ADVERTISEMENT

ടെസ്‌ലയുടെ സെൻട്രൽ കൺസോളിൽ െെകവിരലുകൾ കൊണ്ട് ചില കൂട്ടിക്കിഴിക്കലുകൾ നടത്തിയിട്ട് തമ്പി ആൻണി പറഞ്ഞു:‘നാപ്പാ വാലിയിലെ വീഞ്ഞറകളെല്ലാം കറങ്ങി തിരിച്ചു വീട്ടിലെത്തിയാലും 19 െെമൽ കൂടി ഒാടും’. തലേന്ന് രാത്രി സോക്കറ്റിൽ കുത്തിയിട്ടിരുന്നതിനാൽ ഫുള്‍ ചാർജിങ്ങിന്റെ ആയുർബലം. വലുപ്പത്തിൽ ബിഗ് സ്ക്രീൻ എൽഇഡികളെപ്പോലും വെല്ലുന്ന െസൻട്രൽ കൺസോളിൽ പടർന്നു കിടക്കുന്ന യാത്രാ മാപ്പ്, കാലാവസ്ഥ അടക്കമുള്ള വിവരണങ്ങൾ, തൊട്ടടുത്തുള്ള കട കമ്പോളങ്ങൾ, കാറിന്റെ മറ്റു സാങ്കേതിക വിവരങ്ങൾ എന്നുവേണ്ട സകലതും. ചോദിക്കുന്നതിനെല്ലാം മറുപടി തരുന്ന സൂപ്പർ കംപ്യൂട്ടറുകൾ  പോലും സുല്ലിടും.

Napa-Valley-trip3

നീണ്ട െെഡ്രവ് വേയിലൂടെ കുന്നിറങ്ങി ഒാട്ടമാറ്റിക് ഗേറ്റും പിന്നിലാക്കി വെളുത്ത ടെസ്‌ല മോഡൽ എക്സ്  റോഡിലേക്കു പ്രവേശിച്ചു. ലക്ഷ്യം നൂറിലധികം െെമലുകളകലെ നാപ്പാ വാലി എന്ന കലിഫോർണിയൻ െെവൻ ഈറ്റില്ലം. പ്രഭാത തണുപ്പിന്റെ സുഖശീതളിമയിൽ ഡാൻവിൽ എന്ന ചെറു പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങൾ പിന്നിട്ട് ടെസ്‌ല കുതിച്ചു. ശബ്ദമില്ല, അനക്കമില്ല, ഒഴുകിയങ്ങനെ പോകുന്നു. ചെറിയ കുന്നുകളും ദൂരെയായി മനോഹരമായ മലനിരകളും വെട്ടിയൊരുക്കിയ പുൽത്തകിടികളും ഫ്ലവർ ബെഡുകളും മറ്റും അതിരിടുന്ന കറുകറുത്ത ടാർ റോഡ്. വെളുത്തവർ മാത്രം അധിവസിക്കുന്ന ഡാൻവിലിന്റെ നഗരഹൃദയത്തിലേക്ക് ടെസ്‌ല എത്തിച്ചേർന്നു. യൂറോപ്യൻ നഗരങ്ങളെ അനുസ്മരിപ്പിക്കുന്ന പരമ്പരാഗത നിരത്ത് ഉണർന്നു വരുന്നതേയുള്ളൂ. െെവകിയുറങ്ങുന്ന നഗരം ഉണരണമെങ്കിൽ 11 മണിയെങ്കിലുമാകണം. നഗരഹൃദയം പിന്നിട്ട് എക്സ്പ്രസ് വേയിലേക്ക് നീങ്ങിത്തുടങ്ങി.

വീഞ്ഞിന്റെ രുചിയറിയാൻ

എഴുത്തുകാരനും നിർമാതാവും അഭിനേതാവുമൊക്കെയായ തമ്പി ആന്റണിയോടൊപ്പം രണ്ടാം ദിവസമാണ്. ആദ്യ ദിനം, മഞ്ഞണിയാത്ത കലിഫോര്‍ണിയയിലെ ഏക മഞ്ഞു മലയായ തഹോ തടാകക്കരയിലേക്ക് ഒരു കാർയാത്ര. മഞ്ഞും മഞ്ഞുരുകിയുണ്ടായ മനാഹര തടാകവും കണ്ടു മടക്കം. ഇന്ന് െെവനുകളുടെ നാടായ കലിഫോർണിയയിലെ മുന്തിരിത്തോപ്പായ നാപാ വാലിയിലേക്കാണ്. സ്ഥലങ്ങൾ കാണണം, പറ്റുന്നത്ര െെവനറി ടൂറുകളും വീഞ്ഞു രുചിക്കൽ സന്ദർശനങ്ങളും നടത്തണം, നാപ്പാ വാലി െെവൻ തീവണ്ടിയിൽ കയറണം. ഇത്രയൊക്കെയാണ് പരിപാടി. സ്റ്റെർലിങ് എന്ന െെവനറിയിലേക്കാണ് ആദ്യ യാത്ര. കാരണം ഈ തോട്ടത്തിൽ ഒരു റോപ് വേയുണ്ട്. അതിൽക്കയറി മുകളിലെത്തിയാണ് വീഞ്ഞു നിർമാണം കാണുക. ഇടയ്ക്കൊക്കെ രുചിക്കലും ആകാം.

sanfrancisco
സാൻഫ്രാൻസിസ്കോ നഗരം

െെഹവേയിൽ കയറിപ്പോൾ ടെസ്‌ല ഒാട്ടൊ മോഡിലേക്കിട്ടു. വേഗം സെറ്റ് ചെയ്ത് സ്റ്റീയറിങ്ങിൽ െെക വച്ച് ഇരുന്നാൽ മതി. ബാക്കിയെല്ലാം കാർ ചെയ്തോളും. ബ്രൗസ് ചെയ്യുകയോ മെസേജ് നോക്കുകയോ ഒക്കെയാവാം. അടുത്തുള്ള വാഹനങ്ങളും റോഡിലെ വരകളും ട്രാഫിക് ബോർഡുകളുമൊക്കെ സെൻസ് ചെയ്താണ് ടെസ്‌ലയുടെ പോക്ക്. റിലാക്സ് ചെയ്തു കൊണ്ട് തമ്പി ആൻറണി കലിഫോർണിയയുടെയും സാൻ ഫ്രാൻസിസ്കോയുടെയും ചെറു വിവരണം തന്നു. അമേരിക്കയിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ളതും ഏറ്റവുമധികം വരുമാനമുള്ളതുമായ പട്ടണമാണ് സാൻ ഫ്രാൻസിസ്കോ. ജീവിതച്ചെലവും കൂടുതൽ. കലിഫോർണിയയാണ് സ്റ്റേറ്റ്. എയ്റോനോട്ടിക് എൻജിനീയറിങ് മുതൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറിങ് വരെയുള്ള മേഖലകളിലെ ടോപ്പർ. ആപ്പിളിന്റെയും ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും ടെസ്‌ല ഇലക്ട്രിക് കാറിന്റെയുമൊക്കെ നാട്.

വിശുദ്ധ നഗരം

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരിലാണ് സാൻ ഫ്രാൻസിസ്കോ നഗരം. 1776 ൽ സ്പാനിഷ് കോളനിയായി. 1821 ൽ സ്െപയിനിൽനിന്നു സ്വാതന്ത്ര്യം നേടി മെക്സിക്കോയുടെ ഭാഗമായി. 1846 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒാഫ് അമേരിക്കയുമായി ലയിച്ചു. ഇതോടെ പ്രവാസി തൊഴിലാളികളിലൂടെ നഗരം എണ്ണത്തിൽ വളർന്നു. മെക്സിക്കോയിൽനിന്നു കുടിയേറി വന്നവരും െെചനീസ് റെയിൽവേ പണിക്കാരുമെല്ലാം ഇതിൽപ്പെടും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്ലേഗ് ബാധയും ഭൂമികുലുക്കവുമൊക്കെ സാൻഫ്രാൻസിസ്കോയെ പിടിച്ചു കുലുക്കിയെങ്കിലും നഗരം വീണ്ടും വളർന്നു പന്തലിച്ചു.

Napa-Valley-trip
നാപ്പാ വാലി ആരംഭിക്കുന്നത് ഇവിടെ

സാങ്കേതികത ഉയർന്നപ്പോൾ സിലിക്കൺ വാലിയുടെ പേരിലാണ് കലിഫോർണിയയും സാൻഫ്രാൻസിസ്കോയും അറിയപ്പെടുന്നത്. എന്നാൽ പ്രശസ്ത തൂക്കുപാലം ഗോൾഡൻ ഗേറ്റ് ബ്രിജും ഒരിക്കൽ അകപ്പെട്ടാൽ പുറംലോകം കാണാനാവാത്ത അൽകാട്രസ് തടവറ ദ്വീപും ഫിഷർമാൻസ് വാർഫും െെചനാ ടൗണും ക്രൂക്കഡ് സ്ട്രീറ്റുമൊക്കെ മറക്കാനാവാത്ത സാൻഫ്രാൻസിസ്കൻ ചിഹ്നങ്ങളാണ്. പലർക്കുമറിയില്ല ലിെെവസും ഡോൾബിയും ട്വിറ്ററും പിന്റ് റെസ്റ്റും ഊബറും വിക്കിപ്പീഡിയയും ഇതേ നഗരത്തിന്റെ സൃഷ്ടികളാണെന്ന്. പണ്ടൊരിക്കൽ ഈ നഗരക്കാഴ്ചകളെല്ലാം നേരിൽക്കണ്ടതുകൊണ്ടാണ് ഇത്തവണ തെല്ലു മാറ്റിപ്പിടിക്കുന്നത്. െെവനറികളുടെ സാൻഫ്രാൻസിസ്കോ വേറിട്ട കാഴ്ചയാണല്ലോ. 

വീഞ്ഞ്; കുപ്പിയിലെ കവിത

625810326
നാപ്പാ വാലിയിലേക്കുള്ള റോഡിന്റെ വശത്തെ കാഴ്ചകൾ

മുന്തിയ വീഞ്ഞിന്റെ നാടായ നാപ്പായിലേക്കുള്ള വഴിയിലേക്ക് കാർ തിരിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച നാപ്പാ വാലിയുടെ െെവൻ പാരമ്പര്യം യാതൊരു മുടക്കവുമില്ലാതെ തുടരുന്നു. ആദ്യകാലത്തുള്ള 150 ഒാളം വീഞ്ഞു നിർമാണ ശാലകളിൽ അധികമൊന്നും നിലച്ചു പോയിട്ടില്ല. നൂറ്റാണ്ടുകളുടെ ചരിത്രമായി വീഞ്ഞ് പുതിയ കുപ്പികളിൽ പതയുന്നു. കാലാവസ്ഥയാണ് മുന്തിരിപ്പാടങ്ങളുടെയും വീഞ്ഞിന്റെയും ഗുണമേന്മയുയർത്തുന്നത്. നാപ്പാ വാലി മികച്ച കാലാവസ്ഥ കൊണ്ട് അനുഗൃഹീതം. ആവശ്യത്തിനു തണുപ്പ്, വെയിൽ, മിതമായ ഹ്യുമിഡിറ്റി. ഇവയ്ക്കൊപ്പം ഫ്രാൻസിൽനിന്നും ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നുമൊക്കെ എത്തുന്ന മികച്ച മുന്തിരിവിത്തുകളും ആദ്യകാല മുന്തിരിക്കർഷകരുെട െെവദഗ്ധ്യവും കൂടിച്ചേർന്നപ്പോൾ നാപ്പാ താഴ്‌വരയിൽ നിർബാധം വീഞ്ഞൊഴുകി.

498993110
സ്റ്റെർലിങ്ങിലേക്കുള്ള പ്രവേശന പാത

വഴിയുടെ ഇരുവശത്തും ഇപ്പോള്‍ മുന്തിരിപ്പാടങ്ങളാണ്. വലിയ ഉയരമുള്ള ചെടികളല്ല ഇവിടെ. പോകുന്ന വഴിയിൽ കൂറ്റൻ ബോർഡ്. ‘കുപ്പിയിലടച്ച കവിതയാണ് വീഞ്ഞ്: ലോകത്തിലെ ഏറ്റവും മികച്ച വീഞ്ഞു േമഖലയിലേക്ക് സ്വാഗതം’. ഇറങ്ങിനിന്ന് ഒരു ചിത്രമെടുത്തു. ഈസ്റ്റർ ഞായറാഴ്ചയാണ്. വീഞ്ഞറകൾ പലതും തുറന്നിട്ടില്ലെങ്കിലും വിനോദ സഞ്ചാരികൾക്കു കുറവില്ല. ഉച്ച കഴിഞ്ഞാൽ കാറുകളുടെ എണ്ണം കൂടും. ഹോളി ഡേ ഹോമുകളിൽ വാരാന്ത്യം ചെലവിടുകയും വീഞ്ഞു നുകരുകയും ലക്ഷ്യം.

ആകാശത്ത് വീഞ്ഞു രുചിക്കൽ

വഴി തെറ്റാതെ ടെസ്‌ല സ്റ്റെർലിങ് െെവനറിയുടെ ഗേറ്റിനടുത്തെത്തിച്ചു. ഉള്ളിൽക്കടന്നാൽ മഞ്ഞ മന്ദാരങ്ങളെ അനുസ്മരിപ്പിക്കുന്ന തരം ചെടികൾ കൂടാരം തീർക്കുന്ന വഴിയിലൂടെ കുറെ സഞ്ചരിക്കണം. റിസപ്ഷനില്‍ വലിയ തിരക്കില്ല. 35 ഡോളറാണ് സാധാരണ നിരക്ക്. നാലു വീഞ്ഞു രുചിക്കലും കേബിൾ കാർ സവാരിയും െെവനറി സന്ദർശനവുമെല്ലാം ഉൾപ്പെടും. ഇതിലും കൂടിയ നിരക്കുണ്ട്, കാര്യങ്ങളെല്ലാം ഇതു തന്നെ. രുചിക്കുന്ന വീഞ്ഞ് കുറച്ചു കൂടി മുന്തിയതായിരിക്കുമെന്നു മാത്രം. ക്ലബ് മെമ്പർഷിപ് എടുത്താൽ വർഷത്തിൽ ഏതാനും തവണ സൗജന്യ സന്ദർശനമാകാം. വർഷം നിശ്ചിത കുപ്പി വീഞ്ഞ് വീട്ടിലെത്തും.

napa-valley-wine-bottle
നാപ്പാ വാലിയിൽ നിന്ന്

റിസപ്ഷനിൽനിന്നു പടികൾ കയറുന്നത് കേബിൾ കാറിലേക്കാണ്. ചെറിയ കാർ. നാലു പേർക്ക് ഇരിക്കാം. ഞങ്ങളുടെ കാർ റെഡിയായിക്കിടക്കുന്നു. കയറിയിരുന്നു കതകടച്ചാൽ ഓപ്പറേറ്റർമാർ തള്ളി വിടും. പിന്നെ കുത്തനെയൊരു കയറ്റമാണ്. ഏതാനും മിനിറ്റുകൾ നാപ്പാവാലിയുടെ മനോഹര കാഴ്ചകൾ താഴെയാക്കി മുകളിലേക്ക്. ആദ്യ സ്റ്റോപ്പിൽ നിന്ന് വീണ്ടും പടവുകൾ. നടന്നെത്തുന്നത് ഒരു റിസപ്ഷൻ ഏരിയയിലേക്ക്. അവിടെ െവൽക്കം ഡ്രിങ്ക്. ഏതോ ഒരു െെവറ്റ് െെവൻ. മുന്തിയ തരമാണത്രേ. െെവനുകളെപ്പറ്റി അത്ര പിടിയില്ലാത്തതിനാൽ രുചിച്ച് കപ്പുമായി ഫാക്ടറിക്കുള്ളിലേക്ക്. പലതരം പ്രോസസിങ് കഴിഞ്ഞ് െെവൻ ബാരലുകളായി എത്തുന്നയിടം വരെ. ഇടയ്ക്ക് രണ്ടിടത്തു കൂടി രുചിക്കൽ. രുചിച്ച വീഞ്ഞ് ഇഷ്ടപ്പെട്ടാൽ വാങ്ങാം. വിലക്കുറവുണ്ട്.

മുന്തിരി കൊടുത്താൽ വീഞ്ഞ്

െെവനറികൾക്കു മുന്തിരി നൽകിയാൽ വീഞ്ഞുണ്ടാക്കിത്തരുന്ന ഏർപ്പാടുമുണ്ടന്ന് തമ്പി ആൻറണി. പുത്രി നദിയും (മക്കളുടെയെല്ലാം പേരുകൾ വിഭിന്നമാണ്. നദി, സന്ധ്യ, കായൽ) ഭർത്താവു റോയിയും സ്വന്തം വീടിനു പിന്നിൽ വളർത്തിയെടുത്ത മുന്തിരി 350 കുപ്പി വീഞ്ഞായി ബ്രാന്‍ഡ് ചെയ്ത് വിലയുമിട്ട് കിട്ടിയ കാര്യം അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം ബാരലുകളിൽ വച്ചിട്ടാണ് നൽകുന്നത്. ഇത് വിൽക്കാൻ പാടില്ല, സ്വന്തം ഉപയോഗത്തിനു മാത്രം. വീട്ടു പേരായ ചെരുവിൽ െെവൻസ് എന്ന ബ്രാൻഡിൽ സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കും ധാരാളം െെവൻ.

napa-city
പൗരാണികത നിലനിർത്തുന്ന നാപ്പാ നഗരം

അവസാന വീഞ്ഞു രുചിക്കൽ കൗണ്ടറിലെ ബെയറർ ഒരു ഇന്ത്യാ പ്രേമിയാണ്. താജ് മഹലിനെയും ഷാജഹാന്റെ സ്നേഹത്തെയും ഗോവയിലെ ബീച്ചുകളെയും പറ്റി ഞങ്ങളെ പഠിപ്പിച്ച് അവിടെയൊക്കെയൊന്നു പോകണമെന്ന ആഗ്രഹമറിയിച്ച് വീഞ്ഞൊഴിച്ചു. കേരളത്തെപ്പറ്റി എന്തായാലും അങ്ങേർ കേട്ടിട്ടില്ല. അപ്പർ ഡെക്ക് ഏരിയയാണിവിടം. പുറത്തൊക്കെ നല്ല കാഴ്ച. ഇവിടെയൊരു റസ്റ്ററന്റുമുണ്ട്. കുറേസമയം ചെലവഴിച്ച് തിരിച്ചു കേബിൾ കാറിലേറി താഴേക്ക്. ഇറങ്ങിപ്പോകുന്നിടത്ത് ടി ഷർട്ടുകൾ പെട്ടിയിലിട്ടിരിക്കുന്നു. സന്ദർശകർക്ക് എടുക്കാം. തൂവെള്ള നിറം. സ്റ്റെർലിങ് ബ്രാൻഡിങ്ങുണ്ട്. രണ്ടെണ്ണം എടുത്തു. വീട്ടിലെത്തി നോക്കിയപ്പോഴാണ് ഡബിൾ എക്സ് എൽ. രണ്ടാൾക്കു കയറാം. വീഞ്ഞു രുചിക്കുന്ന കപ്പും നമുക്കുള്ളതാണ്. 

നൂറ്റാണ്ടുകൾ പിന്നോട്ട്

ഉച്ചയോടെ മടക്കയാത്ര തുടങ്ങി. അതിനു മുമ്പ് ഭക്ഷണത്തിനായി നഗരഹൃദയത്തിലേക്ക്. നാപ്പാ നഗരം പൗരാണിക ഭംഗി നിലനിർത്തുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ കൗണ്ടി സ്ഥാനം ലഭിച്ച നാപ്പാ അമേരിക്കയിലെ പുരാതന കൗണ്ടികളിലൊന്നാണ്.  പൗരാണികത കൊത്തിവച്ചിട്ടുള്ള വാസ്തുവിദ്യ. പഴയതെങ്കിലും ആഢ്യത്തമുള്ള കെട്ടിടങ്ങൾ. ഒരു റസ്റ്ററന്റിൽ കയറി ക്ലബ് സാൻഡ്‌വിച്ച് ഒാർഡർ ചെയ്തു. കൂട്ടിന് നാപ്പാ വീഞ്ഞും. ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന റസ്റ്ററന്റ്. കറുത്തവരായി ഞങ്ങൾ മാത്രം. തൊട്ടടുത്ത ടേബിളിൽ 80 പിന്നിട്ട മൂന്നു സ്ത്രീകൾ സൊറ പറഞ്ഞിരിക്കുന്നു. ഇവിടെയിങ്ങനെയാണ്. മക്കളാരും കൂടെയെന്നല്ല അടുത്ത സ്ഥലങ്ങളിലെങ്ങും കാണില്ല. ചിലർക്ക് മക്കളെവിടെയെന്നു പോലുമറിയില്ല. ആരോഗ്യമുള്ളത്ര വീട്ടിൽ സ്വന്തമായി കഴിച്ചു കൂട്ടും. വയ്യാതാകുമ്പോൾ അവസാന കാലം സീനിയർ കെയർ ഹോമിൽ. ഇതിനിടെയുള്ള നല്ല മുഹൂർത്തങ്ങളിലൊന്നാണ് അവർ റസ്റ്ററന്റിൽ ചെലവിടുന്നത്. ബാക്കി വന്ന ഭക്ഷണം പാക്കറ്റിലാക്കി സ്ത്രീകൾ സ്ഥലം വിട്ടു. വെയ്റ്റർ കൊച്ചിന് കെട്ടിപ്പിടിച്ചൊരു മുത്തവും കനത്ത ടിപ്പും സമ്മാനം. ക്ലബ് സാൻഡ്‌വിച്ച് വന്നു. ഒരൊറ്റ സാൻഡ്‌വിച്ച് രണ്ടു പേർ കഴിച്ചാലും തീരില്ല.

napa-train
നാപ്പാ വാലിയിലെ ട്രെയിൻ

പുറത്തിറങ്ങി നഗരമൊക്കെയൊന്നു ചുറ്റിയടിച്ചു. ധാരാളം െെവൻ ഷോപ്പുകൾ. എല്ലാം പാരമ്പര്യം ചോരാത്ത രീതിയിൽ. റോഡിൽ കാറുകൾ ഇല്ലെങ്കിൽ രണ്ടു നൂറ്റാണ്ട് പിന്നോട്ടു പോയെന്നു തോന്നും. ഇടയ്ക്കൊരു ബോംബെ ഹോട്ടൽ. ഇന്ത്യക്കാരുടേതാവണം. വിവിധ വിഭാഗങ്ങൾക്ക് ഇങ്ങനെ താമസമൊരുക്കുന്ന ഹോം സ്റ്റേകൾ മുതൽ വൻ ഹോട്ടലുകൾ വരെ ഇവിടുത്തെ ബിസിനസാണ്. ഇടയ്ക്കൊരു െെവൻ ഷോപ്പിൽ കയറി. ഒരു കുപ്പി വീഞ്ഞു പോലും വാങ്ങിയില്ലെങ്കിലും കടയിലെ ഏക സ്റ്റാഫ് കലിഫോർണിയയുടെ വീഞ്ഞു പാരമ്പര്യം മുഴുവൻ പറഞ്ഞു തന്നു. അതാണ് സായിപ്പ്. ഈ െെവനറി ജർമൻ രീതിയാണ് പിന്തുടരുന്നത്. പഴയ ചിട്ടകൾക്കൊന്നും പൊടി പോലും മാറ്റമില്ലാതെ പിന്തുടരുന്നു.

∙വീഞ്ഞ് കൂകിപ്പായുന്നു 

napa-valley-train1
നാപ്പാ വാലിയിലെ ട്രെയിനുകളിലൊന്നിന്റെ ഉൾവശം

ഈ യാത്രയിലെ വലിയൊരു നഷ്ടം നാപ്പാ വാലി െെവൻ ട്രെയിനാണ്. രണ്ടു മുതൽ ആറു വരെ മണിക്കൂർ നീളുന്ന െെവൻ ടൂറുകളുണ്ട്. ദിവസം രണ്ടോ മൂന്നോ സർവീസ് മാത്രം നടത്തുന്ന ട്രെയിൻ അപ്പോഴേക്കും രണ്ടാം സർവീസും തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ളത് രാത്രി സർവീസാണ്. കാത്തിരിക്കണം. റിസർവേഷൻ ഒഴിവുമില്ല. വളരെ മുമ്പു തന്നെ സീറ്റ് റിസർവ് ചെയ്യണം. 100 ഡോളർ മുതൽ നിരക്ക് ആരംഭിക്കുന്നു. പിന്നൊരിക്കലാവാം ഈ യാത്ര എന്നു വയ്ക്കുകയേ നിവൃത്തിയുള്ളൂ. 

നാപ്പാ വാലിയിൽനിന്ന് സെയ്ന്റ് ഹെലേന വരെ 60 കിലോമീറ്റർ സർവീസ്. കലിഫോർണിയയിലെ ആദ്യകാല വ്യവസായി സാമുവൽ ബ്രണ്ണൻ 1864 ൽ ആരംഭിച്ചതാണ് ഈ റെയിൽ റോഡ്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽനിന്ന് വിനോദസഞ്ചാരികളെ സ്വന്തം റിസോർട്ട് നഗരമായ കാലിസ്റ്റോഗോയിലെത്തിക്കുകയായിരുന്നു ദൗത്യം. ഇന്നും ഈ തീവണ്ടി വിനോദസഞ്ചാരികളെ വഹിക്കുകയാണ്. ഇടക്കാലത്ത് സർവീസ് നിന്നുപോയെങ്കിലും പുതിയ രൂപത്തിൽ 1989 മുതൽ ഈ തീവണ്ടി വീഞ്ഞു സന്ദർശനങ്ങളൊരുക്കുന്നു.

നാപ്പാ വാലിയുടെ ചരിത്രത്തിലുടെയും ഭൂമിശാസ്ത്രത്തിലൂടെയുമുള്ള ഒരു തീവണ്ടിയാത്രയാണിത്. പഴമയുടെ ആഡംബരം നില നിർത്തുന്ന കോച്ചുകൾ. കോച്ചുകൾക്കൊക്കെ കലിഫോർണിയൻ െെവനുകളുടെ പേരാണ്. യാത്രയിലുടനീളം ആവശ്യത്തിന് വീഞ്ഞ് സൗജന്യം. പാക്കേജ് അനുസരിച്ച് ഒരു നേരം മുതൽ 4 നേരം വരെ ഭക്ഷണം. തിരഞ്ഞെടുക്കപ്പെട്ട െെവനറികളിൽ ടൂർ. ചരിത്ര പ്രധാനമായ സ്ഥലങ്ങളിൽ പിറ്റ് സ്റ്റോപ്പ്. എല്ലാം കഴിഞ്ഞ് വീഞ്ഞിന്റെ ഉന്മാദത്തിൽ ആദ്യകാല കലിഫോർണിയൻ സംസ്കാരം അയവിട്ട് മടക്കം. ആവി എൻജിനുകൾ ക്ലാസിക് ഡീസൽ എൻജിനുകൾക്കു വഴിമാറി. കലിഫോർണിയൻ റെയിൽവേയിൽനിന്നു വാങ്ങിയ ക്ലാസിക് എൻജിനുകളാണിവ.

മടക്കയാത്ര ഹ്രസ്വമായി തോന്നി. വീട്ടിൽ പാർക്ക് ചെയ്ത ടെസ്‌ലയുടെ കൺസോളിൽ നോക്കിയപ്പോൾ ഇനിയും ഒാടും 60 െെമൽ...

∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 

സാൻഫ്രാൻസിസ്കോയ്ക്ക് നേരിട്ടു ടിക്കറ്റ് ലഭിക്കും. മടക്ക ടിക്കറ്റിന് 60000 രൂപ മുതൽ വില. യുഎസ് ബി 1, ബി 2 വീസയുണ്ടെങ്കിൽ യാത്രയാകാം. ടൂർ പ്ലാൻ ചെയ്ത് വിവരങ്ങൾ കാണിച്ച് അപേക്ഷിച്ചാൽ വീസ ലഭിക്കും. 5 ദിവസമെങ്കിലും വേണം കലിഫോർണിയയിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടു മടങ്ങാൻ. സാധാരണ ഘോഷിക്കപ്പെടുന്ന കാഴ്ചകൾക്കു പുറമേ തഹോ തടാകക്കാഴ്ചയും നാപാ വാലി െെവൻ ടൂറും ഉൾപ്പെടുത്തുന്നത് വ്യത്യസ്തമായിരിക്കും. െെവൻ തീവണ്ടി യാത്ര നേരത്തെ ഇന്റർനെറ്റ് വഴി ബുക്ക് ചെയ്യണം. വാഹന പ്രേമിയാണെങ്കിൽ ടെസ്‌ല ഫാക്ടറി ടൂർ ആകാം. ബുക്കിങ് വെബ് വഴി. ടെക്കിയാണെങ്കിൽ ഗൂഗിളിൽ ഒന്നു പോകാം. സ്റ്റോറിൽനിന്ന് എന്തെങ്കിലും വാങ്ങി ഒാർമയ്ക്കായി സൂക്ഷിക്കാം. ബുക്കിങ് വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com