ADVERTISEMENT

ഡർബനിലെ നാഗരിക കാഴ്ചകളുടെ ഒടുവിൽ നേരെ ഫ്ലൈറ്റ് കയറിയത് സൗത്ത് ആഫ്രിക്കയുടെ ഗതകാല ചിത്രങ്ങളുടെ വലിയൊരു ശേഖരമായ കേപ്പ് ടൗണിലേയ്ക്കായിരുന്നു. കൊളോണിയൽ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും മാറാതെ കിടക്കുന്ന ഭാഗമാണ് ആഫ്രിക്കയുടെ ഈ തെക്കേമുനമ്പ്. ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയും, അങ്ങനെ മനസ്സിലാക്കാന്‍ ഏറെയുള്ളൊരു നാട്! അങ്ങോട്ടുള്ള യാത്രയില്‍ത്തന്നെ കുറേ അറിവുകള്‍ കിട്ടി. ഒപ്പം കുറച്ചു വര്‍ഷം മുന്നേ കേരളത്തില്‍നിന്ന് ‘ഇന്റ‍ർനാഷനൽ മീറ്റിങ് ഓഫ് കമ്യൂണിസ്റ്റ് ആൻഡ് വർക്കേഴ്സ് പാർട്ടീസ്’ നു വന്ന ചില അതിഥികളുടെയും രസകരമായൊരു കഥ പറഞ്ഞു ജ്യോതിഷ്.

african-trip-Table-mountain1

ദരിദ്ര രാഷ്ട്രമായ ആഫ്രിക്കയിലെക്കാണല്ലോ പോകുന്നത്, പ്ലെയിന്‍ ഇറങ്ങിയാല്‍ കാട്ടിലേക്കാവും, റോഡ്‌ പോലും ഇല്ലാത്ത നാടല്ലേ..! പട്ടിണി കിടക്കുമെന്നു പേടിച്ച് അരി, പലവ്യഞ്ജനം തുടങ്ങി പാത്രങ്ങള്‍ വരെ പൊതിഞ്ഞുകെട്ടിയാണത്രേ അവര്‍ ചെന്നത്. അവിടെ ചെന്നപ്പോളെന്താ കഥ, നമ്മുടെ നാടിനേക്കാള്‍ വികസനം! സത്യത്തില്‍ അവിടത്തെ റോഡുകളും പൊതുഇടങ്ങളുമൊക്കെ ഇവിടത്തെക്കാള്‍ എത്ര നന്നായിരിക്കുന്നു എന്നത് ഞങ്ങള്‍ക്കും അദ്ഭുതമായിരുന്നു. എവിടെ ചെന്നാലും വീല്‍ചെയറില്‍ ഉള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍, ആദ്യ പരിഗണന. അവിടെ ഞങ്ങള്‍ താമസിച്ചത് അങ്ങനെ സൗകര്യമുള്ള, അടുക്കള കൂടി ഉൾപ്പെടുന്ന ഒരു കോട്ടേജിലായിരുന്നതിനാൽ പാചകമൊക്കെ സ്വയം ആയിരുന്നു. ധാരാളം കാര്യങ്ങള്‍ സംസാരിച്ചും അറിഞ്ഞും, അതൊരു മനോഹരമായ അനുഭവം തന്നെയായിരുന്നു. ഒപ്പം, വിശ്രമിക്കാനും യാത്ര ചെയ്യാനും അതിനു വേണ്ട പദ്ധതിയിടാനും ഒക്കെയുള്ള  സമയവും കിട്ടി.

(എന്നെ സംബന്ധിച്ച് തുടര്‍ച്ചയായ യാത്രകളില്‍ വിശ്രമം വളരെ പ്രധാനമാണ്.)  മൂന്നു ദിവസമായിരുന്നു കേപ്പ് ടൗണിൽ പ്ലാൻ ചെയ്തിരുന്നത്. സൗത്ത് ആഫ്രിക്കയിലെ ഞങ്ങളുടെ അവസാന മൂന്നു ദിവസങ്ങൾ. പക്ഷേ തിരികെപ്പോകുന്നതിനെപ്പറ്റിയുള്ള ചിന്ത ജൊഹാനസ്ബർഗിൽ എത്തുന്നതു വരെയും പിടികൂടിയില്ല എന്നതാണ് സത്യം. 

african-trip-Table-mountain

ടേബിൾ മൗണ്ടൻ കേപ്പ് ടൗണിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ്. ഫ്ലൈറ്റിൽ ഇരിക്കുമ്പോഴേ താഴെ കാണാമായിരുന്നു തലയുയർത്തി നിൽക്കുന്ന മലനിരകൾ. അതിന്റെ ഇടയിലൂടെ ഒഴുകുന്ന പച്ച നിറമുള്ള ജലാശയം. അതിന്റെ അപ്പുറത്ത് വിശാലമായ കടൽ. തെളിഞ്ഞ കാലാവസ്ഥയാണെങ്കിലേ ടേബിൾ മൗണ്ടനിലേക്കു പ്രവേശനം ഉണ്ടാകൂ. എപ്പോഴാണ് മേഘങ്ങള്‍ വന്നു മൂടുന്നത് എന്നു പറയാന്‍ സാധിക്കില്ല. ഒരു മേശ പോലെ മുകള്‍ഭാഗം പരന്നുകിടക്കുന്ന ടേബിള്‍ മൗണ്ടന്‍ പലപ്പോഴും ഓറോഗ്രാഫിക് ക്ലൗഡ്സ് എന്നറിയപ്പെടുന്ന കട്ടിയുള്ള മേഘങ്ങളാല്‍ മൂടപ്പെടും. കടലിലെ ഈര്‍പ്പമുള്ള കാറ്റില്‍നിന്നു രൂപംകൊള്ളുന്ന ഈ മേഘപടലത്തെ അവര്‍ വിളിക്കുന്നത് ടേബിള്‍ ക്ലോത്ത് എന്നാണ്! പലർക്കും ദിവസങ്ങളോളം കാത്തുനിന്നിട്ടും മേഘങ്ങൾ മൂടിക്കിടക്കുന്നതുകൊണ്ട് മലമുകളിൽ കയറാൻ കഴിയാതെ തിരിച്ചുപോകേണ്ടി വരാറുണ്ട്.

കഴിഞ്ഞ തവണ ബന്ധുക്കളെയും കൊണ്ട് വന്നപ്പോഴും ടേബിൾ മൗണ്ടൻ കാണാൻ കഴിഞ്ഞില്ലെന്ന് ജ്യോതിഷ് പറയുക കൂടി ചെയ്തപ്പോൾ ഞങ്ങൾക്കും ആശങ്കയായി. ഇനിയൊരിക്കലും ഇത്തരമൊരു യാത്ര നടക്കുമോ എന്നുറപ്പില്ല, അതുകൊണ്ട് ഇത് ഞങ്ങളുടെ അവസരമാണ്, പക്ഷേ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം പ്രതീക്ഷയ്ക്കു വക നൽകുന്നതായിരുന്നു. കഴിഞ്ഞ ദിവസം വരെ മേഘങ്ങൾ കൊണ്ടു നിറഞ്ഞ ടേബിൾ ടോപ്പ് ഇന്ന് തെളിഞ്ഞിരിക്കുന്നു. സന്തോഷം! പിന്നെ താമസിച്ചില്ല, പെട്ടെന്ന് തയാറായി ഞങ്ങൾ ടേബിൾ മൗണ്ടന്റെ താഴെയെത്തി.

എൻട്രൻസിനു വളരെ മുന്നേ തന്നെ കണ്ടു, റോഡിന്റെ ഒരു സൈഡില്‍ അറ്റമില്ലാതെ നീണ്ടു കിടക്കുന്ന, പേര് അറിയുന്നതും അറിയാത്തതുമായ ഒരുപാടു വാഹനങ്ങളുടെ നിര. മുകളിലേക്കു നോക്കിയപ്പോൾ ആണ് ആ മലയുടെ വന്യമായ ഭംഗി മനസ്സിലാകുന്നത്. ആയിരത്തിലധികം മീറ്റർ ഉയരമുള്ള മലനിരകൾ കടലിനോടു ചേർന്നു നിൽക്കുകയാണ്.  ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂ കണ്ടപ്പോള്‍ എല്ലാവരും ഒന്നു പകച്ചു. മൂന്നു ദിവസത്തെ മൂടലിനു ശേഷമുള്ള തെളിഞ്ഞ ദിനമാണ്.

african-trip-cable-car

അതുകൊണ്ടുതന്നെ സഞ്ചാരികളുടെ തിരക്കാണ്. രണ്ടുപേര്‍ ടിക്കറ്റ് എടുക്കാനായി പോയി. ആ ക്യൂവിൽ നിന്നാൽ അന്നത്തെ ദിവസം ഒന്നും കാണാൻ പോകുന്നില്ലെന്ന് ഉറപ്പിച്ചു ഞങ്ങള്‍ ബാക്കിയുള്ളവര്‍ സൈഡില്‍ സായിപ്പന്മാരെയും മദാമ്മമാരെയും നോക്കിയിരുന്നപ്പോഴാണ് അവടത്തെ ഒരു സെക്യൂരിറ്റി വന്നു ടിക്കറ്റെടുക്കാൻ വിളിക്കുന്നത്. വീൽ ചെയറിൽ ഉള്ളവർക്ക് ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ടത്രേ. അവർക്ക് പ്രത്യേകം ടിക്കറ്റ് നൽകുന്ന സംവിധാനമുണ്ട് . കോളടിച്ചല്ലോ എന്ന മട്ടിൽ, ടിക്കറ്റെടുക്കാന്‍ പോയവരെ ക്യൂവിൽ നിന്നു വിളിച്ചിറക്കി അടുത്ത നിരയിലേക്ക് കയറി നിന്നു.

റാംപുള്ളത് സംഗതി എളുപ്പമാക്കി. കൂടെ നിന്നവരെ കൊണ്ട് വീൽ ചെയർ തൊടാൻ ഒപ്പം വന്ന ആൾ അനുവദിച്ചില്ല, സ്റ്റാഫ്‌ ഒണ്‍ലി എന്നെഴുതിയ ഏതൊക്കെയോ വഴിയിലൂടെ അയാള്‍ ഞങ്ങളെ മുകളില്‍ എത്തിച്ചു. മുഴുവൻ സമയവും അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. കേബിൾ കാർ കാത്തിരിപ്പ് മുറിയിലും നീണ്ട ക്യൂ മറികടന്ന് ഏറ്റവും മുന്നിലെത്തിച്ചു. ചെറിയ അഹങ്കാരത്തോടെ ഞാനും കൂളിങ് ഗ്ലാസ് എടുത്തു വച്ച് എല്ലാവരെയും ഒന്ന് നോക്കി. പിന്നല്ല! ഈ ചാന്‍സ് എപ്പോഴും കിട്ടില്ലല്ലോ.

african-trip-waterfront

ഒരേസമയം ഒരുപാടു പേർക്ക് കയറാവുന്ന, താഴെനിന്നു കണ്ടപ്പോള്‍ കരുതിയതിലും വലുതായിരുന്നു കേബിള്‍കാര്‍. റോപ്പ് വേ ചലന സംവിധാനമാണ്, ഒന്ന് മുകളിലേക്ക് പോകുമ്പോള്‍ മറ്റൊന്ന് താഴേക്ക്‌ വരും. "ഇതിന്റെ മുകൾ വശം ഒരു ടേബിളിന്റെ ആകൃതിയിലാണ്, അവിടെ നിറയെയുള്ള പാറകളിൽ  ക്വാർട്സ് എന്ന ധാതുവുണ്ട്".... അതിനുള്ളിലെ ഗൈഡ് ടേബിൾ മൗണ്ടന്റെ പ്രത്യേകതകൾ വിശദീകരിച്ചുകൊണ്ടിരുന്നു. സൈഡില്‍ തന്നെ ഇരിക്കാന്‍ പറ്റിയതു കൊണ്ട് താഴെയുള്ള മനോഹര കാഴ്ച ആസ്വദിച്ച് ഞങ്ങള്‍ മുകളിലേക്ക്..

നിറയെ കുന്നുകളും പാറക്കഷ്ണങ്ങളും വലിയൊരു ഉദ്യാനവും നിറഞ്ഞ മനോഹരമായ ടേബിൾ ടോപ്പ് ഞങ്ങളെ എതിരേറ്റു. അതുവഴിയുള്ള വീൽ ചെയർ യാത്ര അത്ര അനായാസമായിരുന്നില്ല, എല്ലായിടങ്ങളിലൊന്നും പോകാൻ കഴിയുമായിരുന്നില്ല എങ്കിലും ഒരു മേശ പോലെ ഇരിക്കുന്ന ആ മലയുടെ മുകളിൽ മുക്കാൽ ഭാഗത്തും പോകാൻ കഴിഞ്ഞു. മലയുടെ മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ പരന്നങ്ങു കിടക്കുന്ന വലിയ കടൽ- അറ്റ്ലാന്റിക് .ഹോ, എന്തു മനോഹരമായൊരു കാഴ്ചയായിരുന്നു അത്.

ടേബിൾ മൗണ്ടൻ നാഷനൽ പാർക്കും ഈ മലനിരകളുടെ ഭാഗമാണ്, ധാരാളം ധാതുക്കളും വൃക്ഷങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തെ ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്. മേഘങ്ങള്‍ നമ്മളെ തൊട്ടുരുമ്മി പോകുന്നു. ഫോട്ടോ എടുത്തും കാഴ്ചകള്‍ കണ്ടും കറങ്ങി നടന്നു മടുത്തപ്പോള്‍ ഞങ്ങൾ ചെറിയ തണലില്‍ ഇരുന്ന്, ഉണ്ടാക്കിക്കൊണ്ടു വന്ന ചപ്പാത്തിറോൾ പങ്കിട്ടു കഴിച്ചു. ആകാശത്തെ തൊട്ട് തണുത്ത കാറ്റിൽ ഇരുന്ന്, സ്വയമുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ! ടേബിൾ ടോപ്പിൽ നിന്ന് ഓർമയ്ക്കായി കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും വാങ്ങിയാണ് ഞങ്ങൾ മലയിറങ്ങിയത്. മികച്ച ആതിഥേയരായിരുന്നു ടേബിൾ മൗണ്ടനിലെ അപരിചിതരായ ആ ഉദ്യോഗസ്ഥർ.

african-trip-Wheelchair-lifter

തിരികെ പോന്നിട്ടും താമസിക്കുന്ന ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ അടുത്തായി കാണാം ടേബിൾ മൗണ്ടന്റെ മലകൾ. ഉച്ച തിരിഞ്ഞപ്പോഴേക്കും അവ പതുക്കെ മേഘങ്ങൾ കൊണ്ട് മൂടിത്തുടങ്ങി. എത്ര സത്യമാണ് ഞങ്ങൾ കേട്ടത് എന്ന് ചിന്തിച്ചു പോയി. മണിക്കൂറുകൾ കൊണ്ട് ടേബിൾ മൗണ്ടൻ പൂർണമായും മേഘത്തിനുള്ളിൽ പെട്ട് അപ്രത്യക്ഷമാകുന്നതും കണ്ടപ്പോൾ എന്താണ് ഈ പ്രതിഭാസത്തെ 'മേശവിരി' എന്ന് വിളിക്കുന്നത് എന്ന് നേരിട്ട് കണ്ടു. ഏതായാലും അന്നത്തെ ഞങ്ങളുടെ സമയം നല്ലതായിരുന്നു എന്നുറപ്പായി. 

അന്നുതന്നെ വൈകുന്നേരം സമയം കളയാതെ വി ആൻഡ് എ വാട്ടർ ഫ്രണ്ടേജ് കാണാൻ പോയി. വലിയ ക്രൂസ് കപ്പലുകളുടെ നീണ്ടനിര. ആഫ്രിക്കയുടെ തനത് കലാരൂപങ്ങൾ വിൽക്കുന്ന ഒരു ഷോപ്പിൽ കയറി ഞങ്ങളുടെ യാത്രയെ ഓർമപ്പെടുത്തുന്ന കുറെ സമ്മാനങ്ങൾ വാങ്ങി ബാഗ് നിറച്ചു. ഏറ്റവും രസകരമായ ഒരു അനുഭവം ഓർത്തെടുക്കാതെ വയ്യ. നെൽസൺ മണ്ടേലയുടെ ചിത്രങ്ങളും ഓർമക്കുറിപ്പുകളും ടയറുകളും ഇപ്പോഴും സൂക്ഷിച്ചു വച്ച മണ്ടേല ഗേറ്റ്‌വേ ടു റോബിന്‍ ഐലൻഡിൽ വീല്‍ചെയറുകൾക്ക് എവിടെയും പോകാൻ സൗകര്യമുണ്ട്, പക്ഷേ ഉള്ളിലേക്കു കടക്കാൻ ടിക്കറ്റ് എടുക്കേണ്ട സ്ഥലത്തു മാത്രം നാലോ അഞ്ചോ സ്റ്റെപ്പുകള്‍ ഉണ്ട്. എന്നാൽ സ്റ്റെപ്പുകളുടെ അറ്റത്തായി ഒരു പ്രത്യേക യന്ത്രസംവിധാനം.

കണ്ടപ്പോൾ തന്നെ മനസ്സിലായി വീൽചെയർ വഴി താഴേക്കു പോകുന്ന ട്രാൻസ്ഫർ ഉപകരണമാണത്. അതിന്റെ ഉപയോഗം കാണുന്നതിനായി സെക്യൂരിറ്റിയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷം. സാധാരണ ആരും അതങ്ങനെ ഉപയോഗിക്കാറില്ല. ഒരാൾ ഉപയോഗിക്കാൻ വന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയ ശേഷം താക്കോൽ ഉപയോഗിച്ച് അദ്ദേഹം യന്ത്രം അൺഫോൾഡ് ചെയ്തു. സെക്യൂരിറ്റി സ്വയം വീൽചെയർ ഉന്തി അതിലെ നിരപ്പുപ്രതലത്തിൽ കൊണ്ടു വച്ച് പ്രവർത്തിപ്പിച്ചു. കേവലം അഞ്ചു സ്റ്റെപ്പുകൾക്ക് വേണ്ടിയാണ് ലക്ഷങ്ങൾ വിലയുള്ള ഈ യന്ത്രം അവിടെ സ്ഥാപിച്ചിരിക്കുന്നത്. അതാണ് അമ്പരപ്പിച്ചത്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കാര്യത്തിൽ അത്ര സൂക്ഷ്മമായ കരുതൽ ആഫ്രിക്കൻ സർക്കാർ എടുക്കുന്നുണ്ടെന്നതിൽ സന്തോഷം തോന്നി. 

അവിടെ നിന്നിറങ്ങി വൈകുന്നേരത്തെ കടൽക്കാഴ്ചകളും കണ്ടു പാഷൻഫ്രൂട് കോള കോക്ക്ടെയിലും നുണഞ്ഞു ഞങ്ങൾ താമസസ്ഥലത്തേക്കു മടങ്ങി. 

അങ്ങനെ ആദ്യ ദിവസം തന്നെ ടേബിള്‍ മൗണ്ടന്‍ കവർ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും ഉള്ളിൽ. അടുത്തുള്ള ടവറിലെ കാലാവസ്ഥ പോയിന്റ് 8 ഡിഗ്രി ആയിരുന്നു. കാറ്റടിക്കുമ്പോള്‍ സീറോ ഡിഗ്രി ഫീലാണ്. മുറിക്കുള്ളിൽ പക്ഷേ തണുപ്പും ചൂടും ഇടകലർന്ന സുഖകരമായ അവസ്ഥയായിരുന്നു. നാളത്തെ യാത്ര എഴുപതു കിലോമീറ്റര്‍ അകലെയുള്ള ചരിത്ര പ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ്പിലേക്ക്... ഉള്‍ഗ്രാമങ്ങളിലൂടെയും കടല്‍ത്തീരങ്ങളിലൂടെയും ഒക്കെയുള്ള ആ ത്രസിപ്പിക്കുന്ന യാത്രയുടെ ത്രില്ലില്‍ ഞങ്ങളുറങ്ങിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com