sections
MORE

ഉഷാക്കയിലെ നീലക്കടൽ കാഴ്ചകൾ 

uShaka Marine World
SHARE

ഞങ്ങൾ, എന്നുവച്ചാൽ ഞാൻ, പാർവതി, കിഷോറേട്ടൻ, നീത. ഞങ്ങൾ നാലു പേർ സൗത്ത് ആഫ്രിക്കൻ യാത്രയ്ക്കു പോകാൻ കാരണം തന്നെ കസിൻ ജ്യോതിഷിന്റെ താൽപര്യമായിരുന്നു. ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷം മുന്നേ അവര്‍ തുടങ്ങിയ ലഡുമ എന്ന ഹാർഡ്‌വെയർ ഷോപ്പ് ഇപ്പോള്‍ ‌ഒരു ഡസനിലധികം ബ്രാഞ്ചുകളുമായി ആ ഏരിയയിലെ പ്രധാന ബിസിനസ് ഗ്രൂപ്പായി മാറിക്കഴിഞ്ഞു. ചെന്ന ആദ്യത്തെ ഒരാഴ്ച നെല്‍സ്പ്രിട്ടില്‍ ജ്യോതിഷിന്റെയും ദാമു അഫന്റെയും രാജൻ അഫന്റെയും (അച്ഛന്റെ അനുജൻ) എസ്റ്റേറ്റുകളിലാണ് ഞങ്ങൾ താമസിച്ചത്.

459399787

തുടർന്ന്, ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഡർബനിലേക്കു ഞങ്ങൾ പോയതും ജ്യോതിഷിന്റെയൊപ്പമാണ്. ജ്യോതിഷ്, ഭാര്യ ശ്രുതി, മക്കൾ സേജു, ധാര... എല്ലാവരുടെ സ്നേഹവും ആതിഥ്യമര്യാദയും പറഞ്ഞറിയിക്കാനാവില്ല, ഒരുപക്ഷേ ജ്യോതിഷിന്റെയും ശ്രുതിയുടെയും ജീവിതം തന്നെ മാറിപ്പോയത് അവർ വിശ്വസിക്കുന്ന ഗുരുവിലേക്ക് എത്തിയതിനു ശേഷമാകും, അതിനെക്കുറിച്ച് കൂടുതല്‍ വഴിയേ പറയാം.

ushaka-trip3

വീട്ടില്‍നിന്നു പുലര്‍ച്ചെ കാറില്‍ ജൊഹാനസ്ബർഗിലേക്ക് മൂന്നുമണിക്കൂര്‍ ഡ്രൈവ്, അവിടെ നിന്നു ഡർബനിലേക്ക് ഫ്ലൈറ്റിൽ ഒരു മണിക്കൂര്‍. ഫ്ലൈറ്റിൽ കയറുന്നതു പോലും ആശങ്കയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഞാനാണ് രണ്ടാഴ്ച കൊണ്ട് ഏഴു ഫ്ലൈറ്റുകളിൽ മാറി മാറി കയറിയത്! ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ആയിരുന്നതിനാൽ ഉള്ളിലേക്കു കയറാനുള്ള രീതികൾ വ്യത്യസ്തമായിരുന്നു. സാധാരണ, മറ്റു യാത്രികർ കയറും മുൻപ് അസിസ്റ്റന്റ് വന്നു വീൽചെയർ ഉരുട്ടി നമുക്കു പറഞ്ഞിരുന്ന സീറ്റിലേക്ക് ഫ്ലാറ്റ് ആയ ഒരു ബോഗി വഴി കൊണ്ടു പോകും, പക്ഷേ ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ചെറുതായതു കാരണം അത്തരം സൗകര്യങ്ങൾ കുറവാണ്. സ്റ്റെപ്പ് വഴി തന്നെ സാധാരണക്കാർ കയറണം. പക്ഷേ വീൽചെയർ ഉരുപയോഗിക്കുന്നവർക്കു വേണ്ടി പ്രത്യേകം വാഹനമുണ്ട്. നമ്മുടെ നാട്ടിലെ വലിയ ലോറിയുടെ വലുപ്പം. നമുക്കു കയറാന്‍ പ്ലാറ്റ്ഫോം താഴ്ന്നുവരും, പിന്നീട് യന്ത്രം പ്രവർത്തിപ്പിക്കുമ്പോൾ പ്ലാറ്റ്‌ഫോം തനിയെ ഉയർന്നു ബസിന്റെ ഉള്ളിലേക്കു കയറാം.

Auberge-Hollandaise-Guest-House-Durben1

അകത്തു കയറിയാൽ ഒരു ലോ ഫ്ലോർ ബസിൽ കയറിയ സുഖം. ഫ്ലൈറ്റിനടുത്തു ചെന്നാല്‍ വീണ്ടും പ്ലാറ്റ്ഫോം പൊക്കം അഡ്ജസ്റ്റ് ചെയ്യും, സാധാരണ കയറുന്ന വാതിലിന്റെ ഓപ്പസിറ്റ് ഉള്ള എമര്‍ജന്‍സി വാതിലിലൂടെയാണ് വീല്‍ചെയറില്‍ ഉള്ളവരുടെ എന്‍ട്രി. എവിടെച്ചെന്നാലും ഒപ്പമുള്ള അസിസ്റ്റന്റിന്റെ ജോലിയാണ് നമ്മുടെയൊപ്പം നിൽക്കുക, അല്ലെങ്കിൽ വീൽ ചെയർ ഉന്തുക എന്നത്. കൂടെയുള്ള ബന്ധുക്കളുൾപ്പടെ ഒരാളെപ്പോലും അവരതിൽ സ്പർശിക്കാൻ അനുവദിക്കില്ല. മറ്റൊരു രസകരമായ കാര്യം എയർപോർട്ടിലെ ഒരു നീണ്ട ക്യൂ ഞങ്ങൾക്കു ബാധകമായിരുന്നില്ല എന്നതാണ്. വീൽചെയർ ഫ്രണ്ട‌്‌ലി ആയിരുന്നതുകൊണ്ട് തന്നെ പ്രഥമ പരിഗണന എവിടെയും ലഭിച്ചിരുന്നു. പക്ഷേ അതും മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് എന്നുള്ളതാണ് എടുത്തു 

ushaka-aquarium--trip

പറയേണ്ടത്. ഇത്തരം വ്യക്തികൾക്കായി പ്രത്യേക കൗണ്ടറുകളും വഴികളും! 

ഡർബനിൽ പൊതുവെ ഒരു ഇന്ത്യൻ കാലാവസ്ഥയുണ്ട്. ചൂടും തണുപ്പും മഴയും ഇടകലർന്ന ഒരു അന്തരീക്ഷം. ഒരാഴ്ചയായുണ്ടായിരുന്ന തണുപ്പിന്റെ കാഠിന്യം കുറഞ്ഞതിന്റെ ആശ്വാസം എല്ലാവര്‍ക്കും. ഡർബനിലെ ഏറ്റവും പ്രശസ്തമായ മറൈൻ അമ്യൂസ്മെന്റ് പാര്‍ക്കായ ഉഷാക്ക മറൈൻ വേള്‍ഡ് തന്നെയായിരുന്നു ഞങ്ങളുടെ ടാർജറ്റ്.

ushaka-trip

എയർപോർട്ടിൽനിന്ന്, ജ്യോതിഷ് നേരത്തെ ബുക്ക് ചെയ്തിരുന്ന റെന്‍റ് എ കാര്‍ എടുത്ത് ഞങ്ങൾ നേരെ താമസിക്കുന്ന ഹോട്ടലിലേക്ക് ചെന്നു. ഓബര്‍ഗ് ഹോളണ്ടയ്സ് ഗസ്റ്റ് ഹൗസ്, ഡർബനിലെ മികച്ച ഹോട്ടലുകളിൽ ഒന്ന്. പഴയ ബ്രിട്ടന്റെ ആഢ്യത്വം പേറുന്ന, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഞങ്ങളുടെ കിടപ്പാടം അകത്തെ മുറിയിലും അതിന്റെ ആഢ്യത്വം സൂക്ഷിച്ചിരുന്നു. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ അപ്പുറത്തുള്ള മനോഹരമായ സ്വിമ്മിങ് പൂളിന്റെ വശത്തിരുന്നു ഞങ്ങൾ ബ്രഹ്മകുമാരീസിനെക്കുറിച്ച് സംസാരിച്ചു. ജ്യോതിഷിന്റെ ജീവിതം തന്നെ മാറ്റി മറിച്ച ബ്രഹ്മകുമാരീസ് എന്ന അനുഭവം ഞങ്ങളുമായി പങ്കുവച്ചു. ഞങ്ങളെ ധ്യാനം ചെയ്യാൻ പഠിപ്പിച്ചു. ആ സായാഹ്നം വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. 

ushaka-trip1

പിന്നെ ഞങ്ങൾ അഞ്ചു പേരും കടലിനെ ആസ്വദിക്കാൻ പുറത്തിറങ്ങി. ഉഷാക്ക പിറ്റേന്ന് പകലിലേക്കായിരുന്നു പദ്ധതിയിട്ടിരുന്നത്, അവിടെ ഒരു ദിവസം മുഴുവൻ ചെലവഴിക്കാനുള്ളത് ഉണ്ടുതാനും. പാലത്തിന്റെ അരികിലിരുന്ന് താഴെ തിരയടിച്ചുയരുന്ന കടലിനെ കണ്ടും കാറ്റ് കൊണ്ടും കടൽതതീരത്തെ ഹോട്ടലിൽ ഇരുന്നു ഹുക്ക വലിച്ചും ആ രാത്രി കടന്നു പോയി. പുറത്തിറങ്ങി വെറുതെ സ്ട്രീറ്റിലൂടെ കറങ്ങി നടന്നു, രാത്രി സഞ്ചാരികളായി. നൈറ്റ് ക്ലബ്ബിലേക്ക് നടന്നു പോകുന്ന ചെറുപ്പക്കാർ, അകത്തു കയറിയില്ലെങ്കിലും പുറത്തുനിന്ന് ചിത്രമെടുത്ത് ഞങ്ങൾ മാതൃകയായി. ഡർബനിൽ കൂടുതലും ആഫ്രിക്കൻ -യൂറോപ്പ് സങ്കര വിഭാഗക്കാരാണ്. മാത്രമല്ല ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ളതും ഇവിടെത്തന്നെ. ലോകത്തിലെതന്നെ ഏറ്റവുമധികം ഇന്ത്യന്‍ വംശജരുള്ള സ്ഥലമാണത്രെ ഡര്‍ബന്‍! പണ്ടേതോ തലമുറയിൽ തുടങ്ങിയ ആഫ്രിക്കൻ ബന്ധം, ഇന്നവർ ഇന്ത്യക്കാർ ആണെന്ന കാര്യം പോലും ഓർക്കുന്നുണ്ടാവില്ല. വേരുകൾ അല്ലെങ്കിലും പുതിയ കുട്ടികൾക്കു ചികയേണ്ട കാര്യമില്ലല്ലോ. ബീച്ചിലെ ഹോട്ടല്‍ മാനേജരും ഇന്ത്യന്‍ ബന്ധത്തെപ്പറ്റി പറഞ്ഞു, എന്നെങ്കിലും ഇവിടെ ഒന്നു വരണമെന്നും! 

family-trip--South-Africa

ഉഷാക്കാ മറൈന്‍ എന്ന നീലക്കടൽ ലോകം

നാൽപതോളം ഏക്കറിൽ നീണ്ടു കിടക്കുന്ന കടൽക്കാഴ്ചകളുടെ ലോകമാണ് ഉഷാക്ക. വലിയ കടൽമത്സ്യങ്ങൾ മുതൽ കടൽപാമ്പുകളും ചെറു ജീവികളും വരെ അടങ്ങിയ മാസ്മരിക അനുഭവം. കടൽനീലയിൽത്തന്നെ വലിയ കണ്ണാടിക്കൂടിന്റെയുള്ളിൽ സ്രാവുകളെയും ചെറു തിമിംഗലങ്ങളെയും വരെ കാണാം. ഫീഡിങ് ടൈം ആയതിനാല്‍ ആ കാഴ്ചയും കാണാന്‍ പറ്റി. കടലിനടിയിലേക്കു പോകാനുപയോഗിക്കുന്നതരം സ്യൂട്ടിട്ട ആള്‍ ആഹാരവുമായി ആ വലിയ ചില്ലുകൂട്ടിൽ നീന്തിനടന്നു, വലുതും ചെറുതുമായ അസംഖ്യം മത്സ്യങ്ങള്‍ ആള്‍ക്കു ചുറ്റും വന്നു പൊതിയുന്ന കാഴ്ച കൗതുകകരമായിരുന്നു. വലിയ ഒരു കപ്പൽച്ഛേദത്തിലാണ് കടൽക്കാഴ്ചകൾ ഒരുക്കുന്നത്.

South-Africa

അതുകൊണ്ടുതന്നെ പഴയകാല കപ്പലിന്റെ ഉള്‍ക്കാഴ്ചകളും കാണാനായി. ഡോൾഫിൻ, നീർനായ തുടങ്ങിയ കടൽജീവികളെ മെരുക്കിയെടുത്ത് അവതരിപ്പിക്കുന്ന ഷോകൾക്ക് നിറയെ ആളുകളുണ്ട്. ഉഷാക്ക വില്ലേജ്, ദ്വീപ്, കുട്ടികൾക്കകയുള്ള സ്ഥലം എന്നിവ ഒരുക്കിയിരിക്കുന്നു. എത്ര നടന്നാലും തീരാത്ത, മടുക്കാത്ത മനോഹരമായ ബീച്ച്. ചെന്ന ദിവസത്തെ മറ്റൊരു പ്രത്യേകത അന്ന് ഹാലോവീന്‍ ഡേ ആയിരുന്നു എന്നതാണ്. എവിടെയും ഭീകര രൂപികള്‍..  രണ്ടുമൂന്നു ഹാലോവീന്‍ ഭീകരര്‍ വീല്‍ചെയറിലും കറങ്ങുന്നതു കണ്ടു! 

കടൽയാത്ര വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നതുകൊണ്ട് കടൽഅനുഭവം ഉണ്ടാക്കിയ ഉഷാക്ക യാത്ര നല്ലൊരു അനുഭവമായിരുന്നു. തൊട്ടു മുൻപിലാണ് കൊമ്പൻ സ്രാവുകളും നൂറുകണക്കിനു മത്സ്യങ്ങളും നീലജലത്തിലൂടെ ഒഴുകി നടക്കുന്നത്. കണ്ണാടിച്ചില്ലിൽ കൈ വയ്ക്കുമ്പോൾ അവ വന്നു കണ്ണാടിക്കപ്പുറത്ത് ഉരസിപ്പോകുന്നു. താൽപര്യമുള്ളവർക്ക് ജലത്തിലിറങ്ങാനും മത്സ്യങ്ങളെ തൊട്ട് ആസ്വദിക്കാനുമുള്ള സൗകര്യവുമുണ്ട്. എല്ലായിടവും വീല്‍ചെയര്‍ ആക്സസിബിള്‍.

സ്റ്റെപ്പുള്ളിടത്താണെങ്കില്‍ നമുക്ക് പ്രത്യേക വഴി ഉണ്ടാവും. ഒരിടത്തും കടന്നു പോകാൻ  ബുദ്ധിമുട്ടില്ലാത്തത് കേരളം പോലൊരു സ്ഥലത്തുനിന്നു ചെല്ലുന്നവര്‍ക്ക് വലിയ കാര്യം തന്നെ! തിരിച്ചിറങ്ങിയപ്പോള്‍ അവിടെ പരമ്പരാഗത ആഫ്രിക്കന്‍ വേഷങ്ങളുമായി ഒരാള്‍. ആഫ്രിക്കന്‍ രാജാവിന്റേതെന്നു തോന്നുന്നു, വലിയൊരു കിരീടവും. തൊട്ടും തലോടിയും നോക്കിയപ്പോള്‍ അയാളതെടുത്ത് എന്റെ തലയില്‍ വച്ചു. ഒരുനിമിഷം സിംഹാസനത്തില്‍ ഇരിക്കുന്ന ആഫ്രിക്കന്‍ രാജാവായി ഞാന്‍. 

കിഷോറേട്ടനു ഡർബൻ ഒരു നൊസ്റാൾജിയയുടെ കൂടി ഓർമയാണ്. പണ്ട് ലഡുമായിലെ ഒരു സ്റ്റാഫായിരുന്ന കിഷോറേട്ടൻ അവിടെനിന്ന് വന്നിട്ടു വർഷങ്ങളായി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഭാര്യയുമായി പോകുമ്പോൾ തീർച്ചയായും കഥകൾ ഒരുപാടുണ്ടാകുമല്ലോ. കഥകളും കേട്ട് യാത്ര പോകാൻ അല്ലെങ്കിലും ബഹുരസമാണ്. ജൊഹാനസ്ബർഗിൽനിന്നു ഡർബനിലേക്ക് ആയിരക്കണക്കിനു കിലോമീറ്റർ കാറോടിച്ചതും ക്രിക്കറ്റ് കളി കാണാന്‍ പോയതും ഒക്കെ വീണ്ടും വീണ്ടും കിഷോറേട്ടനും ജ്യോതിഷും ഓർത്തു പറഞ്ഞു. രണ്ടു ദിവസത്തെ ഡർബൻ സന്ദർശനങ്ങൾ അവസാനിക്കുകയാണ്. നാളെ കാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ കേപ്ടൗണിലേക്ക്...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA