ADVERTISEMENT

ലോകം ചുറ്റി സഞ്ചരിക്കണമെന്നാണ് മിക്ക സഞ്ചാരികളുടെയും ആഗ്രഹം. അവരെ പലപ്പോഴും അതിൽനിന്നു പിന്തിരിപ്പിക്കുന്നത് കീശയിലൊതുങ്ങാത്ത പണച്ചെലവു തന്നെയായിരിക്കും. പോക്കറ്റ് കാലിയാക്കാതെ എങ്ങനെ യാത്ര പോകാം എന്നാണ് മിക്കവരുടെയും ചിന്ത. പോകാൻ ആഗ്രഹമുള്ള പലയിടങ്ങളിലും എങ്ങനെയാണ് പോവുക? എന്നെങ്കിലുമൊക്കെ പോകാമെന്നു പ്രിയപ്പെട്ടവർക്ക് വാക്കു കൊടുക്കുന്നുണ്ടാകാം,  എന്നാലിതാ കീശ ഒരുപാട് ചോരാതെ പോകാൻ കഴിയുന്ന ചില രാജ്യങ്ങളെ പരിചയപ്പെടുത്താം.

സൗത്ത് ആഫ്രിക്ക

south-africa

ഇരുണ്ട ഭൂഖണ്ഡം എന്നാണു വിളിപ്പേരെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണിത്. മികച്ച റോഡുകൾ, വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾ, തനത് ഗോത്രകലകൾ തുടങ്ങിയവ സഞ്ചാരികളെ കാത്തിരിക്കുന്നു. പൊതുവേ സൗത്ത് ആഫ്രിക്ക എന്നു കേൾക്കുമ്പോൾത്തന്നെ ആളുകൾക്കു പേടി.ുണ്ട്, അവിടെയുള്ളവർ  അപകടകാരികളാണോ എന്നതാണ് മുഖ്യ ഭയം.

ഭയപ്പെടുന്നതു പോലെയുള്ള പ്രശ്നങ്ങളൊന്നും ഇവിടെ സഞ്ചാരികൾക്ക് ഉണ്ടായിട്ടില്ല. മാത്രമല്ല ഏറെ ആദരവും സ്നേഹവും മര്യാദയും പുലർത്തുന്നവരുമാണ് ഇവിടുത്തെ മനുഷ്യർ. കേപ്ടൗൺ, ജൊഹാനസ്ബർഗ്, ടർബൻ, പോർട്ട് എലിസബത്ത് തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ. ബജറ്റ് നിരക്കിൽ ഇവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ്. 

യുറഗ്വായ്

506219124

ഫുട്‍ബോൾ പ്രണയികൾക്ക് നന്നായി അറിയുന്ന പേര്. യുറഗ്വായ്‌യുടെ അയൽക്കാരാണ് ഫുട്ബോൾ ഞരമ്പിലോടുന്ന ബ്രസീലും അർജന്റീനയും. ഫുട്ബോൾ പ്രണയം തലയ്ക്കു പിടിച്ചിട്ടില്ലെങ്കിൽ പോലും യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണിത്.

ബ്രസീലിലും അർജന്റീനയിലും പോയിട്ടുണ്ടോ? അല്ലെങ്കിൽ അവിടെ പോകാൻ പ്ലാനുണ്ടോ? ഒപ്പം യുറഗ്വായ് കൂടി കണ്ടുമടങ്ങാം. നീണ്ടു കിടക്കുന്ന കാടും കടലും ബീച്ചുകളും സഞ്ചാരികളുടെ മനസ്സിനെ അവിടെ പിടിച്ചു നിർത്തും. ബജറ്റ് ട്രിപ്പ് പോകാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി ‌ബക്കറ്റ് ലിസ്റ്റിൽ യുറഗ്വായ് ഉൾപ്പെടുത്താം. 

ക്യൂബ 

811264074

ഈ പേരു കേൾക്കുമ്പോൾ ചെറുതായൊരു കൗതുകം ഉണ്ടാകുന്നുണ്ടോ? നമ്മുടെ ശ്രീനിവാസന്റെ മുകുന്ദൻ എപ്പോഴും പറയുന്ന അതേ ക്യൂബ തന്നെ. വടക്കേ അമേരിക്കൻ വൻ‌കരയുടെ അടുത്തായി കിടക്കുന്ന ദ്വീപ് രാജ്യമാണിത്. കരീബിയൻ ദ്വീപസമൂഹങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്.

ഇപ്പോഴും കമ്യൂണിസ്റ്റ് ഭരണമുള്ള ലോക രാജ്യങ്ങളിലൊന്ന്. കരീബിയൻ ബീച്ചുകളാണ് ഇവിടുത്തെ മുഖ്യാകർഷണം. ഹവാനയിലെ സൽസ ക്ലബ്, സാന്റിയാഗോയിലെ ജൂലൈ കാർണിവൽ എന്നിവ ക്യൂബൻ വിനോദങ്ങളിൽ ഉൾപ്പെടും. ബജറ്റ് യാത്ര ആഗ്രഹിക്കുന്നവർക്ക് ക്യൂബ മികച്ചൊരു ഡെസ്റ്റിനേഷനാണ്.

പാരഗ്വായ്

ലാറ്റിനമേരിക്കയിൽ കീശകാലിയാക്കാതെ യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണ് പാരഗ്വായ്. അർജന്റീന, ബ്രസീൽ, ബൊളീവിയ എന്നീ രാജ്യങ്ങളോട് ചേർന്നാണ് ഇതിന്റെ സ്ഥാനം.

തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാൽ പാരഗ്വായെ തെക്കെ അമേരിക്കയുടെ ഹൃദയം എന്നു വിളിക്കുന്നുണ്ട്. സ്വാദിഷ്ടമായ ഭക്ഷണം,  ഇവിടുത്തെ പ്രാദേശിക ബീയർ എല്ലാം പാരഗ്വായ്‌യുടെ പ്രത്യേകതകളാണ്. ഒപ്പം രാജ്യത്തിന്റെ ഭംഗിയും യാത്ര മനോഹരമാക്കുന്നു. 

ഗ്രീസ്

483339342

മിത്തുകളിൽനിന്നും യവനകഥകളിൽ നിന്നും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഗൃഹാതുരതകളിൽ ഇടം നേടിയ രാജ്യമാണ് ഗ്രീസ്. ബി.സി 2000ൽ ഉണ്ടായി വന്നതാണ് ഗ്രീസിന്റെ പ്രാചീന സംസ്കാരം അതുകൊണ്ടുതന്നെ ആ രാജ്യവുമായി ബന്ധപ്പെട്ട ചരിത്രവും അതിന്റെ സ്മാരകങ്ങളും അത്രയും പ്രധാനവുമാണ്.

അടുത്ത കാലത്ത് സാമ്പത്തികമായി ഗ്രീസിന്റെ അവസ്ഥ തെല്ലു പരുങ്ങലിലാണ്, സാമ്പത്തിക വിപണികളിൽ അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം മുതൽ ഗ്രീസ് തങ്ങളുടെ കളികൾ തുടങ്ങിയിട്ടേയുള്ളൂ. അതിനാൽ ഗ്രീസിലേക്കുള്ള യാത്ര ആ രാജ്യത്തെ സഹായിക്കുക  കൂടിയാണ്. പക്ഷേ അതുകേൾക്കുമ്പോൾ ഒട്ടും പരിഭ്രമം വേണ്ട, വളരെ ചെലവു കുറഞ്ഞ രാജ്യം തന്നെയാണ് ഗ്രീസ്. എന്നാൽ അവിടുത്തെ കാഴ്ചകളിൽ ആ കുറവ് അനുഭവപ്പെടില്ലെന്ന് ഉറപ്പ്. 

ഇന്ത്യ 

ബജറ്റ് യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമാണ് നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനവും അതിന്റേതായ സംസ്കാരവും വിനോദ സഞ്ചാര സാധ്യതകളുമുള്ളവയാണ്. ഗോവ, മുംബൈ, രാജസ്ഥാൻ പോലെയുള്ള വിനോദ സഞ്ചാര ഇടങ്ങൾ തിരഞ്ഞു നിത്യം നൂറു കണക്കിനു വിദേശ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഭക്ഷണം, താമസം, യാത്ര തുടങ്ങിയ എന്തും വലിയ തോതിൽ കീശ ചോരാതെ ഇന്ത്യയിൽ ലഭ്യമാകും. അതുകൊണ്ടു തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനുമാണ് ഇന്ത്യ. നമ്മുടെ കേരളത്തിലെ പല സ്ഥലങ്ങളും വിദേശികൾക്കു പ്രിയങ്കരമാകുന്നതിന്റെ കാരണം പ്രകൃതിഭംഗിയും ചെലവു കുറവും തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com