sections
MORE

വെനീസ് എന്ന ഇറ്റലിയുടെ ആലപ്പുഴയിലൂടെ

470629582
SHARE

 സായിപ്പിന് ആലപ്പുഴ കിഴക്കിന്റെ വെനീസാണ്. വെനീസ് സന്ദർശിച്ച മലയാളിക്ക് അത് ഇറ്റലിയുടെ ആലപ്പുഴയും. കനാലിലൂടെ വെനീസിലെ കാഴ്ചകൾ കണ്ട്.

ലോക പ്രശസ്തമായ ബിനാലെ നടക്കുന്ന സമയത്താണ് ഞങ്ങൾ മാർക്കോ പോളോ രാജ്യാന്തര വിമാനത്താളത്തിൽ ഇറങ്ങിയത്. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ആഘോഷത്തിന്റെ ലഹരിയിലായിരുന്നു വാണിജ്യനഗരം. തലങ്ങും വിലങ്ങും പായുന്ന ബോട്ടുകൾക്കു നടുവിലൂടെ ഞങ്ങൾ കയറിയ ‘വാപ്പറാറ്റോ’ പതുക്കെ തുഴഞ്ഞു നീങ്ങി. നമ്മളുടെ നാട്ടിൽ യാത്രകൾ റോഡിലൂടെയാണെങ്കിൽ, വെനീസിൽ എല്ലായിടത്തേക്കും ബോട്ടിലാണു സഞ്ചാരം.

511602298

കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണു വെനീസ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ളോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം. ആലപ്പുഴയിൽ നിന്നു കൈനകരി വരെ ഇരുകരകളിലും വലിയ കെട്ടിടങ്ങൾ നിർമിച്ചാൽ വെനീസിന്റെ പകർപ്പായി. അല്ലെങ്കിലും, കിഴക്കിന്റെ വെനീസ് എന്നാണല്ലോ ആലപ്പുഴ അറിയപ്പെടുന്നത്

രാവിലെ ഒമ്പതു മണി ആയപ്പോഴേക്കും ക്യാമറയും ഹാൻഡ് ബാഗുമെടുത്ത് ഹോട്ടലിനു മുന്നിൽ കാത്തു നിന്നു. സെന്റ് മാർക്ക് സ്ക്വയറിലേക്കാണു യാത്ര. ‘വാപ്പോറാറ്റോ’ വരുമെന്നാണ് ഞങ്ങളെ അറിയിച്ചിരുന്നത്. 50 പേർക്കു യാത്ര ചെയ്യാവുന്ന വലിയ ബോട്ടാണ് വാപ്പോറാറ്റോ. ഗ്രാന്റ് കനാലിലെ ശാന്തമായ നീരൊഴുക്കിനെ കീറിമുറിച്ച് ബോട്ട് മുന്നോട്ടു നീങ്ങി. വെള്ളംകൊണ്ട് അതിർത്തി സംരക്ഷിച്ച കോട്ട പോലെ വെനീസ് നഗരം ജ്വലിച്ചു നിൽക്കുന്നു. ജലാശയത്തിനു നടുവിലെ വലിയ നഗരത്തിലേക്കുള്ള കൈവഴികൾ പല വലുപ്പത്തിലുള്ള കനാലുകളാണ്. അതിൽ ഏറ്റവും വലുതാണ് ഗ്രാന്റ് കനാൽ. യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ ജലപാത മറ്റു രാജ്യക്കാരിലുണ്ടാക്കുന്ന അദ്ഭുതം ചെറുതല്ല. നമ്മൾ സൈക്കിൾ ചവിട്ടുന്നതിനെക്കാൾ വേഗതയിലാണ് വെനീസിലെ കുട്ടികൾ ബോട്ടുമായി നീങ്ങുന്നത്.

891465194

ദ്വീപിലെ കാഴ്ചകൾ

മാർക്ക് സ്ക്വയറിനു മുന്നിലെ ജെട്ടിയിൽ ബോട്ട് നിർത്തി. യാത്രക്കാരെല്ലാം അവിടേക്കുള്ളവരായിരുന്നു. മാർക്ക് ചത്വരം നിലനിൽക്കുന്നത് ഒരു ദ്വീപിലാണ്. പള്ളിയും സെന്റ് മാർക്കിന്റെ പ്രതിമയും ചരിത്രപ്രധാന മന്ദിരങ്ങളുമാണ് ഈ ദ്വീപിലെ കാഴ്ചകൾ. നാടിന്റെ മുഴുവൻ സൗന്ദര്യവും നടന്നു കാണാനായിരുന്നു ഞങ്ങളുടെ തീരുമാനം. വെനീസിലെ പ്രധാനപ്പെട്ട സ്ഥലമാണു മാർക്ക് സ്ക്വയർ. അമ്പതിനായിരത്തിലേറെയാളുകളാണ് ഓരോ ആഴ്ചയും ഇവിടെ വന്നുപോകുന്നത്. പുരാതനമായ പള്ളിയുടെ അൾത്താരയിൽ മുട്ടുകുത്തിയ ശേഷം ഞങ്ങൾ നഗരം കാണാനിറങ്ങി. ക്രിസ്തുവിന്റെ ശിഷ്യനായ മാർക്കോസിന്റെ മൃതദേഹം വെനീസിൽ ഖബറടക്കിയെന്നും സ്മാരകമായി പള്ളി നിർമിച്ചെന്നുമാണു ചരിത്രം.

സെന്റ് മാർക്കിന്റെ സ്മരണയ്ക്കായി പിൻതലമുറക്കാർ പ്രതിമയും ചത്വരവും നിർമിച്ചു. അതാണു സെന്റ് മാർക്ക് സ്ക്വയർ. ചിറകുള്ള സിംഹമാണ് മാർക്കിന്റെ പ്രതീകം. സ്വാതന്ത്രത്തിന്റെ അടയാളമായി ഈ ചിഹ്നം നാട്ടിലുടനീളം പതിച്ചിട്ടുണ്ട്. മാർക്ക് ചത്വരത്തിന്റെ ഗോപുരത്തിലും ദീപസ്തംഭത്തിലും കാണുന്നത് ഈ ചിഹ്നമാണ്. കുതിച്ചു പായുന്ന നാലു കുതിരകളുടെ ശിൽപ്പമാണു മറ്റൊന്ന്. പിത്തളയിൽ നിർമിച്ചിട്ടുള്ള ഈ ശിൽപ്പത്തിനു മുന്നിൽ നിന്നു ഫോട്ടോയെടുത്താൽ, വെനീസ് സന്ദർശിച്ചതിനു തെളിവായി...!

ഇന്ത്യാഗേറ്റിനു മുന്നിലേതു പോലെ മാർക്ക് സ്ക്വയറിലും നിറയെ പ്രാവുകളുണ്ട്. കടലയും ധാന്യങ്ങളും കൊത്തിച്ചികഞ്ഞ് ചത്വരം മുഴുവൻ പ്രാവുകൾ ചിറകടിക്കുന്നത് ഭംഗിയുള്ള കാഴ്ചയാണ്. ഇവിടത്തെ പ്രാവുകൾ മനുഷ്യരുമായി ഒരുപാട് ഇണങ്ങിയിട്ടുണ്ട്. കുറച്ചു കടലമണികൾ കൈയിലെടുത്ത് ഞങ്ങൾ പ്രാവുകൾക്കു നേരെ എറിഞ്ഞു. അവ കൂട്ടത്തോടെ പറന്നു വന്നു. കുറേയെണ്ണം ഞങ്ങളുടെ കൈകളിൽ കയറിയിരുന്ന് കുറുകി. പള്ളി ഗോപുരങ്ങളിലാണ് പ്രാവുകൾ രാപാർക്കുന്നത്. ഡോജെയുടെ കൊട്ടാരമാണ് പ്രാവുകളുടെ മറ്റൊരു ആലയം. (വെനീസിന്റെ മുഖ്യ ഭരണാധികാരിയായ മജിസ്ട്രേറ്റിന്റെ സ്ഥാനപ്പേരാണ് ഡോജെ – doge). സായാഹ്നങ്ങളിൽ സെന്റ് മാർക്ക് ചത്വരത്തിലെത്തുന്നവർ ഈ പ്രാവുകൾക്കൊപ്പം കുറേ നേരം ചെലവഴിക്കാറുണ്ട്.

ഞങ്ങൾ പാദുവാ തീർഥാടന കേന്ദ്രത്തിൽ എത്തി. സെന്റ് ആന്റണിയുടെ സ്മൃതി കുടീരം സന്ദർശിച്ചു. ഡിപൈവ നഗരത്തിലൂടെ ചുറ്റിക്കറങ്ങി. പാദുവയെക്കുറിച്ച് അൽപ്പംകൂടി വിശദമായി പറയേണ്ടതുണ്ട്. കാരണം, ഇവരുടെ കുറച്ചു ബന്ധുക്കൾ കേരളത്തിലുണ്ട്.

വാസ്കോ ഡെ ഗാമയെ പിന്തുടർന്ന് പോർചുഗലിൽ നിന്നു കേരളത്തിലെത്തിയവരുടെ കൂട്ടത്തിൽ ഡിപൈവ എന്ന സ്ഥലത്തു നിന്നുള്ള കുറേയാളുകളുണ്ടായിരുന്നു. ചാലക്കുടി, ചേർത്തല, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ ആ കുടുംബത്തിന്റെ പിൻതലമുറക്കാർ ഇപ്പോഴുമുണ്ട്.

വെനീസ് ചരിത്ര നഗരമാണ്. അതുകൊണ്ടു തന്നെ ചരിത്രം വിശദീകരിക്കാതെ ഈ രാജ്യത്തെക്കുറിച്ച് പറഞ്ഞു മുഴുമിപ്പിക്കാനാവില്ല.

റോമാസാമ്രാജ്യത്തിൽ നിന്ന് രക്ഷപ്പെട്ട് ദ്വീപിൽ അഭയം തേടിയവരാണ് വെനീസിലെ ജനങ്ങളുടെ പൂർവികർ. ചതുപ്പു നിലം നികത്തി തൂണുകൾ നാട്ടിയ ശേഷം അതിനു മുകളിൽ കെട്ടിടം നിർമിച്ച് അവർ വീടുകളുണ്ടാക്കി. കെട്ടിടങ്ങൾക്കു നടുവിലൂടെ ജലപാതകൾ തെളിച്ചു. ഗ്രാന്റ് കനാൽ ഉൾപ്പെടെ, വെനീസിൽ ബോട്ട് സവാരി നടത്തുന്ന വഴികളെല്ലാം അങ്ങനെ ഉണ്ടായതാണ്. കലാസൃഷ്ടികളുടെ വലിയ ശേഖരം വെനീസിലുണ്ട്. ബൈസന്റിയൻ, ഇറ്റാലിയൻ, ബറോക്ക്, ഗോഥിക് സംസ്കാരങ്ങളോളം പഴക്കമുള്ള ഈ സൃഷ്ടികൾ വെനീസിലെ മ്യൂസിയങ്ങളിൽ സംരക്ഷിച്ചിട്ടുണ്ട്.

വെനീസിൽ കെട്ടിടങ്ങളേക്കാൾ കൂടുതലുള്ളതു ഗൊണ്ടോളയാണ്. കറുത്ത നിറത്തിലുള്ള ചെറുവള്ളമാണു ഗൊണ്ടോള. യാത്രക്കാർ ഒറ്റയ്ക്കും കൂട്ടമായും ഗൊണ്ടോളകളിൽ സ ഞ്ചരിക്കുന്നു. കുട്ടനാട്ടിലെ ചെറുവഞ്ചികളുടെ അൽപ്പംകൂടി വലിയ രൂപമാണു ഗൊണ്ടോള. രണ്ടു പേർക്കു സുഖമായി യാത്ര ചെയ്യാവുന്ന കൊതുമ്പുവള്ളം. എല്ലാ ഗൊണ്ടോളകളുടെയും നിറം കറുപ്പാണ്. സാൻ മാർക്കോ ബസിലിക്ക, ഫൈൻ ആർട്സ് അക്കാഡമി, അപൂർവ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം, മുറാനോ ദ്വീപ് എന്നിവയാണ് വെനീസിലെത്തുന്നവർ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ.

മുറാനോയിൽ

ആറന്മുളക്കണ്ണാടി പോലെ പ്രശസ്തമാണ് വെനീസിലെ മുറാനോ ദ്വീപിൽ നിർമിക്കുന്ന കണ്ണാടികൾ. പരമ്പരാഗതമായി കണ്ണാടി നിർമിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട് മുറാനോയിൽ. കൈകൊണ്ടു മിനുക്കിയെടുക്കുന്ന കണ്ണാടിയിലെ കൊത്തു പണികളാണ് ആവശ്യക്കാരെ ആ കർഷിക്കുന്നത്. മുഖംമൂടികളാണ് മറ്റൊരു ഇനം. ഭംഗിയുള്ള മുഖംമൂടികൾ വാങ്ങാനായി വെനീസിൽ എത്തുന്നവർ നിരവധി. വെനീസിൽ എല്ലാ വർഷവും കൊണ്ടാടുന്ന കാർണിവലിന്റെ ആകർഷണം മുഖംമൂടി (മാസ്ക്) ആണ്. സെന്റ് മാർക്ക് സ്ക്വയറിൽ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ വർഷവും 30 ലക്ഷത്തിലേറെയാളുകൾ എത്താറുണ്ട്. മുഖംമൂടി ധരിച്ചാണ് എല്ലാവരും ആഘോഷത്തിൽ പങ്കെടുക്കുന്നത് എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ. 

വെനീസിലെ അവസാന ദിനമാണു ബിനാലെ കാണാനായി ഞങ്ങൾ നീക്കി വച്ചത്. ലക്ഷണക്കണക്കിനാളുകൾ പങ്കെടുക്കുന്ന ബിനാലേ കാണാൻ പുറപ്പെടുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ‘ജാറ്റിനോ’ എന്നാണ് ബിനാലേയിലെ പ്രദർശന വസ്തുക്കൾക്ക് ഇറ്റാലിയൻ ഭാഷയിൽ പറയുന്നത്. കലകളുടെ പൂന്തോട്ടം എന്നാണ് ഈ വാക്കിന്റെ അർഥം. ഇറ്റാലിയൻ ഭാഷയിലാണ് വെനീസിൽ ഒട്ടുമിക്കയാളുകളും സംസാരിക്കുന്നത്. ഇന്റർനാഷനൽ എക്സിബിഷൻ എന്നാണ് ബിനാലേയുടെ വിശേഷണം. മേയ് മുതൽ നവംബർ വരെയാണ് കലാസൃഷ്ടികളുടെ പ്രദർശനമായ ബിനാലെ അരങ്ങേറുന്നത്. 56 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ബിനാലേക്കു വെനീസിൽ സ്ഥിരം വേദിയുണ്ട്. ഏകദേശം എട്ട് ഏക്കറോളം സ്ഥലം ഈ മേളയ്ക്കായി മാറ്റി വയ്ക്കുന്നു. പടുകൂറ്റൻ മരങ്ങളും പൂന്തോട്ടങ്ങളുമുള്ള സ്ഥലത്താണ് ബിനാലേയിലെ പ്രദർശന വസ്തുക്കൾ നിരത്തുന്നത്. ആർട്ട് ബിനാലെ, സ്റ്റുഡന്റ് ബിനാലെ, ഫിലിം ഫെസ്റ്റിവൽ എന്നിവയാണ് ബിനാലെയുടെ വിവിധ വിഭാഗങ്ങൾ.

അൽപ്പം ദുഃഖത്തോടെ പറയട്ടെ, ബിനാലേയിൽ ഇന്ത്യയിൽ നിന്നുള്ള കലാസൃഷ്ടികൾ ഇല്ല. വെനീസിലെ ബിനാലെ കണ്ടിറങ്ങുമ്പോൾ അതിന്റെയൊരു പകർപ്പ് കൊച്ചിയിൽ അരങ്ങേറുന്ന കാര്യം ഓർത്തു. കൊച്ചി–മുസിരിസ് ബിനാലേയും ഭാവിയിൽ ലോക പ്രശസ്തമാകുമെന്നു പ്രതീക്ഷിക്കാം.

മാർക്കോ പോളോയിൽ നിന്നു വിമാനം പറന്നുയരുകയാണ്. കടലിനു നടുവിൽ തുരുത്തായി മാറിയ വെനീസിനെ വിൻഡോയിലൂടെ ഒരിക്കൽക്കൂടി ക്യാമറയിൽ പകർത്തി. എന്താണ് ഈ നാട്ടിൽ ഏറ്റവും ആകർഷിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനൊരു മറുപടി പറയാൻ കഴിയില്ല. തീർച്ചയായും, വെനീസിൽ കണ്ടതൊന്നും ഒരിക്കലും മറക്കാനാവില്ല. വെനീസ് ഒരു ഓർമയാണ്, മറ്റൊരു സ്ഥലത്തും കിട്ടാത്ത സുഖമുള്ള അനുവങ്ങളുടെ ഓർമ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA