sections
MORE

യാത്ര ടിക്കറ്റുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് വേണം, ഇതൊരു ബോസ്‌നിയൻ യാത്ര

SHARE

ബാൾക്കൻ ഡയറി 

അദ്ധ്യായം 7 

രാവിലെ 7 മണിക്ക് ബെൽഗ്രേഡ് ബസ് സ്റ്റേഷനിലെത്തി. തൊട്ടടുത്ത രാജ്യമായ ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോയിലേക്ക് പുറപ്പെടുന്ന ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ബസ് 7.15നേ പ്ലാറ്റ്‌ഫോമിലെത്തൂ എന്ന് ഇൻഫർമേഷൻ ഓഫീസിലെ പെൺകുട്ടി പറഞ്ഞു. പ്ലാറ്റ്‌ഫോമിലെത്തി ബസ്സിൽ കയറാൻ ഒന്നര യൂറോയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കണമെന്നും അവൾ അറിയിച്ചു. എനിക്ക് അതൊരു പുതിയ അറിവായിരുന്നു.

യാത്ര ചെയ്യാനുള്ള ടിക്കറ്റ് കൈയ്യിലുണ്ടെങ്കിൽ പിന്നെ പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്തിന്! പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ഇവിടെ അതാണ് പതിവ്. പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്ത്, പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചു. എല്ലാ ബസ്സുകളും എപ്പോഴും ബസ്‌സ്റ്റേഷനിൽ കാത്തു കിടക്കുന്ന രീതി ബെൽഗ്രേഡിലില്ല. പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പേ ബസ് 'സ്റ്റാന്റ് പിടിക്കൂ.' ഇവിടെ നിന്ന് യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും ബസ് സർവീസുണ്ട്. ജർമ്മനി, സ്വിറ്റ്‌സർലണ്ട്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

എന്റെ ബസ് 10-ാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെന്ന് അറിയിപ്പ് കേട്ടു. ഏറെ താമസിയാതെ ബസെത്തി. ഞാനുൾപ്പെടെ നാലു പേരെ കയറാനുള്ളു. ഞാൻ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനുള്ള സൗകര്യത്തിന് ഡ്രൈവറുടെ തൊട്ടുപിന്നിലെ വിൻഡോ സീറ്റിൽ സ്ഥാനം പിടിച്ചു. കൃത്യം 7.30ന് ബസ് പുറപ്പെട്ടു. രണ്ടു ദിവസങ്ങളിലായി ഞാൻ അലഞ്ഞു നടന്ന നഗരഭാഗങ്ങളിലൂടെയെല്ലാം ബസ് സഞ്ചരിച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ നഗരം പിന്നിട്ടു. നാലുവരിപ്പാതയുടെ ഇരുവശത്തും കൃഷിയ്ക്കായി  ഒരുക്കിയിട്ടിരിക്കുന്ന പാടങ്ങൾ പ്രത്യക്ഷപ്പെട്ടു. മഞ്ഞുകാലം കഴിഞ്ഞാലുടൻ കൃഷി ആരംഭിക്കുന്ന പാടങ്ങളാണിവ.

മികച്ച റോഡുകൾ, ഫ്‌ളൈ ഓവറുകൾ എന്നിവ ബെൽഗ്രേഡിന്റെ പ്രത്യേകതകളാണ്. പല തവണ യുദ്ധത്തിൽ നശിച്ചുപോയ രാജ്യമാണിത് എന്നാലോചിക്കുമ്പോൾ സെർബിയക്കാരുടെ ഇച്ഛാശക്തിയെ നമ്മൾ നമിച്ചു പോകും. എത്ര പെട്ടെന്നാണ് യുദ്ധത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു ആധുനിക നഗരം അവർ കെട്ടിപ്പൊക്കിയത്! ഇപ്പോൾ സാമ്പത്തികമായും നല്ല നിലയിലാണ് സെർബിയ.

രണ്ടുമണിക്കൂർ ഓടിക്കഴിഞ്ഞ് പ്രധാന ഹൈവേ വിട്ട് ബസ് ഗ്രാമപാതകളിലേക്ക് പ്രവേശിച്ചു. അതോടെ കാഴ്ചകൾ കൂടുതൽ സുന്ദരമായി. രണ്ടുവരി പാതയിലൂടെയാണ് യാത്ര. ചെറിയ ഗ്രാമങ്ങളും ചെറു നഗരങ്ങളും പച്ചപ്പു പുതച്ചു നിൽക്കുന്ന വഴിയോരങ്ങളും സെർബിയ എന്നിവ രാജ്യത്തിന്റെ സൗന്ദര്യം വരച്ചു കാട്ടുന്നു. തീപ്പെട്ടി അടുക്കി വെച്ചതുപോലെയാണ് വീടുകൾ. സൗന്ദര്യമില്ലാത്ത ഒരു വസ്തുവും സെർബിയക്കാർ നിർമ്മിക്കുന്നില്ലെന്നു തോന്നും. ഒരു പട്ടിക്കൂട് നിർമ്മിച്ചാൽ അതിനുമുണ്ട്, ഒരഴക്.ഇടയ്ക്ക് രണ്ടുമൂന്നു പേർ കൂടി ബസ്സിൽ കയറി. അതിലൊരു സ്ത്രീയുമായി ഉറക്കെ സംസാരിച്ചാണ് ഡ്രൈവർ ബസ് ഓടിക്കുന്നത്. ഡ്രൈവറുടെ സൈഡിലുള്ള 'കിളി'യുടെ സീറ്റിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഏതോ ഗ്രാമത്തിൽ അയാൾ ഇറങ്ങിപ്പോയതോടെ ആ സീറ്റിൽ ഞാൻ സ്ഥാനം പിടിച്ചു. വീഡിയോയും ചിത്രങ്ങളുമെടുക്കാൻ അതോടെ കൂടുതൽ സൗകര്യമായി.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

ഇടയ്ക്ക് ഒരു ചെറിയ ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ ബസ് നിർത്തി. ഒരു ഹോട്ടലും രണ്ടുമൂന്ന് ചെറിയ കടകളുമാണ് ആ ബസ്‌സ്റ്റേഷനിലുള്ളത്. ഞാനും ഒരു കോഫി കുടിക്കാനായി ഹോട്ടലിൽ കയറി. ഒരു പെൺകുട്ടിയാണ് ഹോട്ടലിലെ എല്ലാമെല്ലാം. വെയ്റ്ററും കുക്കുമെല്ലാം അവൾ തന്നെ. ഒരു കോഫി ഓർഡർ ചെയ്തിട്ട് ഹോട്ടലിന്റെ ഉൾഭാഗം വീഡിയോയിൽ ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മൂലയിൽ നിന്ന് ഒരു മുരൾച്ച. എന്താണെന്നു ശ്രദ്ധിച്ചപ്പോൾ 50-55 വയസ് തോന്നിക്കുന്ന ഒരാൾ മുഖം പൊത്തിയിരുന്ന് 'നോ ഫോട്ടോ' എന്ന് മുരളുകയാണ്. വീഡിയോയിൽ തന്റെ മുഖം വരുന്നത് മൂപ്പർക്ക് ഇഷ്ടമല്ല. 'സോറി' പറഞ്ഞിട്ട് ഞാൻ വീഡിയോ ക്യാമറ ഓഫ് ചെയ്തു. എന്നിട്ട് മൂപ്പരെയൊന്ന് സൂക്ഷിച്ചു നോക്കി.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പോ മറ്റോ ആണോ എന്നറിയണമല്ലോ. ബസ് സ്റ്റേഷനിൽ നിന്ന് പത്തുമിനുട്ട് കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി. അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ, ഡ്രൈവറോട് ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീ എന്നോട് ക്യാമറ ഓഫ് ചെയ്ത് ബാഗിൽ വെക്കാൻ പറഞ്ഞു. കാരണം സെർബിയ - ബോസ്‌നിയ അതിർത്തി എത്താറായി. രാജ്യാതിർത്തികളുടെ പടമോ വീഡിയോയോ എടുക്കാൻ പാടില്ല. ഞാൻ വലിയ ക്യാമറ ഓഫ് ചെയ്തു എന്നിട്ട് മൊബൈൽ ക്യാമറ ഓൺ ചെയ്ത് ഉന്നം പിടിച്ചിരുന്നു. അതിർത്തി ഷൂട്ട് ചെയ്യുന്നിടത്തോളം കൗതുകം വേറെയെന്തുണ്ട്! ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നതും അവിടത്തെ പരിശോധനാ രീതികളും അതിർത്തി പിന്നിട്ട് ബസ് ഓടിത്തുടങ്ങുന്നതുമൊക്കെ രഹസ്യമായി ഷൂട്ട് ചെയ്യാനാണ് എന്റെ നീക്കം.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

അതിർത്തി ചെക്ക്‌പോസ്റ്റിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. റോഡിൽ പട്ടാളക്കാരുടെ എണ്ണം കൂടി വന്നു. ഏറെ താമസിയാതെ ഒരു ചെക്ക്‌പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 'യു ആർ ലീവിങ് സെർബിയ' എന്നെഴുതിയ ബോർഡിനു താഴെ ബസ് നിർത്തി. ഒരു പട്ടാളക്കാരൻ ബസ്സിനുള്ളിൽ കയറി പാസ്‌പോർട്ടുകളെല്ലാം വാങ്ങിക്കൊണ്ടുപോയി.

പത്തുമിനിറ്റ് കഴിഞ്ഞ് എല്ലാ പാസ്‌പോർട്ടും എക്‌സിറ്റ് സീലടിച്ച് തിരികെ കൊണ്ടു വന്നു തന്നു. ബസ് മുന്നോട്ടു നീങ്ങി. തൊട്ടുമുന്നിൽ ഒരു ചെറിയ പുഴയും പാലവുമുണ്ട്. സെർബിയ എന്ന രാജ്യം ഈ പാലത്തോടെ അവസാനിക്കുകയാണ്. പാലത്തിന്റെ നടുവിൽ അടുത്ത ബോർഡ് പ്രത്യക്ഷപ്പെട്ടു: 'വെൽക്കം ടു ബോസ്‌നിയ ആൻഡ് ഹെർസഗോവിന'. എന്നെ സംബന്ധിച്ച് ബോസ്‌നിയ ഒരു നാഴികക്കല്ലാണ്. കാരണം, ഞാൻ സന്ദർശിക്കുന്ന നൂറാമത്തെ രാജ്യമാണിത്. ബസ് പാലത്തിന്റെ നടുവിലെത്തിയതോടെ ഞാൻ നൂറാമത്തെ രാജ്യത്ത് പ്രവേശിച്ചു കഴിഞ്ഞു. ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഉൽക്കടമായ ആഗ്രഹം കൊണ്ടും പ്രയത്‌നം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും നൂറുരാജ്യങ്ങൾ കാണാനിടവരുത്തിയ ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

ബോസ്‌നിയ ആൻഡ് ഹെർസഗോവിന എന്നാണ് ബോസ്‌നിയ എന്ന രാജ്യത്തിന്റെ മുഴുവൻ പേര്. ഇവാൻ പർവത നിരകളാൽ വിഭജിക്കപ്പെട്ട  ബോസ്‌നിയ, ഹെർസഗോവിന എന്നീ രണ്ട് രാജ്യങ്ങളായിരുന്നു, മുമ്പ് ഇവ. ഓട്ടോമാൻ രാജവംശം ഈ പ്രദേശം ഭരിച്ചിരുന്ന കാലത്താണ് രണ്ടു രാജ്യങ്ങളായി ഇവ മാറിയത്. എന്നാൽ പിന്നീട് യുഗോസ്ലാവ്യയിൽ നിന്ന് സ്വതന്ത്രമായപ്പോൾ രണ്ടുരാജ്യക്കാർക്കും പ്രാതിനിധ്യം നൽകാനായാണ് പേര് ഇങ്ങനെ നീട്ടി, പരിഷ്‌കരിച്ചത്.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

ബോസ്‌നിയയിൽ കടന്നതോടെ ഭൂപ്രകൃതി ആകെ മാറി. നമ്മുടെ ഇടുക്കി ജില്ലയിലൂടെ സഞ്ചരിക്കുന്ന പ്രതീതി. എന്നാൽ മലകൾ തുരന്ന് നിർമ്മിച്ച തുരങ്കങ്ങൾ ധാരാളം. ഇടയ്ക്കിടെ ബസ് ഓടുന്നത് തുരങ്കത്തിലൂടെയാണ്.  റോഡിന്റെ ഒരുവശത്ത് ഉയർന്ന മലനിരകൾ, മറുവശത്ത് തടാകങ്ങളും നദികളും- അതാണ് ബോസ്‌നിയയിലെ ഭൂമിയുടെ രീതി. മലകളും തടാകങ്ങളും നദികളും നിരവധിയുണ്ട്. ബോസ്‌നിയയിൽ നൂറിലധികം തടാകങ്ങളുണ്ട്.70 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ഇവ വ്യാപിച്ചു കിടക്കുന്നു. ബുഷ്‌ക്കോ ബ്രാറ്റോ എന്നാണ് ഏറ്റവും വലിയ തടാകത്തിന്റെ പേര്. 56 ചതുരശ്ര കിലോമീറ്റർ  വിസ്തീർണ്ണമുള്ള തടാകമാണിത്.

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

നദികളും നൂറിലധികമുണ്ട്. ബോസ്‌നിയയിൽ. ഇവയിലധികവും ചെങ്കടലിലും ആഡ്രിയാറ്റിക് സമുദ്രത്തിലും ചെന്നു ചേരുന്നവയാണ്. മലനിരകളുടെയും രാജ്യമാണിതെന്നു പറയാം. 70ലധികം മലനിരകളാണ് രാജ്യത്തുടനീളം തലയുയർത്തി നിൽക്കുന്നത്. അതുകൊണ്ട്, നിരപ്പായ പാതകളൊന്നും ബോസ്‌നിയയിൽ പ്രതീക്ഷിക്കരുത്.

ബസ് വലിയ കയറ്റങ്ങൾ കയറി ഓടുകയാണ്. രണ്ടുവരിപ്പാതയാണ് ബോസ്‌നിയയിലെ ഹൈവേ. പക്ഷേ ലോകനിലവാരമുണ്ട്, റോഡിന്.

ഒരു തടാകത്തെ ചുറ്റി, വലിയൊരു മല കയറിയതോടെ മഞ്ഞിന്റെ മായാലോകം മുന്നിൽ പ്രത്യക്ഷപ്പെട്ടു. റോഡരികിലും വൃക്ഷത്തലപ്പുകളിലും മഞ്ഞ് നിറഞ്ഞു നിൽക്കുന്നു.പിന്നെ, ഓരോ കിലോമീറ്റർ കഴിയുംതോറും മഞ്ഞിന്റെ കാഠിന്യം വർദ്ധിച്ചു വന്നു. വീടുകളും മനുഷ്യരും തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്നു. വീടുകളുടെ ശിരസിൽ നിറയെ മഞ്ഞ്. മരങ്ങൾ ഇലപൊഴിച്ച് മഞ്ഞിനെ നോക്കി നമ്രശിരസ്‌കരായി നിൽക്കുന്നു. 

സെർബിയയിൽ നിന്ന് ബോസ്നിയയിലേക്കുള്ള വഴിയിലെ കാഴ്ചകൾ 

മലമേലെ നിന്ന് ഗ്രാമങ്ങൾ കാണാൻ രസമാണ്. മലഞ്ചെരിവിൽ ചിതറിക്കിടക്കുന്ന വീടുകൾക്കെല്ലാം ചുവന്ന മേൽക്കൂരയാണ്. പച്ചപ്പിനും വെളുവെളുത്ത മഞ്ഞിനുമിടയിൽ ചുവന്ന തലപ്പാവണിഞ്ഞതുപോലെ നിൽക്കുന്ന ഗ്രാമങ്ങളുടെ ഭംഗി അവർണനീയമാണ്. ബസ് ബെൽഗ്രേഡിൽ നിന്ന് പുറപ്പെട്ടിട്ട് ആറുമണിക്കൂർ കഴിഞ്ഞു. സരയേവോ എത്താൻ ഇനി ഒരു മണിക്കൂർ മാത്രം.

ഇതിനിടെ രണ്ട് ബസ് സ്റ്റേഷനുകളിൽ കൂടി ബസ് നിർത്തി. ഏതാനും പേർ കയറുകയും ഇറങ്ങുകയും  ചെയ്തു. മുന്നോട്ടുള്ള യാത്രയിൽ മഞ്ഞ് തന്നെയായിരുന്നു പ്രധാന കാഴ്ച. റോഡിലൊഴികെ എല്ലായിടത്തും മഞ്ഞിന്റെ ധവളിമ. സെർബിയയെക്കാൾ തണുപ്പുള്ള രാജ്യമാണ് ബോസ്‌നിയ എന്ന് ഉറപ്പായി. ഞാൻ ഏതായാലും തണുപ്പിനെ പ്രതിരോധിക്കാനുള്ളതെല്ലാം കരുതിയിട്ടുണ്ട്. മുക്കാൽ മണിക്കൂർ കൂടി കഴിഞ്ഞതോടെ സരയേവോയിലേക്ക് സ്വാഗതം എന്ന ബോർഡ് പുഞ്ചിരി പൊഴിച്ചു കൊണ്ട് ആശംസയേകി. മലമുകളിൽ നിന്ന് നോക്കുമ്പോൾ താഴെ, താഴ്‌വരയിൽ ഒരു വലിയ നഗരം -അതാണ് സരയേവോ. വിമാനം ലാൻഡ് ചെയ്യുന്നതുപോലെ, പല ഹെയർപിൻ വളവുകൾ താണ്ടി ബസ് സരയേവോയിലെത്തി. അതിസുന്ദരമായ നഗരം. ഇത്രയും മനോഹാരിത ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം..

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA