നത്...''അരമണിക്കൂറോളം യാത്ര ചെയ്ത്, നഗരത്തിന്റെ പുതിയ മുഖം പിന്നിട്ട് പഴയ നഗരത്തിലെത്തി. ഇവിടെ ടാർറോഡ്, കരിങ്കൽ പാളികൾ പാകിയ നിരത്തിന് വഴി മാറുന്നു. അവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. തൊട്ടുമുമ്പുള്ള ഒരു റോഡിന്റെ അരികിൽ ഇസിഡോറ കാർ പാർക്ക് ചെയ്തു. ഞാൻ ലഗേജും എടുത്ത് പുറത്തിറങ്ങി ഇസിഡോറയുടെ പിന്നാലെ നടന്നു.

മിഹൈലോവ സ്ട്രീറ്റ്

നടന്നെത്തിയത് വിഖ്യാതമായ മിഹൈലോവ സ്ട്രീറ്റിലേക്കാണ്. സ്ട്രീറ്റിന്റെ ഒത്ത മദ്ധ്യഭാഗത്തു കണ്ട കെട്ടിടം ചൂണ്ടിക്കാട്ടി ഇസിഡോറ പറഞ്ഞു: 'ഇതാണ് ബൈജു ബുക്ക് ചെയ്ത അപ്പാർട്ടുമെന്റ്.'

മിഹൈലോവ സ്ട്രീറ്റ്

'ഞാനാള് കൊള്ളാ'മെന്ന് എനിക്ക് വീണ്ടും തോന്നി. ബെൽഗ്രേഡിനെക്കുറിച്ച് ഒന്നുമറിയാതെ, എത്ര കൃത്യമായി ഞാൻ ഏറ്റവും സുന്ദരമായ സ്ഥലം കണ്ടെത്തി, അതിന്റെ ഒത്ത നടുവിൽ അപ്പാർട്ടുമെന്റ് ബുക്ക് ചെയ്തിരിക്കുന്നു! സമയം രാത്രി ഏഴുമണി കഴിഞ്ഞെങ്കിലും മിഹൈലോവ സ്ട്രീറ്റ് സജീവമാണ്. വീതിയുള്ള തെരുവ് നിറഞ്ഞുകവിഞ്ഞ് ജനം ഒഴുകുന്നു. ആ പഴയ കെട്ടിടത്തിലേക്ക് ഞങ്ങൾ കയറിച്ചെന്നു.

മിഹൈലോവ സ്ട്രീറ്റ്

മുകളിലേക്ക് കയറാനുള്ള പടവുകൾ ഇരുമ്പുഗേറ്റുകൊണ്ട് പൂട്ടിയിരിക്കുന്നു. പ‍‍ടികയറി വേണം എനിക്ക് അപ്പാർട്ടുമെന്റിലെത്താൻ. അവിടെ കണ്ട സ്വിച്ചമർത്തി. എവിടെയോ ബെൽ അടിച്ചുകാണണം. പ്രസന്നവദനയായ ഒരു മദ്ധ്യവയസ്‌ക പടിയിറങ്ങി വന്നു. 'ഇന്നു രാത്രിയിലേക്ക് മുറി ബുക്കുചെയ്ത ബൈജു അല്ലേ'- എന്നെ കണ്ടപാടെ അവർ ചോദിച്ചു.മുഖത്ത് 'ഇന്ത്യക്കാരൻ' എന്ന് ജന്മനാ എഴുതി വെച്ചിരിക്കുന്നതു കൊണ്ട് എന്നെ മനസിലാക്കിയതിൽ എനിക്ക് അദ്ഭുതമൊന്നും തോന്നിയില്ല. ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി. തുടർന്ന് അവർ സംശയഭാവത്തിൽ ഇസിഡോറയെ നോക്കി. എയർപോർട്ടിൽ നിന്ന് വരുന്ന വഴി തന്നെ ഇവൻ ഒരു പെങ്കൊച്ചിനേയും സംഘടിപ്പിച്ചോ എന്നതായിരുന്നു നോട്ടത്തിന്റെ അർത്ഥം.

 ഇസിഡോറ കാര്യം വിശദീകരിച്ചു. എന്നിട്ട് ശുഭരാത്രി നേർന്ന് മടങ്ങി. ഞാൻ മദ്ധ്യവയസ്‌കയെ പിന്തുടർന്നു. 21 യൂറോയ്ക്കാണ് എനിക്ക് ദാനിലെജ എന്ന ഈ അപ്പാർട്ട്‌മെന്റിലെ മുറി ലഭിച്ചിരിക്കുന്നത്. അതായത് ഏതാണ്ട് 1700 രൂപ. യൂറോപ്പിലെ പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ ഒത്ത മദ്ധ്യത്തിൽ ഒരു ബാത്ത്അറ്റാച്ച്ഡ് മുറി 1700 രൂപയ്ക്ക് ലഭിക്കുക എളുപ്പമല്ല. മുറി തുറന്നു കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി.

ബെൽഗ്രേഡ് നഗരക്കാഴ്ചകൾ

അതിസുന്ദരമായ മുറി. കട്ടിലും കിടക്കയും കൂടാതെ വലിയൊരു സോഫയുമുണ്ട്. മുറിയുടെ സൈഡിൽ അടുക്കള, അതിൽ ചായപ്പൊടിയും പഞ്ചസാരയും ഉൾപ്പെടെയുള്ളവ നിരത്തി വെച്ചിരിക്കുന്നു. മിനറൽവാട്ടർ, വൈഫൈ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ടോയ്‌ലെറ്റ് ചെറുതാണെങ്കിലും നല്ല വൃത്തിയുണ്ട്. 'എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കുക. നേരെ എതിർവശത്തെ അപ്പാർട്ടുമെന്റിലാണ് ഞാൻ താമസിക്കുന്നത്' - ടിജാന എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വീട്ടുടമയായ മദ്ധ്യവയസ്‌ക പറഞ്ഞു.

'എനിക്ക് നാളെ രാത്രി കൂടി ഇവിടെ താമസിക്കണം' - മുറിയുടെ ഭംഗിയിലും സൗകര്യങ്ങളിലും ആകൃഷ്ടനായ ഞാൻ പറഞ്ഞു.

ബെൽഗ്രേഡ് നഗരക്കാഴ്ചകൾ

'രക്ഷയില്ല.. അടുത്ത ഒരാഴ്ചത്തേയ്ക്ക് മുറി ബുക്ക്ഡ് ആണ്'- ടിജാന അറിയിച്ചു.

രാത്രി തന്നെ തൊട്ടടുത്ത് മറ്റൊരു ഹോട്ടൽ കണ്ടുപിടിച്ച് പിറ്റേന്നത്തേക്ക് മുറി ബുക്ക് ചെയ്യണമെന്നു തീരുമാനിച്ച് ഞാൻ കുളിച്ച് ഫ്രെഷായി മിഹൈലോവ തെരുവിന്റെ ദൃശ്യങ്ങളിലേക്ക് നടന്നിറങ്ങി. ഒരു ഷോപ്പിങ് സ്ട്രീറ്റാണിത്. ഇന്റർനാഷണൽ ബ്രാന്റുകളുടെ ഷോറൂമുകളും കഫേകളും ഹോട്ടലുകളും ചത്വരങ്ങളുമൊക്കെയാണ് ഒന്നര കിലോമീറ്ററോളം നീളമുള്ള മിഹൈലോവ സ്ട്രീറ്റിലുള്ളത്. സ്ട്രീറ്റ് മുഴുവനായും കരിങ്കൽ ടൈലുകൾ പാകിയിരിക്കുന്നു. കെട്ടിടങ്ങൾ ഏറെയും കരിങ്കല്ലിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്പിന്റെ കെട്ടിട നിർമാണ ചാതുരിയെല്ലാം ഇവയിൽ പ്രകടമാണ്. ഇടയ്ക്കിടെ ജനങ്ങൾക്ക് ഉല്ലസിച്ച് ഇരിക്കാനായി ഭംഗിയുള്ള ഇരിപ്പിടങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ അവിടവിടെയായി മരങ്ങളുമുണ്ട്.

Balcon-trip.10
ബെൽഗ്രേഡ് നഗരക്കാഴ്ചകൾ

ഇത് ആഘോഷങ്ങളുടെ തെരുവാണ്. ഷോപ്പിങും കറങ്ങിനടക്കലും മാത്രമല്ല, പബ്ബുകൾ, ഹോട്ടലുകൾ എന്നിവയിൽ സൊറ പറഞ്ഞിരിക്കാനും ആയിരങ്ങൾ ഇവിടെ എത്തുന്നു. വഴിയിലുടനീളം കലാകാരന്മാരും അണിനിരന്നിട്ടുണ്ട്. നൃത്തം, പാട്ട്, പടംവര, ഗിറ്റാർ വാദനം എന്നിവയൊക്കെ പല സ്ഥലങ്ങളിലായി നടക്കുന്നു. കലാപരിപാടി നടത്തുന്നവരുടെ മുന്നിൽ വിരിച്ച തുണിയിലോ തുറന്നുവെച്ചിരിക്കുന്ന തൊപ്പിയിലോ താൽപര്യമുണ്ടെങ്കിൽ പണം നിക്ഷേപിക്കാം. കൊച്ചുകുട്ടികൾ പോലും ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും നിന്ന് കലാപ്രകടനം നടത്തുന്നതു കണ്ടു. ഞാൻ തെരുവിലൂടെ നടന്നു. നല്ല തണുപ്പുണ്ട്. 12-15 ഡിഗ്രി ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ, തെരുവിലെ കാഴ്ചകളിലൂടെ നടക്കുമ്പോൾ തണുപ്പ് അറിയുന്നില്ല.

ഒന്നാം നൂറ്റാണ്ടുമുതൽ മിഹൈലോവ സ്ട്രീറ്റ് നിലനിൽക്കുന്നുണ്ടെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോൾ കാണുന്ന കെട്ടിടങ്ങളെല്ലാം 1800 നു ശേഷം നിർമ്മിക്കപ്പെട്ടവയാണ്. 16-ാം നൂറ്റാണ്ടിൽ തുർക്കിയിലെ ഓട്ടോമാൻ രാജാക്കന്മാർ പണിത പള്ളികളും വീടുകളും തച്ചുടച്ച്, 1700നുശേഷം ഇവിടെയെത്തിയ ഓസ്ട്രിയക്കാരാണ് മിഹൈലോവ സ്ട്രീറ്റിന് ആധുനിക മുഖം നൽകിയതെന്ന് കരുതപ്പെടുന്നു. 1870 ൽ രാജകുമാരനായ മിഹൈലോ ഒബ്രനോവിച്ച് കൊല്ലപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് സ്ട്രീറ്റിന്റെ പുനർനാമകരണം നടത്തിയത്, 1896ൽ സെർബിയക്കാർ ഫോട്ടോ എടുക്കുന്ന ക്യാമറ എന്ന യന്ത്രം ആദ്യമായി കണ്ടതും 1906ൽ ആദ്യത്തെ മൂവി ക്യാമറ കണ്ടതുമൊക്കെ മിഹൈലോവ സ്ട്രീറ്റിലാണ്.

നിരവധി ചെറു സ്ട്രീറ്റുകൾ മിഹൈലോവയിൽ വന്നുചേരുന്നുണ്ട്. അവയ്ക്കും മിഹൈലോവയുടെ കെട്ടും മട്ടും തന്നെയാണുള്ളത്. ബെൽഗ്രേഡിലെ ഏറ്റവും പ്രശസ്തമായ റിപ്പബ്ലിക് സ്‌ക്വയറും സ്ഥിതി ചെയ്യുന്നത് മിഹൈലോവ സ്ട്രീറ്റിന്റെ ഒരറ്റത്താണ്. ആയിരക്കണക്കിനാളുകൾ ദിവസവും സന്ദർശിക്കുന്ന, സമയം ചെലവഴിക്കുന്ന, ഈ തെരുവിന്റെ വൃത്തിയാണ് ഞാനേറ്റവുമധികം ശ്രദ്ധിച്ചത്. ഒരു കടലാസ് കഷ്ണം പോലും ഒരിടത്തും വീണു കിടക്കുന്നില്ല. ഡസ്റ്റ്ബിന്നുകളിൽ മാത്രമാണ് ജനം വേസ്റ്റ് നിക്ഷേപിക്കുന്നത്. എന്തൊരു പൗരബോധം!

തെരുവിന്റെ ഓരത്തെ ഒരു കഫേയിൽ സെർബിയൻ ബിയർ നുകർന്നുകൊണ്ട് ഏറെ നേരമിരുന്നു. അവിടെ ഇരുന്നുകൊണ്ടു തന്നെ പിറ്റേ ദിവസത്തേക്ക് മറ്റൊരു ഹോട്ടൽ ബുക്ക് ചെയ്തു. 'ഹോസ്റ്റൽ ഫൈൻ' എന്നാണ് ഹോട്ടലിന്റെ പേര്. മിഹൈലോവ സ്ട്രീറ്റിന്റെ അടുത്തു തന്നെയാണ് ഹോട്ടലിന്റെ ലൊക്കേഷൻ കാണിക്കുന്നത്. ഒമ്പതരയായതോടെ തണുപ്പ് വർദ്ധിച്ചു. തലേ രാത്രി മുതൽ ഉറക്കം ശരിയായിട്ടില്ല. കൺപോളകളെ ഉറക്കം തഴുകിത്തുടങ്ങി. ഞാൻ അപ്പാർട്ടുമെന്റിലേക്ക് നടന്നു.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com