ADVERTISEMENT

ബാൾക്കൻ ഡയറി : അദ്ധ്യായം 5 

ബോട്ട് ജെട്ടിയുടെ പ്ലാറ്റ് ഫോമും കോഫി ഷോപ്പുകളും 

ഡാന്യൂബ് നദിയിലെ ബോട്ട് സവാരിക്കായി ഞാനടങ്ങുന്ന വിദേശികളുടെ സംഘം ബോട്ടുജെട്ടിയിലേക്ക് നടക്കുകയാണ്. ഈ ബോട്ടുജെട്ടിയെ വെറുമൊരു ബോട്ടുജെട്ടിയായി എഴുതിത്തള്ളാനാവില്ല. നദിയിലേക്ക് ഇറക്കി നിർമ്മിച്ച കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിന്റെ അങ്ങേയറ്റത്താണ് ജെട്ടി. 500 മീറ്ററിലധികം നീളമുള്ള പ്ലാറ്റ്‌ഫോമിൽ നിറയെ കോഫിഷോപ്പുകളും ഹോട്ടലുകളും ബാറുകളുമാണ്. അതിമനോഹരമായ രീതിയിലാണ് ഇവയുടെ ഡിസൈൻ. ബെൽഗ്രേഡ് നഗരവാസികൾ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ എത്തുന്ന സ്ഥലമാണിത്. ഡാന്യൂബ് നദിയിലെ ഓളങ്ങൾ നോക്കി, കാറ്റേറ്റിരുന്ന് കാപ്പിയോ ബിയറോ കഴിക്കാൻ പറ്റിയ 'ആംബിയൻസ്'. ഇപ്പോൾ സമയം 5.35 ആയി. കഫേകൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആ കാഴ്ചകൾ ക്യാമറയിൽ പകർത്തി ഞാൻ സംഘത്തോടൊപ്പം നടന്നു.

ബോട്ട്‌ജെട്ടിയോടടുത്തപ്പോൾ ഏതാനും ബോട്ടുകൾക്കിടയിൽ ഞങ്ങൾക്ക് പോകേണ്ട ബോട്ട് കണ്ടു. അത് തിരിച്ചറിയാൻ എളുപ്പമാണ്. കാരണം, ആമയുടെ രൂപമാണ് ബോട്ടിന്. ടൊർട്ടോയ്‌സ് അഥവാ ആമ എന്നു തന്നെയാണ് ബോട്ടിന്റെ പേര്. എന്നെ ആകർഷിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. നമ്മുടെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുടെ അതേ കളർ തീമാണ് ആമ ബോട്ടിനും. മഞ്ഞ, ചുവപ്പ് നിറങ്ങൾ. ആളുകൾ ഇരിക്കുന്ന ക്യാബിനിൽ നെടുനീളത്തിൽ കണ്ണാടി ജനലുകളുണ്ട്. കൂടാതെ പിന്നിലും മുന്നിലും വിശാലമായ ഡെക്കുമുണ്ട്.

ബോട്ട് ജെട്ടി 
ബോട്ട് ജെട്ടി 

ഞാൻ പിന്നിലെ ഡെക്കിൽ സ്ഥാനം പിടിച്ചു. എല്ലാവരും കയറിക്കഴിഞ്ഞപ്പോൾ ബോട്ട് പുറപ്പെട്ടു. ഡാന്യൂബിന്റെ ഓളങ്ങൾ കീറിമുറിച്ച് ,മെല്ലെയാണ് ബോട്ടിന്റെ പോക്ക്. അല്പദൂരം ചെന്നപ്പോൾ പിന്നിൽ കലമെദാൻ കുന്നും കോട്ടയും ദൃശ്യമായി. നഗ്ന മനുഷ്യന്റെ പ്രതിമയും പൂർണ്ണരൂപത്തിൽ കാണാം, ബോട്ടിൽ നിന്നു നോക്കുമ്പോൾ. 

നദിയിൽ നിന്നുള്ള കലമേദാൻ കുന്നിന്റെയും കോട്ടയുടെയും ദൃശ്യം  8.ആമ ബോട്ടിന്റെ ഉൾഭാഗം 

ഇപ്പോൾ ഇടതുവശത്ത് കണ്ടൽകാടുകളാണ് കാണുന്നത്. വലതുവശത്ത് ഇൻഡസ്ട്രിയൽ ഏരിയയാണ്. നിസാൻ പോലുള്ള വാഹന നിർമ്മാണ കമ്പനികളുടെ യാർഡുകളും ദൃശ്യമായി. ബോട്ട് നഗരം പിന്നിട്ടു കഴിഞ്ഞു. ഇരുവശവും കണ്ടൽ കാടുകൾ പ്രത്യക്ഷപ്പെട്ടു. ബോട്ടിനുള്ളിൽ ഗൈഡ് മൈക്കിലൂടെ കടന്നു പോകുന്ന കാഴ്ചകൾ വിവരിക്കുന്നുണ്ട്. 'വലതുവശത്ത് കണ്ടൽ കാടുകളുടെ ഉള്ളിലായി കാണുന്ന ചെറുവീടുകൾ മുക്കുവരുടേതാണ്. സംരക്ഷിത പ്രദേശമായ കണ്ടൽ കാടുകളിൽ വീടു നിർമ്മാണം അനുവദനീയമല്ല. പക്ഷേ എത്രതവണ പൊളിച്ചു കളഞ്ഞാലും മുക്കുവർ വീണ്ടും അവിടെ വീട് പണിയും'-ഗൈഡ് വിശദീകരിച്ചു.

നിയമം അനുസരിക്കുന്ന കാര്യത്തിൽ ഇന്ത്യൻ രീതികളാണോ സെർബിയക്കാർ പിന്തുടരുന്നത് എന്ന് സംശയം തോന്നി,മുക്കുവരുടെ കഥ കേട്ടപ്പോൾ. എന്തായാലും കണ്ടൽകാടുകൾക്കിടയിൽ അമ്പതോളം വീടുകൾ തലപൊക്കി നിൽപ്പുണ്ട്. വീടുകളെന്നു പറയാനാവില്ല. തടിക്കാലുകളിൽ ഉയർത്തി നിർത്തിയ കുടിലുകളാണ്.

കണ്ടൽ കാടിനുള്ളിലെ മുക്കുവ കുടിലുകൾ

നേരെ എതിർവശത്ത് ഒരു നദി ഡാന്യൂബിലേക്ക് ഒഴുകി വരുന്നതു കണ്ടു. സാവ നദിയാണത്. ഡാന്യൂബിന്റെ 31 പോഷകനദികളിലൊന്നായ സാവ ഡാന്യൂബിൽ ചേരുന്ന സുന്ദരമായ ദൃശ്യമാണത്. ഇപ്പോൾ ബോട്ട് ഇടതുവശത്തേക്ക് തിരിഞ്ഞു. വലതുവശത്ത് കാണുന്നത് ബെൽഗ്രേഡ് നഗരത്തിന്റെ മറ്റൊരു ഭാഗമാണ്. ഇടതുഭാഗത്ത് കണ്ടൽകാടുകളുടെ ദൃശ്യം തുടരുന്നു. അരയന്നങ്ങൾ ഡാന്യൂബിൽ നീന്തിത്തുടിക്കുന്നുണ്ട്. ഇടയ്ക്ക് ചെറു ബോട്ടുകളിൽ മുക്കുവർ മീൻപിടുത്തത്തിനായി പോകുന്നതു കാണാം.

നഗരത്തിന് വട്ടംചുറ്റിയ ബോട്ട് ഞങ്ങൾ പുറപ്പെട്ട ബോട്ടുജെട്ടിക്കരികിലെത്തി. എന്നാൽ ഇവിടെ സ്റ്റോപ്പില്ല. ഇതുവരെ പോകാത്ത നഗരഭാഗങ്ങളിലേക്കാണ് ഇനി ബോട്ട് ചലിക്കുന്നത്. ഇനിയുള്ള കാഴ്ച പാലങ്ങളുടേതാണെന്ന് ഗൈഡ് പറഞ്ഞു. ഡാന്യൂബ് - സാവ നദികൾക്കു കുറുകെ ബെൽഗ്രേഡ് നഗരത്തിൽ മാത്രം 11 പാലങ്ങളുണ്ട്.

ഡാന്യൂബ് നദിയിലെ ബോട്ട് ക്രൂയിസിനിടെയുള്ള കാഴ്ചകൾ

പഴയ നഗരം ഡാന്യൂബ് നദീ തീരത്തെ കുന്നിൽ കിലോമീറ്ററുകളോളം നീളത്തിൽ പരന്നുകിടക്കുന്നത് അതിസുന്ദരമായ കാഴ്ചയാണ്. പള്ളികളുടെ മണിമേടകളും ചുവന്ന ടൈൽ പതിച്ച മേൽക്കൂരകളുള്ള  പഴയ കെട്ടിടങ്ങളും ഇടയ്ക്കിടെ തിളങ്ങുന്ന സ്വർണ്ണതാഴികക്കുടങ്ങളുമൊക്കെ നദിയിൽ പ്രതിഫലിക്കുന്നത് കണ്ടു നിന്നുപോകും.ഇതാ, ഡാന്യൂബിനു കുറുകെയുള്ള ആദ്യത്തെ പാലം. ഇതിന്റെ പേര് ബ്രാങ്കോ പാലമെന്നാണ്. 1976ൽ നിർമ്മിക്കപ്പെട്ട പാലം. താരതമ്യേന പുതിയതാണെന്നു പറയാം. കാരണം, ഡാന്യൂബിനു കുറുകെ ബെൽഗ്രേഡിൽ ആദ്യപാലം നിർമ്മിക്കപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിലാണ്.

ആമ ബോട്ടിന്റെ ഉൾഭാഗം 

ബ്രാങ്കോ പാലത്തിന്റെ ആദ്യകാലത്തെ പേര് സൂയിസൈഡ് ബ്രിഡ്ജ് എന്നായിരുന്നു. നഗരവാസികൾ ആത്മഹത്യ ചെയ്യാനായി തെരഞ്ഞെടുത്തിരുന്ന പാലമാണിത്. ആകെ 40 പേർ ബ്രാങ്കോ പാലത്തിൽ നിന്നു ചാടി മരണത്തെ പുൽകിയിട്ടുണ്ട്.

ഇരുമ്പിൽ നിർമിച്ച റെയിൽവേ പാലം 

ബ്രാങ്കോ പാലം പണിയുന്നതിനു മുമ്പ് ഇവിടെ ഒരു പാലമുണ്ടായിരുന്നു. കിങ് അലക്‌സാണ്ടർ പാലമെന്നായിരുന്നു അതിന്റെ പേര്. തൊട്ടടുത്തു കാണുന്ന ഓൾഡ് സാവ പാലം  നിർമ്മിക്കാൻ കിങ് അലക്‌സാണ്ടർ പാലം പൊളിച്ച ഇരുമ്പു തൂണുകൾ ഉപയോഗിച്ചിട്ടുണ്ട്. 

നദീതീരത്തെ കണ്ടൽ കാട്

1942ൽ ജർമ്മൻ അധിനിവേശ കാലത്ത് നിർമ്മിക്കപ്പെട്ട പാലമാണ് ഓൾഡ് സാവ ബ്രിഡ്ജ്. ജർമ്മൻ അധിനിവേശത്തിന്റെ സ്മാരകമായി നിലനിൽക്കുന്ന ഏകപാലം കൂടിയാണിത്. പാലത്തിലൂടെ ട്രാമും ബസ്സുമൊക്കെ നീങ്ങുന്നുണ്ട്.ഇപ്പോൾ പഴയ നഗരം പിന്നിട്ട് ബോട്ട് പുതിയ നഗരത്തിന്റെ കാഴ്ചകളിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വമ്പൻ കെട്ടിടങ്ങൾ നദീ തീരത്ത് പ്രത്യക്ഷപ്പെട്ടു. ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളുമൊക്കെ പണിതു കൊണ്ടിരിക്കുന്നതും കാണാം. സെർബിയയുടെ സാമ്പത്തിക രംഗത്തുണ്ടായ പുത്തനുണർവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ബ്രാങ്കോ പാലം

ഇതാ, മുന്നിൽ കാണുന്ന ഇരുമ്പുപാലമാണ് ഗസേല പാലം. പഴയ നഗരത്തെയും പുതിയ നഗരത്തെയും ബന്ധിപ്പിക്കുന്ന പാലം 1970ൽ നിർമ്മിച്ചതാണ്. പ്രതിദിനം 1.65 ലക്ഷം വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. ഇരുമ്പിൽ നിർമ്മിച്ച റെയിൽവേ പാലമാണ് ഇനി പിന്നിടാനുള്ളത്. ഇത് വലിയ ചരിത്രമുള്ള പാലമാണ്. 1884ൽ തീവണ്ടി ഗതാഗതത്തിനായി നിർമ്മിക്കപ്പെട്ട ഈ പാലം സെർബിയയിലെ ആദ്യ റെയിൽവേ ലൈനിന്റെ ഭാഗമാണ് . രണ്ട് ലോകമഹായുദ്ധങ്ങളിലും ഈ പാലം തകർക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റെയിൽപാത എന്ന നിലയിൽ എന്നും ശത്രുക്കളുടെ കണ്ണിലെ കരടായിരുന്നു ഈ പാലം.

ഗസേല പാലം 

അടുത്തതും അവസാനത്തേതുമാണ് ആധുനിക ബെൽഗ്രേഡിന്റെ അടയാളമായി കണക്കാക്കപ്പെടുന്ന തൂക്കുപാലം. അഡ ബ്രിഡ്ജ്. 2012ൽ നിർമ്മിക്കപ്പെട്ട അഡ പാലത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ചൈനയിൽ നിർമ്മിച്ച് നെതർലാൻഡിലെ റോട്ടർ ഡാമിലെത്തിച്ച്, അവിടെ നിന്ന് റൈൻ-ഡാന്യൂബ് നദികളിലൂടെ ബെൽഗ്രേഡിലെത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു. 8600 ടൺ ഭാരമുള്ള മെയിൻസ്പാനിൽ 80 സ്റ്റേ കേബിളുകൾ തൂക്കിയിട്ടതുപോലെയാണ് പാലത്തിന്റെ ഡിസൈൻ.

നദിയിൽ നിന്നുള്ള കലമേദാൻ കുന്നിന്റെയും കോട്ടയുടെയും ദൃശ്യം   

റെയിൽവേ ലൈനും റോഡും ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. തുർക്കിയിൽ നിന്ന് ഏഷ്യയിലെത്താൻ ഈ പാലം കടന്നേ പറ്റൂ എന്നതാണ് അഡ ബ്രിഡ്ജിന്റെ പ്രാധാന്യം. അഡ പാലത്തിന്റെ നിർമ്മാണ കാലത്തെ വിഷ്വലുകളെല്ലാം കോർത്തിണക്കി  ഡിസ്‌കവറി ചാനൽ 'ബിൽഡ് ഇറ്റ് ബിഗ്ഗർ' എന്നൊരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്.

അടുത്തടുത്ത് നാല് പാലങ്ങൾ 

ആധുനിക കാലത്തെ എഞ്ചിനീയറിംഗ് അത്ഭുതമായാണ് വിദഗ്ദ്ധർ അഡ പാലത്തെ വിശേഷിപ്പിക്കുന്നത്. അഡ പാലത്തിന്റെ താഴെ വെച്ച് ബോട്ട് വട്ടംകറങ്ങി 'യു'ടേൺ എടുത്തു. റിവർക്രൂയിസിന്റെ ഒരു വശത്തേക്കുള്ള യാത്ര അവസാനിക്കുകയാണ്. ഇനി  വന്ന വഴിയിലൂടെ  തിരികെ ബോട്ടുജെട്ടിയിലേക്ക്.

പാലത്തിലൂടെ ട്രാം കടന്നു പോകുന്നു 

ഇരുട്ട് പരന്നു തുടങ്ങി.. നല്ല തണുപ്പുണ്ട്. നദീതീരത്തെ കെട്ടിടങ്ങളിൽ ലൈറ്റ് തെളിഞ്ഞു . ഇപ്പോൾ ബെൽഗ്രേഡ് നഗരം കൂടുതൽ സുന്ദരമായിരിക്കുന്നു. നഗരത്തിന്റെ യഥാർത്ഥ ഭംഗി ബോധ്യപ്പെടുന്നത് ഇപ്പോഴാണ്. കലമെദാൻ കുന്നും ഫോർട്ടും പഴയ നഗരവുമെല്ലാം ദീപപ്രഭയിൽ മുങ്ങി നിൽക്കുന്നു.

തിരിച്ചെത്തി ബോട്ടുജെട്ടിയിൽ ഇറങ്ങിയപ്പോൾ നദീതീരത്തെ കഫേകളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഏറെയും ചെറുപ്പക്കാരാണ്. കോഫിയും ബിയറും മോന്തിക്കൊണ്ട് സൊറ പറഞ്ഞിരിക്കുകയാണവർ. ഞാൻ സഹയാത്രികരോട് യാത്രപറഞ്ഞ് ഹോട്ടലിലേക്ക് നടന്നു.  ബെൽഗ്രേഡിലെ, സെർബിയ എന്ന രാജ്യത്തെ, എന്റെ അവസാന രാത്രിയാണ്. നാളെ രാവിലെ എന്റെ നൂറാമത്തെ രാജ്യമായ ബോസ്‌നിയയിലേക്ക്  പുറപ്പെടേണ്ടതാണ്.. ബോസ്നിയയുടെ  തലസ്ഥാനമായ സരയോവിലേക്കുള്ള ബസ് രാവിലെ 7.30 ന് ബെൽഗ്രേഡ് ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com