sections
MORE

ബൊഹീമിയൻ സ്ട്രീറ്റ്; സിനിമയ്ക്ക് സെറ്റിട്ടതുപോലെ ഒരു തെരുവ് 

ബൊഹീമിയൻ തെരുവ് 
SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 4 

ബെൽഗ്രേഡ് കോട്ടയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഉച്ചയ്ക്ക് ഒരു മണി. 5.30നാണ് ഡാന്യൂബിലൂടെയുള്ള ബോട്ട് യാത്രയ്ക്കായി വീണ്ടും കോട്ടയുടെ പരിസരത്ത് എത്തേണ്ടത്. അതിനിടയ്ക്കുള്ള നാലു മണിക്കൂർ നേരം എന്തു ചെയ്യണമെന്ന് ആലോചിച്ച്, ഹോസ്റ്റൽ ഫൈനിൽ നിന്നും സമ്പാദിച്ച സിറ്റി മാപ്പ് നിവർത്തി. കിട്ടിപ്പോയി. ബൊഹീമിയൻ സ്ട്രീറ്റ്. കോട്ടയിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ പേരിൽത്തന്നെ കൗതുകം തുളുമ്പുന്ന ബൊഹീമിയൻ തെരുവെത്തും.

ബൊഹീമിയൻ തെരുവ് 

തണുപ്പുകാലമായതുകൊണ്ട് നട്ടുച്ചയ്ക്കും വെയിലിലും നടക്കാൻ സുഖമാണ്. ഞാൻ നീട്ടിവലിച്ച് നടന്നു. ഫോണിലെ ഗൂഗിൾ മാപ്പ് വഴി പറഞ്ഞു തന്നു. വീണ്ടും മിഹൈലോവ സ്ട്രീറ്റ് കുറുകെ നടന്ന്, റിപ്പബ്ലിക് സ്‌ക്വയറും താണ്ടി സ്റ്റെഫാൻ ബുലുവാർഡിലെത്തി. അവിടെ കണ്ട സൂപ്പർമാർക്കറ്റിൽ നിന്ന് ബ്രെഡും പഴവും വാങ്ങി. അതാണ് ഇന്നത്തെ ഉച്ചഭക്ഷണം. കിളിമീൻ (കോയിക്കോട്ടുകാരുടെ പുയ്യാപ്ല കോര) ഫ്രൈയും പുളിശ്ശേരിയും കോവയ്ക്ക മെഴുക്കുപുരട്ടിയും (കോയിക്കോട്ട് കോവയ്ക്ക ഉപ്പേരി) പാലക്കാടൻ മട്ട അരിയുടെ വെന്തുലഞ്ഞ ചോറും വിളമ്പി വെച്ചിരിക്കുന്ന വീട്ടിലെ തീൻമേശ മനസ്സിൽ നഷ്ടബോധമായി വന്നലച്ചു. എന്നിട്ട് കൈയിലെ ഉണക്ക റൊട്ടിയും പഴവും നോക്കി നെടുവീർപ്പിട്ടുകൊണ്ട് നീട്ടിവലിച്ച് നടന്നു. 

സ്റ്റെഫാൻ ബുലുവാർഡിൽ നിന്ന് ദുസനോവ തെരുവ് വരെ നീണ്ടു കിടക്കുന്ന 400 മീറ്റർ നീളമുള്ള രസികനൊരു സ്ട്രീറ്റാണ് ബൊഹീമിയൻ സ്ട്രീറ്റെന്ന് അറിയപ്പെടുന്നത്. സ്‌കദർലിജ  എന്നാണ് യഥാർത്ഥ പേരെങ്കിലും രണ്ട് നൂറ്റാണ്ടായി ബൊഹീമിയൻ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് ഈ തെരുവ്.

ബൊഹീമിയൻ തെരുവ് 

ഏതോ സിനിമയ്ക്ക് സെറ്റിട്ടതുപോലെയാണ്  തെരുവിന്റെ രീതികൾ. ഉരുളൻ കല്ല് പാകിയ നടപ്പാത. ഇരുവശവും മണ്ണിൽ നിർമ്മിച്ച ചുവരുകളുള്ള ചെറിയ മനോഹരമായ കെട്ടിടങ്ങൾ. അവയ്ക്ക് ചെറിയ ടൈലുകളിട്ട മേൽക്കൂര. കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ബാൽക്കണികൾക്ക് ഡിസൈൻ ഗ്രില്ലുകൾ. അതിന്മേൽ പടർന്നു കയറുന്ന ചെടികൾ. കോഫി ഷോപ്പുകളും ലോഡ്ജുകളും ആന്റിക്‌ഷോപ്പുകളും പെയിന്റിങ് വില്പനശാലകളുമൊക്കെയാണ് ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. എല്ലാ കെട്ടിടങ്ങളും 1830നും 1900നും  ഇടയിൽ പണിതവയാണ്.

ബൊഹീമിയൻ തെരുവ് 

ബൊഹീമിയൻ തെരുവ് 1830 വരെ സ്‌കദർലിജ എന്നറിയപ്പെട്ടിരുന്ന ഒരു സാധാരണ തെരുവായിരുന്നു. 1830 ഓടെ നാടോടികൾ അഥവാ ജിപ്‌സികൾ ഇവിടെ ടെന്റടിച്ച് താമസം തുടങ്ങി. അവർ മൺകുടങ്ങൾ പോലെയുള്ള കലാസൃഷ്ടികൾ വില്പനയ്ക്കു വെച്ചു. രാത്രിയിൽ പാട്ടുകൾ പാടി തെരുവിനെ സജീവമാക്കി. 1835ൽ സെർബിയക്കാരും തുർക്കികളും തെരുവ് കൈയടക്കി. അവരാണ് യഥാർത്ഥ രീതിയിലുള്ള കെട്ടിടങ്ങളും വീടുകളും ഇവിടെ പണിതത്. ഇന്നു കാണുന്ന കെട്ടിടങ്ങളിലേറെയും അക്കാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. കലാകാരന്മാരും ശില്പികളും മറ്റുമാണ് ഇവിടെ താമസം ആരംഭിച്ചവരിൽ ഏറെയും.

18-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കൂടുതൽ കലാകാരന്മാരും സംഗീതജ്ഞരും ഇവിടെ വന്നെത്തി. അവർക്കു താമസിക്കാനായി ലോഡ്ജുകളും തുറന്നു. 'ഖാൻ' എന്നാണ് ലോഡ്ജുകൾ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവയുടെ പേര് 'കഫാന' എന്നായി. കോഫി ഷോപ്പും ലോഡ്ജും ഉൾപ്പെടുന്ന സെറ്റപ്പാണ് കഫാനയ്ക്കുള്ളത്. ത്രീ ഹാറ്റ്‌സ്, ടൂ ഡിയർ, ഗോൾഡൻ ഷാലിസ് എന്നൊക്കെയുള്ള പേരിൽ അക്കാലത്ത് തുറക്കപ്പെട്ട കഫാനകൾ അതേപേരിൽ ഇപ്പോഴും ബൊഹീമിയൻ തെരുവിൽ കാണാം.രണ്ടു നൂറ്റാണ്ടുകൾ കൊണ്ട് യൂറോപ്പിലെ കലയുടെ ആസ്ഥാനമായി ബൊഹീമിയൻ തെരുവ് മാറിക്കഴിഞ്ഞു. യൂറോപ്പിലെ പല പ്രശസ്തരായ കലാകാരന്മാരും ഈ തെരുവിന്റെ ആരാധകരാണ്. അവർ മാസങ്ങളോളം ഇവിടുത്തെ കഫാനകളിൽ താമസിച്ച് കലാസൃഷ്ടികൾക്ക് രൂപം നൽകുന്നു.

ബൊഹീമിയൻ തെരുവ് 

ആഹാരത്തിന്റെ കാര്യത്തിലും ബൊഹീമിയൻ തെരുവ് പ്രശസ്തമാണ്. ആൽഫ്രഡ് ഹിച്ച്കോക്ക്, ജോർജ് ബുഷ്, ജോസഫ് ടിറ്റോ, ക്യൂൻ എലിസബത്ത് എന്നിവരൊക്കെ സെർബിയയിലെത്തിയാൽ ഈ തെരുവിലെ ഹോട്ടലുകളിൽ നിന്ന് പ്രദേശിക ഭക്ഷണം രുചിച്ചേ മടങ്ങിയിരുന്നുള്ളു.ഓരോ ഇഞ്ചിലും കലാചാരുത തുടിക്കുന്നുണ്ട് എന്നതാണ് ബൊഹീമിയൻ തെരുവിന്റെ പ്രത്യേകത. ഒരു പൂച്ചട്ടി, കടും നിറമുള്ള ഒരു ചുവര്, ഒരു ഡിസൈനർ സൈക്കിൾ, പുഞ്ചിരിക്കുന്ന പൂക്കൾ തിരശീലയൊരുക്കുന്ന ബാൽക്കണി - ഇങ്ങനെ കലാപരമാണ് ഇവിടെ എന്തും.

ഈ തെരുവ് പുതുക്കിപ്പണിയാനും ഉരുളൻ കല്ലുകൾ നിറഞ്ഞ പാത ടാർ ചെയ്യാനും ഭരണാധികാരികൾ പലകുറി മുതിർന്നെങ്കിലും ജനരോഷം കാരണം ഒന്നും നടന്നില്ല. ബെൽഗ്രേഡ് നഗരവാസികളാൽ അത്രയധികം സ്‌നേഹിക്കപ്പെടുന്നുണ്ട്, ബൊഹീമിയൻ തെരുവ്.

അര കിലോമീറ്റർ പോലും നീളമില്ലാത്ത തെരുവ് നടന്നു തീർക്കാൻ പത്തുമിനിറ്റുമതി. പക്ഷെ ഇവിടുത്തെ ഓരോ കാഴ്ചയിലും നമ്മുടെ കണ്ണുടക്കും. ക്യാമറയുടെ മെമ്മറി കാർഡ് നിറയും. അത്രയേറെ രസകരമാണ് ബൊഹീമിയൻ തെരുവ്.

ബൊഹീമിയൻ തെരുവ് 

പരുക്കൻ സിമന്റിൽ നിർമ്മിച്ച തൊപ്പി വെച്ച മനുഷ്യന്റെ പ്രതിമയുടെ തൊട്ടടുത്തുള്ള ബെഞ്ചിലിരുന്ന് ബ്രെഡും പഴവും അകത്താക്കി.

പിന്നെ നടന്നു നടന്ന് തെരുവിന്റെ അങ്ങേ തലയ്ക്കലെ ദുസനോവ സ്ട്രീറ്റിലെത്തി. ഇവിടെ, പിന്നീട് ബോസ്‌നിയുടെ തലസ്ഥാനമായ സരയേവോയിൽ കണ്ടതുപോലെയുള്ള ഒരു ജലസംഭരണിയുണ്ട്. ജനങ്ങൾക്ക് ടാപ്പിലൂടെയുള്ള ശുദ്ധജലം ലഭ്യമാക്കുന്ന സംവിധാനമാണിത്. പഴയ കാലത്ത് ജനക്ഷേമ തൽപ്പരരായ രാജാക്കന്മാർ യൂറോപ്പിന്റെ പലഭാഗത്തും ഇത്തരം സംഭരണികൾ നിർമ്മിച്ചിരുന്നു.

ബൊഹീമിയൻ സ്ട്രീറ്റിൽ നിന്ന് തിരിച്ചുവരുംവഴി ഒരു ഇന്ത്യൻ ഷോപ്പ് കണ്ടു. ബംഗാൾ എന്നാണ് ഷോപ്പിന്റെ പേര്. സാരികളും ഇന്ത്യൻ കരകൗശല ഉല്പന്നങ്ങളുമാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. കൂടുതൽ അറിയാമെന്നു കരുതി അടുത്തെത്തിയപ്പോൾ ഉച്ചഭക്ഷണത്തിനായി അടച്ചിട്ടിരിക്കുകയാണെന്ന ബോർഡ് കണ്ടു. ഇനി മൂന്നു മണിക്കേ തുറക്കൂ.

ഇനി വൈകീട്ട് ഡാന്യൂബ് നദിയിലെ ക്രൂയിസാണ് ഇന്നത്തെ പ്രധാന പരിപാടി. അതിനുമുമ്പ് ഹോട്ടലിലെത്തി ഒന്നു ഫ്രഷാകാമെന്നു കരുതി. തലേന്നു താമസിച്ച അപ്പാർട്ടുമെന്റ് ഒഴിഞ്ഞ്, ഇന്ന് താമസിക്കേണ്ട 'ഹോസ്റ്റൽ ഫൈനി'ൽ ലഗേജ് വെച്ചിട്ടാണല്ലോ ഞാൻ രാവിലെ നടക്കാനിറങ്ങിയത്. തിരികെ നടന്ന് ഹോസ്റ്റൽ ഫൈനിലെത്തി. സമയം രണ്ടു മണി കഴിഞ്ഞു. മുറി റെഡിയാണെന്ന് റിസപ്ഷനിലെ പയ്യൻ പറഞ്ഞു. മുറി തുറന്നു കണ്ടു. കൊള്ളാം. ഒരു ഡ്രോയിങ് റൂമും ബെഡ്‌റൂമുമുണ്ട്. ടോയ്‌ലറ്റ് എവിടെ എന്ന് തിരഞ്ഞു. 'കോമൺ ടോയ്‌ലറ്റ്' ആണെന്നു മറുപടി.

ബൊഹീമിയൻ തെരുവ് 

ഞാനെന്റെ ഹോട്ടൽ ബുക്കിങ് പേപ്പർ എടുത്തു പരിശോധിച്ചു. ശരിയാണ്. ഞാൻ ബുക്ക് ചെയ്ത മുറിക്ക് അറ്റാച്ച്ഡ് ടോയ്‌ലറ്റ് സൗകര്യമില്ല.

യൂറോപ്പിൽ മുറി ബുക്ക് ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിത്. അൽപം നിരക്ക് കുറഞ്ഞ ഹോട്ടലുകളിലെല്ലാം പൊതുടോയ്‌ലറ്റ് സൗകര്യമായിരിക്കും. പൊതുടോയ്‌ലറ്റും അത്യന്തം വൃത്തിയുള്ളതായിരിക്കും. എങ്കിലും നമുക്കത്  ഉപയോഗിച്ച് ശീലമില്ലല്ലോ.

കോമൺ ടോയ്‌ലറ്റ് എന്നു കേട്ടപ്പോൾ ഞാൻ മാനസികമായി തകർന്നു! കൂടുതൽ തുക തന്നാൽ അറ്റാച്ച്ഡ് ടോയ്‌ലെറ്റുള്ള മുറി തരാമോ എന്നു പയ്യനോട് ചോദിച്ചു.  'ഇന്ന് എല്ലാ മുറികളും ഫുൾ ആണെ'ന്ന് മറുപടി. ഇന്ന് എങ്ങനെയെങ്കിലും പൊതു ടോയ്‌ലറ്റ് ഉപയോഗിച്ച് ദിവസം തള്ളി നീക്കാം. അല്ലാതെ വേറെ മാർഗമില്ല.

ബൊഹീമിയൻ തെരുവ് 

അല്പനേരം വിശ്രമിച്ചിട്ട് ഫ്രെഷ് ആയി വീണ്ടും നഗരത്തിരക്കിലേക്കിറങ്ങി. റിവർ ക്രൂയിസിന് ഇനിയും സമയമുണ്ട്. അതുകൊണ്ട് നഗരത്തിലെ കാണാത്ത ഭാഗങ്ങളിലൂടെ നടന്നു. സെർബിയയിൽ ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു ദൃശ്യമുണ്ട്- ബുക്ക്സ്റ്റാളുകൾ. റോഡരികിൽ എവിടെയും പുസ്തകങ്ങളും മാസികകളും ദിനപത്രങ്ങളും നിരത്തി വെച്ച ബുക്ക്‌ഷോപ്പുകളുണ്ട്. തിരക്കുപിടിച്ച് ഓടി വരുന്നതിനിടയിൽ പണം നൽകി മാസികയും പത്രവും വാങ്ങിക്കൊണ്ടു പോകുന്നവർ ഇവിടുത്തെ നിത്യകാഴ്ചയാണ്. ബസിലും ട്രാമിലും പത്രം വായിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്; നമ്മുടെ നാട്ടിലേതുപോലെ, മൊബൈൽ ഫോണിൽ നോക്കിയിരുന്ന് മനോരാജ്യം കാണുന്നവരുടെ എണ്ണം കുറവും.

ഒരു ബെൽഗ്രേഡ് നഗരക്കാഴ്ച 

എല്ലാവരും കൃത്യമായി ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ട്. സിഗ്‌നലിൽ നിൽക്കുമ്പോൾ ഒരു വാഹനം പോലും കടന്നു പോകുന്നില്ലെങ്കിലും വഴിയാത്രക്കാർക്കുള്ള പച്ച സിഗ്നലിനായി ജനം കാത്തുനിൽക്കും. അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നവരും ഹോണടിച്ചു നീങ്ങുന്ന വാഹനങ്ങളുമൊന്നും ബെൽഗ്രേഡിൽ കാണാനില്ല. അതുപോലെ തന്നെ, റോഡ് കുറുകെ കടക്കാനായി നിൽക്കുന്നവരുടെ മുന്നിൽ ഏതുവാഹനവും സഡൻബ്രേക്കിട്ടു നിർത്തും-അതു ബസ്സായാലും ബൈക്കായാലും.

നൂറുവർഷത്തിനപ്പുറം പോലും ഇന്ത്യയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ട് കൊതിച്ചും ഇന്ത്യക്കാരുടെ ഹതഭാഗ്യത്തിൽ നിരാശനായും ഞാൻ നഗരക്കാഴ്ചകൾ കണ്ടു നടന്നു.

ബെൽഗ്രേഡ് നഗരത്തിലെ ഇന്ത്യൻ ഷോപ്പ് 

5.30ന് കൃത്യമായി കലമെദാൻ ഉദ്യാന വളപ്പിലെത്തി. അവിടെ രാവിലെ കണ്ട പയ്യൻ നിൽപ്പുണ്ട്. അവനാണ് റിവർ ക്രൂയിസിനായി എന്റെ കൈയിൽ നിന്ന് 10 ഡോളർ അഡ്വാൻസ് വാങ്ങിയത്. അല്പനേരം കാത്തുനിൽക്കാൻ പറഞ്ഞിട്ട് അവൻ ക്രൂയിസിന്റെ പേരെഴുതിയ മഞ്ഞ ബോർഡും പിടിച്ച് നിൽപ്പായി. പത്തുമിനുട്ടു കൊണ്ട് ക്രൂയിസ് ബുക്ക് ചെയ്തവരെല്ലാം എത്തിച്ചേർന്നു. ബാക്കി 10 ഡോളർ വീതം പിരിച്ചെടുത്തിട്ട് എല്ലാവരും തന്നെ പിന്തുടരാൻ പറഞ്ഞിട്ട് അവൻ കലമെദാന്റെ വഴികളിലൂടെ നടന്നു. പൈഡ് പൈപ്പറിനെയെന്ന പോലെ, പല രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ അവന്റെ പിന്നാലെ നിരനിരയായി നടപ്പു തുടങ്ങി. പഴയ കോട്ടയുടെ ഇടിഞ്ഞുവീഴാറായ മതിൽക്കെട്ട് താണ്ടി, താഴത്തെ റോഡ് കുറുകെ കടന്ന് ഞങ്ങൾ ബോട്ട് പുറപ്പെടുന്ന പിയറിലെത്തി.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA