sections
MORE

കുറഞ്ഞ ചെലവ്, മികച്ച സൗകര്യങ്ങൾ ; ഇന്ത്യയെ ക്ഷണിച്ച് ദുബായ്

dubai-Laguna-Water-park
SHARE

വിദേശ ടൂറിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇന്ത്യയുടെയും കേരളത്തിന്റെയും പ്രിയപ്പെട്ട നഗരം ഇപ്പോഴും ദുബായ് തന്നെ. ഇക്കൊല്ലം ഏപ്രിൽ വരെ ദുബായ് സന്ദർശിച്ചത് 5,64,836 ഇന്ത്യക്കാരെന്നു കണക്കുകൾ. കുറഞ്ഞ ചെലവ്, മികച്ച സൗകര്യങ്ങൾ, ഇന്ത്യയുമായുള്ള അടുപ്പം, സുരക്ഷിതത്വം, കേരളത്തിലേത് ഉൾപ്പെടെ തനിമയുള്ള ഇന്ത്യൻ രുചിക്കൂട്ടുകൾ ലഭ്യമാകുന്ന ഭക്ഷണശാലകൾ  തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കുന്നത്. പിന്നെ വിസ്മയിപ്പിക്കുന്ന, വിഭ്രമിപ്പിക്കുന്ന തീ പാർക്കുകളും  വാട്ടർ പാർക്കുകളും റൈഡുകളും ബീച്ചുകളും തരുന്ന അതിഗംഭീര അനുഭവവും ദുബായ്ക്കു പറക്കാൻ പ്രചോദനമാകുന്നുണ്ട്. 

ഇന്ത്യയിൽ ഈയിടെയായി നടക്കുന്ന ടൂറിസം മേളകളിൽ ദുബായ് ടൂറിസം വകുപ്പിന്റെ സജീവമായ സാന്നിധ്യമുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ദുബായ് ഫൂഡ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ്, മർമൂം ഒട്ടക ഓട്ട മൽസരം, ഹത്ത പൈതൃക ഗ്രാമം, ക്രൂസ് ടൂറിസം, ഇക്കോ ടൂറിസം, ദുബായ് സഫാരി, ദുബായ് ഫ്രെയിം തുടങ്ങിയവയെക്കുറിച്ചു കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ജോലി സ്ഥലത്തേക്കു പോകുമ്പോഴും വരുമ്പോഴും ഷോപ്പിങ്ങിനായി ദുബായിൽ ഇറങ്ങാറുണ്ട്.

ഞെട്ടിക്കും റൈഡുകൾ നിറച്ച് തീം പാർക്കുകൾ

ഏതു സീസണിലും ഏതു പ്രായക്കാർക്കും  ആസ്വാദ്യകരമാകുന്ന വാട്ടർപാർക്കുകളുടെയും തീം പാർക്കുകളുടെയും അഡ്വഞ്ചർ പാർക്കുകളുടെയും ആഗോള ഹബ് ആയി മാറാനുള്ള പരിശ്രമത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട് ദുബായ്. മധ്യപൂർവ ദേശത്ത്, ഇന്നേവരെ കാണാത്ത കാഴ്ചകളൊരുക്കിയിരിക്കുന്ന വാട്ടർ പാർക്കുകളിലേക്ക് വേനൽക്കാലത്ത് സഞ്ചാരികളുടെ പ്രവാഹമാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്നു പ്രസിദ്ധിയാർജിച്ച ഇൻഡോർ തീം പാർക്കുകളിലേക്ക് കാലം നോക്കാതെയാണ് സഞ്ചാരികളുടെ ഒഴുക്ക്. 

dubai-world-ride

ദുബായ് പാർക്സ്

മൂന്നു തീം പാർക്കുകളും ഒരു വാട്ടർ പാർക്കും ചേർന്ന അദ്ഭുത രാജ്യമാണ് ഇത്. ഹോളിവുഡ് ചിത്രങ്ങളും താരങ്ങളും പ്രമേയമാക്കി ഒരുക്കിയ തയാറാക്കിയിരിക്കുന്ന വിനോദകേന്ദ്രമാണ് മോഷൻഗേറ്റ്. ബോളിവുഡ് സിനിമകളും ഇന്ത്യയുമാണ് ബോളിഹുഡ് തീം പാർക്കിന്റെ പ്രമേയം. ബോളിവുഡ് സിനിമകളുടെ തൽസമയ ആവിഷ്കാരം, ഇതുമായി ബന്ധപ്പെട്ട റൈഡുകൾ, തീയറ്റർ സമുച്ചയങ്ങൾ ഇവയൊക്കെ ഈ തീംപാർക്കിന്റെ ആകർഷണങ്ങളാണ്.

എല്ലാദിവസവും ഇന്ത്യയുടെ തനതുകലാപരിപാടികളും ഇവിടെ അരങ്ങേറും. ചില ദിവസങ്ങളിൽ മലയാളം പരിപാടികളും ഉണ്ടാകാറുണ്ട്.  ലെഗോ ബ്രിക്സുകൾകൊണ്ടു കൗതുകക്കാഴ്ചകളും അതോടു ചേർത്തു സാഹസിക വിനോദങ്ങളും  ഒരുക്കിയിരിക്കുന്ന ലെഗോലാൻഡ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ദുബായുടെ മുഖമുദ്രകളായ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഡെസേർട് സഫാരി തുടങ്ങിയവ ലെഗോ ബ്രിക്സുകളിൽ നിർമിച്ച് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

സൂപ്പർ ഹീറോ ഐഎംജി വേൾഡ്

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് എന്ന വിശേഷണത്തോടെയാണ് ഐഎംജി വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ  സഞ്ചാരികളെ കാത്തിരിക്കുന്നത്. 15 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ഈ വിസ്മയക്കൂടാരം ഗ്ലോബൽ വില്ലേജിനു സമീപമാണ്. ദിനോസറുകളും സ്‌പൈഡർമാനും ഉരുക്കുമനുഷ്യനും എണ്ണമറ്റ കാർട്ടൂൺ കൂട്ടുകാരും തീംപാർക്കിൽ സന്ദർശകർക്ക് വ്യത്യസ്ത അനുഭവമാകും. ശബ്‌ദ – വെളിച്ച വിന്യാസങ്ങളുടെ അകമ്പടിയോടെ  വിവിധ തരം റൈഡുകളിൽ ചീറിപ്പായാനും പറന്നു നടക്കാനുമുള്ള അവസരമുണ്ട് ഇവിടെ.  ഏറ്റവും നൂതന സംവിധാനങ്ങളോടെ മൾട്ടിപ്ലെക്‌സുമുണ്ട്.

ഭക്ഷണവൈവിധ്യങ്ങളുമായി മുപ്പതോളം ഫുഡ് കോർട്ടുകളുണ്ട് ഐഎംജി വേൾഡിൽ ഉണ്ട്. പടുകൂറ്റൻ ദിനോസറുകളുടെ ലോകത്തിലൂടെ  സഞ്ചാരം സാധ്യമാക്കുന്ന പ്രദേശമാണ് ലോസ്‌റ്റ് വാലി സോൺ. നൂതന യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നമുക്കും ദിനോസറുകൾക്കും ഇവിടെ ചലിക്കാൻ കഴിയും. കാടുകൾ, തുരങ്കങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗം.

പാം അറ്റ്‌ലാന്റിസ് വാട്ടർ പാർക്ക്

അറ്റ്ലാന്റിസ് ഹോട്ടലിനോടനുബന്ധിച്ചാണ് വാട്ടർപാർക്ക് ഒരുക്കിയിരിക്കുന്നത്. 42 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ‘അക്വാവെഞ്ചർ’ എന്നറിയപ്പെടുന്ന വാട്ടർതീം വിനോദസൗകര്യങ്ങളാണ് അറ്റ്‌ലാന്റിസിന്റെ പ്രധാന ആകർഷണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം ‘ദ് അംബാസഡർ ലഗൂൺ’ എന്ന പേരിൽ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നൂറിലേറെ കടൽജീവികളെ കാണാം ഈ അക്വേറിയത്തിൽ.

dubailegoland-dubai

പതിനൊന്ന് ഏക്കറിലെ ഡോൾഫിൻ ബേ മറ്റൊരു പ്രത്യേകതയാണ്. വൈൽഡ് വാദി വാട്ടർ പാർക്ക്, ലഗൂണ വാട്ടർപാർക്ക്, ലാ മെർ ബീച്ച് ഇവയൊക്കെ പല തരത്തിലുള്ള അദ്ഭുതക്കാഴച തിരയടിക്കുന്ന  വിനോദ കേന്ദ്രങ്ങളാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA