ADVERTISEMENT

ബോളിവുഡിലെ മാസ് പടങ്ങളിലൊന്നായ ദബാങ്, സ്ക്രീനിൽ ‍ കാണുന്നതിനു പകരം നേരിട്ടു മുന്നിൽ കണ്ടാലോ..? വില്ലന്മാരെ പറന്നടിക്കുന്ന മസിൽമാൻ സൽമാൻ ഖാൻ... അടി.. ഇടി.. വെടി.. പുക... പാട്ട് എല്ലാം തൊട്ടുമുൻപിൽ– ദുബായ് ജബൽ അലിയിലെ ബോളിവുഡ് പാർക്കിൽ പോയാൽ ദബാങ് നേരിൽ കാണാം. ഹൃതിക് റോഷന്റെ ക്രിഷിനൊപ്പം മലനിരകൾക്കും നഗരങ്ങൾക്കും മുകളിൽ ആകാശത്തിലൂടെ പറന്നു സഞ്ചരിച്ച് വില്ലൻമാരെ തുരത്താം.

bollywood-gate1

ഷാറുഖിനൊപ്പം ട്രെയിനു മുകളിൽ നടന്ന് ചയ്യ ചയ്യ ഡാൻസ് കളിക്കാം... ഷോലെ വേണ്ടവർക്ക് അത്, ലഗാൻ വേണമെങ്കിൽ അങ്ങനെ..... ബോളിവുഡ് ആസ്വാദനത്തിന്റെ പരമകോടിയാണ് ദുബായിലെ  ഈ തീം പാർക്കിൽ കാണാനാവുക. ബോളിവുഡ് എന്നാണ് പേരെങ്കിലും രജനീകാന്തിന്റെ മാസ് ഷോയും മലയാളം പാട്ടുകളും കോമഡി ഷോയും എല്ലാം ഇവിടെയുണ്ട്.ബോളിവുഡ് ബ്ലോക്ബസ്റ്ററിനു ചേർന്ന ചടുലതാളങ്ങളും വർണപ്പകിട്ടും പ്രകാശവിസ്മയങ്ങളുംകൊണ്ടു സമൃദ്ധമാണ് ഓരോ ഇഞ്ചും.

രാജ്മഹൽ തീയറ്റർ

താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന, പൊലിമകൊണ്ട് അതിനെ വെല്ലുന്ന കൊട്ടാരമാണ് രാജ്മഹൽ. 850 സീറ്റുകളിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള തിയറ്ററാണിത്. വിശാലമായ മുറ്റത്ത് ജലധാരയും ലേസർ ഷോയും. നൂറുകണക്കിനു കലാകാരന്മാർ അണിനിരക്കുന്ന നൃത്തം അരങ്ങേറും ആ മുറ്റത്ത്. തൊട്ടടുത്തു തന്നെ മുഗൾ ഇ അസം റസ്റ്ററന്റ്. ഇന്ത്യൻ–അറബിക്– മുഗൾ രുചികളുടെ സംഗമമാണ് ഇവിടെ.

dabang-salman-chulbul1

പ്രൗഢഗംഭീരമായ വിക്ടോറിയ ടെർമിനസ്, മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനിന്റെ മാതൃകയിൽ റസ്റ്ററന്റ്, നഗരവീഥികൾ–സഞ്ചാരികളെക്കൊണ്ടു സജീവമാണ് ഇവിടം. മുംബൈ എക്സ്പ്രസ് എന്ന ട്രെയിനിന്റെ മുകളിൽ പരിപാടികൾക്കുള്ള വേദിയും. മുഗൾ ഇ അസം എന്ന പേരിൽ റസ്റ്ററന്റും മേഖലയിലുണ്ട്. ബോളിവുഡിന്റെ ചരിത്രവും മറ്റും പ്രദർശിപ്പിക്കുന്ന പരിപാടിയാണു മറ്റൊന്ന്. ബോളിവുഡ് ചരിത്രത്തിലെ നിർണായക ഏടുകൾ ആധാരമാക്കി കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.

കൺമുന്നിൽ സിനിമ

ഡോൺ, കൃഷ്, ചുൽബുൽ പാണ്ഡെ, ഭുവൻ, ഗബ്ബർ സിങ് തുടങ്ങിയവരൊക്കെ നമ്മുടെ കൺമുന്നിൽ നിറഞ്ഞാടും. സിനിമകഴിയുമ്പോൾ ചുൽബുൽ പാണ്ഡേയ്ക്കൊപ്പം സെൽഫി എടുക്കാം. കൃഷിനു കൈകൊടുക്കാം. മറ്റു കലാകാരന്മാർക്കൊപ്പം ഡാൻസും കളിക്കാം. ലഗാൻ സിനിമയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ റൈഡുകളും മറ്റുമായി ലഗാൻ കാർണിവൽ, സിനിമയിലെ കിടിലൻ ക്രിക്കറ്റ് മൽസരവുമായി ബന്ധപ്പെട്ട പരിപാടികളും ആസ്വദിക്കാം. ക്രിഷിനൊപ്പമുള്ള 4 ഡി റൈഡ് ത്രസിപ്പിക്കുന്ന അനുഭവമാണ്. സാഹസികത നിറഞ്ഞ ഹണ്ട് ഫോർ ഗബ്ബാർ സിങ് എന്ന ത്രിഡി റൈഡ്, ഷോലെ നമുക്കു ചുറ്റും നടക്കുന് അനുഭവമാക്കും.

ഗർഭ, ഭാംഗ്ര തുടങ്ങിയ പരമ്പരാഗത നൃത്തങ്ങളുടെ തനിയാവർത്തനം രംഗ് മഞ്ച് എന്ന വേദിയിലുണ്ടാകും. ഗ്രാമവാസികൾക്ക് ഒന്നിച്ചുകൂടാനുള്ള ആൽമരത്തിന്റെ മാതൃതയിലാണു വേദി രൂപകൽപന ചെയ്തിരുന്നു. മിക്ക ഇന്ത്യൻ ഭാഷകളിലെയും ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും ഇവിടെ അരങ്ങേറും. ഇന്ത്യൻ പരമ്പരാഗത ഭക്ഷണവും  ഇവിടെക്കിട്ടും. വിക്ടോറിയ ടെർമിനസും മുംബൈയുടെ പ്രസിദ്ധമായ ലോക്കൽ ട്രെയിനും അണിനിരത്തിയ മുംബൈ ചൗക്ക്, നമ്മൾ മുംബൈയിലെത്തിയ പ്രതീതി സൃഷ്ടിക്കും.

ഹാൾ ഓഫ് ഹീറോസ്

സിന്ദഗി ന മിലേഗി ദൊബാര എന്ന സിനിമയുടെ നിർമാണ പശ്ചാത്തലത്തിലാണു പരിപാടികൾ. പ്രേക്ഷകരുടെ പങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് ഇതിലുള്ളത്. 4ഡി തിയറ്റർ അനുഭവവുമായി റാ വൺ അടിസ്ഥാനമാക്കി പരിപാടി, കൃഷ് തുടങ്ങിയവയും ഇവിടെ ആകർഷണമാകും. കുട്ടികൾക്കു സംഗീത മൽസരത്തിനുള്ള വേദി, സ്റ്റുഡിയോ കന്റീൻ തുടങ്ങിയവയും പാർക്കിൽ സജീവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com