sections
MORE

മനുഷ്യർ പരസ്പരം തിന്നു തീർത്ത ദുരന്തകഥയുമായി ഒരു കിടങ്ങ് 

SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം-3 

എന്റെ 99-ാമത് രാജ്യമായ സെർബിയയിലെ ആദ്യ പ്രഭാതം. നല്ല തണുപ്പുണ്ട്. എങ്കിലും ഞാൻ 6.30നു തന്നെ പുറത്തിറങ്ങി. മിഹൈലോവ തെരുവിലൂടെ നടന്നു. തലേന്നു രാത്രിയിലെ ബഹളമെല്ലാം കഴിഞ്ഞ്, ട്രെയിൻ പോയ റെയിൽവേ സ്റ്റേഷൻ പോലെ നിർജീവമായി കിടക്കുകയാണ് സ്ട്രീറ്റ്. ഇനി 11 മണിയെങ്കിലും ആകണം, കഫേകളൊക്കെ തുറന്ന് വീണ്ടും മിഹൈലോവ ഉഷാറാകാൻ.

കലമെദാൻ ഉദ്യാനം

ഏറെ നേരം നടന്ന്, ഒരു തുറന്നിരിക്കുന്ന കഫേ കണ്ടെത്തി. അവിടെ നിന്ന് അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തെരുവ് ഉണർന്നു വരുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് തിരികെ മുറിയിലെത്തി. ഈ മുറി രാവിലെ ഒഴിയണം.

കലമെദാൻ ഉദ്യാനം

'ഹോസ്റ്റൽ ഫൈനി'ലാണ് ഇന്ന് രാത്രി തങ്ങേണ്ടത്. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ 500 മീറ്ററേ അവിടേക്ക് ദൂരമുള്ളു എന്നു കണ്ടു. ഒമ്പതു മണിയോടെ ദാനിലെജ അപ്പാർട്ടുമെന്റിലെ മുറി ഒഴിഞ്ഞ്, ഹോസ്റ്റൽ ഫൈനിലെത്തി, അവിടെ ഉച്ചയ്ക്ക് രണ്ടിനേ ചെക്ക് ഇൻ ചെയ്യാൻ പറ്റൂ. 'ഞാനൊന്നു കറങ്ങി വരാ'മെന്നു പറഞ്ഞ് ലഗേജൊക്കെ അവിടെ വെച്ച് പുറത്തിറങ്ങി. ഇനി ബെൽഗ്രേഡിന്റെ കാഴ്ചകളിലേക്ക് ഇറങ്ങുകയാണ്. ഹോസ്റ്റൽ ഫൈനിൽ നിന്ന് നഗരത്തിന്റെ ഒരു ടൂറിസ്റ്റ് മാപ്പ് സംഘടിപ്പിച്ചിരുന്നു. പ്രധാന്യമുള്ള സ്ഥലങ്ങളെല്ലാം അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

കലമെദാനിലെ സുവനീർ ഷോപ്പുകൾ

തുടക്കം കുന്നിൻമുകളിലെ കോട്ടയിൽ നിന്നാകാമെന്നു കരുതി. 'ബെൽഗ്രേഡ് ഫോർട്രസ്' എന്നറിയപ്പെടുന്ന കോട്ട മിഹൈലോവ സ്ട്രീറ്റിന്റെ അങ്ങേയറ്റത്താണ്.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

ബെൽഗ്രേഡിന്റെ ഏതുഭാഗത്തു നിന്നാലും കോട്ട കാണാം. വീണ്ടും മിഹൈലോവ സ്ട്രീറ്റിലൂടെ നടന്നു. ഇപ്പോൾ ഷോപ്പുകളും കഫേകളുമൊക്കെ തുറന്നു കഴിഞ്ഞു. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാര ഗ്രൂപ്പുകൾ കലപിലയോടെ സ്ട്രീറ്റിലൂടെ നിങ്ങുന്നു. ബെൽഗ്രേഡ് ചുറ്റിക്കാണിക്കാമെന്നു പറഞ്ഞ് ചില ഗൈഡുകൾ അടുത്തെത്തി.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

അവരുടെ വാഗ്ദാനങ്ങളെല്ലാം നിരസിച്ച് മുന്നോട്ടു നടക്കുമ്പോൾ, ഒരു പയ്യൻ നദിയിലൂടെയുള്ള ബോട്ട് യാത്രയുടെ ബ്രോഷറുകൾ നീട്ടി. ഡാന്യൂബ് നദിയിലൂടെയുള്ള ബോട്ടുയാത്രയ്ക്കായി ഞാനും കാത്തിരിക്കുകയായിരുന്നു. അവനോട് വിശദവിവരങ്ങൾ ആരാഞ്ഞു. ഐ പാഡ് തുറന്ന് അവൻ ബോട്ടിന്റെ ചിത്രവും റൂട്ടും വിശദീകരിച്ചു. വൈകീട്ട് അഞ്ചരയ്ക്ക് കോട്ടയുടെ താഴെയുള്ള പിയറിൽ നിന്ന് ബോട്ട് പുറപ്പെടും. 5 മണിയ്ക്ക് കോട്ടയുടെ കോംപൗണ്ടിലെ ഉദ്യാനത്തിലെത്തണം. 20 ഡോളറാണ് നിരക്ക്. പയ്യന്റെ രീതികളും പ്രൊഫഷണലിസവും എനിക്കിഷ്ടമായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഭാഗമായ ആൻഡമാനിൽ ഇങ്ങനെയൊരു ടിക്കറ്റെടുത്തതിനെത്തുടർന്നുണ്ടായ ദുരനുഭവങ്ങൾ വിസ്മരിച്ചു കൊണ്ട് പത്തു ഡോളർ പയ്യന് അഡ്വാൻസ് കൊടുത്തു. ബാക്കി പത്തുഡോളർ വൈകീട്ട് നൽകിയാൽ മതി.

അവൻ പത്തു ഡോളറിന്റെ രസീത് തന്നു. അവന്റെ മൊബൈൽ നമ്പരും വാങ്ങി ഞാൻ നടപ്പ് തുടർന്നു.മിഹൈലോവ സ്ട്രീറ്റ് അവസാനിക്കുന്നിടത്ത് ഒരു മെയിൻറോഡ് കടന്നുപോകുന്നു. ആ റോഡ് കുറുകെ കടന്നാൽ കോട്ട സ്ഥിതി ചെയ്യുന്ന കുന്നായി. 'കലമെദാൻ' എന്ന ഉദ്യാനമാണ് കുന്നിന്റെ  പ്രധാന പങ്കും അപഹരിക്കുന്നത്. ഉദ്യാനത്തിനു നടുവിലാണ് കോട്ട എന്നു പറയാം. ഉദ്യാനത്തിന്റെ തുടക്കത്തിൽ കുറെ സുവനീർ ഷോപ്പുകളുണ്ട്.

ബെൽഗ്രേഡ് കോട്ടയുടെ ദൃശ്യങ്ങൾ

അതു തുറന്നുവരുന്നതേയുള്ളു. അവയ്ക്കിടയിലൂടെയുള്ള നടപ്പാത കോട്ടയിലേക്ക് നീളുന്നു.അതി സുന്ദരമാണ് കലമെദാൻ. നഗരമദ്ധ്യത്തിൽ ഇത്രയും വിസ്തൃതമായി ഉദ്യാനം നിലനിർത്തിയിരിക്കുന്നത് പ്രശംസാർഹമാണ്. യൂറോപ്യൻ രാജ്യങ്ങളുടെ പ്രത്യേകതയാണ് പ്രകൃതിയോടുള്ള ഈ സ്‌നേഹം. നമ്മുടെ നാട്ടിലാണെങ്കിൽ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ 'പ്രകൃതി സ്‌നേഹികൾ' ഉദ്യാനത്തിന്റെ അതിര് മാന്തി റിസോർട്ട് നിർമ്മിച്ചേനെ..

ഉദ്യാനത്തിലെ കസേരകളൊക്കെ ശൂന്യമാണ്. തലേന്ന് മഴ പെയ്തതുകൊണ്ട് തണുപ്പ് കൂടിയിട്ടുണ്ട്. അതുകൊണ്ട് ഇവിടമൊക്കെ സജീവമാകാൻ ഇനിയും സമയമെടുക്കുമെന്നു തോന്നുന്നു.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

ഉദ്യാനത്തിലൂടെ നടക്കുമ്പോൾ നടുവിൽ വലിയ മതിലിനുള്ളിൽ കോട്ട തലയുയർത്തി നിൽക്കുന്നതു കാണാം.  എന്നാൽ അവിടേയ്ക്ക് എത്തുന്നതിനു മുമ്പ് ഒരു സുന്ദരമായ കാഴ്ച എന്നെ കാത്തിരിപ്പുണ്ടായിരുന്നു- ഡാന്യൂബ് നദി..കുന്നിൻ മുകളിലെ ഉദ്യാനത്തിൽ നിന്നു നോക്കുമ്പോൾ യൂറോപ്പിന്റെ സംസ്‌കാരവാഹിനിയായ ഡാന്യൂബ്  നദി താഴെ ഒഴുകുന്നതു കാണാം. മലയാളിക്ക് നിള പോലെയാണ് യൂറോപ്പിന് ഡാന്യൂബ്. ഡാന്യൂബ് തഴുകി കടന്നുപോകുന്ന 10 രാജ്യങ്ങളുടെയും സംസ്‌കാരവും സാഹിത്യവുമെല്ലാം ഈ നദിയെ ചുറ്റിപ്പറ്റിയാണ് വളർന്നു വികസിച്ചത്.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

ജർമ്മനിയിലെ ബ്ലാക്ക്‌ഫോറസ്റ്റിൽ നിന്നാണ് ഡാന്യൂബ് ഉത്ഭവിക്കുന്നത്. സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, സെർബിയ, റൊമേനിയ, ഓസ്ട്രിയ, ബൾഗേറിയ, മൾഡോവ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഉക്രെയ്‌നിലെ കരിങ്കടലിൽ ഡാന്യൂബ് പതിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹങ്ങളായ കൊട്ടാരങ്ങളും കോട്ടകളുമൊക്കെ ഡാന്യൂബിന്റെ തീരത്താണുള്ളത്. 2850 കിലോമീറ്റർ നീളമുള്ള ഡാന്യൂബിന് 30ലേറെ പോഷക നദികളുണ്ട്. അവിയിലൊന്നായ സാവ, ഡാന്യൂബിൽ ചേരുന്നത് ബെൽഗ്രേഡ് നഗരപ്രാന്തത്തിലാണ്. വൈകുന്നേരത്തെ ബോട്ട് യാത്രയിൽ നദികളുടെ ആ സംഗമസ്ഥാനത്തും കൊണ്ടുപോകുമെന്ന് ടിക്കറ്റ് നൽകിയ പയ്യൻ പറഞ്ഞിട്ടുണ്ട്. 

കലമെദാനിൽ നിന്നുള്ള നഗരക്കാഴ്ച്

ഡാന്യൂബിൽ നിരവധി ബോട്ടുകൾ യാത്ര പുറപ്പെടാനായി കാത്തു കിടക്കുന്നു. ബോട്ട് ജെട്ടികളുടെ നീണ്ട നിര തന്നെ നദീ തീരത്തുണ്ട്. ഡാന്യൂബിന്റെ അങ്ങേക്കരയിൽ കാണുന്നത്  പുതിയ ബെൽഗ്രേഡ് നഗരമാണ്. അവിടം ഞാനീ നിൽക്കുന്ന പഴയ നഗരത്തിൽ നിന്ന് പാടേ വ്യത്യസ്തമാണ്. ഉയരമുള്ള ആധുനിക കെട്ടിടങ്ങളും ഡാന്യൂബിനു കുറുകെയുള്ള വമ്പൻ തൂക്കുപാലവുമൊക്കെയാണ് പുതിയ നഗരത്തിലെ കാഴ്ചകൾ. ഡാന്യൂബിന്റെ കാഴ്ചയിൽ അല്പനേരം മതിമറന്നു നിന്നിട്ട് കോട്ടയെ ലക്ഷ്യമാക്കി നടന്നു.

കലമെദാനിൽ നിന്നുള്ള നഗരക്കാഴ്ച്
കലമെദാനിൽ നിന്നുള്ള നഗരക്കാഴ്ച്

നടപ്പാതയിൽ കുറേ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. റഷ്യൻ റെയിൽവേയുടെ പ്രൊമോഷനാണെന്നു തോന്നുന്നു. ദുർഘടമായ ഇടങ്ങളിലൂടെ പണിത റെയിൽപാതകളുടെ ദൃശ്യങ്ങളാണ് അവയിൽ ഏറെയും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നില്ല സെർബിയ എങ്കിലും യൂറോപ്പിന്റെ ഈ ഭാഗത്തെ വല്യേട്ടൻ പദവി എല്ലാക്കാലത്തും റഷ്യയ്ക്കായിരുന്നു എന്ന് ഈ ഫോട്ടോ പ്രദർശനം ഓർമ്മിപ്പിക്കുന്നു.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

ഉദ്യാനത്തിന്റെ ഒടുക്കം കണ്ട കരിങ്കൽ പടവുകൾ ഇറങ്ങി, വീണ്ടും നടക്കുമ്പോൾ വലതുവശത്ത് കോട്ടയുടെ 'കിങ്‌ഗേറ്റ്' പ്രത്യക്ഷപ്പെടുന്നു. ഇതാണ് കോട്ടയുടെ പ്രധാന കവാടം. കിടങ്ങിനു മീതെ പണിതിരിക്കുന്ന, വേണമെങ്കിൽ എടുത്തു മാറ്റാവുന്ന ഒരു ചെറുപാലം കടന്നുവേണം കിങ്‌ഗേറ്റിലൂടെ കോട്ടയിൽ പ്രവേശിക്കാൻ. ശത്രുക്കൾ വരുമ്പോൾ കോട്ടയിൽ പ്രവേശിക്കാതെ തടയാനാണ് ഈ സംവിധാനം. കിങ്‌ഗേറ്റിൽ നിൽക്കുമ്പോൾ തന്നെ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഒരു മനുഷ്യന്റെ ശില്പം കാണാം.

കലമെദാനിൽ നിന്നുള്ള നഗരക്കാഴ്ച്

കിങ്‌ഗേറ്റ് കടന്ന് ഇടതുവശത്തേക്ക് നടക്കുമ്പോൾ കാണുന്ന കോട്ടയുടെ മുനമ്പിലാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഉയരമുള്ള തൂണിന്മേൽ ഒരു കൈയിൽ വാളും ഒരു കൈയ്യിൽ പരുന്തുമായി ഒരു നഗ്ന മനുഷ്യൻ - അതാണ് ശില്പം. ഇത് പുരാതന ശില്പമൊന്നുമല്ല. ഓട്ടോമാൻ, ആസ്ട്രോ -ഹംഗേറിയൻ, ബാൽക്കൻ യുദ്ധങ്ങളിലെല്ലാം സെർബിയ നേടിയ വൻവിജയത്തിന്റെ സ്മാരകമായി 1928ലാണ് ശില്പം സ്ഥാപിച്ചത്. ഇവാൻ മെസ്‌ട്രോവിച്ച് എന്ന് ശില്പി നിർമ്മിച്ച ശില്പത്തിന് 14 മീറ്റർ ഉയരമുണ്ട്.

ബെൽഗ്രേഡ് കോട്ടയുടെ ദൃശ്യങ്ങൾ

നഗ്നനായ പുരുഷന്റെ ശില്പം സ്ഥാപിക്കുന്നതിനെതിരെ അക്കാലത്ത് വലിയ പ്രക്ഷോഭമൊക്കെ നടന്നു. എന്നാൽ ബെൽഗ്രേഡിലെ മേയറായിരുന്ന കോസ്റ്റാ കുമാനുദി, എതിർപ്പുകളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് പ്രതിമയുടെ നിർമ്മാണവും സ്ഥാപനവുമായി മുന്നോട്ടു പോയി.90 വർഷങ്ങൾക്കപ്പുറം, ബെൽഗ്രേഡിന്റെ നഗരചിഹ്നമായി നഗ്നനായ മനുഷ്യൻ മാറിയിരിക്കുന്നു. നഗരം കാണാനെത്തുന്നവരെല്ലാം ആദ്യം ഓടിയെത്തുന്നത് ഈ ചരിത്രപുരുഷന്റെ കാൽച്ചുവട്ടിലേക്കാണ്. കൃത്യമായി പറഞ്ഞാൽ 20 ലക്ഷം പേർ പ്രതിവർഷം 'പൊബനിക്'എന്നു വിളിക്കപ്പെടുന്ന ഈ ശില്പം സന്ദർശിക്കുന്നുണ്ടത്രേ.

ബെൽഗ്രേഡ് കോട്ടയുടെ ദൃശ്യങ്ങൾ

ഒരു വലിയ ചത്വരത്തിന്റെ ഓരത്ത്, കോട്ട മതിലിനോട് ചേർന്ന്, ഡാന്യൂബ് നദിയെയും പുതിയ നഗരത്തെയും നിർന്നിമേഷനായി നോക്കിയാണ് പൊബനിക് നിൽക്കുന്നത്.

ബെൽഗ്രേഡ് കോട്ടയും നഗ്ന മനുഷ്യന്റെ പ്രതിമയും  

നഗ്ന മനുഷ്യന്റെ കാൽച്ചുവട്ടിൽ നിന്ന് വീണ്ടും പടവുകൾ കയറുമ്പോൾ വിശാലമായ മറ്റൊരു ഉദ്യാനമെത്തും. അവിടെ കോട്ടയുടെ മറ്റൊരു ഗേറ്റുണ്ട്. നഗ്നമനുഷ്യനും ഉദ്യാനവുമെല്ലാം കോട്ടയുടെ പ്രധാന മതിലിനുള്ളിലാണ്. അല്പദൂരം ഉദ്യാനത്തിലൂടെ നടക്കണം, കോട്ടയിലെത്താൻ.

നഗ്നമനുഷ്യന്റെ പ്രതിമ

ഇരുവശത്തുമുള്ള നിരീക്ഷണ ഗോപുരങ്ങൾക്കു നടുവിൽ കോട്ടയുടെ കവാടം. ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു പഴയ ജനപഥത്തിന്റെ ലക്ഷണങ്ങൾ. ചെറിയ വീടുകൾ, വലിയൊരു കൊട്ടാരം, പീരങ്കികൾ, കിടങ്ങുകൾ. ക്രിസ്തുവിന് മുമ്പ് 279ൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയിലായിരുന്നു, നൂറ്റാണ്ടുകളോളം ബെൽഗ്രേഡിലെ ജനത താമസിച്ചിരുന്നത്. ചുറ്റുമുള്ള മതിലും കിടങ്ങും അവരെ ബാഹ്യാക്രമണങ്ങളിൽ നിന്ന് രക്ഷിച്ചുപോന്നു. എന്നാൽ എല്ലാക്കാലത്തും കോട്ട ആക്രമിക്കപ്പെട്ടിരുന്നു. ഇക്കാലത്തിനുള്ളിൽ പല വിദേശ ശക്തികളുടെയും അധീനതയിൽ കഴിയുകയും ചെയ്തു,ബെൽഗ്രേഡ് കോട്ട. പലതവണ കോട്ടയുടെ പല ഭാഗങ്ങളും തകർക്കപ്പെട്ടു. അപ്പോഴെല്ലാം അവ പുനർനിർമ്മിക്കപ്പെടുകയും ചെയ്തു.

കലമെദാനിൽ നിന്നുള്ള ഡാന്യൂബ് നദിയുടെ കാഴ്ച്ച

എഡി 1700ലെ ഓസ്ട്രിയൻ ഭരണകാലത്താണ് ഇന്നു കാണുന്ന വിധത്തിൽ ആധുനികവൽക്കരിച്ച് കോട്ട പുനർനിർമ്മിക്കപ്പെട്ടത്. 160 ഏക്കറിലാണ് കോട്ട പരന്നു കിടക്കുന്നത്. 1890 കളിൽപ്പോലും 2000ത്തിലേറെപ്പേർ കോട്ടയ്ക്കുള്ളിൽ അധിവസിച്ചിരുന്നത്രേ. കോട്ടയ്ക്കുള്ളിൽ റോമൻ വെൽ എന്നൊരു കിടങ്ങുണ്ട്.അവിടേക്കുള്ള വാതിൽ ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. വളരെ ദുഃഖകരവും പൈശാചികവുമായ ഒരു സംഭവത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ കിടങ്ങ്.

കലമെദാനിലെ റഷ്യൻ റയിൽവെയുടെ പ്രദർശനം

1456ൽ ബെൽഗ്രേഡ് പിടിച്ചടക്കാൻ ചാരപ്പണി നടത്തിയ 30 ഹംഗറിക്കാരെ ഈ കിടങ്ങിൽ ഇടുകയുണ്ടായി. ആഹാരം കൊടുക്കാതെ ദിവസങ്ങളോളം അവരെ കിടങ്ങിൽ സൂക്ഷിച്ചു. ഒടുവിൽ അവർക്ക് മാനസിക വിഭ്രാന്തിയായപ്പോൾ 12 കത്തികൾ കിടങ്ങിലേക്കിട്ടു കൊടുത്തു. അവർ പരസ്പരം ശരീരം വെട്ടിമുറിച്ച് തിന്നുതുടങ്ങി. ഏറെ താമസിയാതെ എല്ലാവരും മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്തൊരു ഭീകരമായ അവസ്ഥയായിരുന്നിരിക്കണം അത്! ചിന്തിച്ചിട്ടു തന്നെ തല കറങ്ങുന്നു. റോമൻ കിണറിലേക്ക് രണ്ടാമതൊന്ന് നോക്കാൻ ആവതില്ലാതെ ഞാൻ തലതിരിച്ചു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA