sections
MORE

ഇടുക്കി മുതൽ മജുലി വരെ... സഞ്ചാരികളെ വിസ്മയിപ്പിക്കും ഇന്ത്യൻ ഗ്രാമങ്ങൾ

HIGHLIGHTS
  • ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സ്ഥലങ്ങളിൽ പോകണം.
Majuli
SHARE

ഓരോ കൗതുകവും ഭംഗിയും അറിവും കാത്തു വച്ചിട്ടുണ്ടാകും ഓരോ ഇന്ത്യൻ ഗ്രാമവും. കാഴ്ചകൊണ്ടും ജീവിതരീതികൾ കൊണ്ടും നഗരങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്‌ ഗ്രാമങ്ങൾ. ജീവിതത്തിന്റെ അനുഭവങ്ങളും ആഴവും കൂടുതലുള്ളത് ഗ്രാമങ്ങളിൽത്തന്നെയാണ്.

ഇന്ത്യയെ അറിയാൻ യാത്ര നഗരങ്ങളിലേക്കല്ല, ഉൾഗ്രാമങ്ങളിലേക്കു തന്നെയാവണം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള, മനോഹരമായ ചില ഗ്രാമങ്ങളുണ്ട്. ഓരോ ഗ്രാമത്തിനും കഥകളും സംസ്കാരങ്ങളും പറഞ്ഞു തരാനുണ്ടാകും, അവിടുത്തെ മനുഷ്യരുടെ സ്വഭാവങ്ങളും രീതികളും ഒരുപാട് പഠിപ്പിക്കാനുമുണ്ടാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ സ്ഥലങ്ങളിൽ പോകണം.

മൗലിനൊങ് 

മേഘാലയയുടെ കിഴക്കൻ മലനിരകളിൽ അതിമനോഹരിയായി കാണപ്പെടുന്ന ഗ്രാമം. 2003 മുതൽ ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളിൽ ഒന്നായി ഇത് അടയാളപ്പെട്ടിരിക്കുന്നു. ഷില്ലോങ്ങിൽനിന്ന് 90 കിലോമീറ്റർ അകലെയാണിത്. പുഷ്പ, ലതാ സമൃദ്ധമായ, പച്ചപ്പു നിറഞ്ഞ ഈ ഗ്രാമത്തെ അങ്ങനെതന്നെ സംരക്ഷിക്കാൻ ഇവിടുത്തെ നിയമവും സന്നദ്ധമാണ് എന്നുള്ളതുകൊണ്ട് മൗലിനൊങ് ഭംഗിയോടെ നിലനിൽക്കുന്നത്. 95 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് ഒാരോയിടത്തും മുള ഉപയോഗിച്ച് നിർമിച്ച പ്രത്യേകം ഡസ്റ്റ് ബിന്നുകളുണ്ട്.

840514260

ഉപയോഗിച്ച വസ്തുക്കൾ അതിൽ സംഭരിക്കുകയും കുഴികളിലിട്ട് വളമാക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലും ഗ്രാമവാസികൾ മുന്നിലാണ്. നൂറു ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഇംഗ്ലിഷ്  പഠനത്തിലും ഇവർ മുന്നിൽ തന്നെ. 

mawlynnong-1

ഷില്ലോങ്ങിലെ ഉമ്രയ് എയർപോർട്ടാണ് ഇതിന് ഏറ്റവും അടുത്തുള്ളത്. അവിടെനിന്നു മൗലിനൊങ്ങിലേക്കു ടാക്സി ലഭിക്കും. 

യാന

കർണാടകയിലെ ഈ പാറക്കല്ലുകളുടെ അദ്‌ഭുതപ്രപഞ്ചത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ആകാശത്തെ കീറി മുറിക്കാനെന്നോണം ഉയരത്തിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ തന്നെയാണ് യാനയുടെ ഭംഗി. സഹ്യാദ്രിയുടെ മറവിൽ കിടക്കുന്നതുകൊണ്ടുതന്നെ അധികമാരും ഈ ഗ്രാമത്തിന്റെ വിശുദ്ധിയിൽ വന്നു തൊട്ടിട്ടില്ല. ട്രെക്കിങ്ങിൽ താൽപര്യമുള്ളവർക്ക് ഇവിടെ ധൈര്യമായി വരാം. ഇവിടുത്തെ ചുണ്ണാമ്പുകല്ലിൽ ശിവപാർവതീ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ട് തീർഥാടനത്തിനായും സഞ്ചാരികളെത്തുന്നു. 

ഗോവയിലെ ടബോളിൻ ആണ് യാനയ്ക്ക് അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് ലോക്കൽ ബസുകളും ക്യാബും ലഭ്യമാണ്.

935372398

മജുലി

ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ് മജൂലി. അസമിലെ ഈ ഗ്രാമം ഇതേ കാരണം കൊണ്ടുതന്നെ ഗിന്നസ് റെക്കോർഡിൽ വരെ ഇടം പിടിച്ചിരിക്കുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്താണ് മജൂലി. അതിമനോഹരമായ പരിസ്ഥിതിയുള്ള ഈ ഗ്രാമം സഞ്ചാരികളെ ഏറെ ആകർഷിക്കും. ഒരു ഗ്രാമം വിനോദസഞ്ചാരത്തിന് പേരു കേൾക്കണമെങ്കിൽ ഉറപ്പായും അവിടുത്തെ ജനങ്ങൾക്കും അതിൽ താല്പര്യമുണ്ടാകണം.

മജൂലിയിലെ ഗ്രാമീണർ സ്നേഹപ്രകൃതമുള്ളവരായതിനാൽത്തന്നെ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് നേരിടില്ല. മാത്രമല്ല, മജൂലിയുടെ സംസ്കാരവും ആതിഥേയ മര്യാദയും അറിയുകയും ചെയ്യാം. മജൂലിയിലേക്ക് വരുമ്പോൾ ഇവിടുത്തെ പ്രത്യേകതയായ ഉത്സവ സമയങ്ങളിൽ ഏതാണ് ശ്രദ്ധിച്ചാൽ മനോഹരമായ ദൃശ്യ വിരുന്നും ആസ്വദിക്കാനാകും. അസം ടീ ഫെസ്റ്റിവൽ ഇവിടുത്തെ ഏറ്റവും വലിയ ഒരു ഉത്സവമാണ്. 

ആസാമിലെ ജോർഹാട്ട് എയർപോർട്ടാണ് മജൂലിയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്ന് 20 കിലോമീറ്ററാണ് മജൂലിയിലേക്കുള്ള ദൂരം.

ഇടുക്കി

കേരളത്തിന്റെ തനതു മനോഹാരിതകൾ അവകാശപ്പെടാവുന്ന, വർഷംതോറും ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഡെസ്റ്റിനേഷനാണ് ഇടുക്കി. കാട്ടുമൃഗങ്ങൾ, മലനിരകൾ, പന്ത്രണ്ടു വർഷങ്ങളിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി, മനോഹരങ്ങളായ മലനിരകൾ, കോടമഞ്ഞിന്റെ തണുപ്പും ഭംഗിയും, ബജറ്റ് നിരക്കിലുള്ള താമസ സൗകര്യങ്ങൾ, കാട്, അരുവി, എല്ലാം സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

830201206

ഇടുക്കിയിൽത്തന്നെ നിരവധി വിനോദ സഞ്ചാരയിടങ്ങളുണ്ട്.  എല്ലാം തന്നെ ജില്ലയുടെ പല ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്നു. മൂന്നാർ തന്നെയാണ് ഇടുക്കിയുടെ ഏറ്റവും പ്രശസ്തമായ സൗന്ദര്യങ്ങളിൽ ഒന്ന്. കൊച്ചി എയർപോർട്ടിൽനിന്നു 97  കിലോമീറ്ററാണ് ഇടുക്കിയിലേക്കുള്ള ദൂരം. 

മതേരൻ

മഹാരാഷ്ട്രയിലെ ഒരു ചെറുഗ്രാമമാണിത്. സമുദ്ര നിരപ്പിൽനിന്ന് 800 കിലോമീറ്ററോളം ഉയരത്തിൽ മതേരൻ സ്ഥിതി ചെയ്യുന്നു. നിഗൂഢമായ മലനിരകളും താഴ്‌‌‌‌വരകളും ചെറിയ കുന്നുകളുമുള്ള മതേരൻ സഞ്ചാരികളുടെ മനസ്സിനെ ഉലച്ചു കളയുമെന്നത് തീർച്ചയാണ്. മാത്രവുമല്ല ഊർജ്ജദായകമായ കാലാവസ്ഥ ഒരു അധിക ബോണസായി കൂട്ടാം.  ഇവിടുത്തെ എടുത്തു പറയേണ്ട കാര്യം ഇവിടേക്ക് വാഹനങ്ങൾ അനുവദനീയമല്ല എന്നതാണ്. വാഹനങ്ങളുടെ അലർച്ചയും  നഗരങ്ങളുടെ അശുദ്ധവും വിഷമയവുമായ വായുവുമൊന്നും അതുകൊണ്ട് ഇവിടെയില്ല. 

480364230

മുംബൈ, പുണെ എന്നിവിടങ്ങളിൽനിന്നു ട്രെയിൻ വഴി മതേരനിൽ എത്താം. ഇവിടെനിന്നു നേരാൽ വരെ രണ്ടു മണിക്കൂർ ഇടവിട്ട് ടോയ് ട്രെയിനുകളുണ്ട്. 

അഗാട്ടി

പവിഴത്താൽ ചുറ്റപ്പെട്ട ലക്ഷദ്വീപിൽ മനോഹരമായ, വൃത്തിയുള്ള, കടലിന്റെ ഓരത്തുള്ള ഗ്രാമം. സ്‌കൂബാ ഡൈവിങ്, സെയിലിങ്, സ്‌നോർക്കിങ്, ഗ്ളാസ്- ബോട്ടം ബോട്ട് ടൂർ തുടങ്ങിയ എല്ലാവിധ ജല വിനോദ സഞ്ചാര മാർഗങ്ങളും ഇവിടെയുണ്ട്. കടലിനെ നേരിട്ടറിയാനും കടലിന്റെ മക്കളുടെ ജീവിത രീതികളും സംസ്കാരവും മനസ്സിലാക്കാനും ഇവിടുത്തെ താമസം സഹായിക്കും. അഗാട്ടിയെ ആസ്വദിക്കാനുള്ള ഏറ്റവും എളുപ്പ വഴി ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് ഗ്രാമത്തിൽ ചുറ്റുന്നതാണ്.

കൊച്ചി എയർപോർട്ടിൽനിന്നു 494  കിലോമീറ്ററാണ് അഗാട്ടിയിലേക്കുള്ള ദൂരം. കൊച്ചിയിൽനിന്ന് കപ്പലോ എയർ ഇന്ത്യയുടെ ഫ്ലൈറ്റോ ഇവിടെയെത്താൻ ഉപയോഗിക്കാം. 

നാക്കോ 

ടിബറ്റൻ അതിർത്തിയിൽ മലകളാൽ സമൃദ്ധമായ ഗ്രാമമാണ് നാക്കോ. ഉയർന്ന ആൾട്ടിറ്റ്യൂഡിൽ ഉള്ള ജീവിത രീതിയാണിവിടെ. ജീവിതത്തിൽ വ്യത്യസ്തമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും നാക്കോ തിരഞ്ഞെടുക്കാം. ബുദ്ധലാമമാർ നയിക്കുന്ന നാല് ക്ഷേത്രങ്ങളുൾപ്പെടുന്ന ഒരു പുരാതന മൊണാസ്ട്രി ഇവിടെയുണ്ട്. ഇതിന്റെ ചുമരുകൾ മനോഹരമായ പുരാതനചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മഞ്ഞുകാലത്ത് ഇവിടെ ഐസ് സ്കേറ്റിങ്ങും വേനൽക്കാലത്ത് ബോട്ടിങ്ങും നടത്താം

865511952

ഭുന്റർലെ എയർപോർട്ടാണ് നാക്കോയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടെ നിന്നു നാക്കോയിലേയ്ക്ക് അഞ്ചു മണിക്കൂറോളം വരും. ടാക്‌സി ലഭ്യമാണ്. 

സിറോ 

അരുണാചൽ പ്രദേശിലെ സിറോ സംഗീത ഉത്സവത്തെക്കുറിച്ച് സംഗീത പ്രണയികൾ ഉറപ്പായും കേട്ടിട്ടുണ്ടാവണം. അപതാനി എന്ന ഗോത്രവിഭാഗമാണ് ഇതു നടത്തുന്നത്. സിറോ എന്ന ഗ്രാമം സഞ്ചാരികൾക്കായി ഇതിനൊപ്പം കാത്തുവയ്ക്കുന്നതു മനോഹരമായ അതിന്റെ പരിസ്ഥിതിയുമാണ് . യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സിറോ, സംസ്ഥാനതലസ്ഥാനമായ ഇറ്റാനഗറിൽ നിന്നു 115  കിലോമീറ്ററോളം അകലെ, ആൾത്തിരക്കിൽനിന്ന് അകന്ന് സ്ഥിതി ചെയ്യുന്ന ഒരു സ്വർഗം തന്നെയാണ്. പൈൻ, മുളകൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന്റെ പച്ചപ്പ് നിറഞ്ഞ ഭൂ പ്രകൃതിയും മലനിരകളുമെല്ലാം എല്ലാം ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നു. പക്ഷേ പ്രകൃതിയെ നോവിക്കാതെ ആസ്വദിക്കാൻ തയാറുള്ളവരെ മാത്രമേ ഈ ഗ്രാമം സ്വീകരിക്കൂ.

ഗുവാഹത്തി എയർപോർട്ടിൽനിന്ന് ഇവിടെ എത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നഹർലാഗുണ് ആണ്. 

ഖോനോമ

നാഗാലന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയിൽനിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ "ഗ്രീൻ വില്ലേജ്" എന്ന ബഹുമതി ലഭിച്ച ഗ്രാമമാണിത്. 3000  ഓളം മനുഷ്യർ താമസിക്കുന്ന, 700  വർഷത്തോളം പഴക്കമുള്ള ഈ ഗ്രാമം അതിന്റെ തനതു സംസ്കാരം കൊണ്ടും ആകർഷകമാണ്. ഗ്രാമത്തിലെ പച്ചപ്പും കുന്നുകളും അതിന്റെ താഴ്‌വരകളിലുള്ള പാടങ്ങളുമാണ് പ്രധാന കാഴ്ചകൾ. വന്യജീവികൾക്കായി ഒരു വൈൽഡ് ലൈഫ് സാങ്‌ചുറിയും ഇവിടെയുണ്ട്. പക്ഷേ വന്യജീവി വേട്ട നിരോധിച്ചിട്ടുണ്ട്. 

ദിമാപുർ ആണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. ഇവിടെ നിന്നു കൊഹിമയിലേക്ക് റോഡ് വഴി പോകാം. 40  കിലോമീറ്ററാണ് ദൂരം. കൊഹിമയിൽനിന്ന് ഇരുപതു കിലോമീറ്ററാണ് ഖോനോമയിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA