sections
MORE

എന്നും ചിരിക്കുന്ന പെണ്‍കുട്ടിയുടെ യാത്രാകഥ

danya ravi
SHARE

യാത്രകളെ കുറിച്ചുള്ള ചില വായനകള്‍ പുതിയ കഥക്കൂട്ടുകള്‍ അറിഞ്ഞു വരികയോ അല്ലെങ്കില്‍ ആ വരികളിലൂടെ കുറേ നേരം മനസ്സുകൊണ്ട് ഒരുപാടിടത്തേക്കു പോയിവരലോ മാത്രമല്ല. അവ ചിലപ്പോള്‍ ഒരുപാട് പുഞ്ചിരിക്കാനും ഇനിയുള്ള കാലത്തെ ഒരുപാടിഷ്ടത്തോടെ നോക്കാനുള്ളതും ഇന്നലെകളിലെ കുഞ്ഞു സങ്കടങ്ങളെ മറന്നു കളയാനും കൂടിയുള്ളതാകും. അത്തരമൊരു യാത്രാകഥയാണ് ധന്യ രവി പറയുന്നത്. ചെറുതായൊരു തട്ടലിലോ വീഴ്ചയിലോ പോലും എല്ലുകള്‍ നുറുങ്ങുന്ന അവസ്ഥയോടൊപ്പം ജനിച്ച് ജീവിക്കുന്ന ധന്യയെ എന്നും ചിരിക്കുന്ന പെണ്‍കുട്ടി എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല. നടക്കാതെ പോയ യാത്രകളെ കുറിച്ച് അപ്രതീക്ഷിതമായി പോയ ഇടങ്ങളെ കുറിച്ച് ധന്യ സംസാരിക്കുന്നു ഒരു അമേരിക്കന്‍ യാത്രയുടെ ത്രില്ലില്‍ നിന്ന്.

യാത്രകള്‍...അതിനപ്പുറം

ആകാശം പോലെയാണ് ജീവിതം എന്നെനിക്കു തോന്നാറുണ്ട്. അതെപ്പോഴും തെളിഞ്ഞതാകില്ല. ചില നേരം ഇരുണ്ടുമൂടും. ആ ഇരുള് മഴയായി വരും. പേടിപ്പെടുത്തുന്ന സന്ധ്യകളും സായാഹ്നങ്ങളും വരും. അങ്ങനെയിരിക്കെ തന്നെ പതിയെ പതിയെ നല്ല തെളിനിലാവ് പ്രതീക്ഷയായി വരും. എന്റെ ജീവിതവും അതുപോലെയാണ്. ചെറിയൊരു ചലനത്തില്‍ പോലും എല്ലുകള്‍ ഒടിഞ്ഞുപോകാന്‍ സാധ്യതയുള്ളൊരു കണ്ടീഷനില്‍ ജീവിക്കുമ്പോള്‍, യാത്രകള്‍ അവരില്‍ നിന്നൊക്കെ അകന്നു നില്‍ക്കേണ്ടതാണ്. വേണ്ട, ചെയ്യേണ്ട എന്നു പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ മുന്നിലുണ്ടാകും. ഒരു നൂറു തടസങ്ങള്‍ ഉണ്ടാകും. പക്ഷേ എന്റെ അച്ഛനും അമ്മയും എന്തുകൊണ്ടോ അതിനെയെല്ലാം അതിജീവിച്ചു, വരുന്ന പോലെ വരട്ടെ എന്നു ചിന്തിച്ച് കുറേ യാത്രകള്‍ കൊണ്ടുപോയിട്ടുണ്ട്. യാത്രകള്‍ ക്രേസ് ആയ ഒരാള്‍ അല്ലെങ്കിലും ആ അനുഭവങ്ങളെല്ലാം എന്നെ പഠിപ്പിച്ചത് എനിക്കു ചുറ്റുമുള്ള മനുഷ്യരും ജീവജാലങ്ങളുമൊക്കെ എത്ര സഹാനുഭൂതിയോടെയാണ് എന്നോടു പെരുമാറുന്നതെന്നാണ്. എവിടെയെങ്കിലും വച്ച് എന്തെങ്കിലും തടസ്സമുണ്ടായാല്‍ നമ്മളറിയാത്ത അപരിചതരായ മനുഷ്യര്‍ സഹായത്തിനെത്താറുണ്ട്. ഇന്നോളം അതാണ് അനുഭവം.

കൗമാരം വരെ ഒരുപാട് വേദനകളിലൂടെയാണ് കടന്നുപോയത്. അതിനിടയില്‍ ചെയ്ത യാത്രകളാകട്ടെ ആ വേദനകളെ മറക്കാനുള്ളത് എന്ന പോലെ ആത്മീയവുമായിരുന്നു. കാഞ്ചീപുരം, കാശി, ഗോകര്‍ണം, കന്യാകുമാരി, തൃശൂര്‍, പാലക്കാട്, ഡല്‍ഹി, കോഴിക്കോട്, ബാംഗ്ലൂര്‍ അങ്ങനെയുള്ള ഇടങ്ങളിലുള്ള ദേവാലയങ്ങളിലേക്കായിരുന്നു യാത്രകള്‍ അത്രയും. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ചില മനുഷ്യര്‍ അവിടങ്ങളില്‍ കൈപിടിക്കാനുണ്ടായിരുന്നു. ദൈവത്തെ തൊഴുന്നതിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ കാണുന്നതിനോ ഒക്കെ അവര്‍ എന്റെ കൈപിടിച്ചു. അതൊക്കെയും ദയനീയമായ നോട്ടങ്ങളായിരുന്നില്ല. പ്രതീക്ഷകള്‍ തരുന്ന സ്‌നേഹമുള്ള ചേര്‍ത്തുനിര്‍ത്തലുകളായിരുന്നു. അതാണ് എനിക്ക് യാത്രകളെ പ്രിയങ്കരമാക്കിയത്. ഒരു നാലു വര്‍ഷമേ ആയിട്ടുള്ളൂ ഒരു ടൂര്‍ എന്ന രീതിയിലൊക്കെ ഒരു യാത്ര പോയി തുടങ്ങിയിട്ട്. അങ്ങനെ നോക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ളതായിരുന്നു കുറേ കൂടി സ്വാതന്ത്ര്യത്തോടെ ആഘോഷത്തോടെ ചെയ്ത ആദ്യ യാത്ര.

ഏട്ടനടുത്തേക്ക്

ചേട്ടന്‍ രാജേഷ് ബോസ്റ്റണിലാണു. ഏഴെട്ടു വര്‍ഷമായി അവിടെയാണു താമസം. എന്നാണിങ്ങോട്ടേക്കെന്ന് അവര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി. പല കാരണങ്ങള്‍ കൊണ്ടു അത് നീണ്ടുപോയി. ഇപ്പോള്‍ ചേട്ടന് രണ്ടാമതൊരു മകന്‍ കൂടി വന്നു. കുഞ്ഞിനെ കാണാനുള്ള യാത്ര ആദ്യ അമേരിക്കന്‍ യാത്ര കൂടിയായി. പതിനാലു മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്ര എന്നെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞില്ലേ വരുന്നതു പോലെ ആകട്ടെ എന്നൊരു ആറ്റിറ്റിയൂഡ് ആണ് ഞങ്ങള്‍ക്ക്. ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങിയിട്ടായിരുന്നു ബോസ്റ്റണിലേക്ക് പോകേണ്ടിയിരുന്നത്. അവിടെ ഇറങ്ങിയപ്പോള്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് ഒരു കണ്‍ഫ്യൂഷന്‍ വന്നു. അന്നേരവും വന്നു ഒട്ടും പ്രതീക്ഷിക്കാത്തൊരു മനുഷ്യന്‍. ഞാന്‍ സംസാരിക്കുന്നതൊക്കെ യുട്യൂബില്‍ കണ്ടിട്ടുണ്ട് എന്നു പറഞ്ഞിട്ട്. പിന്നീടുള്ള യാത്രയ്ക്ക് അദ്ദേഹമാണ് വഴികാട്ടിയായത്. 

വിറപ്പിച്ച മഞ്ഞ് മിയാമിയിലെ തെങ്ങുകള്‍

നാട്ടിലേതു പോലെ ഇവിടെയുമുണ്ടല്ലോ സാമൂഹിക പ്രതിബദ്ധതയുള്ള ഒത്തിരി നെറ്റ്‌വര്‍ക്കുകള്‍. അതിലൊന്നായിരുന്നു അടൂരിലെ ഒരു റീഹാബിലിറ്റേഷന്‍ സെന്ററിനു വേണ്ടി കംപാഷനേറ്റ് ഹാര്‍ട്ട് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ഒരു ഫണ്ട് റൈസിങില്‍ മുഖ്യപ്രഭാഷകയായി പങ്കെടുക്കാനായി. അതൊരു നല്ല അനുഭവമായിരുന്നു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നു അത്. അവിടെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സന്തോഷ് നായര്‍ എന്ന വ്യക്തിയാണ് ആ കൂട്ടായ്മയുടെ അമരക്കാരിലൊരാള്‍. അദ്ദേഹവും സഹപ്രവര്‍ത്തകരും വളരെ സ്‌നേഹത്തോടെയാണ് അവിടേക്ക് സ്വാഗതം ചെയ്തത്. എനിക്ക് സന്തോഷകരമായ രീതിയില്‍ സംസാരിക്കാനായതിനു കാരണവും അവര്‍ തന്നെയായിരുന്നു.

അങ്ങനെയുള്ള നെറ്റ്‌വര്‍ക്ക് പ്രോഗ്രാമുകളിലൂടെ കുടുംബ സുഹൃത്തായ വ്യക്തിയാണ് ബോബി ജോസഫ് അങ്കിള്‍. അദ്ദേഹത്തെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അവിടെ ഒരു മാസത്തെ സന്ദര്‍ശനത്തിനു വന്ന അങ്കിളുമായുള്ള കൂടിക്കാഴ്ചയാണ് മിയാമിയിലേക്ക് എത്തിച്ചത്. ഞാനും ചേട്ടനും കൂടിയായിരുന്നു യാത്ര. സത്യം പറഞ്ഞാല്‍ അമേരിക്കയിലെ എന്റെ കറക്കത്തിനുള്ള ക്രെഡിറ്റ് ഞാന്‍ അങ്കിളിനു നല്‍കും.

ജനുവരിയിലായിരുന്നു ബോസ്റ്റണില്‍ എത്തിയത്. മഞ്ഞു മൂടി മരങ്ങളുടെ ഒരില പോലും പുറത്തു കാണാനാകുമായിരുന്നില്ല. അത്രമേല്‍ തണുപ്പ്. നല്ല രസമാണ്. പക്ഷേ അതിനോട് ഇടപഴകി പരിചിതമാകാന്‍ കുറേ സമയമെടുക്കും നമുക്ക്. പ്രത്യേകിച്ച് എ്‌നിക്ക്. എന്റെ ഡോക്ടര്‍  മരുന്നും കുറിപ്പടികളും എഴുതി ഹാപ്പി ജേര്‍ണിയൊക്കെ പറഞ്ഞാണ് വിട്ടത്. അദ്ദേഹം പോലും എന്റെ യാത്ര ഏറ്റവും മനോഹരം ആകണം എന്നാഗ്രഹിച്ചിട്ടുണ്ടാക്കണം. അതുപോലെ തന്നെ സംഭവിച്ചു. ബോസ്റ്റണിലെ തണുപ്പില്‍ നിന്ന് മിയാമിയിലേക്കെത്തിയപ്പോള്‍ എനിക്ക് ഗോവ പോലെ തോന്നി. കാരണം അവിടെ തെങ്ങൊക്കെ ഉണ്ടായിരുന്നു. ഒരിലയും പൂവും കാണാതെ കുറേ നാള്‍ കഴിഞ്ഞൊരാള്‍ക്ക് ആ കാഴ്ച ഒരുപാട് സന്തോഷം നല്‍കി. ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയി അന്നേരം.

ഹെലന്‍കെല്ലര്‍ പഠിച്ച കോളജ്, സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി, ക്രൂസ് അ്ങ്ങനെ കുറേയിടങ്ങളില്‍ പോയി. നമ്മള്‍ പുസ്തകങ്ങളില്‍ കണ്ടുശീലിച്ച ഇടങ്ങളൊക്കെ, അതും ഒരിക്കലെങ്കിലും പോകും എന്നു കരുതാത്തിടമൊക്കെ എന്റെ കണ്ണിനു മുന്‍പിലങ്ങനെ നിന്നപ്പോള്‍ വിസ്മയമായിരുന്നു. എന്തായിരുന്നു ആ അനുഭൂതിയെന്ന് ശരിക്കും അറിഞ്ഞു. ഞാനീ മഞ്ഞിനെയൊക്കെ അതിജീവിച്ചത് നല്ലൊരു പനിയിലൂടെയായിരുന്നു. നമ്മള്‍ടെ നാട്ടിലാണെങ്കില്‍ ഈ പനിക്ക് ടെസ്റ്റുകളും ഇഞ്ചക്ഷനുമൊക്കെ ചെയ്യേണ്ടി വന്നേനെ. പക്ഷേ ഇവിടെ ഒരു 105 ഡിഗ്രി സെല്‍ഷ്യസിലെങ്കിലും പനി എത്താതെ ഡോ്ക്ടറിനടുത്തേക്കേ പ്രവേശനമില്ല. മരുന്നും റെസ്റ്റും എടുത്ത് പനി കുറയ്ക്കുന്നതായിരുന്നു ഇവിടത്തെ രീതി. ചില നേരം സങ്കടം തോന്നും. അങ്ങനെയുമുണ്ടായി ചില അനുഭവങ്ങള്‍.

അന്നേരം തോന്നിയത്

ഇന്ത്യയേയും പുറത്തെ രാജ്യങ്ങളേയും തമ്മില്‍ താരതമ്യപ്പെടുത്താന്‍ എനിക്കിഷ്ടമല്ല. പക്ഷേ എന്നെപ്പോലെ വീല്‍ചെയറില്‍ സഞ്ചരിക്കുന്നൊരാളിന് ഒരുപാട് സന്തോഷവും അതിനേക്കാളുപരി സുരക്ഷിതത്വവും തരുന്ന കാഴ്ചകളായിരുന്നു റോഡില്‍ നിറയെ. എല്ലായിടത്തും വീല്‍ചെയറുകള്‍ ഉണ്ടായിരുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ കരുതലിന്റെ സന്തോഷം ഒന്നുവേറെ തന്നെയല്ലേ. അതറിയുകയായിരുന്നു അവിടത്തെ വഴികളില്‍. അതുപോലൊരു സംവിധാനം ഇന്ത്യയിലുണ്ടായെങ്കിലെന്ന് ആഗ്രഹിച്ചു പോയി.

ചിലപ്പോള്‍ അങ്ങനെയാകാം

എവരിതിങ് ഹാസ് ഇറ്റ്‌സ് ഓണ്‍ സ്‌റ്റേറ്റ്...എന്നാണെന്റെ പക്ഷം. എന്റെ ഇൗ കണ്ടിഷന്‍ ഞാന്‍ ഇവിടം വിട്ട് പോകും വരെയും എനിക്കൊപ്പമുണ്ടാകും. അതിനെ എങ്ങനെ വിശേഷിപ്പിക്കണം അല്ലെങ്കില്‍ എന്തു പറയണം എന്നൊന്നും അറിയില്ല. അതിനൊപ്പം എവിടുന്നൊക്കെയോ കിട്ടിയ പ്രതീക്ഷകളിലൂടെ മുന്നോട്ടു പോകുന്നൊരാളാണ്. യാത്രകള്‍ അത്തരമൊരു അനുമാനത്തിലേക്കെത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്പലങ്ങളിലേക്കുള്ള യാത്രകളില്‍ അത് അനുഭവിക്കാറുണ്ട്. തടസ്സങ്ങള്‍ ഒത്തിരിയുണ്ടാകാറുണ്ട് മിക്കപ്പോഴും അമ്പലത്തിലേക്കുള്ള യാത്രകളില്‍. ചെറിയൊരു തട്ടല്‍ മതിയല്ലോ എല്ലുകള്‍ പൊട്ടാന്‍.

അങ്ങനെ മുടങ്ങിയ അമ്പല യാത്രകള്‍ ഒരുപാടുണ്ട്. മുകാംബികയില്‍ പോകണം എന്നു വലിയ ആഗ്രഹമായിരുന്നു. എല്ലാം റെഡിയായി, കാര്‍ യാത്രയൊക്കെ ആലോചിച്ച് ഇങ്ങനെയിരിക്കുമ്പോഴാണ് ചെറിയൊരു പൊട്ടലുണ്ടാകുന്നത്. എന്നിട്ടും അതുംവച്ച് യാത്ര ചെയ്തു. നേരത്തെ പറഞ്ഞ് റിസ്‌ക് എടുക്കാനുള്ള ധൈര്യമാണ് അന്നേരം തുണയായയത്. കൊട്ടിയൂര്‍ അമ്പലത്തില്‍ പോകുന്നതിന്റെ തലേന്ന് യാത്ര മുടക്കാനെന്നോണം കാറിനുള്ളില്‍ വച്ച് ചെറിയൊരു അപകടമുണ്ടായി. അന്നേരം വേദനയും സങ്കടവുമല്ല തോന്നിയത്, നിനക്കിപ്പോള്‍ ഇവിടെ വരാന്‍ സമയമായിട്ടില്ല, നിന്നെ ഉള്‍ക്കൊള്ളാന്‍ ഇവിടെയിപ്പോള്‍ പരിമിതികള്‍ ഉണ്ട് എന്നൊക്കെ ആരോ പറയുന്ന പോലെ തോന്നും. ചിലപ്പോള്‍ ഞാന്‍ തന്നെ എന്നോടു പറയുന്നെയാകും. അതെന്തായാലും അത്തരം മുടങ്ങിപ്പോകലുകള്‍ സങ്കടമായി വന്നിട്ടില്ല. അതും ഒരു അനുഭവം, പുനരെഴുത്ത് ആയിട്ടൊക്കെയാണ് തോന്നാറ്. 

ബീച്ച് എനിക്കുള്ളതല്ലെന്നറിയാം പക്ഷേ...

ബീച്ചിലെ കളി കാണുന്നതിനേക്കാളിഷ്ടം വെറുതെയിങ്ങനെ നോക്കിയിരിക്കാനാണ്. എത്ര കണ്ടിരുന്നാലും എനിക്കു മതിവരില്ല. ബീച്ചുകള്‍ എനിക്കുള്ളതല്ലെന്ന് അറിയാമെങ്കിലും ആ കാഴ്ച തരുന്ന അനുഭവങ്ങളില്‍ മധുരം മാത്രമാണ്. നാട്ടിലെ കുറച്ച് ബീച്ചുകളില്‍ അച്ഛനും അമ്മും എന്നെ എടുത്തോണ്ട് പോയിട്ടുണ്ട്. അതുപോലൊരു സാഹചര്യം ഇവിടെയുണ്ടാകുമോ എന്നായിരുന്നു ചിന്ത. ഇവിടത്തെ മണലും ഒരുപാട് വ്യത്യസ്തമാണല്ലോ. പക്ഷേ എന്റെ വീല്‍ചെയറില്‍ പിടിച്ച് എനിക്കൊപ്പം വന്നവര്‍ ഇനി ഇത്തിരി ദൂരമല്ലേയുള്ളൂ എന്നു പറഞ്ഞ് കുറേ ദൂരം കൊണ്ടുപോയി.

കുസൃതി നിറഞ്ഞ അവിടത്തെ കടലും അവിടയെത്തുന്ന മനുഷ്യരും ഇപ്പോഴും കണ്‍മുന്നിലങ്ങനെ തന്നെയുണ്ട്. നാട്ടിലാണെങ്കില്‍ എനിക്കേറ്റവും ഇഷ്ടം കോവളം, പോണ്ടിച്ചേരി, പിന്നെ ധനുഷ്‌കോടി എന്നീ കടല്‍ത്തീരങ്ങളാണ്. റോഡിലെ വീല്‍ചെയറുകള്‍ പോലെ വളരെ പോസിറ്റിവ് ആയി തോന്നിയൊരു കാര്യമായിരുന്നു തീയറ്ററിലെ റാമ്പുകള്‍. വീല്‍ചെയറിലെ ജീവിതങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ വന്‍ കെട്ടിടങ്ങളോ ടെക്‌നോളജിയോ ഒന്നും വേണ്ട. ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ മതി. നമ്മളെ കൂടി കൂടെചേര്‍ക്കുന്നു എന്നറിയുന്നതിനേക്കാള്‍ സന്തോഷം മറ്റെന്തുണ്ട്.

എന്നെ സംബന്ധിച്ച് വീട് തന്നെയാണ് ലോകം. അവിടെ കൂട്ടാകട്ടെ സിനിമകളും പാട്ടുകളും. പിന്നെ അതുവരെ ചെയ്ത യാത്രകളാകട്ടെ അധികവും ആശുപത്രികളിലേക്കും അമ്പലങ്ങളിലേക്കും. അങ്ങനെയുള്ള എനിക്ക് ഇവിടെ വന്നപ്പോഴും സിനിമയും പാട്ടും മറക്കാനാകില്ല. പ്രത്യേകിച്ച് സിനിമ. അങ്ങനെയാണ് പേരന്‍പ് കാണാന്‍ പോകുന്നത്. അതും അവിസ്മരണീയമായ അനുഭവമായി മാറി എനിക്ക്. ഇനിയൊരിക്കലും മറക്കാനാകാത്തൊരു സിനിമ കണ്ടു എന്നതിനപ്പുറം ആ തീയറ്റര്‍ എല്ലാവര്‍ക്കും കൂടി വേണ്ടിയൈാണ് പണി കഴിപ്പിച്ചിരിക്കുന്നത് എന്നു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നമ്മുടെ നാട്ടിലെ അധികം തീയറ്ററുകള്‍ക്ക് ഉള്ളിലും സീറ്റുകളെ വേര്‍തിരിക്കുന്നത് പടികളാണല്ലോ, അവിടെയാണെങ്കില്‍ സ്ലോപുകളാണ്. എന്നെപ്പോലെ വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്ക് ഒട്ടും ആയാസപ്പെടാതെ മറ്റെല്ലാവരെയും പോലെ പോയി സീറ്റിലിരിക്കാന്‍ കഴിയും അന്നേരം. നേരത്തെ റോഡുകളെ കുറിച്ച് പറഞ്ഞ പോലെ ഇങ്ങനെയൊന്ന് നമ്മുടെ നാട്ടിലും വന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.

ഐ ആം സോ ബ്ലെസ്ഡ് എന്നു തോന്നിപ്പോകുന്ന കുറേ നിമിഷങ്ങളാണ് യാത്രകള്‍ സമ്മാനിക്കുന്നത്. അമേരിക്കയിലേക്ക് ബാംഗ്ലൂരിലെ എനിക്കേറ്റവും പരിചിതമായ ചുറ്റുപാടുകള്‍ വിട്ട് കുറച്ചു നാളത്തേക്കെങ്കിലും പോരുമ്പോള്‍ മനസ്സില്‍ ഇത് ബോറാകുമോ, മഞ്ഞു നാളുകള്‍ പോലെ വരണ്ടതാകുമോ എന്നൊരു ആശങ്കയായിരുന്നു. പക്ഷേ ഇവിടം ആ ചിന്തകളെയെല്ലാം അസ്ഥാനത്താക്കി. ബോബി ജോസഫ് അങ്കിളിനെ പോലെ നിരവധിയാളുകളെ കണ്ടു. അവരുടെ ചിരികള്‍, വര്‍ത്തമാനങ്ങള്‍, വരൂ എന്ന വിളികള്‍, പോകാം എന്ന പറച്ചിലിലെ ആവേശം, അതു തരുന്ന ഊര്‍ജ്ജമൊക്കെ മറക്കാനാകില്ല.

എല്ലാ യാത്രകളും ഒരുപോലെയല്ല

എവിടേക്കാണോ പോകുന്നത് എങ്ങനെയാണോ പോകുന്നത് അത് വിചാരിച്ച പോലെ വിജയകരമായോ ഇല്ലയോ എന്നതിനേക്കാള്‍ എന്തു തന്നെയായാലും അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. ഒരിക്കല്‍ വൃന്ദാവനിലേക്കു യാത്ര പോയി. നല്ല ഇടുങ്ങിയ റോഡുകള്‍. റിക്ഷയില്‍ അല്ലാതെ പോകാനാകില്ല. എനിക്കു വേണമെങ്കില്‍ തിരിച്ചു പോകാമായിരുന്നു. പക്ഷേ ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല. റിക്ഷയില്‍ കയറി പോയി. എല്ലുകള്‍ പൊട്ടുമെന്നോ വേദനയാകുമെന്നോ ഒന്നും ചിന്തിച്ചില്ല. ചില നേരങ്ങളില്‍ മനസ്സിനെ പറത്തിവിടും എന്നു പറയാറില്ലേ അതുപോലെയായിരുന്നു അന്നേരം. അതങ്ങു പറന്നു ഞാനും കൂടെ പറന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തു രസമാണെന്നോ അതെല്ലാം..ജീവിതം പലതും നമുക്ക് മുന്‍പില്‍ വയ്ക്കും. അതിനുള്ളില്‍ ദുംഖമോ സന്തോഷമോ അനിശ്ചിതത്വമോ ഒക്കെയാകും. പക്ഷേ ചിരിച്ചു കൊണ്ട് അതിനൊപ്പം നീങ്ങിയാല്‍ അവയെല്ലാം നമുക്കുള്ള സന്തോഷക്കൂടാരമാകും എന്നാണെനിക്കു തോന്നുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA