ADVERTISEMENT

സ്റ്റെഫി ലിയോണിനേക്കാൾ ലില്ലിക്കുട്ടി എന്നു പറഞ്ഞാലാണ് മലയാളി പ്രേക്ഷകർക്ക് ഇൗ സുന്ദരിയെ മനസ്സിലാവുക. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ മികച്ച അഭിനയമാണ് ഇൗ ചുരുണ്ടമുടിക്കാരിയെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത്. വാക്ചാതുര്യത്തിലും അഭിനയത്തിലും മികവ് തെളിയിച്ച ഇൗ കലാകാരി നല്ലൊരു നർത്തകിയും അവതാരകയുമാണ്. ബിഗ് സ്ക്രീനിലൂടെ വന്ന് മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സ്റ്റെഫി ലിയോണിന്റെ യാത്രാ വിശേഷങ്ങളറിയാം.

stephy-leon-travel

തിരക്കുകൾ കഴിഞ്ഞാൽ സ്റ്റെഫിക്ക് ഭര്‍ത്താവ് ലിയോണിനൊപ്പം യാത്രകൾ പോകാനാണ് ഇഷ്ടം. സ്റ്റെഫിയുടെ ഭാഷയിൽ പറഞ്ഞാൽ, ‘വിശാലമായി കിടക്കുന്ന പ്രകൃതിയുടെ ഏതെങ്കിലും ഒരിടത്ത് ഞങ്ങളുടെ മാത്രം ലോകത്തിലേക്കു സഞ്ചരിക്കണം’. ഒഴിവുസമയം യാത്രകൾ പോകാനായി സ്റ്റെഫിയും ലിയോണും റെഡിയാണ്. എങ്കിലും പ്ലാനിങ് യാത്രകളൊന്നും നടക്കാറില്ലെന്ന്  താരം പറയുന്നു. രണ്ടാളും ജോലിത്തിരക്കുകളിൽ നിന്നു മാറി രണ്ടുമൂന്നു ദിവസം കിട്ടിയാൽ വേളാങ്കണ്ണി യാത്രയും മൂകാംബിക യാത്രയുമൊക്കെ പ്ലാൻ ചെയ്യാറുണ്ട്. അല്ലാതെയുള്ള യാത്രകളൊക്കെയും പെട്ടെന്നുള്ളതാണ്. എങ്കിലും ലിയോചേട്ടനൊപ്പം എവിടെപോയാലും ഹാപ്പിയാണെന്നു പറയുന്ന സ്റ്റെഫി യാത്രകളെപ്പറ്റി സംസാരിക്കുന്നു.

ഞങ്ങളുടെ യാത്ര കഴിഞ്ഞാൽ പിന്നെ ഫാമിലി ട്രിപ്പാണ് എനിക്കിഷ്ടം. എന്റെയും ലിയോച്ചേട്ടന്റെയും അച്ഛനും അമ്മയുമൊക്കെയുള്ള അടിപൊളി യാത്ര, അടുത്ത സുഹൃത്തുക്കളൊടൊപ്പമുള്ള യാത്ര ഇതൊക്കെയാണ് ഞങ്ങളുടെ ജീവിതം കളറാക്കുന്നത്.

മലേഷ്യ

വിദേശയാത്രയിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് മലേഷ്യ, തായ്‍‍ലൻഡ്, ശ്രീലങ്ക, ദുബായ്ട്രിപ്പുകളാണ്. സുഖവാസത്തിനും വിനോദത്തിനുമായി പോകാവുന്ന നാടാണ് മലേഷ്യ. ആകർഷിക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമായ നിരവധി കാഴ്ചകൾ അവിടെയുണ്ട്.

സൂക്ഷിച്ചു പണം ചെലവാക്കിയാൽ കീശ കാലിയാകാതെ  കണ്ടുവരാം. പെട്രോണാസ് ടവറിന്റെ രാത്രികാഴ്ച അതിഗംഭീരമായിരുന്നു. മലേഷ്യയിൽ എന്നെ ആകർഷിച്ചത് ഷോപ്പിങ് മാളുകളായിരുന്നു. തലസ്ഥാന നഗരിയായ ക്വാലലംപൂരിൽ ഒതുങ്ങുന്നില്ല അന്നാട്ടിലെ കാഴ്ചകൾ. മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്  തുടങ്ങി വിസ്മയ കാഴ്ചകൾ ഒരുക്കുന്ന നിരവധിയിടങ്ങളുമുണ്ട്. 

stephy-leon

തായ്‍‍ലൻഡ്

സ്വപ്നങ്ങളുടെ പറുദീസയാണ് തായ്‌ലൻഡ്. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ നടക്കുന്ന ഇടമെന്ന പേരുദോഷം തായ്‌ലൻഡിന്‌ ഉണ്ടെങ്കിലും കുടുംബവുമൊത്ത് സുരക്ഷിതമായി പോകാൻ പറ്റിയ ഇടമാണ്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ ആസ്വദിക്കാം.

കാഴ്ചയുടെ അത്യപൂർവ വിസ്മയം തുറന്നുതരുന്ന തായ്‍‍ലൻഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതായിട്ടാണ് എനിക്ക് തോന്നിയത്. ഉറങ്ങാത്ത തെരുവുകളും നിലയ്ക്കാത്ത സംഗീതവും നൃത്തച്ചുവടുകളുമൊക്കെ എന്നെ ഒരുപാട് ആകർഷിച്ചു. അവിടുത്തെ ബീച്ചുകളും നഗരകാഴ്ചകളുമൊക്ക ഏറെ രസകരമായിരുന്നു. കൂടാതെ അടിപൊളി ഭക്ഷണവിഭവങ്ങളുമുണ്ട്.

stephy-leon-travel3

ദുബായ്

ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ് മാളുകളുമെല്ലാമൊരുക്കിയ ദുബായ്‌യും എനിക്ക് പ്രിയപ്പെട്ട ‍ഡെസ്റ്റിനേഷനാണ്. മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. ദുബായ്ക്ക് പകലിനെക്കാൾ ശോഭ രാത്രിയിലാണ്. അത്യാഡംബരത്തിന്റ മായികകാഴ്ചകളുള്ള ആ നഗരം എനിക്കു പ്രിയപ്പെട്ടതാണ്.

മറക്കാനാവാത്ത ഗോവൻ ട്രിപ്പ്

എന്റെ ഫേവറിറ്റ് ട്രിപ്പ് ഗോവയിലേക്കുള്ളതായിരുന്നു. ഞാനും എന്റെ ലിയോചേട്ടനും മാത്രമായുള്ള യാത്ര ശരിക്കും അടിച്ചുപൊളിച്ചു. ഞങ്ങൾ സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്ര. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ യാത്രയായിരുന്നു. എങ്കിലും ആഘോഷിച്ചു തകർത്തു. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാണ് എനിക്കിഷ്ടപ്പെട്ടത്. ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടൽത്തീരങ്ങളിൽ എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. മടുപ്പ് തോന്നില്ല. ഗോവയിൽനിന്നു മുരുഡേശ്വരവും മൂകാംബികയുമൊക്ക ചുറ്റിയടിച്ചു. ത്രില്ലടിപ്പിച്ച യാത്രകളായിരുന്നു.

കേരളത്തിലെ എന്റെ പ്രിയപ്പെട്ട ഇടം

മൂന്നാറിനോളം സൗന്ദര്യം മറ്റൊന്നിനും എനിക്ക് തോന്നിയിട്ടില്ല. മഞ്ഞും കുളിരും നിറഞ്ഞ മൂന്നാർ യാത്ര എന്നും ഹരം പകരും. മൂന്നാറിലെ എന്റെ ഇഷ്ടസ്ഥലം പട്ടുമലയാണ്. കുട്ടിക്കാനം - തേക്കടി റൂട്ടിലാണ് പട്ടുമല. അവിടെ മാതാവിന്റെ പള്ളിയുണ്ട്. മാതാവിന്റെ തിരുസന്നിധിയിലേക്ക് എത്ര പോയാലും എത്ര സമയം ചെലവഴിച്ചാലും മതിയാകില്ല. പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് നമുക്ക് തോന്നിപ്പോകും. കുന്നിന്‍ മുകളില്‍ പൂര്‍ണമായും ഗ്രാനൈറ്റില്‍ നിര്‍മിച്ച പള്ളി ആരെയും ആകർഷിക്കും. അവിടെ എത്തിയാൽ മനസ്സിന് വല്ലാത്തൊരു അനുഭവമാണ്. ലിയോചേട്ടനൊടൊപ്പം പലതവണ മാതാവിന്റ‌െ അരികിൽ പോയിട്ടുണ്ട്.

എന്റെ ഡ്രീംഡെസ്റ്റിനേഷനിലേക്ക് അധികം താമസിയാതെ തന്നെ കൊണ്ടുപോകാമെന്ന് എന്റെ  ലിയോചേട്ടൻ വാക്കു തന്നിട്ടുണ്ട്. സ്വിറ്റ്സർലൻഡാണ് എന്റെ സ്വപ്ന നഗരം. ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും കണ്ട് മനസ്സിൽ നിറഞ്ഞ സ്വിറ്റ്സർലൻഡിന്റ‌െ മായാസൗന്ദര്യം നേരിട്ടു തന്നെ ആസ്വദിക്കണം. ആ യാത്രയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com